ഇയാളെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യും എന്റീശ്വരാ; നിലവറ ഭദ്രമായി പൂട്ടിയിട്ടുണ്ടല്ലോ, അല്ലേ?
Mail This Article
ഒരു നിലവറ സൂക്ഷിപ്പുക്കാരിയുടെ മതിഭ്രമങ്ങൾ (കഥ)
‘‘ചേട്ടാ, ഇന്ന് ഓഡിറ്റുള്ള ദിവസമാണ്. കുറച്ചു നേരത്തെ വന്നു മോളെ ഒന്നു നോക്കോ?’’
‘‘എനിക്കൊന്നും വയ്യ മോളെ നോക്കാൻ. നീ നേരത്തെ വരാൻ നോക്ക്.’’
ഇനിയൊന്നും പറഞ്ഞിട്ടു കാര്യമില്ല. രാവിലെ തന്നെ തർക്കം കഴിഞ്ഞു ബാങ്കിലെത്തിയാൽ പിന്നെ അവിടെ ഒന്നും ശരിയാവില്ല. പറയുമ്പോൾ നല്ല രസ്സാണ്. ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, അക്കൗണ്ടന്റ്, സർവീസ് മാനേജർ, അങ്ങനെ എന്തെല്ലാം നല്ല വിളി പേരുകളാ. പക്ഷേ കേൾക്കാൻ മാത്രം കൊള്ളാം. ചെയ്യാൻ വല്യ സുഖമുള്ള പണിയല്ലാന്നു എനിക്കല്ലേ അറിയൂ.
എനിക്കേറ്റവും ഇഷ്ടം എന്റെ സിസ്റ്റം എന്നെ വിളിക്കുന്ന പേരാണ് ട്ടോ. വാൾട്ട് റ്റല്ലെർ. ഈ വാക്ക് ഞാൻ ആദ്യമായി കേട്ടത് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കണ്ടെത്തിയപ്പോഴായിരുന്നു. അന്ന് ഇംഗ്ലീഷ് ന്യൂസ് ചാനലുകൾ മുഴുവൻ നിറയെ വാൾട്ട് തന്നെ. പ്രൊബേഷൻ സമയത്ത് നമുക്കെന്തു വാൾട്ട്.
എന്തായാലും ഇന്നെനിക്കറിയാം ഒരു നിലവറ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ. കൊട്ടാരം കുടുംബക്കാർ ഒരു സംഭവം തന്നെ.
അയ്യയ്യോ… സമയം പോയല്ലോ. മോളെ സ്കൂൾ ബസ് കയറ്റി വിട്ടു വേഗം ഓഫീസിൽ എത്തണം. അണ്ടിപ്പരിപ്പ് വാങ്ങി വെക്കാൻ കേശവേട്ടനോട് പറഞ്ഞിരുന്നതാണ് ഇന്നലെ. ഓർത്തു വാങ്ങിയോ എന്തോ.
ആഹാ… പതിവ് പോലെ തുറക്കാൻ കാത്തു വൻ ജനാവലിയുണ്ടല്ലോ ഇന്നും.
‘‘ അമ്മച്ചി, ഈ ഓഫീസിന്റെ താക്കോൽ എന്റെ കൈയിലാണ്. ഒരൽപ്പം വഴി തന്നാൽ ഇതൊന്നു തുറക്കാമായിരുന്നു.’’
അമ്മച്ചിക്ക് അത്ര പിടിച്ച മട്ടില്ല. സാരല്യ. നമ്മളിതെത്ര കണ്ടിരിക്കുന്നു.
‘‘കേശവേട്ടാ, അണ്ടിപ്പരിപ്പ്?’’
‘‘അയ്യോ മാഡം, മറന്നു പോയല്ലോ. ഇപ്പോ വാങ്ങിയിട്ട് വരാം.’’
ഇനി ഇദ്ദേഹത്തെ ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു നോക്കിയാ മതി. ഹം
സമയം പത്തു മണിയായല്ലോ. കൃത്യസമയത്തു തന്നെ മനോഹരന്റെ വിളി വന്നു. ‘‘മാഡം, ഞാനൊരു പത്തു മിനിറ്റ് ലേറ്റ് ആകുമേ.’’
ഇന്ന് ഓഡിറ്റ് ഉണ്ടെന്നും നേരത്തെ വരണമെന്നും പറഞ്ഞിരുന്നതാണ്. ആരോട്. എന്തിന്?
