ADVERTISEMENT

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് തൃശൂർ ജില്ലയിലെ മുള്ളൂർക്കരയെന്ന  വള്ളുവനാടൻ ഗ്രാമ പരിസരത്തു നിന്ന് എറണാകുളം ഓഖ എക്സ്പ്രസ്സിൽ അഹമ്മദാബാദിലേക്ക് എന്നെ  യാത്രയാക്കാൻ കൂടെ വന്ന വീട്ടുകാർക്കൊപ്പം ഷൊർണ്ണൂർ സ്റ്റേഷനിൽ കാത്തു നിൽക്കുകയാണ്.

ദീർഘദൂരയാത്രയുടെ മുന്നോടിയായ സകലവിധ ടെൻഷനും പേടിയുമെല്ലാം സാമാന്യം നല്ല രീതിയിൽ എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. അതുവരെ പിടിച്ചു നിന്ന ഞാൻ ട്രെയിൻ പതുക്കെ ഞരങ്ങി നീങ്ങിയതിനൊപ്പമുള്ള ആ  നീണ്ട ഹോൺ അടിയുടെ ശക്തിയിൽ ഒന്ന് ഞെട്ടിയിട്ട് യാത്രയാക്കാൻ വന്ന വീട്ടുകാരെ നോക്കി വിങ്ങിപൊട്ടികൊണ്ടിരുന്നു. എന്നെ നോക്കി വീട്ടുകാരും കരയുന്നു. അകന്നകന്നു നീങ്ങുന്ന ട്രെയിൻ ജനലിലൂടെ, മുഖമമർത്തികൊണ്ട് ട്രെയിൻ ആദ്യ വളവ് തിരിയുന്ന വരെ ഞാൻ നോക്കിയിരുന്നു.

എന്റെ  കണ്ണുകൾ നിറഞ്ഞൊഴുകി...

train-001
പ്രതീകാത്മക ചിത്രം

ആ യാത്രയിൽ എന്റെയൊപ്പം  ചെറിയച്ഛൻമാരുടെ കുടുംബമുണ്ട്. ഒപ്പം   മുംബൈയിൽ സ്ഥിരതാമസമായ അച്ഛമ്മയുണ്ട്. നാട്ടിൽ ഒരു മാസം താമസിച്ച്‌  ഇനി ഇളയ മകന്റെ കൂടെ കുറച്ച് ദിവസം താമസിക്കാനാണ് അച്ഛമ്മേടെ പ്ലാൻ. അതെനിക്ക് വലിയ ആശ്വാസമാണ്. കാരണം അച്ഛമ്മ എപ്പോളും സ്നേഹിച്ചു കൊണ്ടേയിരിക്കും, കെട്ടിപ്പിടിക്കും, കവിളത്തും കയ്യിലും ഉമ്മ വെക്കും, ഞാനാ മടിയിൽ തല വെച്ച് കിടക്കും. എന്റെ  മുടിയിഴയിൽ അച്ചമ്മേടെ കൈവിരലുകൾ ഓടിനടക്കും. പാറിപ്പറന്ന മുടിയിൽ എണ്ണയില്ലാത്തതിന് എന്നുമെന്നപോലെ  ചിരിച്ച് കൊണ്ടെന്തെങ്കിലും പറയും. എന്റെ‌ വിരൽ മടക്കി അമർത്തി പൊട്ടിച്ചുതരും . അച്ചമ്മക്ക് ഒരിക്കലും നിവരാത്ത ഒരു വിരലുണ്ട് ആ വിരലിൽ ഞാൻ നഖമമർത്തി ആ ചുളിവുവീണ  മുഖത്തേക്ക് നോക്കിയിരിക്കും. വലിയ ഭാവവ്യത്യാസമില്ലാതെ അച്ഛമ്മ വീണ്ടും എന്റെ തലയിൽ ഉറുമ്പരിക്കുന്ന വേഗതയിൽ വിരലോടിച്ചുകൊണ്ടിരിക്കും. 

