വിവാഹത്തലേന്ന് അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയവൾ; ഇല്ലാക്കഥ മെനഞ്ഞ് ഒളിച്ചോടിയതിനു പിന്നിലെ സത്യമറിഞ്ഞ് നീറി അയാൾ...
Mail This Article
മൗനനൊമ്പരങ്ങൾ (കഥ)
വല്ലാത്ത ഒരു ശൂന്യത. കാലത്തിന്റെ കണക്കുപുസ്തകത്തിൽ എന്നും എനിയ്ക്കായി മാത്രം നീക്കി വച്ചിരുന്നതാണോ അത്. ആവും. അതാകും എന്നെ വിടാതെ പിന്തുടരുന്നത്. വിജനമായ എന്റെ വഴിത്താരകളിലിന്ന് ചെമ്പനീർ പുഷ്പങ്ങളില്ല. മുല്ലമൊട്ടുകളും. വർഷവും വാസന്തവും ഏറെ ഞാൻ പിന്നിട്ടു .ഒരിക്കലും അവ എന്നെ നോക്കി പുഞ്ചിരിച്ചു പോലുമില്ല .ജീവിയ്ക്കാനേറെ കൊതിയില്ല ഇപ്പോൾ. കാലം എനിക്കായ് തുറന്ന വഴിയിലൂടെ ദിശാബോധമേതുമില്ലാതെ നടന്നുനീങ്ങുകയാണ് ഞാനിന്ന്. എന്റെ പാതയിൽ ഒരു ചെറിയ നിഴലനക്കം പോലുമില്ല. ഉണ്ടാകില്ല. ഞാനതൊരിക്കലും ഇഷ്ടപ്പെടുന്നുമില്ല. എന്റെ ഏകാന്തതയിൽ ഞാൻ മാത്രം. മറ്റൊരാൾക്കും അവിടേയ്ക്കു പ്രവേശനം ഉണ്ടാകില്ല.ഒരിക്കലും ..
കാവും കൈതയും നിറഞ്ഞ നാട്ടുവഴിയിലൂടെ തുള്ളിച്ചാടി, പൂക്കളോടും കിളികളോടും കിന്നാരം പറഞ്ഞ് ഓടിപ്പാഞ്ഞു നടന്നിരുന്ന ആ പാവടക്കാരിയെ നിങ്ങൾക്കിന്നോർമ്മയുണ്ടാവുമോ?അത് ...അത് ഞാൻ തന്നെയായിരുന്നില്ലേ. ഓർമയുടെ വാതായനങ്ങളിലെവിടെയോ ഒരു രാക്കിളിയുടെ മൂളൽ കേൾക്കുന്നുവോ ?എന്റെ തോന്നലാവാം അല്ലേ? കാണാതെ പോയ, പറയാതെ പോയ ഒരു പക്ഷേ അറിഞ്ഞിട്ടും അറിയാതെ പോയ ഒരു മൗനരാഗം. അതു തന്നെയാവും. അതാവാം ആ പാട്ടിനിത്രയും ഇമ്പം. ഇന്ന് കാണുന്നുണ്ട് ,അറിയുന്നുണ്ട്. എന്നാൽ കാതങ്ങൾ അകലെ... വീണ്ടുമൊരു പാഴ്ശ്രുതിയാവാൻ വയ്യാ ...ശ്രുതി പിന്തുടരാനും ...
