ADVERTISEMENT

മരിക്കാത്ത ഓർമ്മകൾ (കഥ)

ഇന്ന് ഡിസംബർ 25. മറവിയുടെ ശ്‌മശാനത്തിൽ കത്തി ചാമ്പലാക്കിയ ഓർമ്മകൾ പുനർജനിക്കുന്ന ദിവസം. എല്ലാവരും കൃസ്തുദേവന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ഞാൻ മാത്രം ഇവിടെ ഈ ഇരുട്ടറയിൽ എന്റെ ദുരന്തത്തിന്റെ വാർഷികം ആഘോഷിക്കുന്നു, കണ്ണീരിനാൽ. ഭ്രാന്ത് ആണെന്നത്രെ ഭ്രാന്ത്. ആ സാഹചര്യത്തിൽ എനിക്കു ഭ്രാന്ത് തന്നെ ആയിരുന്നോ ? അറിഞ്ഞുകൂടാ.

          

എത്ര തന്നെ ഉറങ്ങാൻ ശ്രമിച്ചാലും ഇന്നത്തെ രാത്രി എന്നെ അതിനു അനുവദിക്കില്ല എന്നു അറിയാം. ആരാണ് തന്റെ ജീവിതം തകർത്തത് ? അയാളോ? അതോ മകളെ കെട്ടിച്ചു അയച്ചാൽ ഉത്തരവാദിത്തം ഒഴിഞ്ഞു കിട്ടുമെന്നു കരുതി 15 വയസിനു മൂത്ത അയാളെ പിടിച്ചു ഏല്പിച്ച അപ്പച്ചനോ ? ആരായാലും അതേക്കുറിച്ചു ഓർക്കാൻ രണ്ടു പേരും ഇന്നി ഭൂവിൽ ഇല്ലാലോ. ഓർമകൾക്ക് വേട്ടയാടി രസിക്കാൻ ഒരു പാഴ് ജീവനായി ഞാൻ ഇന്നും ജീവിക്കുന്നു. ഭൂമിക്കു ഭാരമായി.

കല്യാണം എന്തെന്നോ എന്തിനെന്നോ അറിയാത്ത പ്രായം. പതിനാലു വയസ്സ് ആയ താൻ മിനി ചേച്ചിയുടെ കുട്ടികളോടും തന്റെ അനുജത്തിമാരോടും ഒപ്പം ഊഞ്ഞാലാടിക്കൊണ്ടി രുന്നപ്പോൾ ആണ് അപ്പച്ചൻ ആ ദുശ്ശകുനത്തിന്റെ വിളിയുമായി വരുന്നത്. എന്താണെന്നോ ആരാണെന്നോ അറിയാത്ത കുറേപ്പേർ ഉമ്മറത്തെ കസേരകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

അവിടെ ഇരിക്കുന്ന ചായ അയാൾക്ക് എടുത്തു കൊടുക്ക് എന്ന് അമ്മച്ചി പറഞ്ഞ പോലെ ചെയ്തു. മനസിൽ അപ്പോളും തന്റെ ഊഴം കാത്തിരിക്കുന്ന ഊഞ്ഞാൽ മാത്രം ആയിരുന്നു. മോളു പൊയ്ക്കോ എന്ന് പറഞ്ഞതും ഓടിപ്പാഞ്ഞു കളിയ്ക്കാൻ എത്തിയതും ഓർമയുണ്ട്.

marikkatha-orma-002
പ്രതീകാത്മക ചിത്രം

അത്താഴം കഴിക്കുന്നതിന്റെ ഇടയിൽ അമ്മച്ചി അപ്പച്ചനോട് അവർക്കു ഇഷ്ടപ്പെട്ടോ ? ഇതും കൂടെ കഴിഞ്ഞു വേണം താഴെ ഉള്ളതുങ്ങളുടെ കാര്യം കൂടെ നോക്കാൻ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. വയറു വിശന്നു വാരി വലിച്ചു കഴിക്കുന്നതിന്റെ ഇടയിൽ കൂടുതലായി ഒന്നും ശ്രദ്ധിച്ചില്ല. ആരൊക്കെയോ ചേർന്ന് തന്റെ ഭാവി എഴുതി പിടിപ്പിക്കുകയാണെന്നോ, വരാൻ പോകുന്ന ദുരിതത്തിന്റെ ചർച്ച ആണെന്നോ അറിയാതെ ആ രാത്രിയും നന്നായി ഉറങ്ങി.

