ADVERTISEMENT

ജീവനൗക (കഥ) 

തീവണ്ടിയാത്രയിൽ ഉടനീളം അജയകുമാർ പുറം കാഴ്ചകളിൽ മിഴികളയച്ച് അനുപമയെക്കുറിച്ചാണ് ചിന്തിച്ചത്. ഒരകന്ന ബന്ധുവിനപ്പുറം സുഹൃത്ത്. ഏറ്റവുമടുത്ത ബാല്യകാല സുഹൃത്ത്. എപ്പോഴാണ് രണ്ടുപേർക്കുമിടയിൽ പ്രണയം പ്രതിഫലിച്ചത്. ശരിക്കോർമ്മയില്ല. ഈ ഭൂമുഖത്തു നിന്ന് പെട്ടെന്നൊരു ദിവസം ഒരു വാഹനാപകടത്തിൽ അവളുടെ ഏഴു വയസ്സുകാരനായ അനിയൻ വിട പറഞ്ഞപ്പോൾ ഒരു മനോരോഗിയായി അനുപമ മാറി. 

ആ കൺമുമ്പിൽ ബാല്യത്തിൽ നടന്ന മരണം. അതേൽപ്പിച്ച ആഘാതം വിട്ട് സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്രയിൽ തന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നല്ലോ അവൾക്ക്. എന്നിട്ടും ജീവിതത്തിൽ നിന്ന് അനുപമയെ അകറ്റി നിർത്തേണ്ടി വന്നു. എല്ലാം അജിതേച്ചീടെ വാശി ഒന്നു മാത്രം.അജിതേച്ചിക്കൊരു  വിവാഹമുണ്ടാകാതെ ഒരിക്കലും നമ്മുടെ വിവാഹം നടക്കില്ലെന്ന് പറഞ്ഞു. അച്ഛന്റെയും അമ്മേടെയും ദാമ്പത്യത്തിലെ ദൈനംദിന കലഹം കണ്ടു വളർന്ന് വിവാഹവിരോധിയായ അജിതേച്ചി. എങ്കിലും കുറ്റപ്പെടുത്താനാകുമോ? ഇല്ല... പക്ഷേ ഒരു സഹോദരനെന്ന നിലക്ക് തനിക്കെന്തേ അങ്ങനെ ശഠിച്ചൂടെ?

വർഷങ്ങളായി അജിതേച്ചിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഹേമന്തിന്റെ വാക്കുകൾ ആ കാതിൽ മുഴങ്ങി: ‘‘സ്കൂൾ മുതലേ നിന്റെ ചേച്ചി എന്റെ മനസ്സിലുണ്ട്. ഏതായാലും അജിതേടെ വാശി അവസാനിക്കുമെന്ന് എനിക്കുറപ്പില്ല. നീ പക്ഷേ വെറുതെ ഇനിയും വാശി പിടിച്ച് അനുപമയെ സങ്കടപ്പെടുത്തരുത്. പൂർണ്ണമായി അവളെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും നിനക്കല്ലാതെ മറ്റാർക്കും പറ്റില്ല. ഒരിക്കൽ മനോരോഗത്തിന് ചികിത്സ നടത്തേണ്ടി വന്ന കൊച്ചാ.’’എന്നിട്ടും സ്വന്തം തീരുമാനത്തിൽ താൻ ഉറച്ചു നിന്നു. വീട്ടുകാർ അനുപമയക്കു വിവാഹമാലോചിക്കുന്നതും കുട്ടിക്കാലത്തുണ്ടായ രോഗത്തിന്റെ പേരിൽ മുടങ്ങി പോകുന്നതും അജിതേച്ചിയിൽ നിന്നും അറിയുന്നുണ്ടായിരുന്നു.

