ADVERTISEMENT

അച്ഛൻ (കഥ)

അച്ഛൻ മരിച്ചു എന്ന് കേട്ടപ്പോൾ എന്താണ് തോന്നിയത്? അതോ എന്തെങ്കിലും തോന്നിയോ? സബ് കളക്ടർ വിദ്യ ദേവി ഐ എ  എസ്  തന്റെ സീറ്റിൽ നിന്ന്  ഒന്ന്  അനങ്ങിയോ? അല്ലെങ്കിൽ  തനിക്ക് ആരായിരുന്നു അച്ഛൻ?.

രാഘവൻ നായർ എന്ന  തറവാടിയോ? അതോ രാഘവൻ മുതലാളി എന്ന ബ്ലേഡ് കമ്പനി  ഉടമയോ?

കൂടെ പഠിക്കുന്ന കുട്ടികൾക്ക് തന്നോട് അസൂയ ആയിരുന്നു, ഇത്രയും സ്നേഹിക്കുന്ന  ഒരച്ഛൻ ആർക്കും ഉണ്ടാവില്ല എന്ന് തോന്നിയിരുന്നു. തന്നെയും എട്ടനെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുമായിരുന്നു

തന്റെ ഏറ്റവും വലിയ സുഹൃത്ത് അച്ഛനായിരുന്നു.

നാട്ടിലെ പൗരപ്രമുഖനും മനുഷ്യസ്നേഹിയും ആയിരുന്ന ശേഖരൻ മാഷുടെ ഏക മകൻ നല്ല വിദ്യാഭ്യാസം,

പ്രൈവറ്റ് സ്ഥാപനത്തിൽ ഉയർന്ന ഉദ്യോഗം, നന്നായി പാടുന്ന, ചിത്രം വരക്കുന്ന യുവ സുന്ദരൻ

അങ്ങനെ ഉള്ള സമയത്തു താഴ്ന്ന ജാതിയിൽ പെട്ട സാമ്പത്തികമായി തകർന്നിരുക്കുന്ന ഒരു വീട്ടിൽ നിന്നു ഒരു കുട്ടിയേയും വിളിച്ചു കൊണ്ട് വീട്ടിൽ കയറി വന്നപ്പോൾ ആദ്യം ഒന്ന് പകച്ചെങ്കിലും ശേഖരൻ മാസ്റ്റർ രണ്ടു പേരെയും  പതിവ് നാട്ടു നടപ്പ് അനുസരിച്ചു വീട്ടിൽ നിന്നും പുറത്താക്കാതെ സ്വീകരിക്കുക ആണ് ചെയ്തത്.

achan-01

സന്തുഷ്ടമായ ജീവിതം. എല്ലാ കുടുംബത്തിലെയും പോലെ രുഗ്മിണി അമ്മ അമ്മായിയമ്മപ്പോരോ, സൗമിനി മരുമകൾ പോരോ എടുത്തതും ഇല്ല. രാഘവന് സഹോദരിമാർ ഇല്ലാത്തതിനാൽ നാത്തൂൻ പോരിന് അവസരവും ഉണ്ടായില്ല. മൂത്ത മകൻ വിവേകിന് മൂന്നു വയസ്സിനു താഴെ ആയി വിദ്യയും പിറന്നു.

തന്റെ മുന്നിൽ ഇരിക്കുന്ന ഗ്ലാസിൽ നിന്ന് ഒരിറക്കു വെള്ളം കുടിച്ചപ്പോഴേക്കും വിദ്യക്ക് തളർച്ച തോന്നി.

കുഞ്ഞായിരിക്കുമ്പോൾ അച്ഛൻ ആയിരുന്നു അവളെ പല്ലു തേപ്പിച്ചിരുന്നതും കുളിപ്പിച്ചിരുന്നതും

ഏട്ടന്റെ ഷൂ ഇട്ട് കൊടുത്തിരുന്നതും  ക്രിക്കറ്റ് കളി  പഠിക്കുമ്പോൾ ബാറ്റ്  ചെയ്യാൻ വേണ്ടി പന്തെറിഞ്ഞു കൊടുത്തിരുന്നതും എല്ലാം.