എത്രയും വേഗം നടത്തണം എന്ന അവരുടെ വാശിയിൽ തകർന്നത് തന്റെ ജീവിതം ആയിരുന്നു. മിനി ചേച്ചി പറഞ്ഞാണ് അന്ന് ചായ കൊടുത്തത് തന്നെ കെട്ടാൻ വരുന്ന ആൾക്കാണെന്നും, തന്റെ കല്യാണം ആണെന്നും, എത്രയും വേഗം ഉണ്ടാകും എന്നുമൊക്കെ അറിഞ്ഞത്. സംഭവം എന്താണ്‌ എന്നു വ്യക്തമായിലെങ്കിലും അധികം നാൾ താൻ ഈ വീട്ടിൽ ഉണ്ടാക്കില്ല എന്നു മനസിലായി.

അന്നേ ദിവസം താനും വലിയ സന്തോഷത്തിൽ ആയിരുന്നു. കാരണം പുതിയ ഡ്രസ്സ്‌ ഇടാം എന്നത് മാത്രം ആയിരുന്നു. ഒരുക്കിയതും അയാൾ താലി കെട്ടിയതും ഒന്നും ഇപ്പോൾ ഓർക്കാൻ പോലും ഇഷ്ടപെടാത്ത നിമിഷങ്ങൾ ആണ്. ഒരേ ഒരു സങ്കടം അനിയത്തിമാരുടെ കൂടെ കളിക്കാൻ പറ്റില്ല എന്നതും സ്കൂളിൽ പോകാൻ പറ്റില്ല എന്നതും ആയിരുന്നു.

ഒത്തിരി ദൂരം പോയതിനു ശേഷം ആണ് അയാളുടെ വീടെത്തിയത് വഴിയോ നാടോ ഏതെന്നു അന്നൊന്നും മനസിലായില്ല. തന്റെ വീട് പോലെ അല്ല, കുറച്ച് കൂടെ വലുത് ആണ്‌. അതു പോലെ തന്നെ അതിനകത്തെ ആളുകളും. അയാളുടെ മൂന്ന് അനിയന്മാരും രണ്ട് അനിയത്തിമാരും അപ്പച്ചനും അമ്മച്ചിയും അടങ്ങിയ കുടുംബം.

വലിയേച്ചി എന്നു ആരൊക്കെയോ വിളിച്ചു തുടങ്ങിയപ്പോൾ ആണ്‌ താൻ വലുതായി എന്ന തിരിച്ചറിവ് തന്നെ ഉണ്ടായത്. ആ മുറിക്ക് സിഗരറ്റിന്റെയും മദ്യത്തിന്റെയും മണം ആയിരുന്നു, അയാൾക്കും. പാപം ചെയുന്നവർക്ക് നരകത്തിൽ പീഡനങ്ങൾ കാത്തിരിക്കുന്നു എന്ന് അമ്മച്ചി പറഞ്ഞു അറിയാം. പക്ഷേ പറയത്തക്ക പാപം ഒന്നും ചെയ്യാത്ത എന്നെ എന്തിനാണ് അയാൾ അന്ന് മൃഗീയം ആയി പീഡിപ്പിച്ചത്?.

