ADVERTISEMENT

മാത്തപ്പന്‍ ചേട്ടന്റെ കുരങ്ങന്‍ (കഥ)

ആദ്യമേ ഒരു കാര്യമങ്ങു പറഞ്ഞേക്കാം ഇതില്‍ കുരങ്ങന്‍ ഒഴികെ ഒന്നും യാഥാർഥമല്ല. സംഭവം നടക്കുന്നത് ഇപ്പോഴൊന്നും അല്ല കുറേക്കാലം മുന്‍പാണ്‌. അതാണെങ്കില്‍ ഒരു ഇല്ലായ്മ കാലവും. അന്ന് ഫേസ്ബുക്ക് ഇല്ലായിരുന്നു,മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു,ചാരായ നിരോധനം ഇല്ലായിരുന്നു, ഇന്ത്യ ഗാട്ട് കരാറില്‍ ഒപ്പുവച്ചിട്ടില്ല ,കര്‍ഷക ആത്മഹത്യകള്‍ ഇല്ലായിരുന്നു,ഞങ്ങളുടെ നാട്ടില്‍ കരിങ്കല്‍ ക്വാറികള്‍ ഉണ്ടായിരുന്നില്ല,ഇന്നത്തെ വരള്‍ച്ച ഇല്ലായിരുന്നു,വയലുകള്‍ നികതിയിട്ടില്ലയിരുന്നു,നോട്ടു നിരോധനം ഉണ്ടായിരുന്നില്ല,ഭക്ഷണത്തിന്റെ പേരിലോ പശുവിന്റെ പേരിലോ ആളുകളെ  

തല്ലികൊന്നിരുന്നില്ല,സദാചാര കൊലകൾ ഉണ്ടായിരുന്നില്ല.

മതസൗഹാര്‍ദം തെളിയിക്കാന്‍ ശ്രീകൃഷ്ണ ജയന്തിക്കു പോകുന്ന മുസ്ലിം ബാലന്റെ ഫോട്ടോയും നബിദിനത്തിന് നാരങ്ങാവെള്ളം കൊടുക്കുന്ന ഹിന്ദുക്കളുടെയും ഫോട്ടോ എടുത്തു ഫേസ് ബുക്കില്‍ ഇടേണ്ടുന്ന ആവശ്യം ഇല്ലായിരുന്നു,മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചല്ല പുറത്തിറങ്ങിയിരുന്നത്,ജീന്‍സും ടോപ്പും ഇട്ടു നടക്കുന്ന പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു ,ഫ്രീക് സ്റ്റൈലില്‍ നടക്കുന്ന പയ്യന്മാര്‍ ഇല്ലായിരുന്നു. 

സ്ത്രീപീഡനം എന്ന വാക്കുപോലും കേട്ടിരുന്നില്ല ,വിവാഹ മോചനം ഉണ്ടായിരുനില്ല,സച്ചിന്‍ ഇന്ത്യന്‍ ടീമില്‍ എത്തിയിട്ടുണ്ടയിരുന്നില്ല ,വിശ്വനാഥന്‍ ആനന്ദ്‌ ലോകചാമ്പ്യന്‍ ആയിട്ടില്ലയിരുന്നു ,മമ്മൂട്ടിക്ക് നാഷണല്‍ അവാര്‍ഡ്‌ കിട്ടിയിട്ടില്ലയിരുന്നു ,പടം ഇറങ്ങുന്ന ദിവസം തന്നെ വ്യാജ വിഡിയോ ഇറങ്ങിയിരുന്നില്ല അതുകൊണ്ടു തന്നെ തിയേറ്റര്‍ കല്യാണ മണ്ഡപം ആക്കി മാറ്റുന്ന കാലം അല്ലായിരുന്നു ,കള്ളുകുടിച്ചു വഴിയില്‍ കിടക്കുന്നവരെ കാണാറില്ലായിരുന്നു,പെപ്സിയും കൊക്കോകോളയും ഇല്ലായിരുന്നു,ന്യൂസ്‌ ചാനലുകള്‍ ഇല്ലാത്തതിനാല്‍ വൈകുന്നേരങ്ങളില്‍ നേതാക്കന്മാര്‍ തമ്മിലുള്ള വാചകമടി ഇല്ലായിരുന്നു.