എട്ടന്റെയും തന്റെയും ഹീറോ അച്ഛൻ ആയിരുന്നു. ദിവസവും പത്രം വായിക്കാൻ നിർബന്ധിച്ചിരുന്നത്. ലോകകാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്,നല്ല നല്ല പുസ്തകങ്ങൾ വാങ്ങിക്കൊണ്ടു വന്നു നിർബന്ധിച്ചു വായിപ്പിച്ചു വായന ശീലം വളർത്തിയത്, തനിക്കു പാടാനുള്ള കഴിവുണ്ടെന്ന് കണ്ടപ്പോൾ പാട്ടു പഠിപ്പിക്കാൻ ടീച്ചറെ ഏർപ്പടക്കിയത്, ഏട്ടനെ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ കൊണ്ട് ചേർത്തതും കൂടെ പോയിരുന്നതും എല്ലാം. ഒഴിവു ദിവസങ്ങളിൽ ഇറച്ചിയോ മീനോ വാങ്ങിക്കൊണ്ട് വന്ന് പുതു രുചികളിൽ ഞങ്ങൾക്ക് പാകം ചെയ്തു തരുന്നത് അച്ഛന്റെ ഹോബി ആയിരുന്നു.

അങ്ങനെ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരു ദിവസം അച്ഛൻ ഗൾഫിലേക്ക് പോയി, ഞങ്ങൾ എല്ലാവരും പോകേണ്ട എന്ന് നിർബന്ധിച്ചെങ്കിലും ഇപ്പോഴേ പോകാൻ പറ്റൂ ,ഇവർ കുറച്ചു കൂടെ വലുതാവുമ്പോഴേക്കും തിരിച്ചു വന്നു നാട്ടിൽ എന്തെങ്കിലും തുടങ്ങണം അല്ലാതെ എല്ലാ കാലത്തും വല്ലവരുടെയും സ്ഥാപനത്തിൽ കഷ്ടപെട്ടിട്ടെന്താ കാര്യം എന്ന ചോദ്യത്തിന് മുമ്പിൽ മുത്തശ്ശൻ മൗനാനുവാദം കൊടുത്തു.

പിന്നീട് ദുബായിയിൽ നിന്ന് എല്ലാ ദിവസവും വിളിച്ചു  സ്കൂൾ വിശേഷം മുതൽ നാട്ടു വിശേഷം വരെ മുഴുവൻ കാര്യങ്ങളും ചോദിയ്ക്കാൻ എന്നും സമയം കണ്ടെത്തിയിരുന്നു. വർഷാവർഷം അച്ഛൻ ലീവിന് വരുമ്പോൾ കൊണ്ട് വരുന്ന സാധനങ്ങൾ സ്കൂളിൽ ആരുടെ കയ്യിലും ഇല്ലാത്ത അത്ര പുതുമ ഉള്ളവ ആയിരുന്നു. ശേഖരൻ മാഷ് തന്നെ ഇഷ്ടംപോലെ ഉണ്ടാക്കിയിട്ടുണ്ട്  മകനാണെങ്കിൽ അറബി നാട്ടിൽ വാരിക്കൊണ്ടിരിക്കുന്നു എന്നാണ് നാട്ടുകാർ പറഞ്ഞു കൊണ്ടിരുന്നത്. ഏതായാലും ഞാൻ പത്താംക്ളാസിൽ എത്തിയപ്പഴേക്കും അച്ഛൻ വിദേശ വാസം അവസാനിപ്പിച്ചു നാട്ടിൽ വന്നു.

അപ്പോഴേക്കും ഏട്ടൻ ഡിഗ്രി ആദ്യവർഷം ആയിരുന്നു. പഠിക്കാൻ മാത്രം താൽപര്യം ഉള്ള ഏട്ടൻ ക്രിക്കറ്റ് ഉപേക്ഷിച്ചത് അച്ഛനെ വിഷമിപ്പിച്ചിരുന്നു. എന്നാലും നീ വെറും മണ്ണുണ്ണി ആയി പോയല്ലോ എന്ന് പറഞ്ഞു ഇടയ്ക്കിടയ്ക്ക് ഏട്ടനെ ശുണ്ഠി പിടിപ്പിക്കുന്നത് അച്ഛനിഷ്ടമായിരുന്നു. കളിച്ചിട്ടു ഇപ്പൊ ഞാൻ ഇന്ത്യൻ ടീമിൽ ഒന്നും ഏതായാലും എത്തിലല്ലോ. പകരം ഞാൻ ഒരു ഡോക്ടർ ആയി മുന്നിൽ നിന്ന് കാണിച്ചു തരും എന്ന് ഏട്ടൻ മറുപടി പറയുമായിരുന്നു.

