ദേശത്തെ നടുക്കിയ ആ കാഴ്ചകളുമായി ഒരു ഭയാനകമായ രാത്രി കടന്നു പോയി; അടുത്ത ദിവസം ഞെട്ടിക്കുന്ന വാർത്തയുമായി...
Mail This Article
കോമരം (കഥ)
ഏകദേശം അറുപതാണ്ടുകൾക്കു മുൻപൊരു മീന വേനൽ. തീയാട്ട് തിറ പോൽ നീറുന്ന തീച്ചുള കണക്കെയുള്ള വെയിൽ. ഗ്രാമത്തിലെ രാപ്പകലുകൾ ഒരു പോലെ വിയർത്തു നിന്നു. പച്ചപ്പുകൾ വാടിക്കരിയാൻ തുടങ്ങി. ഏതു വേനലിനേയും അതിജീവിക്കുന്ന തൃക്കോട്ടുകാവിലെ കുളമൊഴികെ എല്ലാം ഏറെക്കുറെ വറ്റി വരണ്ട അവസ്ഥയാണ്. ദേവിയുടെ ഉൽസവത്തോടൊപ്പം മഴ പൊഴിയും എന്ന ഉറച്ച വിശ്വാസവുമായി പ്രാർത്ഥനയും വഴിപാടുകളുമായി കാത്തിരിപ്പാണ് ജനങ്ങൾ.
ആ ദേശത്തുള്ള വെട്ടത്തെ തറവാട്ടിലും തൃക്കോട്ട് ഭഗവതിയുടെ സാന്നിധ്യമുണ്ട്. പണ്ടുണ്ടായിരുന്ന കാരണവൻമാർ ആവാഹിച്ചു കുടിയിരുത്തിയതാണെന്നാണ് ഐതിഹ്യം. മീനം കൊളുത്തിയ ഒരു പകൽ വെയിൽ, ആളിക്കത്തി കെട്ടടങ്ങിയ ഒരു തീകുണ്ഡം പോലെ ഒന്നു ശമിച്ചു തുടങ്ങി. നേരം സന്ധ്യയോടടുത്തു. ഇന്ന് പൂമ്പുള്ളി ദേശത്തെ തൃക്കോട്ടുകാവിൽ ഉൽസവം കൊടിയേറുകയാണ്. ദേശത്ത് ഉൽവസമാണെ ങ്കിലും വെട്ടത്തെ കുഞ്ഞുലക്ഷ്മിയമ്മയ്ക്ക് വല്ലാത്തൊരു സങ്കടമുണ്ട്. അത് ദേവിയോട് പറയുവാനായി വേച്ചു, വേച്ചു നടന്നാണ് അവർ തൃക്കോട്ട് കാവിന്റെ തിരുനടയിൽ എത്തിയത്.
ഇരുകൈകളും കൂപ്പി കണ്ണുകൾ അടച്ച്അവർ ഉള്ളുരുകി പ്രാർത്ഥന തുടങ്ങി.
‘‘അമ്മേ ദേവീ, ഉൽസവം കൊടിയേറുകയായി. ആറാം പക്കം ഉൽസവമാണ്. പറനിറയ്ക്കാനുള്ള വിളക്ക് വെട്ടത്തൂന്ന് മോഷണം പോയിട്ട് ഇന്നേക്ക് എട്ടുദിവസമാകുന്നു. മുപ്പത് വർഷങ്ങൾക്ക് മുൻപ് എന്റെ അമ്മ മരിക്കാൻ നേരം എനിക്ക് തന്ന തറാവാട്ട് മച്ചിലെ നിലവിളക്കാണത്. വർഷമിത്രയും ഞാനതിലാണ് തൃക്കോട്ടമ്മയ്ക്ക് ഉൽസവത്തിന് പറനിറച്ചു പോന്നത്. ഈ വയസ്സുകാലത്ത് എനിക്ക് പുതിയൊരു വിളക്ക് വാങ്ങാനൊന്നും ശേഷിയില്ല. തറവാട്ടിന് മുന്നിൽ കൊളുത്തി വെച്ച നിലവിളക്ക് ആരാ എടുത്തേന്ന് സത്യസ്വരൂപിണിയായ അവിടുന്ന് തന്നെ പറയണം. അമ്മേ ദേവീ മഹാമായേ’’