അതുകൊണ്ടു തന്നെ അരാഷ്ട്രീയവാദികളും ഇല്ലായിരുന്നു.എന്ന് വിചാരിച്ചു ഞങ്ങളുടെ നാട് സ്വര്‍ഗം ഒന്നും അല്ലായിരുന്നു. ഇങ്ങനെ ഉള്ള ഞങ്ങളുടെ നാട്ടില്‍ കൃഷിക്കാരും കര്‍ഷക തൊഴിലാളികളും ആയിരുന്നു കൂടുതലും. അങ്ങനെ ഉള്ള കൃഷിക്കാരില്‍ ഒരാളായിരുന്നു മാത്തപ്പന്‍ ചേട്ടന്‍. ഒരു അമ്പതു വയസ്സ്കാണും ഒത്ത ശരീരം ചെറിയ കഷണ്ടി ഇരു നിറം. ഭാര്യ ഏലി ചേടത്തി ഐശ്വര്യംനിറഞ്ഞ ഒരു വീട്ടമ്മ, ഏക മകള്‍ സുന്ദരിയും തന്റേടിയുമായ സ്റ്റെഫി എന്റെ കൂടെ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു.

mathan-chettante-kurangan-002
പ്രതീകാത്മക ചിത്രം

ഞങ്ങള്‍ ഒന്നാം ക്ലാസ്സുമുതല്‍ ഒരേ സ്കൂളില്‍ ഒരേ ക്ലാസ്സില്‍ ഒന്നിച്ചു പഠിക്കുന്നു. അടുത്തടുത്ത വീട് എന്ന് വെച്ച് ഇത് കമലിന്റെ നിറത്തിന്റെ കഥ ഒന്നുമല്ല കേട്ടോ. സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും സ്റ്റെഫി എന്റെ രക്ഷക ആയിരുന്നോ അതോ ഞാന്‍ അവളുടെ സംരക്ഷക ആയിരുന്നോ എന്ന് എനിക്ക് ഇന്നും അറിയില്ല. എന്തായാലും അവള്‍ക്കായിരുന്നു ധൈര്യം കൂടുതല്‍, പക്ഷെ സുന്ദരിയായ സ്റ്റെഫിയുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ എന്ന പദവി സ്കൂളില്‍ എനിക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു.

സ്കൂളിലെ ഏറ്റവും കുപ്രസിദ്ധരായ ടീച്ചര്‍മാര്‍ക്കുപോലും പേടിസ്വപ്നമായ ദാമുവും ബഷീറും വരെ എന്റെ കൂട്ടുകാര്‍ ആണ്. എന്തുകൊണ്ടെന്നാല്‍ എന്റെ കൂട്ടുകാര്‍ എന്നനിലക്ക് സ്റ്റെഫിയുമായി കൂടെ അടുക്കാന്‍ പറ്റിയാലോ. അങ്ങനെ ഒരു ദിവസം സ്കൂളില്‍ പോകുമ്പോള്‍ സ്റ്റെഫി എന്നോട് പറഞ്ഞു. ഇന്നലെ രാത്രി എവിടെനിന്നോ ഒരു കുരങ്ങന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. നല്ല ഇണക്കം കാണിക്കുന്നുണ്ട്. വല്ല കുറവന്മാരും വളര്‍ത്തിയത് ആവും എന്നാണ് അപ്പച്ചന്‍ പറഞ്ഞത്.

ഏതായാലും ഞങ്ങള്‍ വളര്‍ത്താന്‍ പോവുകയാണ്.(അന്ന് മൃഗ സംരക്ഷണ നിയമം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്) നിന്റെ അപ്പച്ചന് വട്ടാ അല്ലെങ്കില്‍ നിന്നെ കൂടാതെ വേറെ ഒരു കുരങ്ങിനെ കൂടെ വളര്‍ത്തേണ്ട കാര്യം ഉണ്ടോ നിന്റെ സൗന്ദര്യം എനിക്ക് പുല്ലാണ് എന്ന മട്ടില്‍ ഞാന്‍ പറഞ്ഞു.കത്തുന്ന നോട്ടത്തിലൂടെ അവള്‍ തിരിച്ചടിച്ചു പോരാത്തതിനു അടുത്ത വീട്ടില്‍ നീയും ഉണ്ടല്ലോ എന്ന്.

