ADVERTISEMENT

അച്ഛന്റെ മുന്നിൽ അച്യുതൻ എന്ന നാലാം ക്ലാസുകാരൻ ഉത്തരക്കടലാസുമായി നിന്നു. 49/50. അച്ഛന്റെ നോട്ടം എപ്പോഴെങ്കിലും ഉത്തരക്കടലാസിൽ നിന്നിറങ്ങി അവന്റെമേൽ രൂക്ഷമാകുമെന്ന്  അവൻ ഭയപ്പെട്ടു. മൂന്നും മൂന്നും ആറും നാലും പത്തും ........... അച്ഛനപ്പോൾ അവന്റെ മാർക്ക് കൂട്ടുകയായിരുന്നു. എല്ലാ ഉത്തരങ്ങളും ശരിച്ചിഹ്നത്താൽ അടയാളപ്പെട്ടിരുന്നിട്ടും അച്ഛന്റെ മനക്കണക്ക് അമ്പതിലെത്താതെ നിന്നു. പിന്നെ അച്ഛൻ ചോദ്യക്കടലാസും ഉത്തരക്കടലാസും ചേർത്തുവച്ച് ഒരു സൂക്ഷ്‌മദർശിനിയായി.

ചോദ്യം നമ്പർ ആറിലെ അഞ്ചാമത്തെ ഉപചോദ്യം അച്ഛൻ ആവർത്തിച്ചാവർത്തിച്ചു വായിച്ചു.  –––– ഒരു ഭീകര ജീവിയാണ്?

അവന്റെ ഉത്തരം; അച്ഛൻ ഒരു ഭീകര ജീവിയാണ് എന്നായിരുന്നു. അധ്യാപിക അതിനു ശരി ചിഹ്നമിട്ടിരു ന്നെങ്കിലും മാർക്ക് നൽകാതെ അതിനോടു ചേർത്ത് ഒരു ചോദ്യച്ചിഹ്നവും (?) ഇട്ടിരുന്നു. ആ ഉത്തരത്തിന് അധ്യാപിക എന്തേ ശരിയിട്ടതെന്ന ചോദ്യവുമായി അച്ഛന്റെ കണ്ണുകൾ ആകാശം നോക്കിയും ഭൂമി നോക്കിയും അവനെ നോക്കിയും സ്ഥാനം മാറ്റിയിരുന്നു.

എന്തേ അൻപതിൽ അൻപതും വാങ്ങാതിരുന്നതെന്ന വാർപ്പ് ചോദ്യം പ്രതീക്ഷിച്ചു നിന്നിരുന്ന അവന്, ഒരു നോട്ടം പോലുമില്ലാതെ ഒപ്പിട്ടുകിട്ടിയ ഉത്തരക്കടലസ് മറ്റൊരു മഹാത്ഭുതമായി. വാതിലിനൂന്നായി നിന്നിരുന്ന അമ്മയുടെ എങ്ങനെയായി എന്ന തല നീട്ടിയുള്ള ആമനോട്ടത്തിന്, ഒന്നു ചിരിച്ച്, ചുമലൊന്നു കുടഞ്ഞു പ്രശ്‌നമൊന്നുമില്ലെന്ന് അച്യുതൻ ഉത്തരം കൊടുത്തു. അപ്പോൾ അവനെ നോക്കി അമ്മ വാങ്ങിക്കൊടുത്ത, അച്ഛനില്ലാത്ത നേരത്തു മാത്രം ജീവൻ വയ്‌ക്കുന്ന, ബ്രഷുകളും പെയിന്റും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അവനപ്പോൾ മനസ്സിൽ എന്തൊക്കെയോ തിങ്ങിനിറയുകയാൽ നന്ദിയോടെ, ഒരു കുടന്ന കുടമുല്ലപ്പൂ വെൺമയിൽ മസൃണമായി വിളിച്ചു: അമ്മേ

വസന്തവും വർഷവും ശരത്തും ശിശിരവും പോലെ കൃത്യമായ് പരീക്ഷകളും വന്നു പോയിരുന്നു. തൊണ്ണൂറ്റിയെട്ടു ശതമാനത്തിൽ +2 പരീക്ഷപാസ്സായ അന്ന്, ആദ്യമായ് അച്യുതൻ ഒരു നിബന്ധന വച്ചു. എനിക്ക്.......

