ADVERTISEMENT

''ഉണ്ണ്യപ്പം... വള്ളിക്ക് വല്ല്യഷ്ട്ടാ'' ഉണ്ണിയപ്പത്തിന്റെ പൊതി മുറുകെ പിടിച്ച് പാപ്പച്ചൻ മൊഫ്യൂസിൽ ബസ് സ്റ്റാന്റിന്റെ ഭാഗത്തേക്ക് വേഗത്തിൽ നടന്നു പോയി. ഉണ്ണിയപ്പപ്പൊതിയുമായി ആൾക്കൂട്ടത്തിലേക്ക് നടന്നു മായുന്ന പാപ്പച്ചനാണ് ഇന്നും മനസ്സിലെ അവസാനത്തെ ഫ്രെയിം. ഫെബ്രുവരി 14: ഇന്ന് ലോക പ്രണയദിനം. പതിന്നാല് വർഷം മുൻപുള്ള പ്രണയദിന ഓർമ്മ പങ്കുവെക്കാനാണ് ഈ കുറിപ്പ്. 

പ്രാദേശിക ടിവി ചാനലിൽ ജോലി ചെയ്യുന്ന കാലം. പ്രണയദിനത്തിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ചെന്ന് പതിവ് പൈങ്കിളി സ്റ്റോറി തന്നെയാണ് ലക്ഷ്യം. രാവിലെ തന്നെ കോളേജിലെത്തി. അധികം കുട്ടികളെത്തിയിട്ടില്ല. വന്നവരാണെങ്കിൽ പ്രണയത്തെ കുറിച്ച് സംസാരിക്കുന്നുമില്ല. മറ്റു വാർത്തകൾ ഷൂട്ട് ചെയ്ത് ഉച്ചയോടെ തിരികെ വരാമെന്ന് കരുതി മടങ്ങി.

നഗരത്തിൽ നടക്കുന്ന മറ്റു പരിപാടികൾ തേടി യാത്ര തുടർന്നു.കോഴിക്കോട് നഗരത്തിന്റെ മുക്കും മൂലയും  അറിയാവുന്നതിനാൽ ഇടറോഡുകളിലൂടെയാണ് അധിക യാത്രയും. പാവമണി റോഡിൽ നിന്നും പുതിയ സ്റ്റാന്റിലേക്കുള്ള ഇടറോഡിലൂടെ പോകുമ്പോഴാണ് റോഡരികിലെ ആൾക്കൂട്ടത്തെ കണ്ടത്.വണ്ടി നിർത്തി കാര്യം തിരക്കാൻ ചെന്നു. ഓവുചാലിന് മീതെ നീല ടാർപ്പോളിൻ മറച്ച കുടിലിൽ നിന്ന് ഭക്ഷണപാത്രങ്ങൾ റോഡിലേക്ക് പറന്നു വീഴുന്നു. 70 ന് മേൽ പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ പിറുപിറുത്തു കൊണ്ട് പുറത്തേക്ക് വരുന്നു. ഏകദേശം അത്ര തന്നെ പ്രായം തോന്നിക്കുന്ന സ്ത്രീയും അയാളോട് വഴക്കിട്ട് റോഡിലേക്കിറങ്ങി. 

ആൾക്കൂട്ടം അന്തം വിട്ടു നിൽക്കുകയാണ്. ചിലർക്ക് ഇതിൽ പുതുമ കാണാനില്ല.എന്നും ഇതൊക്കെ തന്നെയെന്ന് അവർ പറയുന്നുണ്ടായിരുന്നു. വലിയ കാര്യമില്ല എന്നു മനസ്സിലാക്കി എന്റെ യാത്ര തുടർന്നു. ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് വീണ്ടും അതേ റോഡിലൂടെ തിരികെ വരേണ്ടി വന്നു. പടക്കം പൊട്ടുമാറുച്ചത്തിൽ അതേ കുടിലിൽ നിന്നലറിയിരുന്ന രണ്ടു പേരെയും ഇപ്പോൾ കണ്ടു ഞാൻ ഞെട്ടി. കളിചിരികൾ പറഞ്ഞ് അയാൾ ആ സ്ത്രീയുടെ തലയിൽ പേൻ നോക്കിക്കൊണ്ടിരുന്നു. രൗദ്രഭാവം വെടിഞ്ഞ് രണ്ടു പേരും ലാസ്യഭാവത്തിൽ കെട്ടിയാടുന്നതായി തോന്നി. എന്തിനായിരുന്നു ബഹളം ഉണ്ടാക്കിയത് എന്ന് തിരക്കി. രണ്ടുപേരുടേയും മുഖത്ത് ആ സമയം കണ്ട പുഞ്ചിരി ഈ കുറിപ്പെഴുതുമ്പോഴും പേനക്ക് കീഴെ വന്നു നിൽക്കുന്നു. അവരുടെ കഥ കേട്ടു. പ്രണയ ദിനത്തിൽ ലോട്ടറി അടിച്ചഭാവമായിരുന്നു എനിക്ക്. ആ കഥ ഇങ്ങനെയാണ്...