ചമ്മിയെങ്കിലും അതുപുറത്തു കാണിക്കാതെ ഞാന്‍ കുരങ്ങന് സ്കൂളില്‍ നല്ല പരസ്യം കൊടുത്തു. അതുകൊണ്ട് തന്നെ സ്കൂള്‍ വിട്ടു വരുന്ന കുട്ടികളുടെ തിരക്കുതന്നെ സ്റ്റെഫിയുടെ വീടിനു മുന്‍പില്‍ ഉണ്ടായിരുന്നു. പക്ഷേ അതില്‍ കുരങ്ങനെ കാണാന്‍ വന്നവര്‍ എത്ര സ്റ്റെഫിയെ കാണാന്‍ വന്നവര്‍ എത്ര എന്ന് എനിക്ക് ഇപ്പോഴും മനസിലാക്കാന്‍ പറ്റിയിട്ടില്ല.

രണ്ടു ദിവസം കഴിഞ്ഞു ഒരു ശനിയാഴ്ച ഞാന്‍ രാവിലെ കടയില്‍ പോയി ഉണക്കമീന്‍ വാങ്ങി വരുമ്പോള്‍ മാത്തപ്പന്‍ ചേട്ടന്‍ മൃഗഡോക്ടര്‍ ചന്ദ്രന്‍സാറിനെയും കൂട്ടി വരുന്നുണ്ട്. എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞു എന്താന്നറിയില്ല പശുവിനു നല്ല സുഖം ഇല്ല. സാധാരണ സ്റ്റെഫിയെപോലും കറക്കാന്‍ സമ്മതിക്കുന്നതാണ്. പക്ഷെ ഇന്ന് ഞാന്‍ കറന്നപ്പോള്‍ അവള്‍ക്കു പതിവില്ലാത്ത ഒരു ചാടലും തൊഴിക്കലും പാലെല്ലാം തട്ടി കളഞ്ഞു. അടുത്ത് നിന്നിരുന്ന ഏലിക്ക് ഒരു തൊഴിയും കിട്ടി. മാത്രമല്ല തൊഴുത്തില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഞെട്ടി ചാടുന്നു. ഇരുപതു ലിറ്റര്‍ പാലുകിട്ടുന്ന പശുവാണ്‌ അതുകൊണ്ട് ഡോക്ടറെ കാണിക്കാം എന്ന് വെച്ചതാ എന്ന് പറഞ്ഞു.

പക്ഷെ ഡോക്ടര്‍ നോക്കിയിട്ട് പ്രത്യേകിച്ച് ഒരു അസുഖവും കണ്ടില്ല എന്ന് മാത്രമല്ല ഡോക്ടര്‍ പോകുന്നത് വരെ പശുവിനു ഒരു കുഴപ്പവും കണ്ടില്ല. പക്ഷെ വൈകുന്നേരം പശുവിനെ കറക്കാന്‍ ശ്രമിച്ചപ്പോഴും രാവിലത്തെ അനുഭവം തന്നെ, തിങ്കളാഴ്ച സ്കൂളില്‍ പോകുമ്പോള്‍ സ്റ്റെഫി പറഞ്ഞു പശുവിനു സുഖമായിട്ടില്ല ,അപ്പച്ചന്‍ പശുവിനെ വില്‍ക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു എന്ന്. അപ്പോള്‍ അച്ഛമ്മ പറയാന്‍ പറഞ്ഞ കാര്യം എനിക്കോര്‍മ്മ വന്നത് തട്ടാന്‍ ശങ്കരനെ കൊണ്ടുവന്നു തൊഴുത്തിനു എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് നോക്കാന്‍ മാത്തപ്പന്‍ ചേട്ടനോട് പറയണം എന്ന് രാവിലെ എന്നോട് പറഞ്ഞിരുന്നതാണ്,ആ കാര്യം ഞാന്‍ സ്റ്റെഫിയോടു പറയുകയും ചെയ്തു.