‘‘ശരി സർ, എത്രയും പെട്ടെന്ന് വരൂ’’
ബാങ്ക് ജീവിതം എന്നിലെ ക്ഷിപ്രകോപിയെ പണ്ടേ ഊതി കെടുത്തിയിരുന്നത് നന്നായി. അപ്പോൾ കാഷിന്റെ കാര്യം ഒരു തീരുമാനമായി. പത്തു മിനിറ്റ് എന്നു പറഞ്ഞാൽ ഒരു ഇരുപതു മിനിറ്റിൽ വരുമായിരിക്കും. ഇക്കണ്ട ജനത്തിനോട് ഞാൻ എന്ത് സമാധാനം പറയും.
ബ്രാഞ്ച് മാനേജർ അഴകപ്പൻ സർ വിളിക്കുന്നല്ലോ.
‘‘ശാരി മാഡം, എല്ലാ റെജിസ്റ്റേഴ്സും റെഡി അല്ലേ? ഓഡിറ്റർ ഇപ്പോൾ എത്തും’’
‘‘റെഡി സർ’’
പുലിമടയിൽ എന്നെ തനിച്ചാക്കി ഇയാൾ ഇതെവിടെ പോയി കിടക്കാണ്? ചോദിക്കാൻ പറ്റില്ലല്ലോ. ബ്രാഞ്ച് മാനേജർ ആയി പോയില്ലേ? പോരാത്തതിന് അന്യ സംസ്ഥാനതൊഴിലാളിയും. കുടുംബത്തെ വിട്ടു ദൂരെ താമസിക്കുമ്പോഴുള്ള ബുദ്ധിമുട്ടു മൂന്നു വർഷം ഞാനും അനുഭവിച്ചതാണല്ലോ. തിങ്കളാഴ്ച അല്ലേലും സർ എപ്പോഴും താമസിച്ചേ വരാറുള്ളൂ. കന്യാകുമാരിയിൽ നിന്നെത്തണ്ടേ? എന്നാലും ഇന്ന് ഓഡിറ്റ് ഉള്ളതല്ലേ സാറേ. ഇങ്ങനെ ചെയ്യാമോ?
സ്മിത വന്നതു കൊണ്ടു കൗണ്ടർ പണി നടക്കുന്നുണ്ട്. ഈ തിങ്കളാഴ്ച കണ്ടു പിടിച്ചതാരാണാവോ. എന്തു തിരക്കാണിത്.
രാവണന് പത്തു തല ഉണ്ടായിരുന്നു. എത്ര കൈയുണ്ടായിരുന്നു ആവോ? എനിക്ക് കുറച്ചു അധികം കൈകളുണ്ടായിരുന്നേൽ എത്ര നന്നായിരുന്നു.
ഇമെയിൽ നോക്കണോ, മൊബൈൽ കാൾ എടുക്കണോ, ലാൻഡ്‌ലൈൻ കാൾ എടുക്കണോ, കസ്റ്റമെറെ നോക്കണോ, ക്യൂ പാസ്സ് ആക്കണോ, ഗോൾഡ് ലോൺ പരിശോധിക്കണോ, അതോ ചായ കുടിക്കണോ. എളുപ്പം അവസാനത്തേത് തന്നെ. എന്നാ പിന്നെ അതാവാം.
കേശവേട്ടൻ ഇന്ന് നേരത്തെ എത്തിയല്ലോ. അതീന്നു രണ്ടു അണ്ടിപ്പരിപ്പ് കഴിച്ചാലോ? അല്ലേൽ വേണ്ട. പിന്നെ എല്ലാർക്കും കൊടുത്തു ഓഡിറ്റർക്കു കൊടുക്കാൻ ഉണ്ടാവില്ല. ആശയടക്കം പാലിച്ചേ മതിയാവൂ.
മനോഹരൻ സർ വന്ന ഉടനെ നിലവറ തുറന്നതാണ്. അപ്പോൾ തൊട്ടു ലോക്കർ തുറന്നു കൊടുത്തു മറ്റൊരു പണിയും ചെയ്യാൻ പറ്റിയിട്ടില്ല. ഇന്നെന്താണ് ഇത്ര അധികം ആൾക്കാർ സ്വർണം നോക്കാൻ വരുന്നത്? ഇപ്പൊ പിടികിട്ടി. രാവിലെ ചേട്ടൻ പേപ്പർ നോക്കി അക്ഷയതൃതീയയെപ്പറ്റി പറയുന്നുണ്ടായിരുന്നു. മോള് കരയുന്ന കാരണം കൂടുതലൊന്നും കേട്ടില്ല. അല്ലേൽ കേൾക്കാൻ നിന്നില്ല. വേറെ ഒന്നും അല്ല. ജ്വല്ലറികാർക്കെതിരെ ഒരു പ്രസംഗം. ഇതു എല്ലാ കൊല്ലവും കേൾക്കുന്നതല്ലേ.