ചെറുപ്പം മുതലേ എഴുത്ത് ഭ്രാന്താണ്. പുതിയ കഥയ്ക്ക് പശ്ചാത്തലം തേടിയാണ്  ഇന്ദുബാലയുടെ നാട്ടിലെത്തിയത്. അവളുടെ തറവാടിന്റെ ഔട്ട് ഹൗസ് വാടകയ്ക്ക് എടുത്തു. അവളെ നിരന്തരം കണ്ട് സംസാരിക്കേണ്ടി വന്നു. തന്നിൽ നിന്ന് പ്രണയാർദ്രഭാവങ്ങളൊന്നും ഇന്ദു ബാലയെ സ്പർശിച്ചിരുന്നില്ല. എങ്കിലും അവളിലെ ആണഴക് താനാണെന്ന് ഇന്ദുബാല അറിയിച്ചപ്പോൾ ശരിക്കും പകച്ചു.

jeevitha-nauka-002
പ്രതീകാത്മക ചിത്രം

അമ്മയുടെ വയറ്റിൽ ആറു മാസം പ്രായമുള്ളപ്പോൾ അച്ഛനെയും പിറന്ന ദിനം അമ്മയെയും മാത്രമല്ല വിവാഹ ദിവസം വരനെയും നഷ്ടപ്പെട്ട ആ  ഹതഭാഗ്യയെ നോക്കി ഒന്നും മറുപടി പറയാനായില്ല. എങ്കിലും നെഞ്ചിലെ നീറ്റൽ എത്രത്തോളം അനുപമയെ സ്നേഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.തന്റെ രചനകൾക്കൊപ്പം തന്നെയും പ്രണയിച്ച രണ്ട് പെൺകുട്ടികൾ....

വിവാഹ കമ്പോളത്തിൽ രണ്ടു പേരും വിലയിടിഞ്ഞു നിൽക്കുന്നു. ഒന്ന് പണ്ടെങ്ങോ വിരുന്നു വന്ന മനോരോഗം നിമിത്തം അനുപമ. രണ്ടാമത്തേത് ജീവിതത്തിൽ വിധി സമ്മാനിച്ച ദുരന്തങ്ങൾക്ക് സ്വന്തം ബന്ധുമിത്രാദികൾ കുറിച്ചു നൽകിയ ജാതകദോഷം നിമിത്തം ഇന്ദുബാല. ആരോടാണ് ഈ ജന്മം സ്വീകരിക്കാൻ ആവശ്യപ്പെടേണ്ടത്? അനുപമയുടെ മേൽ ചാർത്തപ്പെട്ട കുറവ് എന്തുകൊണ്ടും ജാതകദോഷത്തെക്കാൾ മുകളിലാ. ആ തിരിച്ചറിവോടെ തന്നെ ഇന്ദുബാലയുടെ മുന്നിലെത്തി. 

‘‘ അന്ധവിശ്വാസങ്ങളൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഇന്ദുവിന്റെ ജീവിതത്തിൽ വരും. പക്ഷേ ഒരിക്കൽ മനോരോഗിയെന്ന്  മുദ്രകുത്തിയ ഒരു പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാൾ വരുമെന്ന് എനിക്കു തോന്നുന്നില്ല.’’ തികച്ചും ശാന്തമായിരുന്നു തന്റെ സ്വരം. ഇന്ദുബാലയുടെ കണ്ണുകളിൽ നീർ തിളങ്ങി.

അവിചാരിതമായി രാത്രി എട്ടുമണിക്കു അജിത ചേച്ചിയുടെ കോൾ വന്നു: ‘‘അനൂനെ ഞാൻ രണ്ടു ദിവസം മുമ്പ് കണ്ടു. ഇപ്പം നീ തങ്ങുന്ന നാട്ടീന്ന് അവൾക്കൊരു ആലോചന. വീട്ടുകാരേതാണ്ട് സമ്മതിച്ച മട്ടാ.കുറെ വർഷമായി നിനക്കു വേണ്ടി അവളും കുടുംബവും കാത്തിരുന്നില്ലേ?ഇനിയെന്താ നിന്റെ തീരുമാനം?’’ ആ ശബ്ദത്തിൽ ഗൗരവം കലർന്നിരുന്നു.