വല്ല എം.ബി.ബി.എസോ, എഞ്ചിനീയറിങ്ങോ പഠിച്ച് നല്ലൊരു ജോലിയിൽ കയറി കുടുംബോം കൂടപ്പിറപ്പുകളേം കരകേറ്റാൻ നോക്കേണ്ടിടത്ത് അവനു വരകുറി പഠിക്കാൻ പോണം. ആരാ നിന്നോടിത് എഴുന്നള്ളിച്ചത്?

ഷോകേസിൽ നിറച്ചുവച്ചിരുന്ന മെഡലുകൾ നോക്കി അച്യുതൻ ഒരു അവാർഡ് സിനിമയിലെ മൗനത്തിൽ നിന്നു. മൗനത്തിന്റെ ഇടം നീണ്ടപ്പോൾ അച്ഛൻ ഒച്ചയുയർത്തി!

ആരാ....? അവനവനിഷ്‌ടമുള്ളതു പഠിക്കണമെന്നാ മോട്ടിവേഷൻ ക്ലാസ്സിൽ പറഞ്ഞത്. അതുകൊണ്ട്.....  വിറയലുണ്ടായിരുന്നെങ്കിലും ഗുഹാമുഖം കടന്നുവന്ന അവന്റെ  വാക്കുകൾ ദൃഢമായിരുന്നു.

വരകുറി പഠിച്ചു പെയിന്റ് മേടിക്കാൻ പോലും കാശില്ലാതെ തെണ്ടിത്തിരിയുമ്പോ, ആ സാറന്മാര്  വാങ്ങിയ കൂലീന്നും വല്ലതും തര്വോ? പിന്നെ വീടൊരു കോടതിമുറിയായി. അവനോടു ചേർന്ന് അമ്മയും ആളിക്കത്തി.

പഠിക്കുന്നെങ്കിൽ എനിക്കിഷ്‌ടമുള്ളതേയുള്ളൂ. എന്നു പറഞ്ഞു മകൻ വാദം പൂർത്തിയാക്കിയപ്പോൾ  മറുവാദത്തിനു പഴുതില്ലാതെ അച്ഛൻ പറമ്പിലേക്കിറങ്ങിപ്പോയി.

പതിവിലും ഊക്കിലുള്ള വെട്ടും കിളയും അറിഞ്ഞ മണ്ണ് കാത്തുനിന്നു; ഒന്നു തണുക്കട്ടെ. പിന്നെ അച്ഛൻ ഏറെ കിതച്ചു തളർന്നിരുന്നപ്പോൾ മണ്ണ് ചോദിച്ചു.വിതച്ചതെല്ലാം വിളയുമെന്നു നീ കരുതിയോ?  കുഴിച്ചുവച്ച വാഴവിത്തിൽ നിന്നെല്ലാം കുല വെട്ടാമെന്നു നിനക്കുറപ്പുണ്ടായിരുന്നോ? നേരാംവണ്ണം മഴയും വെയിലും കിട്ടുമെന്നു നിശ്ചയമുണ്ടായിരുന്നോ?  ജീവിതം ഒരു പരീക്ഷണമാണ്. ജയിച്ചെന്നുവരാം. തോറ്റെന്നുംവരാം. ജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.പണി കഴിഞ്ഞെത്തി ഒരു മറുപടി പറയുമ്പോൾ, അച്ഛന്റെ മുഖത്തു ലാഘവത്വം ഉണ്ടായിരുന്നില്ല.

ഞാനെതിരു നിൽക്കുന്നില്ല. നിന്നാലും.... അപ്പോൾ അവന്റെ വാക്കുകൾക്കു വിറയൽ ഉണ്ടായിരുന്നില്ല.

അവന്റെ ഇഷ്‌ടം അതാണെങ്കിൽ...അമ്മ അവനപ്പോൾ വളരാനൊരു പന്തൽ ആയിരുന്നു. എങ്കിൽ... തൃപ്പൂണിത്തുറയിലെ ആർ.എൽ.വി.യിൽ.... പോയിവരാം. ചെലവും കുറവാണല്ലോ.