mathan-chettante-kurangan-003
പ്രതീകാത്മക ചിത്രം

ആ തട്ടാന്‍ ശങ്കരന്‍ ആണ് ഞങ്ങളുടെ ഗ്രാമത്തിലെ അംഗീകൃത മന്ത്രവാദി. അന്ന് രാത്രി മന്ത്രവാദി സ്ഥലം സന്ദര്‍ശിക്കുകയും തൊഴുത്ത് കെട്ടിയ സ്ഥലത്തിന്റെ ദോഷം മാറാനായി തകിട് എഴുതി കൊടുക്കുകയും ചെയ്തു. അത് രാത്രി തന്നെ തൊഴുത്തിന്റെ നാലുമൂലയിലും കുഴിച്ചു ഇടാന്‍ പറഞ്ഞു. പിറ്റേന്ന് മുതല്‍ പശുവിനു യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന് വാക്കും കൊടുത്തു. അതനുസരിച്ച് മാത്തപ്പന്‍ ചേട്ടന്‍ തകിട് കുഴിച്ചിടുകയും ശങ്കരന്‍ തന്റെ ഫീസായി ഒരു പൂവന്‍ കോഴിയും സ്റ്റെഫിയുടെ പട്ടാളക്കാരനായ എളേപ്പന്‍ വന്നപ്പോള്‍ കൊടുത്തിരുന്ന ഒരുകുപ്പി റം  കൂടാതെ അമ്പതു രൂപയും വാങ്ങി സന്തോഷത്തോടെ വീട്ടിലേക്കുപോവുകയും ചെയ്തു. 

മാത്തപ്പന്‍ ചേട്ടന്‍ സമാധാനത്തോടെ ഉറങ്ങുകയും ചെയ്തു. പിറ്റേന്ന് പശുവിനെ കറക്കാന്‍ ചെന്ന മാത്തപ്പന്‍ ചട്ടന് തന്നെ ആദ്യത്തെ ചവിട്ടു കിട്ടുകയും അദ്ദേഹം രാവിലെ വീണ്ടും തട്ടാന്‍ ശങ്കരന്റെ വീട്ടില്‍ പോവുകയും കാലികളുടെ സംരക്ഷകന്‍ ഗുളികന്‍ ആയതിനാല്‍ ഗുളികനെ പ്രീതിപ്പെടുത്തന്‍ പിറ്റേന്ന് രാത്രി നടത്തേണ്ട പൂജക്കുള്ള സാധനങ്ങള്‍ വാങ്ങാനുള്ള കുറിപ്പുമായി തിരിച്ചെത്തുകയും ചെയ്തു.

അന്ന് സ്കൂളില്‍ വരാതിരുന്ന സ്റ്റെഫിക്ക് നോട്ടുബുക്ക് കൊടുക്കാന്‍ വേണ്ടി അവരുടെ വീട്ടില്‍ പോയ ഞാനാണ്‌ മൃഗഡോക്ടര്‍ ചന്ദ്രന്‍ സാറിനും നാട്ടിലെ പ്രസിദ്ധനായ മന്ത്രവാദി തട്ടാന്‍ ശങ്കരനും കണ്ടെത്താന്‍ പറ്റാതെ പോയ ആ അസുഖത്തിന്റെ കാരണം കണ്ടെത്തിയത്. തൊഴുത്തിന്റെ ഒരു മൂലക്കല്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തില്‍ ഇരിക്കുന്ന കുരങ്ങന്‍ പശുവിന്റെ വാലില്‍ പിടിച്ചു വലിക്കുമ്പോള്‍ ആണ് പശു ഞെട്ടി ചാടുന്നതും ചവിട്ടാന്‍ ശ്രമിക്കുന്നതും. വീണ്ടും അല്‍പസമയത്തിനുശേഷം വീണ്ടും വാലില്‍ പിടിച്ചു വലിക്കുന്നു അതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. അവളുടെ പ്രിയപ്പെട്ട പശുവിനെ വില്പനയില്‍ നിന്ന് രക്ഷിച്ചതുകാരണം സ്റ്റെഫി കുറച്ചൊക്കെ ആരാധനയോടെ ആണ് എന്നെ ഇപ്പാള്‍ നോക്കുന്നത്.