marikkatha-orma-003
പ്രതീകാത്മക ചിത്രം

ശാരീരികമായ വേദനയേക്കാൾ ഏറെ തന്റെ പുതിയ ഡ്രസ്സ്‌ വലിച്ചു കീറിയതിൽ ആയിരുന്നു സങ്കടം. പിറ്റേന്ന് രാവിലെ എല്ലാവരും സ്നേഹത്തോടെ പെരുമാറിയത് കണ്ടപ്പോൾ എന്നും ഇവിടെ ഇങ്ങനെ ആണെന്ന് കരുതി. രാത്രി ആകരുതേ എന്നു വെറുതെ പ്രാർത്ഥിച്ചു. അയാൾക്ക്‌ എന്നോടോ, എനിക്കു അയാളോടോ ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല. രാത്രികളിൽ മാത്രം കണ്ടു വരുന്ന വേട്ടക്കാരനെ പോലെ ആയിരുന്നു അയാൾ. ആവശ്യം കഴിഞ്ഞു വലിച്ചെറിയുന്ന കറിവേപ്പിലയുടെ സ്ഥാനം പോലും ആ വീട്ടിൽ ഇല്ലെന്നു പതിയെ പതിയെ മനസിലായി.

ആ വീട്ടിലെ മുഴുവൻ ജോലികളും ചെയുന്ന യന്ത്രം ആയി മാറിക്കഴിഞ്ഞിരുന്നു ഒരു വർഷത്തിനുള്ളിൽ. ഡ്രസ്സ്‌ വലിച്ചു കീറാതിരിക്കാൻ അയാൾ വരുമ്പോൾ തന്നെ വസ്തരമഴിച്ചിരിക്കുമായിരുന്നു രാത്രിയിൽ. പലപ്പോഴും അയാളുടെ അക്രമം ഏൽക്കാനുള്ള ശരീരബലം ഇല്ലാതെ ബോധം മറഞ്ഞിരുന്നു.

പതിനാറു വയസ്സിനുള്ളിൽ ആരോഗ്യം ഇല്ലാത്ത ഒരു ആൺകുട്ടിയുടെ അമ്മയും ആയി. ഒരു വർഷത്തിനു ള്ളിൽ അവൻ മരിച്ചത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. അപ്പച്ചനും അമ്മച്ചിയും അനിയത്തിമാരും കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് എപ്പോഴാണ്‌, എവിടെ വച്ചു ആണ് അന്യമായത്?

തന്റെ ദുർവിധി അനിയത്തിമാർക്ക് വരാതെ ഇരിക്കാൻ കർത്താവിനോടു മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടേ ഉള്ളൂ. എന്നിട്ടും, ഇളയവൾ ആരുടെയോ ഒപ്പം ഇറങ്ങി പോയി. ഒരാഴ്ച കഴിഞ്ഞു മൃഗീയമായി പീഡിപ്പിക്കപ്പെട്ട ശവശരീരം വീട്ടിലെത്തിയപ്പോൾ വീണു പോയതാണ് അമ്മച്ചി. അതിനു ശേഷം അധികം ആരെയും ബുദ്ധിമുട്ടിക്കാതെ അമ്മച്ചി പോയപ്പോൾ ഒരു മുഴം കയറിൽ ജീവിതം ഒടുക്കി അപ്പച്ചൻ. രണ്ടാമത്തവൾ ക്രിസ്തുവിന്റെ മണവാട്ടി ആയി ഗുജറാത്തിൽ എവിടെയോ ആണ്‌. 

എനിക്കു ഇരുപതു വയസ് ആയപ്പോഴാണ്‌ മകളുടെ ജനനം. പകലു മുഴുവൻ അടിമ പണിയും രാത്രിയിൽ പീഡനവും, ഇതിനിടയിൽ മകളുടെ വളർച്ച മനസിലാക്കാൻ വൈകിയത് നേരു തന്നെ.എന്നിൽ ഒതുങ്ങാത്ത അയാളുടെ കാമം തീർക്കാൻ തെരുവോരങ്ങളും തേടി പോകുന്നു എന്ന് അറിഞ്ഞിട്ടും, നിശബ്ദം ആയതു പോകാൻ വേറെ ഇടം ഇല്ലാഞ്ഞിട്ട് ആണ്.