പാപ്പച്ചനും വളളിയും... നഗരത്തിലെ റോഡുപണിക്കായി പതിറ്റാണ്ടുകൾക്ക് മുന്നേ വന്നവരാണിവർ. പാലാക്കാരനാണ് പാപ്പച്ചൻ.ആരും നോക്കാനില്ലാതെ ജീവിതത്തിൽ  പകച്ചു നിന്ന വള്ളിയുടെ കൈപിടിച്ച് പാപ്പച്ചൻ  പുതിയ ജീവിതപാത വെട്ടിത്തുറന്നു. നഗരത്തിന്റെ പലയിടത്തായും കുടിലുകൾ കെട്ടി താമസിച്ച് പോന്നു.

അന്ന് വൈകിട്ടത്തെ പ്രണയദിന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘‘താലിചരടിന്റെ കരുത്തില്ലാതെ റോഡരികിലെ കുടിലിൽ ഇപ്പോഴും പ്രണയിച്ച് ജീവിക്കുന്ന രണ്ടു പേരെ പരിചയപ്പെടാം...പാപ്പച്ചനും വളളിയമ്മയും... ഇവരുടെ ജീവിതകഥയാണ് ഈ പ്രണയദിനത്തിലെ സ്പെഷ്യൽ സ്റ്റോറി.’’

മാസങ്ങൾ കഴിഞ്ഞു. ഇടക്ക് ആ റോഡിലൂടെ പോകുമ്പോൾ അങ്ങോട്ട് ചെന്നിറങ്ങും,സംസാരിക്കും. പ്രായം ഇരുവരെയും തളർത്തി തുടങ്ങിയിരുന്നു. വളളിയമ്മക്ക് കാലിൽ കടുത്ത വേദനയാണ്. സഹായിക്കാൻ അധികം പേരൊന്നുമില്ല. പക്ഷേ വക്കീൽ സാറിനെ കുറിച്ച് അവർ എപ്പോഴും പറയുമായിരുന്നു. രാവിലെ നടക്കാനിറങ്ങുന്നതിനിടയിൽ പാപ്പച്ചനേയും വള്ളിയമ്മയേയും കണ്ട് പരിചയപ്പെട്ട അഭിഭാഷകൻ ടിജെ  വർക്കിയാണ് അവരുടെ വക്കീൽ സാർ.

പാപ്പച്ചന് അൽപ്പമെങ്കിലും പേടിയുള്ളത് അദ്ദേഹത്തോടാണ് എന്നും തോന്നിയിട്ടുണ്ട്. വളളിയമ്മയുടെ കാലിലെ വേദന കൂടി വന്നു. വക്കീലും സന്നദ്ധ പ്രവർത്തകരും ഇടപ്പെട്ട് വളളിയമ്മയെ കരുണാ ഭവനിലേക്ക് മാറ്റാൻ തീരുമാനിച്ചു.വളളിയമ്മയെ കരുണാ ഭവനിലേക്ക് കൊണ്ടു പോകുന്ന ദിവസം രാവിലെ തെരുവോരത്തെ പ്രണയക്കുടിലിൽ പോയിരുന്നു.പാപ്പച്ചന്റെ മുഖത്ത് അതുവരെ കാണാഞ്ഞ നിസ്സഹായത വെളിപ്പെട്ടു. വളളിയമ്മയുടെ തുണികൾ വെപ്രാളപ്പെട്ട് കെട്ടിപെറുക്കി മനസ്സില്ലാ മനസ്സോടെ പാപ്പച്ചൻ വാഹനത്തിനരികെ നിന്നു. കണ്ണുനിറഞ്ഞ് വള്ളിയമ്മ വാഹനത്തിൽ കയറി. വാഹനം മാവൂർ റോഡിലേക്ക് പോയി. എല്ലാം നഷ്ടപ്പെട്ടെന്ന നിലയിൽ പാപ്പച്ചൻ വാവിട്ട് കരഞ്ഞു. നിലത്തുറക്കാത്ത കാലുകളുമായി അയാൾ തനിച്ച് കുടിലിലേക്ക് നടന്നു കയറി.

