ADVERTISEMENT

തൊണ്ണൂറുകളിൽ  പ്രണയിച്ച പെൺകുട്ടിയെ കണ്ടിട്ടുണ്ടോ? അവളുടെ കണ്ണിൽ പ്രണയത്തിന്റെ തിളക്കത്തോടൊപ്പം പേടിയും അമ്പരപ്പുമുണ്ടാകും. വീട്ടുകാരറിയാതെ പ്രണയത്തെ നെഞ്ചോടക്കി പിടിക്കുന്നതിന്റെ പകപ്പുണ്ടാകും. കോളേജിലും ബസ്സ്റ്റോപ്പിലും പ്രിയമുള്ളവനെ കാണുമ്പോൾ എറിയുന്ന നോട്ടത്തിലുമുണ്ടാകും ഭയം... 

അവനോടൊന്ന് മിണ്ടാൻ, ചിരിക്കാൻ അവളൊന്ന് മടിക്കും. കൂട്ടുകാർ വശം എത്തിക്കുന്ന സന്ദേശങ്ങളിൽ, ചെറിയ തുണ്ടു പേപ്പറുകളിൽ അവളവന്റെ പ്രണയമറിയും. രാത്രികളിൽ ആരും കാണാതെ ലൈറ്റുകൾ അണച്ച്  മെഴുകുതിരി വെളിച്ചത്തിൽ അതൊരു നൂറാവർത്തി വായിക്കും. വേറെ വേറെ മതത്തിൽ ജനിച്ചതുകൊണ്ട് വീട്ടുകാർ ഒന്നിപ്പിക്കില്ലല്ലോ എന്ന് നെടുവീർപ്പിടും. ജാതിയെയും മതത്തെയും പ്രാകി ഉറങ്ങും.

ജോലി കിട്ടി, പോയിട്ട് വരാം... കാത്തിരിക്കണം എന്ന് പറയാൻ  വേണ്ടി മാത്രം ഒന്ന്  കാണണമെന്ന്  അവൻ നിർബന്ധിക്കും. പേടിയെല്ലാം മനസ്സിന്റെ മൂലയ്ക്കൊതുക്കി ശരീരം വിറച്ച് അവൾ അവന്റെ അരികിലെത്തും. പോയിട്ട് വരട്ടെ എന്നവൻ കണ്ണുകളുടെ ആഴത്തിലേക്ക് ഇറങ്ങി ചോദിക്കുമ്പോൾ ആ നോട്ടത്തിലെ സ്നേഹമറിഞ്ഞവൾ നിറകണ്ണുകളോടെ തലയാട്ടും. അവനവളുടെ വിരൽതുമ്പിൽ പിടിക്കും. ആ സ്പർശനം അറിയുന്നതിനൊപ്പം അവളുടെ കണ്ണുകൾ ചുറ്റുപാടും വേറെ കണ്ണുകളുണ്ടോയെന്ന് തിരയും. അവൻ യാത്ര പറയുമ്പോൾ കത്തയക്കണമെന്ന് വിറയാർന്ന ശബ്ദത്തിൽ പറയും.

siblings-566
പ്രതീകാത്മക ചിത്രം

എല്ലാ ദിവസവും അവന്റെ പ്രണയാക്ഷരങ്ങളെ കാത്തിരിക്കും. എന്നും കാണുമ്പോൾ കണ്ണുകളിലൂടെ മാത്രം പറഞ്ഞിരുന്നത് അക്ഷരങ്ങളായി വിരിയും. സ്വപ്നങ്ങൾ പങ്ക് വെക്കും. ആകുലതകൾ പറയും. വീട്ടുകാർ സമ്മതിക്കില്ലാത്ത ബന്ധമെന്ന് പറഞ്ഞവൾ അക്ഷരങ്ങളിലൂടെ കരയും. ആശ്വാസവാക്കുകളുമായി പോസ്റ്റുമാൻ വൈകാതെ എത്തും. പോസ്റ്റുമാൻ വരുന്ന സമയത്ത് ഉമ്മറത്തു നിന്ന് മാറാതെ നിൽക്കും. നേരമല്ലാത്ത നേരത്താണല്ലോ മുറ്റമടി എന്ന അമ്മയുടെ ചോദ്യത്തിൽ ഒന്നും പറയാതെ തല കുനിച്ചു നിൽക്കും.

പുതിയതായി ചാർജെടുത്ത പോസ്റ്റുമാൻ സമയം മാറിയെത്തിയാൽ പ്രണയത്തിന്റെ വിരഹവേദനയെക്കാപ്പം കരണവും പുകയും,,. അവളോട് ആരും സംസാരിക്കാതെ ഒറ്റപ്പെടുത്തും...നായയ്ക്ക് കൊടുക്കുന്നത്ര പോലും സ്നേഹമില്ലാതെ ചോറു വിളമ്പി മുന്നിലേക്കിട്ടു കൊടുക്കും.. കുടുംബത്തിന്റെ പേര് കളയാൻ ഇറങ്ങി തിരിച്ചവൾ എന്ന് അമ്മയും അച്ഛനും കൂടപ്പിറപ്പുകളും ഒരുമിച്ച് പറയും. നിങ്ങളെയൊന്നുംവിട്ടൊരു ജീവിതം വയ്യ എന്നവൾ കണ്ണീരുപ്പിനൊപ്പം വായിലിടുന്ന ഉരുളയോട് പറയും.. 

അടുക്കളയിൽ  സഹായിക്കാൻ ചെന്നാൽ അമ്മയുടെ പ്രതിഷേധം പതഞ്ഞൊഴുകും.കോളേജിലേക്ക് പോകാനിറങ്ങിയാൽ എന്താ നിന്റെ ഉദ്ദേശമെന്ന് അച്ഛൻ ആവർത്തിച്ച് ചോദിക്കും. ഇളയതുങ്ങളുടെ  ഭാവി ഓർത്തോ നീയ് എന്ന ചോദ്യത്തിൽ അവൾ വല്ലാതെ നോവും. 

അച്ഛന്റെ കൈ പിടിച്ച് നടന്നതും അമ്മ ചോറ് വാരിത്തന്നതും മനസ്സിൽ പച്ച പിടിച്ചുനിൽക്കും. കൂട്ടുകാരി യുടെ അഡ്രസ്സിൽ വരുന്ന എഴുത്തുകളിൽ അവൾ പ്രിയപ്പെട്ടവന്റെ നൊമ്പരമറിയും. ആരെയാണ് നോവിക്കേണ്ടത് എന്നറിയാതെ അവൾ തളർന്നിരിക്കും. പ്രണയത്തിന്റെ ഭാഷ ,വേദന ആ സമയം അവളേ   അറിയൂ....

English Summary : 90's Girls Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com