പക്ഷെ തനിക്കു കിട്ടേണ്ട പൂജ മുടക്കിയ എനിക്ക് ഗുളികന്‍ വല്ല പണിയും തന്നാലോ എന്ന ഒരു ചെറിയ പേടി എനിക്കുണ്ടായിരുന്നു. ഏതായാലും ഈ സംഭവത്തോടെ കുരങ്ങന്‍ നാട്ടില്‍ ചര്‍ച്ചാവിഷയമായി മാത്തപ്പന്റെ കുരങ്ങപ്പന്‍ എന്ന് ചിലര്‍ വിളിക്കാനും തുടങ്ങി,രണ്ടു നാലു ദിവസം ശാന്തമായി മുന്നോട്ടു പോയി.പിന്നീട് ഒരു ദിവസം മാത്തപ്പന്‍ ചേട്ടന്‍ വൈകുന്നേരം പറമ്പില്‍നിന്നും തിരിച്ചു വരുമ്പോള്‍ അടുത്ത വീട്ടിലെ തങ്കമണി ചേച്ചിയുണ്ട് കലിതുള്ളി വീട്ടിലേക്കു വരുന്നു. അതേ മാത്തപ്പന്‍ മാപ്ലേ ഇങ്ങള് കുരങ്ങനെ വളര്‍ത്തിയാലും വേണ്ടില്ല ആനയെ വളര്‍ത്തിയാലും വേണ്ടില്ല നാട്ടുകാര്‍ക്ക് ഏനക്കേട് ഉണ്ടാക്കരുത് ഇങ്ങടെ കൊരങ്ങന്‍ ഞാന്‍ പൊരുന്നു വെച്ച കോഴിയുടെ മുട്ട എല്ലാം പൊട്ടിച്ചു കളഞ്ഞു. പോരാത്തതിനു കോഴിയെ കഴുത്തിന്‌ പിടിച്ചു വലിച്ചെറിയുകയും ചെയ്തു.എനിക്ക് ഇപ്പോള്‍ അതിനു പരിഹാരം ഉണ്ടാക്കി തരണം.

ഇരുപത്തിയഞ്ചു മുട്ടയാ പൊട്ടിയത്(ശരിക്കും പന്ത്രണ്ടു മുട്ടയെ ഉണ്ടായിരുന്നുള്ളു ബാക്കി കേസ് ഒന്നൂടെ ബലപ്പെടാന്‍ വേണ്ടി ചേച്ചി കൂട്ടി പറഞ്ഞതാ ഇത് പിന്നീടു ചേച്ചിയുടെ മോന്‍ വിനുകുട്ടന്‍ എന്നോട് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് )ഏതായാലും മാത്തപ്പന്‍ ചേട്ടന് നഷ്ടം മുപ്പതു രൂപ ഇന്നത്തെ മൂല്യം വെച്ചുനോക്കിയാല്‍ ഏകദേശം അഞ്ഞൂറ് രൂപ. കുരങ്ങപ്പന്‍ നാട്ടില്‍ ഒരു വില്ലനായിക്കൊണ്ടിരിക്കുകയാണ്. ഏലി ചേച്ചി നെല്ല് ഉണക്കാനിടുമ്പോൾ മണ്ണില്‍ പരത്തി ഇടുന്നതാണ് മൂപ്പരുടെ മുഖ്യവിനോദം.