അണ്ടിപരിപ്പുകാരൻ വന്നല്ലോ. അല്ല ഓഡിറ്റർ വന്നല്ലോ. എന്റെ പരിലാളനം കിട്ടാൻ ഇതാ ഒരാൾ കൂടി ബ്രാഞ്ചിൽ. ആദ്യം തന്നെ ഒരു സ്വാഗതപുഞ്ചിരി ആവാം.
‘‘കേശവേട്ടാ, ഒരു ചായ.’’ കണ്ണു കൊണ്ടു ആംഗ്യം കാണിച്ചത് പുള്ളിക്ക് പിടികിട്ടിയോ ആവോ. അണ്ടിപ്പരിപ്പ് കൊണ്ടു വരാനാണ് ഉദ്ദേശിച്ചത്.
‘‘ആപ്ക്കാ നാം ക്യാ ഹേ?’’
പണി പാളി. സ്കൂളിൽ മര്യാദക്ക് ഹിന്ദി പഠിച്ചിരുന്നേൽ ഇപ്പൊ പിടിച്ചു നിൽക്കായിരുന്നു.
‘‘മേരാ നാം ശാരി ഹി ഹു ഹെ.’’
ഇയാളെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യും എന്റീശ്വരാ. അഴകപ്പൻ സർ വന്നിട്ടും കാര്യമില്ല. തമിഴ്നാട്ടുകാർക്ക് പണ്ടേ ഹിന്ദി അലർജി ആണല്ലോ. റീജിയണൽ ഓഫീസുകാർ നേരത്തെ ഒരു സൂചന തന്നിരുന്നേൽ ഇന്നലെ ഇരുന്നു കുറച്ചു ഹിന്ദി പഠിച്ചു വരായിരുന്നു.
ഇനി എല്ലാം വരുന്നിടത്തു വച്ചു കാണാം. രണ്ടും കൽപ്പിച്ചു ഗോദായിലേക്കു ഇറങ്ങുക തന്നെ.
'കീം കീം കീം കീം കീം …..‘‘വഇതാരപ്പ അലാറം ചവിട്ടിയത്? ഇന്നേവരെ ഒരു കുഞ്ഞു പോലും ഈ ശബ്ദം കേട്ടു പരിസരപ്രദേശത്തു നിന്നു ഒന്നു എത്തി നോക്കിയിട്ട് പോലും ഇല്ല. ആഹാ! ഓഡിറ്റർ അങ്കിൾ മനോഹരൻ സാറിനെക്കൊണ്ട് പരീക്ഷിച്ചു നോക്കിയതാണ്. ഒന്നു പറഞ്ഞിട്ടു ചെയ്തു കൂടായിരുന്നോ സാറേ. ഇനി ഇതു ഓഫ് ചെയ്യാൻ ഞാൻ താക്കോൽ തപ്പി പിടിക്കണമല്ലോ.
നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പോകുമ്പോൾ ഒരു പ്രത്യേക ആശ്വാസമാണ്. സംഗതി പലരുടെയും ചീത്ത വിളി കേൾക്കണമെങ്കിലും ഒരൽപ്പ സമയം ശ്വാസം വിടാൻ കിട്ടും. പഴി കേൾക്കാൻ ബി എസ് എൻ എൽ ഉള്ളത് കൊണ്ട് പരിക്ക് പറ്റാതെ ജീവിച്ചു പോകുന്നു.
ഇന്നത്തെ ചീഫ് ഗസ്റ്റിന് കേശവേട്ടനെ കൊണ്ടു ഒരു ചിക്കൻ ബിരിയാണി തന്നെ വാങ്ങിപ്പിച്ചു.
വിശപ്പിന്റെ വിളി ഇന്നും കണ്ടില്ല എന്നു നടിച്ചാലേ ‘‘ഹൃത്തുരാജ് ബാറുവാ’’ ചോദിച്ച ഫയലെല്ലാം ശരിയാക്കാൻ പറ്റുള്ളു. എന്തൊരു പേരാണിത്. ഭാഗ്യം കേരളത്തിൽ ജനിച്ചത്. നല്ല സിംപിൾ പേരല്ലേ കിട്ടിയതു. ശാരി.