valentines-day-445
വര : അനൂപ് ശ്രീധരൻ

പിന്നെയും ഒന്നു രണ്ടു തവണ പാപ്പച്ചനെ കണ്ടു.‘‘വള്ളിക്ക് സുഖായി വരുന്നു, ഞാൻ ഇടക്കിടക്ക് ചെന്ന് കാണും...’’ മറ്റൊരുദിവസം രാവിലെയും പാപ്പച്ചനെ കണ്ടു.കുടിലിൽ നിന്ന് എന്തൊക്കെയോ എടുത്ത് കവറിലിടുന്നു.കൈയ്യിൽ ഉണ്ണിയപ്പപ്പൊതിയും. ‘‘ഉണ്ണ്യപ്പം... വള്ളിക്ക് വല്ല്യഷ്ട്ടാ..... അവക്കിത്തിരി വേദന കൂടീന്ന് പറയുന്നു. ഞാനൊന്ന് അങ്ങോട്ട് പോവ്വാ.... ’’ ഉണ്ണിയപ്പപ്പൊതി മുറുകെ പിടിച്ചുള്ള പാപ്പച്ചന്റെ ആ യാത്രയാണ് മനസിലുളള അവസാനത്തെ ഫ്രെയിം.

2007 നവംബറിലാണ് മാധ്യമപ്രവർത്തകനായി ഡൽഹിക്ക് വണ്ടി കയറുന്നത്. ഡൽഹിക്ക് പോകാനിരിക്കുന്ന ദിവസം അഡ്വ: ടി.ജെ വർക്കിയുടെ ഫോൺ വന്നു‘‘പാപ്പച്ചൻ .... മരിച്ചു.... വള്ളി അറിഞ്ഞിട്ടില്ല...’’ ഹൃദയം പൊട്ടി റോഡിലെവിടെയോ വീണു മരിച്ച പാപ്പച്ചന്റെ മൃതശരീരം അഞ്ജാത ജഡമായി മെഡിക്കൽ കോളേജിൽ ആയിരുന്നു. വക്കീലും കൂട്ടുകാരും പാപ്പച്ചനെ ഏറ്റുവാങ്ങി കരുണാഭവനിൽ എത്തിച്ചു. വള്ളി.. പാപ്പച്ചനെ അവസാനമായി കണ്ട് നിലവിളിച്ച് കരഞ്ഞു. കണ്ടു നിന്നവർക്കും കണ്ണീർ അടക്കാനായില്ല. പ്രണയം കൂടും തോറും വേർപ്പെടലിന്റെ വേദനയും കൂടും.

വർഷങ്ങൾ കഴിഞ്ഞു ഇക്കഴിഞ്ഞ ദിവസമാണ് അഡ്വ: ടി.ജെ വർക്കിയെ വീണ്ടും വിളിക്കുന്നത് ... വർഷങ്ങൾക്ക് മുൻപ് വളളിയമ്മയും മരണപ്പെട്ടു.പാപ്പച്ചന്റെ മൃതദേഹം വെള്ളയിൽ ശ്മശാനത്തിൽ ആണത്രെ.

ഓരോ പ്രണയദിനം  വരുമ്പോഴും പാപ്പച്ചന്റെയും വളളിയമ്മയുടെയും മുഖം മനസ്സിൽ എത്തും.ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന കുടിലിൽ അവരിപ്പോഴും ഉണ്ടെന്ന തോന്നൽ വരും.

ഇന്നലെ ജോലി കഴിഞ്ഞ് പനമ്പിള്ളി നഗറിൽ നിന്ന് ഇടപ്പള്ളിയിലേക്കുള്ള ബൈക്ക് യാത്ര. ഇടപ്പള്ളി മെട്രോ പാലത്തിനു കീഴെ വാഹനങ്ങളുടെ ഹോൺ മുഴക്കത്തെ പ്രണയഗാനമാക്കി മാറ്റി തെരുവിൽപ്രണയിക്കുന്ന രണ്ടു പേരെ കൂടി കണ്ടു. ചുറ്റുമുളള വാഹനങ്ങളിൽ നിന്നുമുള്ള പുക അവരുടെ പ്രണയ ലോകത്തെ മഞ്ഞുപാടങ്ങളാണ്. അതേ.... പാപ്പച്ചനേയും വള്ളിയമ്മയേയും പോലെ ഒരു പാട് പേരുണ്ട് ചുറ്റും. തെരുവിൽ നിന്നു തുടങ്ങി തെരുവിൽ തന്നെയമരുന്ന ചില പ്രണയജീവിതങ്ങൾ.......

English Summary : Love Story Of Valli And Pappachan