ഉറക്കത്തിലേക്ക് വഴുതി വീഴാൻ തയാറായ എന്നെ നല്ല തണുപ്പുള്ളതും  ഉള്ളിൽ പഞ്ഞി കുറവുള്ളതുമായ കിടക്കയിൽ കിടത്തി പുറത്ത് രണ്ട് തട്ടും തട്ടി ഉറക്കത്തിലേക്ക് പതുക്കെ ഒഴുക്കിവിട്ടിരുന്നു. ട്രെയിനിൽ ഇടക്കിടക്ക് വന്നിരുന്ന പഴംപൊരിയും ചായയും വല്ലപ്പോളും  വന്നിരുന്ന പരിപ്പുവടയുമെല്ലാം അതിലിത്തിരി നൊസ്റ്റാൾജിയ ചേർത്ത് കൂടെയുള്ളവർ ആർത്തിയോടെ കഴിക്കുന്നത് ഞാൻ നോക്കിയിരുന്നു. നാട് വിട്ട് ജീവിക്കുന്നവർക്കാണ് ഇതിനോടൊക്കെ കൂടുതൽ പ്രിയം.

വീട്ടുകാരുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്ക് എന്റെ  തൃശൂര് വിട്ട് ജോലിക്ക് പോകാൻ ഇഷ്ടമായിരുന്നില്ല.  ഈ അഹമ്മദാബാദ് യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയ പ്പോഴേ   പത്രത്തിലെ പരസ്യങ്ങളൊക്കെ തപ്പി നോക്കി തൃശ്ശൂരിലെ പ്രശസ്തമായ  കാർ വിൽപന കേന്ദ്രത്തിൽ ആരും അറിയാതെ ഇന്റർവ്യൂവിന് പോയിരുന്നു. സെലക്ട്‌ ആയ ലെറ്റർ വീട്ടുകാർ എന്റെ മുന്നിലിട്ട് കത്തിച്ചുകളഞ്ഞു. ‘‘ഇവിടെ നിന്നാൽ നീ ശരിയാവില്ല, നിന്റെ കൂട്ടുകെട്ട് ശരിയല്ല അതുകൊണ്ട് മര്യാദക്ക് ഏരിയ വിട്ട് പൊക്കോണം’’ തുടങ്ങിയ നല്ല കിടിലൻ ക്ലാരിറ്റിയോട് കൂടി റെക്കോർഡ് ചെയ്ത ഉപദേശത്തിന്റെ  കെട്ടഴിച്ചുകൊണ്ട് ആക്രമിച്ചു.

അതുവരെ സമ്മതിക്കാതിരുന്ന ഞാൻ വട്ടച്ചെലവിനു കിട്ടുന്ന പൈസ സ്റ്റോപ്പാകുമെന്ന സ്ഥിതിയായപ്പോൾ നിവൃത്തിയില്ലാതെ രണ്ടും കൽപ്പിച്ച്  ഓക്കേ പറയുകയാരുന്നു. രാത്രിയും, പകലും മാറി വന്നുകൊണ്ടിരുന്നു ആദ്യം പഴംപൊരി കൊണ്ടു വന്നയാൾ തന്നെ എഗ്ഗ് ബിരിയാണിയും,  ചോറും കൊണ്ടുവരുന്നു അയാൾ തന്നെ ഇഡ്ഡലിയും സാമ്പാറും കൊണ്ടുവന്നു. ചെറിയച്ഛന്റെ കുട്ടികൾ ഉള്ളതോണ്ട് വലിയ ബോറടിയില്ല. ആ ഇടുങ്ങിയ S8 കമ്പാർട്മെന്റിൽ അവർ  പാട്ടും, ഡാൻസും കയ്യിലുള്ള പുസ്തകങ്ങളിൽ നിറം കൊടുത്തും സമയം പോയതറിയുന്നുണ്ടായിരുന്നില്ല, കുറെ കഴിഞ്ഞപ്പോൾ കുട്ടികൾ ക്ഷീണിച്ച്‌ ചെറിയമ്മയുടെ മടിയിൽ തലവെച്ച് കിടന്നുറങ്ങി. 