അല്ല. എനിക്കു ശാന്തിനികേതനിൽ പഠിക്കണം 

അത് ബംഗാളിലല്ലേ? അവിടെ തനിച്ച ്.... 

തനിച്ചു ജീവിക്കാനും പഠിക്കണം. അഭിമുഖത്തിനിരിക്കുമ്പോൾ പ്രധാനാധ്യാപകൻ ചോദിച്ചു: എന്തൊക്കെ പഠിക്കണം? അങ്ങനെ ഒരു ചോദ്യം അവന്റെ  തയാറെടുപ്പുകളിൽ ഇല്ലാതിരുന്നതുകൊണ്ട്, അവൻ മൗനത്തിന്റെ മേച്ചിൽപുറങ്ങളിലേക്കിറങ്ങിപ്പോകയാൽ അച്ഛൻ തന്നെ പറഞ്ഞു, വിതക്കാനിറങ്ങിയാൽ കൊയ്‌തു കയറണം. അതുകൊണ്ട് എല്ലാം പഠിക്കണം.

എല്ലാമെന്നു പറഞ്ഞാൽ....? ഡ്രോയിങ്ങും പെയിന്റിങ്ങും കൊത്തുപണിയും  ശിൽപനിർമ്മാണവും ഫോട്ടോഗ്രഫിയും അലങ്കാരപ്പണികളും പിന്നെ ഇപ്പോൾ കേക്കുന്ന ഒരു പേരുണ്ടല്ലോ... എന്താത്?  ങാ.... ബിനാലെ. അതും അന്ന് ആദ്യമായിട്ടച്യുതൻ സ്‌നേഹത്തിന്റെ കണ്ണുകൊണ്ടച്ഛനെ നോക്കി. അച്ഛൻ ഒരു ഭീകരജീവിയാണ് എന്നതു വെട്ടിക്കളയണമെന്നു വിചാരിച്ചെങ്കിലും പിന്നെയാകട്ടെ എന്നു വച്ചു.

തനിച്ചുള്ള മടക്കയാത്രയിൽ അച്ഛൻ മകനെച്ചാരി ആകാശം കേറി.

എന്റെ മകൻ, കൊത്തുപണിയിൽ.... ശിൽപനിർമാണത്തിൽ... അലങ്കാരപ്പണിയിൽ.... ആകാശത്തിരുന്ന് അച്ഛൻ നെഞ്ചുവിരിച്ചു. ആകാശമപ്പോൾ അച്ഛന്റെ നാട്ടുകാരും വീട്ടുകാരും ബന്ധുമിത്രാദികളുമാണു ചുമന്നിരുന്നത്. വീടെത്തി ഭാര്യയുമായി വിശേഷങ്ങൾ പങ്കുവച്ചപ്പോൾ വിദഗ്‌ധരായ മൂന്നുനാല് അധ്യാപകരെ അവനു കോളജ് പഠനത്തിലുമധികം പഠിക്കാനായി ഏർപ്പാടാക്കിയതിനുള്ള പണം, സമയം, എവിടെ എങ്ങനെ കണ്ടെത്തും എന്ന ഭാര്യയുടെ ഒരു കുറ്റപ്പെടുത്തലുണ്ടായി. അധ്വാനം ഇരട്ടിക്കണം. ഒന്നു കൂടി ഞെരുങ്ങണം പലരോടും .....

ഒരാൾ വരുമാന കുടുംബമാകയാൽ ആവശ്യങ്ങളേറിയപ്പോൾ, അച്ഛൻ അധികനേരവും പാടത്തും പറമ്പിലുമായിരുന്നതുകൊണ്ടു ഫോൺ സംഭാഷണങ്ങൾ അധികവും അമ്മയും മകനുമായിട്ടായിരുന്നു. ഒരു സന്ധ്യയ്‌ക്കു പണികഴിഞ്ഞു മടുത്ത് ഉമ്മറത്ത് ഒരു ഗ്ലാസ് ചായയ്ക്കൊരു കാക്കനോട്ടവുമായി കാത്തിരുന്നപ്പോൾ, ചായയ്‌ക്ക് മുമ്പേയെത്തിയതു ഭാര്യയുടെ ഉച്ചത്തിലുള്ള മുറുമുറുപ്പുകൾ കെട്ടഴിഞ്ഞു വീണതാണ്.

തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുകയാണ്. അന്നേ ഞാൻ പറഞ്ഞതാ അവനു സമയം കിട്ടില്ലെന്ന്, സ്വാതന്ത്ര്യമുണ്ടാകില്ലെന്ന്. അല്ല. എന്തിനാ ഇതെല്ലാം പഠിപ്പിക്കുന്നത്? മകന്റെ പരാതികളും പിറുപിറുക്കലുകളും അമ്മ മൊബൈലിൽ അരിച്ചെടുത്തു സ്വന്തം ചേരുവകളും ചേർത്തു പാകപ്പെടുത്തി എടുത്തതായിരുന്നു അത്. വിതയ്‌ക്കാനിറങ്ങിയാൽ കൊയ്‌തുകയറണം എന്നു പറയണമെന്നു തോന്നിയത്, തൊണ്ടയിൽ അടക്കി അമ്മയും മകനും തമ്മിലുണ്ടായ ഒരു ഫോൺ സംഭാഷണം യാദൃശ്ച്യാ കേട്ടത് അച്ഛൻ ഓർത്തെടുത്തു.

എനിക്കു വയ്യ. എനിക്കാവില്ല. ഞാൻ മടുത്തു. അച്ഛനെ പേടിച്ചാണ് ഞാനിപ്പോൾ....അച്ഛൻ പറഞ്ഞതു പഠിച്ചാൽ മതിയായിരുന്നു. ഇതൊരു പ്രതികാരമാണ്. നേരിട്ടു പറഞ്ഞാൽ മതി. അല്ലെങ്കിൽതന്നെ നാക്കെടുത്താൽ അമ്മേം മകനും എന്നേ പറയൂ... അതെങ്ങന്യാ... വീട്ടിൽ വരാൻപോലും.... വന്നോട്ടേന്നു ചോദിച്ചാ.... ക്ലാസ്സില്ലേ, പരീക്ഷയില്ലേ, ഇപ്പോൾ പഠിക്കേണ്ട സമയമല്ലേ, പണം വേണ്ടേ....?

മകനുള്ള പണത്തിനായി കത്തുന്ന ഉച്ചവെയിലിലും പണിയെടുത്തു വേകുമ്പോൾ മരത്തണൽ ക്ഷണിക്കും. വാ. ഈ തണലിൽ ഇത്തിരി നേരമിരുന്നിട്ട്...... അച്ഛനപ്പോൾ നിരസിച്ചു പറയും, സമയമില്ല. ഞാൻ വെയിൽ കൊണ്ടാലല്ലേ അവൻ തണലറിയൂ. അവൻ മാനംമുട്ടേ വളരുമ്പോൾ അവന്റെ തണൽ മതിയെനിക്ക്.

മൊബൈലും ഇന്റർനെറ്റും ഇ–മെയിലുമൊന്നും അറിയില്ലെങ്കിലും അച്ഛൻ ലാൻഡ് ഫോണിലൂടെ കൃത്യമായി അന്വേഷിച്ചു കൊണ്ടിരുന്നു. എന്റെ മോൻ അച്യൂതൻ... എല്ലാവർക്കും പ്രതീക്ഷയുള്ള ഉത്തരമായിരുന്നു.അവൻ ആരെങ്കിലുമാകും ആകണം. അച്ഛന്റെ മറുപടിക്കു കല്ലിന്റെ കാഠിന്യമുണ്ടായിരുന്നു.ഞാനാകുമോ?