അഞ്ചു വയസ്സായ മകളുടെ മേൽ അയാളുടെ കഴുകൻ കണ്ണ് വട്ടമിട്ടു പറന്നത് എന്തേ താൻ അറിഞ്ഞില്ല. ഇതിനിടയിൽ അയാളുടെ അനിയത്തിമാരുടെ വിവാഹം കഴിഞ്ഞിരുന്നു. ഇളയ അനിയനും അയാളെ പോലെ തന്നെ കാമവെറി പൂണ്ടവൻ ആയിരുന്നു. വെട്ടുകത്തി കൈയിൽ ഉണ്ടായിരുന്നത് കൊണ്ട് ആണ് അന്നൊരു ദിവസം രക്ഷപെട്ടത്.

marikkatha-orma-004
പ്രതീകാത്മക ചിത്രം

വയ്യാതെ കിടക്കുന്ന അയാളുടെ അപ്പച്ചനും അമ്മച്ചിയ്ക്കും മരുന്ന് കൊടുക്കുന്നതിന്റെ ഇടയിൽ തന്റെ മകൾ എവിടെ പോയെന്നു നോക്കാൻ മറന്നതാണ് എല്ലാത്തിനും കാരണം. അവളെ എവിടെ എല്ലാം നോക്കി, എത്ര വിളിച്ചു. ഒരിക്കലും ഒരു അമ്മയും കാണാൻ പാടില്ലാത്തത് പുറകിലെ വിറക് പുരയിൽ കാണേണ്ടി വന്ന ഗതികെട്ട അമ്മയാണ് താൻ. ഭർത്താവ് എന്ന നീചൻ എന്റെ കുഞ്ഞുമകളെയും.... ഹാ.. കർത്താവേ ഞാൻ ഇതെങ്ങനെ സഹിക്കും. എനിക്കോ സഹിക്കാവുന്നതിൽ അപ്പുറമായിരുന്ന അയാളുടെ പീഡനം അവളുടെ പിഞ്ചു ശരീരം എങ്ങനെ സഹിക്കും?

എന്റെ രോദനം ഒരു കൊടുങ്കാറ്റായി മാറിയത് എപ്പോഴാണ്? വിറക് കീറാൻ വച്ച കോടാലി എടുത്തു അയാളുടെ തലയ്ക്കടിച്ചപ്പോൾ മുഖത്തേക്ക് തെറിച്ച രക്തം പോലും താൻ വെറുത്തു. എത്ര വിളിച്ചാലും കേൾക്കാത്ത അനശ്വരതയുടെ ലോകത്തേക്ക് അപ്പോഴേക്കും തന്റെ മകളും പോയിക്കഴിഞ്ഞിരുന്നു.

ഈ ജയിലറ പുറത്തെ ചുറ്റുപാടിൽ നിന്നും എത്രയോ സുരക്ഷിതം ആണ്. ദൈവം മനുഷ്യന് കൊടുത്ത വരദാനം ആണ് മറവി എന്നൊക്കെ പറയുന്നത് വെറുതെയാണ്‌. അല്ലെങ്കിൽ എത്ര കുഴിച്ചിട്ടാലും വീണ്ടും വീണ്ടും ഉയർത്തെഴുന്നേറ്റു വന്ന ഈ ഓർമ്മകൾ തന്നെ വേദനിപ്പിക്കുന്നത് എന്തിന് ? എന്നെ വേട്ടയാടുന്ന ഓർമകളെ ഈ ജയിലറയ്ക്കുള്ളിൽ തന്നെ ആകട്ടെ എന്റെ അന്ത്യവും.

English Summary : Marikkatha Ormakal Story By Navami P S