നാട്ടിൽ കൂട്ടുകാരെല്ലാം   ഞങ്ങൾ സ്ഥിരമായിരിക്കുന്ന നെൽ പാടത്തോട്  ചേർന്ന പാലംകെട്ട് എന്ന് വിളിക്കുന്ന കലുങ്കിൽ ഇരിക്കുന്നുണ്ടാവും.  എന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടാവും ഉറപ്പാണ്. അന്ന് ഞാൻ ഗുജറാത്തിലേക്ക് പോകാൻ തയാറെടുക്കുന്ന വിവരം അറിഞ്ഞ  ചിലരൊക്കെ അവർ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു, എന്നെ പോലെ തന്നെ അവരും ആഗ്രഹിക്കുന്നു ഞാനവടെയൊക്കെ ഉണ്ടാവാൻ. ആ  മെയ്‌മാസ പുലരിയിൽ അഹമ്മദാബാദിലെ  മണിനഗർ സ്റ്റേഷനിൽ വന്നിറങ്ങിയ എനിക്ക്  അതുവരെ അഹമ്മദാബാദ്‌ എന്നാൽ നരേന്ദ്രമോദിയും,  എന്റെ ചെറിയച്ഛൻമാരും, ഭൂകമ്പവും പിന്നെ കലാപവുമായിരുന്നു. 

two-friends-556
പ്രതീകാത്മക ചിത്രം

വൻകെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ നഗരം പ്രതീക്ഷിച്ച എനിക്ക് നിരാശയായിരുന്നു ഫലം.  ഞാനിറങ്ങിയ മണിനഗറിൽ അങ്ങനെ എന്നെ ഞെട്ടിക്കാൻ പോന്ന ഒന്നും തന്നെ ആദ്യ ദിവസം  കാണാൻ കഴിഞ്ഞില്ല. സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ തന്നെ ഒരുപറ്റം ഓട്ടോറിക്ഷക്കാർ ഞങ്ങൾക്ക് ചുറ്റും വളഞ്ഞിരിക്കുന്നു, ചിലർ ബാഗ് എടുത്ത് കൊണ്ടുപോകുന്നു എനിക്ക് ഒരെത്തും പിടിയുമില്ലാത്ത ഭാഷയിൽ  വിലപേശുന്നു. ഓട്ടോറിക്ഷക്കാരുമായി വിലപേശുന്നത്‌ കേരളത്തിൽ ഒരുകാലത്തും നടക്കാത്ത സംഭവമായതോണ്ട് ഞാൻ വിജ്രംഭിച്ച് നോക്കി നിന്നു. ഓട്ടോക്കാരല്ല ആരുമായും വിലപേശലധികമില്ലാത്ത നാടാണ് കേരളം അതിന്റെ കാരണം എന്താണാവോ. ആർക്കറിയാം?.

വന്നിട്ട് ഒരാഴ്ച്ചയായി, ധീരജ് ഹൗസിങ്ങിലെ വീടിന് തൊട്ടടുത്തുള്ള ബൂത്തിൽ കയറി നാട്ടിലേക്ക് ലാൻഡ്‌ലൈനിൽ വിളിക്കും. ജോലി കിട്ടാനായി  നാട്ടുകാരായ ചിലർ അഹമ്മദാബാദിൽ ഉണ്ട് എന്നും അവരെ വിളിക്കണമെന്നും പറഞ്ഞ് നാട്ടിൽ നിന്നും കോൺടാക്ട് നമ്പർ തന്നോണ്ടിരുന്നു. അതിൽ കൂടുതൽ അവർക്കും ഒന്നും സംസാരിക്കാനില്ലായിരുന്നു. എത്രയും   പെട്ടെന്ന് ജോലിക്ക് കയറണം, നിത്യ ജീവിതവും മരുന്നും വാങ്ങാൻ തന്നെ ബുദ്ധിമുട്ടായിരിക്കുകയാണ്. 