‘‘സർ, ആപ്ക്കാ ചായ്’’ അണ്ടിപരിപ്പിന് ഹിന്ദി എന്തുവാ? യൂറേകാ… കാജു.
‘‘സർ, ആപ്കേലിയേ സ്‌പെഷ്യൽ കാജു ഹേ ഹി ഹോ.’’
കാജു ഇഷ്ടപ്പെട്ടത് കൊണ്ടോ എന്തോ ഓഡിറ്റ് തീർന്നെന്നും പറഞ്ഞു പുള്ളിയങ്ങു പെട്ടെന്ന് തന്നെ പോയി തന്നു.
സമയം അഞ്ചായല്ലോ. ‘‘മനോഹരൻ സാറേ, എ ടി എം പോകേണ്ടേ?’’
അഴകപ്പൻ സാറിന്റെ ബസ് വഴിയിൽ ബ്രേക്ക് ഡൗണായത്രെ. റീജിയണൽ ഓഫീസിൽ ലീവു പറഞ്ഞു പോലും. നല്ല കാര്യം. ടി എൻ എസ് ടി സി കൊണ്ടു സാറിന് സഹായമായല്ലോ.
‘‘എടീ, നീയെന്താ ഫോൺ എടുക്കാത്തെ?’’
‘‘എന്റെ ചേട്ടാ, ഇപ്പോഴാണ് ഒന്നു ശ്വാസം എടുക്കുന്നത്. പിന്നെയാണ് ഫോൺ’’
‘‘ഞാൻ ഇന്ന് നേരത്തെ വന്നു കേട്ടോ. നീ ടെൻഷൻ ആവേണ്ട. മോളെ ഞാൻ നോക്കിക്കൊള്ളാം’’
യാഹൂ… ഇന്നിനി അപ്പോൾ എനിക്കെന്റെ പെൻഡിങ് ക്ലിപ്പ് നോക്കാലോ… ബാങ്കിൽ മാത്രേ ഇങ്ങനൊരു ക്ലിപ്പ് ഉണ്ടാവൂ. നല്ല പേരല്ലേ ക്ലിപ്പിന്.
എല്ലാരും പോയി. അകത്തു നിന്നു കുറ്റിയിട്ടു എ ടി എം സെക്യൂരിറ്റിയോട് പറഞ്ഞു അകത്തിരുന്നു പണിയെടുക്കാം. സ്ത്രീ സുരക്ഷയൊക്കെ എത്ര മനോഹരമായ പദമാണല്ലേ!
എട്ടു മണിയായി. ലാസ്റ്റ് ബസ് പോയി കാണും. ഇനിയിപ്പോ ചേട്ടനോട് മോളേം കൂട്ടി വരാൻ പറയാം. പുറത്തു നിന്നു ഭക്ഷണവും കഴിക്കാം.വെറുതെയല്ല കൂണ് പോലെ പുതിയ പുതിയ റെസ്റ്ററന്റ്സ് തുറക്കുന്നേ.
സമയത്തു ഫുഡ് കഴിക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു. ഭാരം നന്നായി കൂടുന്നുണ്ട്. പുറത്തെ ഭക്ഷണവും ഒരു കാരണമാവാം. സ്‌ട്രെസ് ഒരു കാരണമാണോ?
‘‘ചേട്ടാ, ദാ വരുന്നു. ഒരു അഞ്ചു മിനിറ്റ്’’ മൊബൈൽ താഴെ വെച്ചു ആദ്യം ചെയ്തത് ഒന്നു ബാത്റൂമിൽ പോവുകയാണ്. അതിനു പോലും ഇതു വരെ സമയം കിട്ടിയില്ല.
നിലവറ ഭദ്രമായി പൂട്ടിയിട്ടുണ്ടല്ലോ, അല്ലേ?
അപ്പോ ശരി. അങ്കത്തട്ടിലേറാൻ ഇനിയും എന്റെ ജന്മം ബാക്കി. നാളെ എട്ടു മണിക്കെത്തണം. ക്ലിപ്പ് ഉണ്ടേ. ക്ലിപ്പ്. ക്ലിപ്പ്.
English Summary : Oru Nilavara Sookshippukariyude Mathibhramangal