ഉണക്കാനിട്ടിരിക്കുന്ന തുണി എടുത്തു പുരപ്പുറത്തു കൊണ്ടുപോയി ഇടുന്നതാണ് മറ്റൊരു ഹോബി. അടുത്ത വീട്ടിലെ ഗോപാലന്‍ നായരുടെ ബലികര്‍മം നടത്താനായി കര്‍മ്മിയായി മരുമകന്‍ കൊണ്ടുവന്ന, കേശവന്‍ നായര്‍ കുളികഴിഞ്ഞു ഉണക്കാനായി ഓടിന്റെ പുറത്തു വിരിച്ചിരുന്ന കോണകം കാണാതെ വിഷമിച്ചു. കുട്ടികളെ തിരി ഉണ്ടാക്കാന്‍ വെച്ചിരിക്കുന്ന തുണി ഉണ്ടെങ്കില്‍ കുറച്ചു കൂടുതല്‍ എടുത്തോളൂ എന്ന് പറഞ്ഞു എന്ന് കാര്യസ്ഥന്‍ രാമന്‍ നായര്‍ ചാരായ ഷോപ്പില്‍ ആണയിട്ടു പറഞ്ഞു എന്ന് കേള്‍ക്കുന്നു. ഇപ്പോള്‍ അയല്‍വാസികള്‍ ആരെങ്കിലും വീട്ടിലേക്കു വരുന്നതുകണ്ടാല്‍ തന്നെ മാത്തപ്പന്‍ ചേട്ടനും കുടുംബത്തിനും പേടിയാണ്.

ഏതായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ട് മാത്തപ്പന്‍ ചേട്ടന്റെ കൂട്ടുകാരനായ അബ്ദുല്ലകാക്കൂ തന്നെ പരാതിയുമായി എത്തി പറമ്പിലെ തെങ്ങില്‍നിന്നു ഇളനീരെല്ലാം പറിച്ച് താഴെ ഇട്ടിരിക്കുന്നു ഏതായാലും അബ്ദുള്ളകാക്കൂ പൈസ ഒന്നും വാങ്ങിയില്ല. പക്ഷെ അന്ത്യശാസനം കൊടുത്തു ഇന്റെ പൊന്നാര മാത്തപ്പ ഇയ്യ്‌ ആ കൊരങ്ങനെ എവിടെയെങ്കിലും കൊണ്ടായി കളഞ്ഞാല അല്ലെങ്കില്‍ ഈ നാട്ടുകാര്‍ ആരെങ്കിലും അന്നേ കൈവെക്കും അത് അന്റെ ചങ്ങായി ആയ ഞമ്മളല്ലാതിരിക്കട്ടെ ഇതും പറഞ്ഞുകൊണ്ട് മൂപ്പര് പോയി.

കുരങ്ങനെ എവിടെ കൊണ്ടുപോയി കളയും എന്നായി പിന്നെ മാത്തപ്പന്‍ ചേട്ടന്റെ ചിന്ത ഒരുപാടു ആലോചിച്ചതിനുശേഷം അദ്ദേഹം പറമ്പില്‍ പണിക്കു വരുന്ന കോരനെയും കൂട്ടി അടുത്തുള്ള താനികുന്നില്‍ കൊണ്ടുപോയി വിടാന്‍ തീരുമാനിച്ചു .രണ്ടുപേരും കൂടി പിടിച്ചു വലിച്ചു കയറുകെട്ടി കുരങ്ങപ്പനെയും കൊണ്ട് താനികുന്നിലേക്ക് പോകുന്ന കാഴ്ച ഞങ്ങള്‍ കൗതുകത്തോടെ നോക്കി കുറെ ദൂരം പിറകെ പോയി .കുരങ്ങപ്പനെ നാടുകടത്തിയ സന്തോഷത്തോടെ മാത്തപ്പന്‍ ഫാമിലി അന്ന് സന്തോഷത്തോടെ ഉറങ്ങി.