ഞാൻ പുറത്തിറങ്ങി തൊട്ടടുത്ത കടയിൽ നിന്നൊരു ഗോൾഡ് ഫ്ലാക്ക് വാങ്ങി വലിച്ച് പുക ഊതിവിട്ട് എവിടേക്കോ നോക്കി നിന്നു. ചെറിയച്ഛന്റെ  കൂട്ടുകാരൻ പറഞ്ഞതനുസരിച്ച് ആശ്രം റോഡിലെ  ഒരു ഓഫീസിൽ ഇന്റർവ്യൂവിന് പോയി. അവിടെ കാബിനിൽ  ഇരിക്കുന്ന വയസ്സായ കാരണവർ എന്റെ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക്‌ ഷീറ്റും  എടുത്തു നോക്കി അതിലെ മാർക്കൊക്കെ ചെക്ക് ചെയ്തുകൊണ്ടിരുന്നു. അയാളുടെ വിരൽ ഇംഗ്ലീഷിന്റെ മാർക്കിന്  നേരെ എത്തിയപ്പോൾ കല്യാണ പെണ്ണിന്റെ നാണത്തോടെ ഞാൻ എന്റെതന്നെ കാലിലെ വിരലിൽ നോക്കി നിന്നു. 

അയാൾ സംസാരം ഗുജറാത്തി ഭാഷയിൽ തുടങ്ങി ഇംഗ്ലീഷിലെത്തി പിന്നെ രാഷ്ട്ര ഭാഷയായ ഹിന്ദിയിലെത്തിയപ്പോൾ ഞാൻ പിടിച്ചു നിന്നു.  നാളെ തൊട്ട് ജോലിക്ക് വരാൻ പറഞ്ഞ് സർട്ടിഫിക്കറ്റ് എനിക്ക് തിരിച്ചു തന്നു. എന്റെ ബയോഡാറ്റയിൽ ശമ്പളം രണ്ടായിരം രൂപ എന്നെഴുതി അതിനു ചുറ്റും ഒരു വട്ടംവരച്ചു. നാട്ടിൽ പത്താംക്ലാസ് വരെ പഠിച്ച എന്റെ കൂട്ടുകാരൻ ബാബുവിന് വീടിനടുത്ത് കടയിൽ പോയി സാധനങ്ങൾ എടുത്തു കൊടുക്കാൻ നിൽക്കുന്നതിന് കിട്ടുന്നത് 4000 രൂപയാണ്. അവന് ഉച്ചക്ക് ഊണ് കഴിക്കാൻ വീട്ടിലും പോകാം. വൈകിട്ട് അമ്പലത്തിൽ പോകാം, പാലംകെട്ടിൽ കൂട്ടുകാരോടുപ്പമിരിക്കാം. 

പിറ്റേന്ന് അച്ഛമ്മ വിഷമത്തോടെ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു ‘‘മോനെ നിക്ക് തിരിച്ചു പോണം ബോംബെയ്ക്ക്,  കുട്ടിക്ക് വിഷമാവോ’’ ഞാൻ ചിരി അഭിനയിച്ചുകൊണ്ട് പറഞ്ഞു ‘‘ഹേയ് ഇല്ല്യ കൊഴപ്പല്യ’’ പറഞ്ഞപോലെ തന്നെ രണ്ടു ദിവസം കഴിഞ്ഞ്   അച്ഛമ്മ ബോംബെയ്ക്ക്‌ തിരിച്ച് പോയി. നാളെ തിങ്കളാഴ്‌ച മുതൽ  ജോലിക്ക് പോകണം കയ്യിലെ കാശ് തീർന്നിരിക്കയാണ്, ഹട്കേശ്വർ വരെ നടന്നാൽ 77 നമ്പർ ബസ് കിട്ടും. പൈസ ചെറിയച്ഛനോട്‌ ചോദിച്ചാൽ തരും പക്ഷെ  ആള് അച്ഛമ്മയെ കൊണ്ടു ചെന്നാക്കാൻ ബോംബെക്ക് പോയിരിക്കുകയാണ്. വരാൻ രണ്ടുമൂന്നു ദിവസം കഴിയും.  