അവനോ കാറ്റത്തെ ഞാങ്ങണപോലെയായിരുന്നു. അവനാകും. അവനോടതു പറഞ്ഞില്ലെങ്കിലും പാടത്തെ കാറ്റിനോടും കിളികളോടും പാപ്പാത്തികളോടും അച്ഛൻ അതാണു പറഞ്ഞിരുന്നത്. ഒരവധിക്കാല ഹൃസ്വ സംഭാഷണത്തിനിടയിൽ, ഒരു പരിദേവനത്തിന്റെ മേമ്പൊടി ചാലിച്ച് അച്യുതൻ അച്ഛനോടു ചോദിച്ചു: ഞാനായില്ലെങ്കിലോ....?പുഴ നീന്തുന്നവൻ അങ്ങേയറ്റത്തു നിന്നല്ലല്ലോ, ഇങ്ങേയറ്റത്തു നിന്നല്ലേ തുടങ്ങുന്നത്. നീന്തി നീന്തിയല്ലേ കരയെത്തുന്നത്? നീയും നീന്തുക. ഒരു നാൾ കരയെത്തും! എന്നെയൊന്നു മനസ്സിലാക്കിക്കൂടേ?

അതിനൊരുത്തരം നൽകാനാകാതെ, വെള്ളം തേകാൻ അച്ഛൻ ധൃതിയിൽ പാടത്തേക്കു പോകയാൽ, പുഴയുടെ പകുതിക്ക് മുങ്ങിച്ചാകുന്ന അവന്റെ ചിത്രം വരച്ച്, അച്ഛന്റെ മേശപ്പുറത്തു വച്ചിട്ടവൻ, അവധി അവസാനിപ്പിച്ചു മടങ്ങി. പിന്നെ അവൻ വീട്ടിൽ വന്നില്ല.ഞാൻ വീട്ടിൽ വരുന്നില്ല. അതെന്താ?  അമ്മ ചോദിച്ചു

എനിക്കച്ഛനെ പേട്യാ. ഇതെല്ലാം പഠിച്ചിട്ടു ഞാനൊന്നുമായില്ലെങ്കിലോ? അച്ഛന്റെ കയ്യിൽ എന്നെ വിധിക്കാനുള്ള കണക്കു കാണിയേലേ?

ഒരു സന്ധ്യയ്‌ക്ക് അമ്മയോടുള്ള അച്യുതന്റെ സംഭാഷണം കേട്ട് അച്ഛൻ പകച്ചുപോയി. പറമ്പിൽ നിന്നുള്ള അച്ഛന്റെ വരവറിയാതെ, അമ്മയുടെ സംഭാഷണം തുടർന്നു കൊണ്ടിരുന്നു. അമ്മയ്‌ക്കെന്നോടു സ്‌നേഹ മാണ്. അച്ഛനു സ്‌നേഹമില്ല. ഞാൻ ഡോക്‌ടറും എഞ്ചിനീയറും ആയില്ലല്ലോ. ഞാൻ ഒന്നുമായില്ലല്ലോ. ഞാൻ വീട്ടിൽ വന്നാൽ അച്ഛൻ എന്നോടു മിണ്ടില്ല. എന്നെ കാണാതിരിക്കാനായിരിക്കും അച്ഛൻ എപ്പോഴും പാടത്തും പറമ്പിലും ആയിരിക്കുന്നത്. അച്ഛനെനിക്കിത്തിരി സ്‌നേഹം തന്നു കൂടേ?

അതു കേട്ടപ്പോൾ ഷെഡിൽ വയ്‌ക്കേണ്ട തൂമ്പ തോളിൽത്തന്നെ വച്ച്, അച്ഛൻ വീടിന്റെ പിന്നാമ്പുറത്തെ തിണ്ണയിൽ ചെന്നിരുന്നു. പിന്നെ ഒരു ആത്മപരിശോധനയുടെ വരമ്പത്തുകൂടി നടക്കാൻ തുടങ്ങി. സ്‌നേഹം......!? വിശപ്പിനാഹാരം, ഉടുക്കാൻ വസ്‌ത്രം, കിടക്കാൻ പാർപ്പിടം, പഠിക്കാൻ പുസ്തകം, അല്ലലറിയാത്ത, അറിയിക്കാത്ത ജീവിതം. ഇതൊക്കെയുള്ളവർക്കുള്ള ആരോപണമായിരിക്കും ഈ സ്‌നേഹം. അല്ലെങ്കിൽ നിയന്ത്രണങ്ങളിൽ നിന്നു പുറത്തുകടക്കാനുള്ള ഒരു പോംവഴി. എങ്കിലും ഞാനവനെ സ്‌നേഹിച്ചിരുന്നില്ലേ?

