ADVERTISEMENT

കടലിരമ്പങ്ങൾ (കഥ)

‘‘സീസൺ എന്നാൽ എന്താണെന്നറിയോ...?’’

ഒരു കള്ളച്ചിരിയോടെ, സ്ഫടികചില്ലുകൾക്കപ്പുറം പാറക്കെട്ടുകളിൽ തലയറഞ്ഞു പൊട്ടിച്ചിരിക്കുന്ന തിരമാലകളെ  നോക്കിയവൾ  കൂട്ടുകാരനോട് ചോദിച്ചു. 

വിസ്മയത്തോടെ  അവനാ കണ്ണുകളിലേക്ക് ഉറ്റുനോക്കിയിരുന്നു. എന്തൊരു വശ്യതയാണാ മിഴികൾക്ക്. ഐലൈനറെഴുതിയ കരിനീല കണ്ണുകളിലേക്ക് എത്ര നോക്കിയിരുന്നാലും മതി വരില്ല... അവനൊന്നും മിണ്ടാതെ ‘നീ പറയൂ’ എന്ന  അർഥത്തിൽ മുഖം ചലിപ്പിച്ചുകൊണ്ട് കുസൃതിച്ചിരിയോടെ അവളെ നോക്കിയിരുന്നു. 

അവൾ പറഞ്ഞു

‘‘സീ– കടൽ, സൺ– സൂര്യൻ. സീ..സൺ. കടലും സൂര്യനും....’’

നമ്മളെപ്പോലെ ...

അങ്ങകലെ വിവശനായ സൂര്യൻ പ്രണയിനിയെ പുൽകാനായി കടലിനടിത്തട്ടിലേക്ക്‌ ആഴ്ന്നു തുടങ്ങിയിരുന്നു. അത് പടർത്തിയ ശോണിമ അവളുടെ തുടുത്ത കവിളിലും പടർന്നു. പാറക്കെട്ടുകൾക്കപ്പുറം സിന്ദൂരമണിഞ്ഞ മേഘപാളികൾ ആകാശച്ചെ‌രുവിലൂടെ പതിയെ തെന്നി നീങ്ങിക്കൊണ്ടിരുന്നു. അതിനു പിന്നാലെ ചേക്കേറാനായി ഒരുകൂട്ടം പക്ഷികളും മെല്ലെ പറന്നു പോകുന്നു.

എന്തോ വലിയൊരു കണ്ടുപിടുത്തം നടത്തിയതുപോലെ കുപ്പിവള കിലുങ്ങുമാറവൾ ഉറക്കെ  പൊട്ടിച്ചിരിച്ചു.

‘‘ശ്ശ്.... പതിയെ’’ അവളുടെ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്തുവച്ചവൻ ആവശ്യപ്പെട്ടു.

ആ പതിനെട്ടുകാരിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ആദ്യമായ് കടലുകാണാൻ വന്നൊരു കൊച്ചുകുട്ടിയുടെ ത്രിലെല്ലാം ഉണ്ടായിരുന്നു.   

gang-rape-002
പ്രതീകാത്മക ചിത്രം

‘‘വാ നമുക്ക് പോകാം’’

ആരൊക്കെയോ തങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നിയ അവൻ അവളുടെ കൈപിടിച്ചു കഫേയിൽ നിന്നിറങ്ങി നടന്നു. തിരമാലകളോട് കിന്നാരം ചൊല്ലിയും, നനഞ്ഞ മണ്ണിൽ പേരെഴുതിയും, തിരയത് മായ്ച്ചു കളയുന്നതും നോക്കിയവൾ ആർത്തു ചിരിച്ചുകൊണ്ട് അവനോടു തോളുരുമ്മി കുറെ ദൂരം നടന്നു...

പെട്ടെന്നവളുടെ ഫോൺ ശബ്‍ദിച്ചു.

‘അമ്മ കോളിങ്’

‘നീയെന്താ മോളെ... രാവിലെ വിളിക്കാഞ്ഞത് ?’ 

‘ഹോസ്റ്റലിലാണമ്മേ.. നല്ല ക്ഷീണം. ഞാനൊന്ന് കിടക്കട്ടെ’

ഫോൺ കട്ടാക്കി അവളവനെ നോക്കി കണ്ണിറുക്കി ചിരിച്ചു... കൂടെ അവനും... അത് പിന്നൊരു പൊട്ടിച്ചിരിയായി മാറി.

കടൽത്തീരം വിജനമായിത്തുടങ്ങിയത് അവരറിഞ്ഞില്ല...

sea-02
പ്രതീകാത്മക ചിത്രം

അവൻ മോതിരവിരലിലണിയിച്ചു കൊടുത്ത സ്നേഹസമ്മാനത്തെ കൺകുളിർക്കെ കണ്ടുതീരും മുൻപ്, ഒരാർത്തനാദത്തോടെ അവൻ പുറകോട്ടു മലച്ചു വീണു. അപ്രതീക്ഷതമായി തലയ്‌ക്കേറ്റ പ്രഹരത്തിൽ ബോധരഹിതനായി. ആർത്തിരമ്പുന്ന തിരമാലകളോടൊപ്പം കൂട്ടുകാരിയുടെ നിലവിളിയും അലിഞ്ഞലിഞ്ഞു ഇല്ലാതായി...  

ആർത്തി പൂണ്ട ചെന്നായ്ക്കൾ ഇരയുമായ്  പൊന്തക്കാടിനുള്ളി ലേക്ക് മറഞ്ഞു...

ഇതൊന്നുമറിയാതെ കടലിനെ പുൽകി സൂര്യനും...  നീണ്ടൊരു ഉറക്കത്തിലേക്ക് പ്രവേശിച്ചു...

English Summary : Kadalirambangal Story By Bindhu Pushpan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com