50-rupees-112

സൺ‌ഡേയുടെ ആലസ്യത്തിൽ വൈകീട്ട് നാല് മണിയായി കഴിഞ്ഞിരിക്കുന്നു. കാലത്ത് നേരത്ത വീട്ടിൽ നിന്നിറങ്ങി നടന്നു പോകാം ഓഫീസിലേക്ക്.  ഏതാണ്ട് ഇരുപത് കിലോമീറ്റർ ദൂരമുണ്ട്, പക്ഷെ ഇത്രദൂരം നടക്കാൻ എന്നെക്കൊണ്ട് കഴിയില്ല. ആദ്യ ദിവസം ജോലിക്ക് പോകാതിരുന്നാൽ പിന്നെ ഒരിക്കലും ആ വഴിക്ക് പോകാതിരിക്കുകയാണ് നല്ലത്.  പത്തു രൂപ ഇല്ലാത്തത് കൊണ്ട് ജോലി നഷ്ടപ്പെട്ടാൽ അതിനേക്കാൾ വലിയ ദാരിദ്ര്യം പിടിച്ച അവസ്ഥ വേറെന്താണ്.

അപ്രതീക്ഷിതമായി ധിരജ് ഹൗസിങിലെ വീടിന്റെ കോളിങ് ബെൽ അടിക്കുന്നു,  വാതിൽ തുറന്നപ്പോൾ ഞാൻ സന്തോഷം കൊണ്ട് മതിമറന്നു. നാട്ടിലെ എന്റെ കളിക്കൂട്ടുകാരൻ നിഷാദാണ്. അവൻ എന്നെ കാണാൻ നിർണയ്നഗറിൽ നിന്ന് വീട് തിരഞ്ഞു വന്നിരിക്കയാണ്. ചായ കുടിച്ച് ഞങ്ങൾ നടക്കാനിറങ്ങി.  കുറഞ്ഞ സാലറിയെക്കുറിച്ച് ഞാൻ പരിഭവം പറഞ്ഞപ്പോൾ ഒരു വർഷമായി ഇവിടെ ജോലി ചെയ്യുന്ന അവനും കിട്ടുന്നത് ഇതേ രണ്ടായിരമാണെന്നു പറയുമ്പോൾ അവൻ എന്റെ കണ്ണിലേക്കു നോക്കാതിരിക്കാൻശ്രദ്ധിച്ചു.

സന്ധ്യയായിരിക്കുന്നു, ഇരുട്ട് മയങ്ങിതുടങ്ങിയിരിക്കുന്നു. അവന് പോകാൻ സമയമായിരിക്കുന്നു.

യാത്ര പറഞ്ഞു പോകുമ്പോൾ അപ്രതീക്ഷിതമായി അവൻ ഒരു അമ്പത് രൂപയുടെ മുഷിഞ്ഞ നോട്ടെടുത്ത് എന്റെ പോക്കറ്റിൽ ഇട്ട്‌ ഒന്നും പറയാതെ കൂൾ ആയി  തിരിച്ചു നടന്നു. എന്തെങ്കിലും പറയുന്നതിന് മുൻപേ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.  പക്ഷെ ആ തിരിഞ്ഞു നടക്കുന്നവൻ എന്റെ കണ്ണീർ തുടക്കാൻ ആദ്യമായി ഗുജറാത്തിൽ അവതരിച്ച  ദൈവമായിരുന്നു. 

പിന്നീടങ്ങോട്ട് ഇന്നുവരെ  എത്രയെത്ര ദൈവങ്ങൾ.

English Summary : Ente Daivangal Story By Vinod Neetiyathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com