ADVERTISEMENT

ആഷിഖ്,

എന്റെ കല്ല്യാണക്കുറിക്കൊപ്പം, ഞാൻ കുത്തിക്കുറിക്കുന്ന ഈ അക്ഷരങ്ങൾക്ക്, എന്റെ ജീവിതത്തോളം വിലയുണ്ട്... ഉള്ളിലൊളിച്ചു വെച്ച, മോഹങ്ങൾ പുറത്താവുന്നതിന്റെ ജാള്യതയുണ്ട്... നിന്റെ ഉമ്മച്ചിക്കൊപ്പം പത്തിരിയും, ഇറച്ചിയും വിളമ്പിത്തന്ന് കഴിപ്പിക്കാൻ കഴിയാതെ പോവുന്നതിന്റെ നിരാശയുണ്ട്... അരികെ നിൽക്കുമ്പോൾ കടലോളം പ്രണയം കുഴിച്ചുമൂടി ഔപചാരികതയിൽ വാക്കുകളെ തളച്ചിടാൻ ശ്രമിച്ചിരുന്നൊരുവളുടെ നിസ്സഹായതയുണ്ട്... ഞാൻ നിന്നെ പ്രണയിക്കുന്നുവെന്നറിഞ്ഞാൽ, ഇടിഞ്ഞു വീഴുന്ന ആകാശത്തോടുള്ള പ്രതിഷേധമുണ്ട്...

എന്നിട്ടുമെന്തേ ഇങ്ങനെയൊരെഴുത്തെന്നാവും, നീ ചിന്തിക്കുക. മറ്റൊരാളുടേതാവാൻ പോവുന്നുവെന്ന യാഥാർത്ഥ്യം. എന്നെത്തന്നെ വിശ്വസിപ്പിക്കാൻ വേണ്ടി.. പ്രണയം നിറഞ്ഞ്, വേദനിക്കുന്ന മനസ്സിന്റെ ഭാരമിറക്കാൻ വേണ്ടി...

മഴ പെയ്യുമ്പോൾ സ്കൂൾ വരാന്തയിൽ നിന്ന്, മഴയിലേക്ക് നീട്ടി നീ പാത്രം കഴുകുന്നൊരു ദിനമാണ് എനിക്കാദ്യമായ് നിന്നോട് പ്രണയം തോന്നിയത്. അന്ന് നിന്നോടൊപ്പം മഴയത്ത് ഓടിക്കളിക്കാൻ ആശിച്ചിരുന്നു ഞാൻ... അന്നു മുതൽ, എന്റെ മനസ്സിലെ വസന്തത്തിന് നിന്റെ ഛായയായിരുന്നു.. ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിന്റെ മുഖമായിരുന്നു.. ഞാൻ നനഞ്ഞ മഴകളും കേട്ട പാട്ടുകളുമെല്ലാം നിന്നോടൊപ്പമായിരുന്നു.. അകതാരിൽ ചെമ്പകം പൂത്തതും, ഇലഞ്ഞിപ്പൂ പെറുക്കിയതും നിനക്ക് വേണ്ടിയായിരുന്നു...

ഒരു മുല്ലപ്പൂമാല കോർത്തെടുക്കുമ്പോലെ, ഓർമ്മകൾ ഓരോന്നായി ,മനസ്സിൽ വരുന്നുണ്ട്.. നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. പക്ഷേ, എന്റെ മോഹത്തേക്കാൾ എനിക്ക് വലുത് നീയാണ്.. മതവും ജാതിയും വേലി കെട്ടിയ ഹൃദയങ്ങൾ വിരൽ ചൂണ്ടുക നിന്റെ നേർക്കാണ്.. നീ വേദനിച്ചാൽ ഞാൻ തകർന്നു പോവും.. നിനക്കു മുറിവേറ്റാൽ ഞാൻ മരിച്ചു പോവും.. ഞാൻ പ്രണയിച്ചതിന്റെ പേരിൽ നീയും കുടുംബവും ക്രൂശിക്കപ്പെട്ടു കൂടാ.. എന്റെ ഹൃദയത്തെ, നിന്റെ ഹൃദയത്തോട് ലയിക്കാനനുവദിക്കാത്ത ,മതത്തിന്റെ അതിർ വരമ്പുകൾക്കപ്പുറത്തേക്ക് ഞാൻ പ്രവേശിക്കാത്തതും അതു കൊണ്ടു തന്നെയാണ്...

മുൾവേലിക്കപ്പുറമുള്ള, പൂന്തോട്ടമായി ഞാനെന്റെ പ്രണയത്തെ വരച്ചു വെച്ചിരിക്കുകയാണ്. നിന്നോടൊപ്പം നടക്കാനാശിച്ച വഴികളും,കാണാൻ മോഹിച്ച കാഴ്ച്ചകളും ഞാൻ മറ്റൊരു ജന്മത്തിലേക്ക് മാറ്റി വെച്ചിരി ക്കുകയാണ്... പക്ഷേ, നിനക്കോ ,നീ ഭാഗമായ സമുദായത്തിനോ, ഒറ്റപ്പെടുന്നൊരു സാഹചര്യമുണ്ടായാൽ ഞാനും, എന്റെ കുടുംബവും വരും...നിനക്ക് കാവലാവാൻ.. ചിലപ്പോൾ എന്റെ ഉദരത്തിലൊരു കുഞ്ഞുണ്ടാവാം... വലതു കൈയ്യിൽ ,അമർത്തിപ്പിടിച്ചൊരു കരമുണ്ടാവാം... പക്ഷേ, എന്റെ പ്രണയമെന്നിലമർന്നതു കൊണ്ട് ,എനിക്കോ നിനക്കോ നേരെ ചൂണ്ടുവാൻ ധൈര്യപ്പെടുന്ന വിരലുകളുണ്ടാവില്ലെന്നെനിക്കുറപ്പുണ്ട്...

അതിനു വേണ്ടി, നീ വേദനിക്കാതിരിക്കാൻ വേണ്ടി മാത്രം, ഞാനെന്റെ പ്രണയത്തെ പൂട്ടി വെച്ചിരിക്കുന്നു..

English Summary: Valentines Day Story By Jasmine Jaf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com