തലയുഴിഞ്ഞ നാണയം നടയ്ക്കൽ വച്ച് പ്രാർത്ഥന കഴിഞ്ഞ് പ്രസാദം വാങ്ങി തിരികെ നടക്കുമ്പോൾ ആൾകൂട്ടത്തിനിടയിലൂടെ കുളിച്ചീറനണിഞ്ഞ് വെള്ളമിറ്റുന്ന നനഞ്ഞ മുടി കോതി മാറ്റി കോമരം തുള്ളി വരുന്നു. ആ ഗ്രാമത്തിന്റെ ഉള്ളറിയുന്ന രാവുണ്ണിയാര്. ആ ഗ്രാമവാസികൾക്ക് ദേവിയോളം തന്നെ ഭക്തിയും, ഭയവും, ബഹുമാനവും ഒക്കെയാണ് ആ വെളിച്ചപ്പാടിനോട്. തൃക്കോട്ടു ദേവിയുടെ അതൃപ്തികൾ വിളിച്ച് പറഞ്ഞ്, ജനങ്ങളുടെ ദുരിതങ്ങളൊക്കെ കേട്ട് മുന്നോട്ടും, പിന്നോട്ടും ഉറഞ്ഞു തുള്ളി, വിയർത്തൊലിച്ച് കൈയ്യിലിരുന്ന വാളു മിന്നിച്ച് അദ്ദേഹം കുഞ്ഞിലക്ഷ്മിയമ്മക്കരികിലെത്തി.അരിയും, പൂവും അവരുടെ നിറുകയിൽ വീശി.
വല്ലാത്തൊരു ഭാവത്തിൽ നന്നായൊന്ന് തുള്ളി.
‘‘ ഉം മനസ്ഥാപമുണ്ട്. കാണാതായത് സ്ഥാനം മാറിപോയില്ല്യേ? വെട്ടത്തെ വെളിച്ചം ഇപ്പോഴവിടില്ല, വടക്കു കിഴക്ക് ദിക്കൂന്ന് അനന്തശയനന്റെ പേരുള്ളയാൾക്കറിയാം എല്ലാം. ഇന്നേക്ക് ആറിന്റെ അന്ന് എല്ലാം പകൽ പോലെ വെളിപ്പെടും’’
കുഞ്ഞിലക്ഷ്മിയമ്മ തൊഴുതു വണങ്ങി വാളിൽ ദക്ഷിണ വച്ചു.
‘‘അമ്മേ ഭഗവതി കാത്തോളണേ, നിയ്ക്ക്, തൃക്കോട്ടമ്മയ്ക്ക് പറ നിറയ്ക്കാനുള്ളതാ അതാരാ എടുത്തേന്നാവോ’’
കുഞ്ഞുലക്ഷ്മിയമ്മ സ്വയം പരാതി പറഞ്ഞ് പയ്യെ നടന്നു നീങ്ങി.
കൂടി നിന്നവർ പരസ്പരം നോക്കി, പിറുപിറുത്തു. തമ്മിൽ തമ്മിൽ ഊഹങ്ങൾ കൈ മാറി.
‘‘രാവുണ്ണി വെളിച്ചപ്പാട് പറഞ്ഞാൽ പറഞ്ഞതാ. പണ്ട് കാവിലെ വെള്ളിത്താലം മോഷ്ടിച്ച മാണിക്യന്റെ അവസ്ഥ ഓർമ്മയുണ്ടോ? കുറി പറഞ്ഞ പോലെ നാലിന്റെ അന്ന് പക്കവാതം വന്ന് ഒരുഭാഗം തളർന്നതല്ലേ, ആ കിടപ്പ് ഇപ്പൊഴും കിടക്കാ.’’
‘‘അമ്പലക്കുളം വറ്റിക്കാനാ അന്നീ വെളച്ചപ്പാട് അരുളിയത്. കുളം വറ്റിച്ചപ്പൊ ദാ കിടക്കുണൂ.. താലം കുളത്തില്’’
പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്ന് അടയ്ക്കാ കച്ചവടക്കാരൻ നാരായണന്റെ ശബ്ദം ഉയർന്ന് കേട്ടു.