ഇതിനിടയിൽ അച്ഛൻ നാട്ടിൽ ഒരു ഫിനാൻസ് കമ്പനി തുടങ്ങി. രാഘവൻ എന്ത്  ചെയ്താലും അതിൽനിന്നു നൂറു ഇരട്ടി തിരിച്ചുകിട്ടും ശേഖരന്റെയും രുഗ്മിണിയുടെയും സുകൃതം എന്ന് വയസ്സായവർ പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്. വീട്ടിൽ കാറുകളുടെ എണ്ണം കൂടി ഇതിനിടയിൽ ഞാൻ പത്താംക്ലാസ് നല്ല നിലയിൽ പാസ്സായി. എനിക്ക് ഇനി സയൻസും കണക്കും ഒന്നും പഠിക്കാൻ വയ്യ എന്ന് പറഞ്ഞപ്പോൾ  എന്നാൽ അവളെ പ്ലസ് റ്റു കഴിഞ്ഞു ടി ടി സി ക്കു വിട്ടു ടീച്ചർ ആക്കാം എന്ന് അമ്മ പറഞ്ഞു. അപ്പോൾ എന്തിന്? അവൾ ഡിഗ്രി കഴിഞ്ഞു സിവിൽ സർവീസ് കോച്ചിങ്ങിന് പോകട്ടെ എന്ന് പറഞ്ഞു ആദ്യമായി ഐ എ എസു മോഹം മനസ്സിൽ ഉണർത്തിയതും അച്ഛൻ തന്നെ.

achan-004

ഇതിനിടക്ക് അച്ഛന് പുതിയ കുറെ സുഹൃത്തുക്കൾ ഉണ്ടാവുകയും ബിസിനസ്സിൽ ശ്രദ്ധ കുറയാനും തുടങ്ങുയിരുന്നു. പലപ്പോഴും മുത്തശ്ശൻ ഉറങ്ങിയോ എന്ന് അമ്മയോട് വിളിച്ചു ചോദിച്ചു വീട്ടിൽ വരുന്ന അച്ഛന് പുതിയ ഒരു  മണം ആയിരുന്നു. ഇടയ്ക്കു  പുതിയ എന്തോ ബിസിനസ്സ് കൂടെ തുടങ്ങാൻ വേണ്ടി കുറച്ചു പണം വേണമെന്ന് പറഞ്ഞു മുത്തശ്ശൻ ബാങ്കിൽ ഇട്ട മുഴുവൻ പണവും വാങ്ങി പോയിരുന്നു. പിന്നെ കുറേ പൈസ കൂടെ വേണം എന്ന് പറഞ്ഞു കാറുകളും വിറ്റ് കളഞ്ഞു. ഇപ്പൊ അച്ഛൻ മുത്തശ്ശൻ ഉറങ്ങുന്നതിനു മുൻപുതന്നെ കുടിച്ചുകൊണ്ടു വരാൻ തുടങ്ങിയിരുന്നു.

ആദ്യമൊക്കെ  ചീത്ത പറയുമായിരുന്ന മുത്തശ്ശനും മുത്തശ്ശിയും ഇപ്പോൾ അച്ഛൻ വരുന്നതിനു മുൻപ് തന്നെ കിടന്നുറങ്ങാൻ തുടങ്ങിയിരിക്കുന്നു.അമ്മക്ക് കരയാൻ മാത്രമേ സമയം ഉള്ളൂ ഇപ്പോൾ.അച്ഛൻ എന്നോടുള്ള സംസാരം രാവിലെ ഒന്നോ രണ്ടോ വക്കിൽ തീർക്കും,എന്റെ മോളോട് എത്ര സംസാരിച്ചാലും അച്ഛന് മതിയാവില്ല എന്ന് പറഞ്ഞതൊക്കെ അച്ഛൻ  എന്നോ മറന്നിരിക്കുന്നു.ഞാനും ഏട്ടനും നല്ല മാർക്കോടെ പരീക്ഷ ജയിച്ചു. റിസൾട്ട് വന്നപ്പോൾ ഇത്തവണ വീട്ടിൽ ആഘോഷം ഒന്നും ഉണ്ടായില്ല. മെഡിക്കൽ എൻട്രൻസ് എഴുതാനുള്ള ശ്രമത്തിൽ ഏട്ടനും വീടിനടുത്തുള്ള കോളേജിൽ  ഡിഗ്രിക്കും ചേർന്ന് ഞാനും.