അറിയാതെ ഒന്ന് തിരിഞ്ഞു നോക്കിയോ? ഇല്ല അതിനിനിയെനിക്കാവില്ല. അങ്ങനെ വിശ്വസിക്കാനാണെ നിക്കിഷ്ടം .എന്റെ തീരുമാനവും. എന്റേത് മാത്രമായ ചില മൗനനൊമ്പരങ്ങൾ. അത് എന്നിൽ ആരംഭിച്ച് എന്നിൽത്തന്നെ അവസാനിക്കും. ഓർക്കാൻ ഞാനേറെയിഷ്ടപ്പെടുന്ന, പക്ഷേ ഇനിയെനിക്കനുവാദമില്ലാത്ത ചില നല്ല ഓർമ്മകൾ. അവ ഊടും പാവും നെയ്ത എന്റെ സ്വപ്‌നങ്ങൾ. അവിടെ ഞാൻ രാജകുമാരിയാകും ചിലപ്പോൾ പട്ടമഹിഷിയും. എന്റെ അന്തഃപുരത്തിൽ ധാരാളം തോഴിമാരുണ്ടാവും. അപ്പോഴും ഞാനെന്റെ മൺകൂരയിലെ കീറിപ്പറിഞ്ഞ തഴപ്പായിലാവും. ഒച്ചിഴയുന്ന മൺതറയിലെ തണുപ്പ് മൂലം ഒരുവേള ചുരുണ്ടുകൂടി ഉറങ്ങുന്നുണ്ടാവും. സ്വപ്‌നങ്ങൾ എനിയ്ക്കായ് സൗധങ്ങൾ തീർക്കുമ്പോൾ ഞാനെന്ന ഈയാംപാറ്റ ഈ ജന്മം ജീവിച്ചൊടുങ്ങിയിട്ടുണ്ടാവും.
ട്രെയിനിലെ സംസാരവും ബഹളവും കൂടിയപ്പോൾ പതിയെ കണ്ണു തുറന്നു . ഏതോ സ്റ്റേഷൻ അടുക്കുകയാണെന്ന് തോന്നുന്നു. തനിയ്ക്കിറങ്ങാൻ ഇനിയുമേറെയുണ്ടെന്ന ബോധ്യമുള്ളതിനാൽ മെല്ലെ കണ്ണുകൾ പൂട്ടി. പക്ഷെ അപ്പോഴവിടെ അവൾ...ആ പാവാടക്കാരിയുണ്ടായിരുന്നില്ല...വല്ലാതെ കട്ട പിടിച്ച ഇരുട്ട് ...അതെ ..അലിഞ്ഞുചേരുകയാണ് ഞാനെന്ന പ്രാരാബ്ധവും കൂടി അതിലേക്ക്. എങ്കിലും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു നേരിയ നഷ്ടബോധം. കാണാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒരിക്കൽ കൂടി അവളെ ...ആ പാവാടക്കാരിയെ... അവളുടെ സ്വപ്നങ്ങളെ. ഇനിയൊരിക്കലും തിരിച്ചു കിട്ടാനാവാത്ത ബാല്യത്തിലേക്ക് കൗമാരത്തിലേക്ക്,യൗവനത്തിലേക്ക്. ഒന്നു തിരിഞ്ഞു നോക്കാനായെങ്കിൽ ...
ഓർമ്മകൾ ഈയിടെയായി വല്ലാതെ കാടുകയറുകയാണ്. അതാവാം എന്റെ ഇപ്പോഴത്തെയീ മാറ്റത്തിനു കാരണവും. വേണ്ട എന്ന് വിചാരിക്കുന്തോറും എന്തൊക്കെയോ മനസിലേക്ക് തികട്ടിവരും പോലെ. ഒരു പിൻവിളി അതൊരിക്കലും ഞാനാഗ്രഹിച്ചിരുന്നില്ല. അല്ലെങ്കിലും അത് പ്രതീക്ഷിക്കാനുമാവില്ലല്ലോ വിവാഹത്തലേന്ന് എല്ലാവരുടെയും മുഖത്ത് കരി വാരിത്തേച്ചു കൊണ്ട് അന്യമതസ്ഥനൊപ്പം പുറപ്പെട്ടു പോയ മകളായിരുന്നില്ലേ ഞാൻ. അതല്ലേ അവർക്കറിയൂ. അതിനായ് ഒരു പാവത്തിനെ ബലിയാടാക്കുക കൂടി ചെയ്തല്ലേ ഞാനന്നാ പടിയിറങ്ങിയത്. സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടുണ്ടായിരുന്നില്ല അവനങ്ങനെയൊന്ന്. നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തിയപ്പോഴും അവനെനിക്കൊപ്പമുണ്ടായിരുന്നു. താങ്ങായ് ,തണലായ്. ഒരമ്മയുടെ വയറ്റിൽ പിറക്കാതെ പോയ എന്റെ സ്വന്തം കൂടപ്പിറപ്പായ്...