ഉണങ്ങാതിരിക്കാൻ വിളകൾ നനച്ചപ്പോൾ, മണ്ണുപറ്റിയ കൈകൾ കൊണ്ട് തലോടി അഴുക്കാക്കേണ്ട എന്നു നിനച്ചപ്പോൾ, അവനലയാതിരിക്കാൻ ഞാനലഞ്ഞപ്പോൾ, ഞാനവനെ സ്‌നേഹിക്കുകയായിരുന്നില്ലേ? അവനെയോർത്ത്, അവന്റെ ആവശ്യങ്ങളോർത്ത്, കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ഞാനവനെ സ്‌നേഹിക്കുകയല്ലായിരുന്നോ?

അല്ലെങ്കിൽ, ഇതിനിടയിൽ എനിക്കു സ്‌നേഹിക്കാൻ നേരംകിട്ടിയിരുന്നില്ല. പക്ഷേ, ഞാൻ ഉഴുതില്ലായിരു ന്നെങ്കിൽ അവൻ ഉണ്ണുമായിരുന്നോ?  ഞാൻ മഴകൊണ്ടില്ലായിരുന്നെങ്കിൽ അവൻ കുട ചൂടുമായിരുന്നോ?

ഇതായിരുന്നില്ലെ സ്‌നേഹം? അമ്മയോടവൻ പറഞ്ഞു നിർത്തിയതും ആത്മശോധനയുടെ ഇടയിലൂടെ അച്ഛൻ കേട്ടു.

സ്വന്തം കാലിൽ നിന്നിട്ടുവേണം അച്ഛനോടു നല്ല, നാലഞ്ചു വർത്തമാനം പറയാൻ.അതെന്താ? അവന്റെ അമ്മ ചോദിച്ചു. ഇപ്പോൾ പറഞ്ഞാൽ പണം അയയ്‌ക്കാതെ എന്റെ പഠനം മുടങ്ങിയാലോ? അപ്പോൾ അവന്റെ അമ്മയുടെ മറുപടികളുടെ ഇടം ശൂന്യമായിരുന്നു. കീറിപ്പോയ അച്ഛന്റെ മനസ്സിലപ്പോൾ എന്തേ, അവൻ ഇങ്ങനെയൊക്കെ എന്ന ആരോടും പറയാനാകാത്ത ഗദ്‌ഗദങ്ങൾ വേലിയേറിയിരുന്നു. പിന്നെ, പതിനെട്ടുപടികളിലും മകനു തണലാകാൻ വിരിച്ചിരുന്ന കൈകൾ ചിറകൊതുക്കി, തണലാകാനില്ലാതെ അച്ഛൻ മാറി, ഒതുങ്ങി നിന്നു.

നാളേറകൾക്കുശേഷം ഒരുസന്ധ്യയ്‌ക്കു ശുഷ്കിച്ചു ഞൊറിഞ്ഞു, വിയറാർന്ന കൈകൾ കൊണ്ട് ഒരുചാനലിന്റെ കൂടു തുറന്നപ്പോൾ അവിചാരിതമായി അച്ഛൻ മകനെ കണ്ടു. എതിർദിശയിൽ ഒരു ചോദ്യക്കാരനെയും. ചെവി വട്ടം പിടിച്ചെങ്കിലും കേൾവിക്കുറവുള്ളതിനാൽ പലതും കേൾക്കാനായില്ലെങ്കിലും അവസാനത്തേത് ഒരു കൗമാരക്കാരന്റെ കൃത്യതയിൽ അച്ഛൻ പിടിച്ചെടുത്തു.

അവസാനമായി ഒരു ചോദ്യം ചോദിക്കട്ടെ.

 –––– ഒരു ഭീകര ജീവിയാണ് എന്നൊരു ചോദ്യം ചോദിച്ചാൽ എന്തായിരിക്കും ഇപ്പോഴുള്ള ഉത്തരം?

 അച്ഛൻ?

അച്ഛൻ ഒരുഭീകര ജീവിയാണ്.

English Summary: Achan Oru Bheekarajeeviyanu Story Mathew B Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com