ഒരു ദിവസം കോളജിൽ നിന്ന് വന്നപ്പോൾ വീട്ടിനു മുൻപിൽ ആളുകളുടെ ബഹളം ആയിരുന്നു അച്ഛന്റെ ഫിനാൻസ് കമ്പനി  പൊളിഞ്ഞുവത്രെ. പിന്നീട് കുറെ ദിവസം വീട്ടിനു മുൻപിൽ ആളുകളുടെ കരച്ചിലും ബഹളവും ഒക്കെ ആയിരുന്നു. അച്ഛനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. പിന്നീട്  മുത്തശ്ശന്റെ  ശിഷ്യന്മാരായ  സർക്കിൾ ഇൻസ്പെക്ടറും,പഞ്ചായത്ത്  പ്രഡിഡന്റും ഇടപെട്ട് വീടും സ്ഥലവും വിറ്റു  കടം തീർക്കാം എന്ന ഉറപ്പിൽ അച്ഛനെ സ്റ്റേഷനിൽ നിന്ന് ഇറക്കി.

മുത്തശ്ശൻ വീടും സ്ഥലങ്ങളും വിറ്റ് കടങ്ങൾ വീട്ടി ഞങ്ങൾ ഒരു ചെറിയ വാടക വീട്ടിലേക്കു മാറുകയും ചെയ്തു. ഇതിനിടയിൽ ചേട്ടന് എൻട്രൻസ് കിട്ടിയെങ്കിലും ചേരുന്നില്ല എന്ന് ചേട്ടൻ നിർബന്ധം പിടിച്ച് ഏതോ കൂട്ടുകാരന്റെ സഹായത്തോടെ വിദേശത്തേക്ക് പോയി. ഇതിനിടക്ക് അച്ഛൻ  മുഴുക്കുടിയൻ ആയി മാറിക്കഴിഞ്ഞിരുന്നു. അച്ഛനെ കുറിച്ച്  ഓർത്തു കരഞ്ഞു കഴിഞ്ഞിരുന്ന മുത്തശ്ശി മരിച്ചപ്പോൾ അന്ത്യകർമങ്ങൾ ചെയ്യാൻ പോലും കഴിയാത്തത്ര മത്തിലായിരുന്നു അച്ഛൻ. 

എന്റെ ഡിഗ്രി റിസൾട്ട് വന്നപ്പോൾ  ഞാൻ ജയിച്ചു അച്ഛാ എന്ന് പറഞ്ഞ എന്നോട് നിന്റെ കയ്യിൽ ഒരു നൂറു രൂപ എടുക്കാനുണ്ടോ എന്നാണ് തിരിച്ചു ചോദിച്ചത്. ഞാൻ എന്റെ സിവിൽ സർവീസ് മോഹം ഒക്കെ എന്നേ ഉപേക്ഷിച്ചിരുന്നു. അധികം വൈകാതെ മുത്തശ്ശനും മരിച്ചു .അത് ഞങ്ങളിൽ ഏൽപിച്ച ആഘാതത്തിനു അളവില്ലായിരുന്നു.അച്ഛൻ ഇങ്ങനെ ഒക്കെ ആണെങ്കിലും അതൊന്നും ഞങ്ങളെ ബാധിക്കാത്ത തരത്തിൽ മുത്തശ്ശൻ ഒരു കവചം തീർത്തിരുന്നു.

ഏട്ടൻ വിദേശത്തും ഇവിടെ ഞാനും അമ്മയും മാത്രവും. അച്ഛന് മദ്യപിക്കാൻ പണം ആവശ്യമായി വന്നാൽ വീട്ടുപകരണങ്ങൾ കൊണ്ട് പോയി വിൽക്കാൻ തുടങ്ങി. എന്നാൽ അച്ഛൻ ഇങ്ങനെ ആയതിനു ശേഷം അമ്മക്ക് വന്ന മാറ്റം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. എപ്പോഴും കണ്ണീരൊലിപ്പിച്ചുകൊണ്ടിരുന്ന അമ്മ പെട്ടന്ന് ധൈര്യം സംഭരിച്ചത് പോലെ  വീട്ടുകാര്യങ്ങൾ എല്ലാം ഏറ്റെടുത്തു .അച്ചാറുകളും പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. വീട്ടിൽ വെറുതെ ഇരുന്ന എന്നോട് എന്തെങ്കിലും ജോലിക്ക് പോകാൻ പറഞ്ഞു.

