ADVERTISEMENT

ഉപേക്ഷിക്കപ്പെട്ട വള്ളങ്ങൾ (കുറിപ്പ്)

കടലിനോട് എനിക്ക് പ്രണയമായിരുന്നു. എത്രയെത്ര തിരമാലകൾ കടന്നാണ് ഓരോ യാത്രകളും ലക്ഷ്യം നേടി ഞാൻ തിരിച്ചു വന്നത്. അന്ന് ചെറുപ്പത്തിന്റേതായ വീറും വാശിയും ഉണ്ടായിരുന്നു. ഏതു പ്രതിബന്ധങ്ങളേയും നിഷ്പ്രയാസം ചാടിക്കടന്നു. വെയിലും മഴയും അവഗണിച്ചു. കാറും കോളും ഭയപ്പെടുത്തിയിരുന്നില്ല. രാത്രിയും പകലും എനിക്ക് ഒരു പോലെ ആയിരുന്നു. ആറോ ഏഴോ പേരെ ഞാൻ ഒരുപോലെ ചുമന്നു. ഓളപ്പരപ്പിൽ ആടിയുലഞ്ഞപ്പോഴും ഞാനത് ആസ്വദിച്ചു.

upekshikkappetta-vallangal-02

മൽസ്യങ്ങൾക്കൊപ്പം തിരകൾക്കടിയിലൂടെ ഞാൻ ഊളിയിട്ടു. ചിലപ്പോഴൊക്കെ തന്റേടത്തിൽ ഞാൻ കുതിച്ചുചാടി. അതുകണ്ട് എന്നോടൊപ്പമുള്ളവർ ഭയപ്പെട്ട് എന്നെ മുറുകെ പിടിച്ചു .ഞാൻ മുഖം അമർത്തി ചിരിച്ചു. ചക്രവാളങ്ങൾ മാറിമറിഞ്ഞു. പ്രായത്തിന്റെ അവശതകൾ ഓരോന്നായി എന്റെ പാളികളിൽ തെളിഞ്ഞു വന്നു. എന്റെ നിറം മങ്ങി. പല യാത്രകളും ലക്ഷ്യം കാണാതെ തിരികെ വരേണ്ടിവന്നു. എന്നിൽ ആശ്രയിച്ചിരുന്നവർക്ക് എന്നോടുള്ള വിശ്വാസം കുറഞ്ഞു വന്നു. പലർക്കും ഞാനൊരു തടസ്സവുമായി.

ഒടുവിൽ അവർ കൂട്ടായി ആ തീരുമാനം എടുത്തു. 

ഉപേക്ഷിക്കുക.....!

അതേ തീരത്ത് ഉപേക്ഷിക്കുക.

അവർ അങ്ങനെ തന്നെ ചെയ്തു.

ഒരു വൃക്ഷത്തിന്റെ തണൽ പോലും ഇല്ലാതെ ഞാൻ അവിടെ അനാഥമായി കിടന്നു. ഇന്ന് വെയിലും മഴയും, കാറും കോളും എന്റെ വാർദ്ധക്യത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു. രാത്രി എനിക്ക് ഭയമാണ്. 

upekshikkappetta-vallangal-558
ചെന്നൈ ഭാരതീയാർ കടൽതീരത്ത് കണ്ട ഉപേക്ഷിക്കപ്പെട്ട മൽസ്യബന്ധന വള്ളം

പുതുതായി കടലിലേക്ക് ഇറങ്ങുന്ന വള്ളങ്ങൾ എന്നെ നോക്കി വല്ലാതെ ചിരിച്ചു. കളിയാക്കുകയാണെന്നു എനിക്ക് തോന്നി. ഒരുപക്ഷേ അത് വെറുമൊരു തോന്നൽ മാത്രമായിരിക്കാം. 

upekshikkappetta-vallangal-658
ചെന്നൈ ഭാരതീയാർ കടൽതീരത്ത് കണ്ട ഉപേക്ഷിക്കപ്പെട്ട മൽസ്യബന്ധന വള്ളം

തീരത്തുള്ള വള്ളികളും മുള്ളുകളും എന്നെ ചുറ്റിവരിഞ്ഞു. എങ്കിലും ഞാൻ ആശ്വസിച്ചു. ഈ തീരത്ത് ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് പഴയ ഓർമ്മകൾ അയവിറക്കാമല്ലോ. ഇനി മറ്റൊരു യാത്രയില്ലെന്നു എനിക്കറിയാം, എങ്കിലും ഞാൻ എന്തൊക്കെയോ ആഗ്രഹിച്ചു കൊണ്ടിരുന്നു. ആഗ്രഹങ്ങൾക്ക് അവസാനം മരണമാണല്ലോ. എന്നാലും മരിക്കും വരെ എനിക്ക് ആഗ്രഹിക്കണം.

( ചെന്നൈ ഭാരതീയാർ കടൽതീരത്ത് കണ്ട ഉപേക്ഷിക്കപ്പെട്ട മൽസ്യബന്ധന വള്ളങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കുറിപ്പ്)

English Summary : Upekshikkapetta Vallangal Story By Fr. Varghese Lal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com