പക്ഷെ രാവിലെ കതകുതുറന്ന ഏലിചേടത്തി ഉമ്മറത്തിണ്ണയില്‍ ഇരിക്കുന്ന കുരങ്ങപ്പനെ കണ്ടു ഞെട്ടിപ്പോ യി. വഴിയെ പോയ വയ്യാവേലി തലയിലായ വിഷമത്തോടെ മാത്തപ്പന്‍ ചേട്ടന്‍ അന്ന് പുറത്തിറങ്ങിയില്ല. സ്റ്റെഫി അന്ന് സ്കൂളില്‍ വന്നതും ഇല്ല. ഈ വിഷമസന്ധിയിലാണ് കോരന്‍, മാത്തപ്പന്‍ ചേട്ടനോട് രാമന്‍ കുട്ടി മൂപ്പരെ കുറച്ചു പറഞ്ഞത് അദ്ദേഹത്തെ കുറിച്ച് ഒരു വിവരണം ആവശ്യമായിട്ടുണ്ട്.

അറുപതു വയസിനു അടുത്ത പ്രായം കറുത്ത നിറം നരച്ചതെങ്കിലും കട്ടി മീശ മുഴുകഷണ്ടി ഞങ്ങളുടെ നാട്ടിലെ ഏറ്റവും ധൈര്യശാലിയായ ആള്‍ എന്നാണ് മൂപ്പര്‍ അറിയപെടുന്നത് ചെറുപ്പത്തിലെ കൂപ്പു പണിക്കു പോയി അവിടെ വനത്തില്‍ ഒക്കെ ജീവിച്ചു പരിചയം ഉള്ള ആളാണ് മൃഗങ്ങളെ ഒന്നും പേടിയില്ല ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരന്‍ ആണെങ്കിലും പണ്ട് നെക്സലൈറ്റ് ആയിരുന്നു എന്നാണ് പുള്ളി പറയുന്നത്.

മൂപ്പരുടെ കാലില്‍ പണ്ട് ഉണ്ടായ എന്തോ അപകടത്തിന്റെ ബാക്കി പത്രമായി ഏതോ ജീവി മാന്തിയ പോലെ ഉള്ള പാടുകള്‍ കാണാം അത് പണ്ട് വനത്തില്‍ വെച്ച് കരടിയുമായി മല്‍പിടുത്തം നടത്തിയതനെന്നാണ് മൂപ്പര്‍ പറയുന്നത്. മാത്രമല്ല തട്ടാന്‍ ശങ്കരനെ മന്ത്രവാദം പഠിപ്പിച്ചത് താനാണെന്നും പറയാറുണ്ട്. നാട്ടിലുള്ള യുവാക്കളോടൊക്കെയുള്ള സ്ഥായിയായ ഭാവം പുച്ഛമാണ്. ഏതായാലും മാത്തപ്പന്‍ ചേട്ടന്‍ കാര്യം അവതരിച്ചപ്പോള്‍ കുരങ്ങപ്പന്റെ കാര്യം താന്‍ ഏറ്റതായി രാമന്‍ കുട്ടി മൂപ്പര്‍ പറഞ്ഞു.

കൂടെ ഒരു കാര്യം കൂടെ പറഞ്ഞു. മത്താപ്പ ഈ മൃഗത്തിനെ ഒക്കെ ഇണക്കാന്‍ ഒരു നാക്ക് വേണം. വനത്തില്‍ ആനയും പുലിയെയും പിന്നെ കേരള പോലീസിനെയും ഒക്കെ നേരിട്ട എനിക്ക് ഈ കുരങ്ങനൊക്കെ എന്ത് .ഏതായാലും അദ്ദേഹം ഒന്ന് തൊട്ടു തലോടിയപ്പോള്‍ കുരങ്ങപ്പന്‍ മര്യാദക്കാരനായി അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ ,മൂപ്പരുടെ അരികത്തു നിന്നു. അദ്ദേഹം കുരങ്ങനെ എടുത്തു തന്റെ തോളില്‍ എടുത്തു വെച്ചുകൊണ്ട് പോകാന്‍ തയാറായി, നിൽക്ക് മൂപ്പരെ ഭാര്യയും മകളും പള്ളിയില്‍ പോയതാ ഞാന്‍ ഒരു ചായ എടുത്തു വരാം എന്ന് പറഞ്ഞു മാത്തപ്പന്‍ ചേട്ടന്‍ വീടിനുള്ളിലേക്ക് പോയി.