വർഷങ്ങൾക്കപ്പുറം വിവാഹത്തലേന്നാൾ വിറയാർന്ന കൈകളാൽ ഡോക്ടറുടെ കയ്യിൽ നിന്ന് ആ പരിശോധന റിപ്പോർട്ട് കൈപ്പറ്റിയ നന്ദിനിയല്ല ഞാനിന്ന്. ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. അന്നു മുതൽ പിന്നീടൊരിക്കലും പഴയതൊന്നുമോർക്കാതിരിക്കാൻ, ആരും ഒന്നും ഓർമ്മപ്പെടുത്താതിരിക്കാൻ ഓടിയകലുകയായിരുന്നില്ലേ താൻ?. ആശിച്ചുകിട്ടിയ ജോലിയിൽ പ്രവേശിച്ച് ഏറെ നാൾ കഴിയും മുൻപ്... നീണ്ട പതിനാറു വർഷങ്ങൾ...അതിനിടയിലെപ്പോഴൊക്കെയോ കരണ്ടു തിന്ന അർബുദവും കരഞ്ഞു തീർന്ന ജീവിതവും.അതിനായ് വേണ്ടി വന്ന കീറിമുറിക്കലുകളും തുന്നിച്ചേർക്കലുകളും. തന്നെയോർത്ത് ആരും സങ്കടപ്പെടാതിരിക്കാനല്ലേ താൻ അന്നോടിമറഞ്ഞത്.
ഇല്ലാക്കഥ മെനഞ്ഞത്. എന്നിട്ടുമെപ്പോഴോ എല്ലാമറിഞ്ഞു നിസഹായനായി നിൽക്കുന്ന ശ്രീയേട്ടനെയും കാണേണ്ടിവന്നില്ലേ തനിക്ക്. ബന്ധങ്ങളുടെ ബന്ധനത്തിൽ അങ്ങനെയാവാനല്ലേ പറ്റൂ ആ മനുഷ്യന്. ഒരു വാക്ക് പറഞ്ഞുകൂടായിരുന്നോ? എന്ന ചോദ്യത്തിന് മറുപടിയായി മുഖം തിരിക്കാനേ കഴിഞ്ഞുള്ളൂ. ആ കണ്ണിൽ നിറഞ്ഞു തൂവിയ കണ്ണീർ കണ്ടില്ലെന്ന് നടിക്കാനും. കാലങ്ങളായി മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളെ തച്ചുടച്ചിറങ്ങിപ്പോയ ഒരുവളായിരുന്നല്ലോ ഞാനിത്രയും നാൾ. അതിലെ സത്യം അദ്ദേഹത്തിനിന്നറിയാമെങ്കിലും. അന്നാ മനുഷ്യൻ എത്ര മാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും .ആർക്കൊക്കെ മുന്നിൽ അപഹാസ്യനായിട്ടുണ്ടാകും.
പിന്നെയീ യാത്ര. അതൊരു തിരിച്ചു പോക്കല്ല ഒരിക്കലും. അന്തിനേരത്ത് കൂടണയാൻ വെമ്പുന്ന ഒരു പെണ്മനസ്സ്. എന്റെ മണ്ണിലേക്ക്,ഞാൻ പിറന്ന എന്റെ സ്വന്തം വീട്ടിലേക്ക്. അവിടെ ആരുമുണ്ടാകില്ല എന്നെക്കാത്ത്. അറിയാമത്, എന്നാലും എന്റെ അച്ഛനുറങ്ങാതെ കാത്തുനിൽപ്പുണ്ടാവില്ലേ അവിടെ? എന്നെ ആ ചാരത്തണയ്ക്കുവാൻ...ആ പതിനെട്ടാംപട്ട തെങ്ങിനരുകിൽ ....
English Summary : Mouna Nombarangal, Story By B. Deepa