‘‘ അത് തീരുമാനിക്കേണ്ടത് അജിതേച്ചിയല്ലേ ഞാനല്ലല്ലോ? പലതവണ ഇത് ഞാൻ ചോദിച്ചിട്ടുള്ളതാ. എങ്കിലും നിവൃത്തികേടുകൊണ്ട് ആവർത്തിക്കുന്നു. പുതിയതായി ഞാനിനി എന്താ ഹേമന്തേട്ടനോടു പറയേണ്ടത്?’’ തന്റെ സ്വരവും ഗൗരവത്തിലായി.

‘‘ നിങ്ങൾ രണ്ടാളും ഇനിയിപ്പൊ ഞാൻ കാരണം സങ്കടപ്പെടണ്ട. നിന്റിഷ്ടം പോലെ പറഞ്ഞോ..’’

ആദ്യം സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോൾ വൈകിയില്ല , തിരികെ നാട്ടിലേക്ക്  യാത്ര പുറപ്പെട്ടു. ട്രെയിൻ ഇറങ്ങേണ്ട സ്റ്റേഷനെത്തിയിരുന്നു.അജയകുമാർ എണീറ്റ് ബർത്തിലിരുന്ന ബാഗെടുത്തു. പിന്നെ ഇടം കൈയ്യിൽ തൂക്കിപ്പിടിച്ച് വാതിലിനു നേരെ നടന്നു.

വൈകിട്ട് അനുപമയുടെ വീട്ടിൽ നിൽക്കുമ്പോൾ അജയകുമാറിന് ലേശം കുറ്റബോധം തോന്നാതിരുന്നില്ല.

‘‘നിന്നെ ഞാൻ ഒരുപാടു സങ്കടപ്പെടുത്തീട്ടുണ്ട്. അതിന്റെ പിന്നിൽ പക്ഷേ ഒരു സഹോദരന്റെ സ്വാർത്ഥതയാ" ഒന്നു നിർത്തിയിട്ട് അജയകുമാർ തുടർന്നു ‘‘അജിതേച്ചി ഹേമന്തേട്ടനുമായുള്ള കല്യാണത്തിന്  സമ്മതിച്ചു. നമ്മുടെ വിവാഹവും ഉടനെ വേണമെന്നാ ചേച്ചി പറയുന്നത്.’’

jeevitha-nauka-522
പ്രതീകാത്മക ചിത്രം

‘‘അതിനി നടക്കില്ല അജയേട്ടാ’’ അനുപമ തുടർന്നു ‘‘മറ്റൊരു കല്യാണത്തിന് അച്ഛൻ വാക്കു കൊടുത്തു. പാവം അച്ഛനും അമ്മയും കുറെ കാത്തിരുന്നില്ലേ അജയേട്ടനെ?’’

അവിശ്വസനീയതയോടെ പകച്ചു നോക്കി അജയകുമാർ നിന്നു.

അനുപമ വിവരിച്ചു ‘‘ ഒരു കാലിന് ലേശം മുടന്തുണ്ട് ആളിന്. പക്ഷേ അതൊരു കുറവായി ഈ ഭ്രാന്തിപ്പെണ്ണിന്  തോന്നരുതല്ലോ?’’ അനുപമ ഒരു ദീർഘനിശ്വാസമയച്ചു. ‘‘ഇപ്പം ആ നാട്ടീന്നല്ലേ അജയേട്ടൻ വരുന്നത്? ആള് ഇന്ദുബാലേടെ അയൽക്കാരനാ. ഒരകന്ന ബന്ധു. ആ കുട്ടീടെ മോഹം എന്റടുത്തു എന്തെന്ന് പറഞ്ഞു. അജയേട്ടനിനി അതിനെ നിരാശപ്പെടുത്തരുത്.’’

അജയകുമാറിന് ഒന്നും ശബ്ദിക്കാനായില്ല.

സ്വന്തം നോവലുകളിലെ വില്ലൻ കഥാപാത്രങ്ങൾ ചുറ്റും കൂടി നിന്ന് പരിഹസിക്കുന്നതു പോലെ മാത്രം അജയന്  തോന്നി.

English Summary : Jeevitha Nauka Story By Venugopal S