mathan-chettante-kurangan-004
പ്രതീകാത്മക ചിത്രം

മാത്തപ്പന്‍ മാപ്ലേ ഓടിവായോ എന്ന രാമന്‍കുട്ടി മൂപ്പരുടെ ദീനരോധനം കേട്ട് ഓടിവന്ന മാത്തപ്പന്‍ ചേട്ടന്‍ കണ്ടത് തലയില്‍ നിന്ന് പൈപ്പ് പൊട്ടി വെള്ളം ചീറ്റുന്ന പോല‌ ചോര ചീറ്റി തളർന്നിരിക്കുന്ന മൂപ്പരെ ആണ് എന്നെ അശൂത്രിയില്‍ കൊണ്ടുപോവേ. പണ്ട് മുതലേ എനിക്ക് ചോരകണ്ടാല്‍ തല കറങ്ങുമേ എന്ന് പറഞ്ഞു കരയുന്ന മുന്‍ നക്സലൈറ്റ് രാമന്‍ കുട്ടി മൂപ്പര്‍ എന്ന നാട്ടിലെ വീരശൂരനാണ്. 

സംഭവിച്ചതെന്താണ് എന്ന് വെച്ചാല്‍ തോളില്‍ കയറി ഇരുന്ന കുരങ്ങപ്പന്‍ മൂപ്പരുടെ കഷണ്ടി തലയില്‍ ഉണ്ടായിരുന്ന ഒരു മുറിപ്പാടില്‍ തന്റെ കൂര്‍ത്ത വിരല്‍ കുത്തിയിറക്കി മാന്തി പൊളിച്ചതാണ്. മൂപ്പരെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വണ്ടി വിളിച്ചതും ഡോക്ടറുടെ ഫീസും മരുന്നിന്റെ പൈസയും എല്ലാം കൂടി മാത്തപ്പന്‍ ചേട്ടന് ചെലവ് രൂപ ഇരുന്നൂറ്റിഅമ്പത്. കാറില്‍ പോകുന്ന സമയത്ത് മാത്തപ്പന്‍ ചേട്ടന്‍ ചോദിച്ചു, അല്ല മൂപ്പരെ ഇങ്ങിനെ ചോര കാണുമ്പോള്‍ തല കറങ്ങുന്ന ആള് എങ്ങനെ ആണ് കരടിയുമായി മല്‍പിടുത്തം നടത്തിയത്.

ആരോടും പറയരുത് എന്ന് അപേക്ഷിച്ചിട്ടാണ് ആ സത്യം അദ്ദേഹം പുറത്തു വിട്ടത് അതൊരു ദിവസം കൂപ്പില്‍ അരി വേവിക്കാന്‍ ചുള്ളിക്കമ്പൊടിക്കാന്‍ പോയപ്പോള്‍ ഒരു കുറുക്കനെ കണ്ടു പേടിച്ചു ഓടിയപ്പോള്‍ കൂര്‍ത്ത മുള്ളുള്ള ഏതോ ചെടിയുടെ ഇടയില്‍ വീണതാണ്. അന്ന് ആശുപത്രിയില്‍ നിന്നും തിരിച്ചുവന്നതിനു ശേഷം മാത്തപ്പന്‍ ചേട്ടന്‍ കുരങ്ങപ്പനുമായി ഒറ്റയ്ക്ക് താനിക്കുന്നിലേക്ക് വീണ്ടും പോയി. പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍ സ്റ്റെഫി എന്നോട് പറഞ്ഞത് ഇന്നലെ കുന്നില്‍ കുരങ്ങനെ കളഞ്ഞു വരുന്ന വഴിക്ക് അപ്പച്ചന് ഒരു വലിയ കാട്ടുമുയലിനെ കിട്ടി ഒരു പാട് ഇറച്ചി ഉണ്ടായിരുന്നു. പക്ഷേ എനിക്കെന്തോ മുയലിറച്ചി ഇഷ്ടമായില്ല എന്ന്. എന്തായാലും പിന്നീടു കുരങ്ങപ്പന്‍ തിരിച്ചു വരിക ഉണ്ടായില്ല

English Summary: Mathappan Chettante Kurangan Story By Rajesh V R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com