ഞാൻ ജോല് അന്വേഷിച്ചു ഇറങ്ങുകയാണെന്നു അമ്മ ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞത് അവൾ സിവിൽ സർവീസ് കോച്ചിങ്ങിന്  പോകട്ടെ എന്നാണ്. മടിച്ചു നിന്ന എന്നോട് പറഞ്ഞു ഞാൻ ഡോക്ടർ ആവും എന്നത് ഞാൻ അച്ഛനോട് പറഞ്ഞ വാക്കായിരുന്നു. അത് അച്ഛൻ ആഗ്രഹിച്ചിരുന്നുവോ എന്നെനിക്കറിയില്ല. പക്ഷേ നിന്നെ ഐ എ എസ് കാരി ആക്കും എന്നത് അച്ഛന്റെ വാക്കായിരുന്നു. ഞാൻ എന്റെ വാക്ക് പാലിക്കുന്നതിൽ തോറ്റു പോയെങ്കിലും, ജീവിതത്തിൽ എല്ലായിടത്തും തോറ്റു പോയ അച്ഛനെ നമുക്ക് ഇങ്ങനെ എങ്കിലും ജയിപ്പുക്കേണ്ടേ എന്നായിരുന്നു. 

achan-002

പിന്നെ എനിക്കും ഒരു വാശി ആയിരുന്നു. ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചിരുന്നത് ഒരിക്കൽ അച്ഛൻ കുടിച്ചു ബോധം ഇല്ലാതെ അവിടെ വന്നു  വാച്ചുമാനോട് ബഹളം വെക്കുക ഉണ്ടായി. അതോടെ കുട്ടികളുടെ ഇടയിലും ഞാൻ നാണം കെട്ടു. എല്ലാവരും അച്ഛനെ കുറ്റപ്പെടുത്തുമ്പോൾ ഏട്ടൻ മാത്രം ഒരിക്കലും ഒരു വാക്ക് പോലും അച്ഛനെ കുറ്റപ്പെടുത്തി പറയുകയെ ഉണ്ടായിട്ടില്ല. അതിനെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ നമ്മളെ മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചത് ആരായിരുന്നു എന്ന മറു ചോദ്യം ആണ് ഉണ്ടായത്.

ശരിയാണ് കുട്ടികളായിരിക്കുമ്പോൾ അച്ഛൻ എങ്ങനെ  ഒരു നല്ല സാമൂഹ്യ സ്നേഹി ആകണം എന്നാണ് ഞങ്ങൾക്കു എപ്പോഴും പറഞ്ഞു തന്നിരുന്നത്. ഇപ്പോഴത്തെ അച്ഛന്റെ അവസ്ഥ എന്തൊരു വിരോധാഭാസം എന്നോർത്ത് ഞാൻ ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന് പോയി. ഇടയ്ക്കു നാട്ടിൽ വന്ന ഏട്ടന്റെ തല അച്ഛൻ തല്ലി പൊളിക്കുകയും ഉണ്ടായി. അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന നേരിയ താലി മാല അച്ഛൻ പൊട്ടിച്ചു എടുക്കുന്നത് തടയുന്നതിനിടയിൽ ആയിരുന്നു സംഭവം.

വാശിയിടെ പഠിച്ചിട്ടാണോ എന്നറിയില്ല എനിക്ക് ആദ്യ അവസരത്തിൽ തന്നെ സെലക്ഷൻ കിട്ടി. ഈ വാർത്ത ഞാൻ പറഞ്ഞത് അച്ഛൻ കേട്ടോ എന്ന്  പോലും എനിക്കറിയില്ല. അമ്മ അകത്തു കത്തിച്ചു വെക്കാറുള്ള ചെറിയ നിലവിളക്കു എടുത്തു കൊണ്ട് പുറത്തിറങ്ങുക ആയിരുന്നു അച്ഛൻ അപ്പോൾ. ഇതിനിടയിൽ ഏട്ടന്റെയും അമ്മയുടെയും അശ്രാന്ത പരിശ്രമങ്ങൾ കൊണ്ട് ഞങ്ങൾക്ക് ഒരു ചെറിയ വീട് വെക്കാൻ കഴിഞ്ഞിരുന്നു.

achan-005

ട്രൈനിങ്ങിനിടക്കു കിട്ടിയ ചെറിയ ഒഴിവു സമയത്തു വീട്ടിൽ വന്നപ്പോൾ ആണ് അച്ഛനെ പറ്റെ വെറുത്തു പോകുന്ന സംഭവം ഉണ്ടായത്. അവധി കഴിഞ്ഞു പോകുന്നതിനു മുൻപ് ഞങ്ങൾ മലയാളികൾ പരസ്പരം എല്ലാവരുടെയും വീടുകളിൽ പോകണം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ ഇവിടെ വീട്ടിൽ കൂട്ടുകാർ വന്ന ദിവസം അച്ഛൻ കുടിച്ചു ഉടുമുണ്ടഴിച്ചു തലയിൽ കെട്ടിയിട്ടാണ് വന്നത്. മാത്രവുമല്ല അവർ വന്ന കാറിന്റെ ഡ്രൈവറെ വീടിന്റെ മുന്നിൽ കാർ പാർക്ക് ചെയ്തു എന്ന് പറഞ്ഞു തല്ലുകയും ചെയ്തു.

ആ തവണ കാരഞ്ഞുകൊണ്ടാണ് ഞാൻ ദില്ലിയിലേക്കു മടങ്ങിയത്. ഇനി ട്രെയിനിങ്  കഴിഞ്ഞാൽ കേരളത്തിൽ പോസ്റ്റിങ്ങ് കിട്ടരുതേ എന്ന പ്രാർത്ഥന ഫലിച്ചില്ല കേരളത്തിലേക്ക് തന്നെ വരേണ്ടി വന്നു. വീട്ടിൽ വന്നു അമ്മയെയും കൂട്ടി പോകാം എന്ന് കരുതിയെങ്കിലും അമ്മ വരുന്നില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. കാരണം ഞാൻ നിന്റെ കൂടെ വന്നാൽ ഈ മനുഷ്യൻ അവിടെയും വന്നു നിന്നെ നാണം കെടുത്തും എന്ന്.

ഏതായാലും ജോലിക്ക് ജോയിൻ ചെയ്യാൻ പോകുന്ന അന്ന് രാവിലെ അച്ഛൻ ഉമ്മറത്തു ഇരിക്കുന്നുണ്ടാ യിരുന്നു മിണ്ടാതെ ഇറങ്ങാൻ  തുടങ്ങിയ എന്നെ വിളിച്ചു പറഞ്ഞു.

achan-003

‘‘ മോളെ നിന്റെ മുന്നിൽ വരുന്ന ഓരോ ആളുകൾ പറയുന്നതും കേൾക്കാനുള്ള മനസ്സെങ്കിലും നീ കാണിക്കണം. ചിലപ്പോൾ നിനക്കവരെ നിയമ പ്രകാരം സഹായിക്കാൻ കഴിയാത്ത കാര്യം ആയിരിക്കും. എന്നാലും അവർ പറയുന്നത് നീ കേൾക്കുന്നു എന്നത് തന്നെ അവർക്കു ഒരു ആശ്വാസം ആവും എന്ന്.’’

achan-006

എന്തോ അറിയില്ല എത്രയോ കാലങ്ങൾക്കു ശേഷം അച്ഛൻ എന്നോട് ഒരു മുഴുവൻ വാചകം സംസാരിക്കുന്നതു അന്നായിരുന്നു. അത് തന്നെ ആയിരുന്നു എന്നോട് സംസാരിച്ച അവസാനത്തെ വാചകവും. ഇവിടെ വീട്ടിൽ നിന്നും ഒരു പാട് അകലെ ഉള്ള ഈ നഗരത്തിൽ ആണെങ്കിലും ഓരോ  ദിവസവും ഇന്ന് അച്ഛൻ വന്നു ബഹളം ഉണ്ടാക്കുമോ എന്ന ഭയത്തോടെയാണ് എഴുന്നേൽക്കാറുള്ളത്.

ഇനി ആ ഭയം ഇല്ല. എന്നാലും എന്റെ ഏറ്റവും പ്രിയപ്പെട്ട ആള് അച്ഛൻ തന്നെ ആയിരുന്നു എന്ന് എനിക്കിപ്പോൾ അറിയാം. പതിനഞ്ചു വയസ്സ് ആയപ്പോഴേക്കും എത്രയോ യുഗങ്ങൾക്ക് വേണ്ട സ്നേഹം തന്ന,എല്ലാ കാലത്തും ഏറ്റവും നല്ല സാമൂഹ്യജീവി ആയിരിക്കണം എന്ന് പഠിപ്പിച്ച എല്ലവരെയും സ്നേഹിക്കാൻ പ്രേരിപ്പിച്ച പ്രിയപ്പെട്ട അച്ഛൻ, എന്നോട് എത്ര സംസാരിച്ചാലും മതിയാവില്ല എന്ന് പറഞ്ഞു എന്നോട് ഒന്നും പറയാതെ യാത്രയായ എന്റെ അച്ഛൻ...

English Summary : Achan Short Story By Rajesh V R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com