‘‘എന്നാലും ആരാണാവോ ആ തള്ളയോട് ഈ ചതി ചെയ്തത്.അമ്മേ ദേവീ..’’
അടുത്ത ദിവസം കവലയിലെ ഓല മേഞ്ഞ കള്ളുഷാപ്പിൽ നാരായണൻ ഈ വിഷയം ചർച്ചയ്ക്ക് വച്ചു.
‘‘ആ പാവം തള്ളയെ ആരോ പറ്റിച്ചതാ, അതിനാണെങ്കിൽ ശരിക്ക് കണ്ണും കാണില്ല, ഈയിടെയായി ഇത്തിരി ഓർമ്മക്കുറവും ഉണ്ട്.’’
‘‘മം, കണ്ണില്ലാത്തോരടെ കാഴ്ചയായി അവിടെ ഇരിക്കുന്നുണ്ട് തൃക്കോട്ടുകാവിലമ്മ’’
നാരായണൻ പുറകിലെ ബഞ്ചിലേക്ക് തിരിഞ്ഞ് നോക്കി. വെളിച്ചപ്പാടായിരുന്നു അത്.
‘‘പിന്നേ ..,എന്റെ വെളിച്ചപ്പാടേ.., ദേവിക്ക് പോലീസിലല്ലെ ജോലി...’’
നാരായണൻ ഒരു ഉത്തരം പ്രതീക്ഷിച്ചെങ്കിലും രാവുണ്ണിയാര് ഒന്നും മിണ്ടാതെ ഒരു ബീഡിയ്ക്ക് തീ പകർന്നു.
‘‘കട്ട മുതലൊക്കെ തൊണ്ടി പിടിക്ക്യാണല്ലോ ദേവിടെ ജോലി?’’
നാരായണൻ വീണ്ടും കളിയാക്കി.
വെളിച്ചപ്പാട് ഒന്നും മിണ്ടാതെ വാളുമെടുത്ത്, മുടിയൊന്ന് കോതിയൊതുക്കി ഷാപ്പിൽ നിന്നും ഇറങ്ങി. നാരായണൻ ഏറെ നേരം അവിടെ ചിലവിട്ടു. മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഇറങ്ങി ആടിയാടി നടന്നു തുടങ്ങി. നേരം സന്ധ്യ മയങ്ങറായി. ഇടവഴി നടന്ന് വെട്ടത്തെ തറവാടിന്റെ പിറകിലെ അടയ്ക്കാ തോട്ടത്തിലൂടെ വയൽ വഴിയിറങ്ങി തോട് മുറിച്ച് കടന്നാൽ നാരായണന്റെ വീടായി.
വെട്ടത്തെ മുറ്റത്തെത്തിയപ്പോൾ നാരായണൻ പൂമുഖത്തു ചെന്ന് ഒന്ന് കുശലം അന്വേഷിച്ചു.
‘‘കുഞ്ഞിലക്ഷ്മിയമ്മേ, വല്ല വിവരവും?? ഇല്ല്യാ ഉവ്വോ?’’
പ്രാർത്ഥനയും, വഴിപാടും പറഞ്ഞ് നടക്കാതെ നിങ്ങളാ രാവുണ്ണിയാരടെ വീട്ടിൽ ചെന്ന് നോക്ക്, അവിടെ കാണും നിങ്ങൾടെ വിളക്ക്. തൃക്കോട്ട് ഭഗവതി ഇവിടെത്തെ മച്ചിലാന്നും പറഞ്ഞ് ഉറഞ്ഞു തുള്ളി വന്നപ്പൊ എടുത്തു കാണും. കള്ളനാ അയാള്’’
‘‘അയ്യോ, അരുതാത്തതൊന്നും പറഞ്ഞൂടാ നാരായണാ, ആരാന്നൊന്നും നിയ്ക്ക് നിശ്ചയല്ല്യ. വെട്ടത്തെ തറവാട്ടിന്റെ മുന്നിൽ കാണുന്ന ആ ദേവി സത്യമാണെങ്കിൽ അത് കിട്ടും. ഞാൻ പറ നിറയ്ക്കേം ചെയ്യും’’
‘‘മം, കിട്ടും, കിട്ടും തള്ളേടെ ഒരു പൂതി. ’’
മദ്യത്തിന്റെ ലഹരിയിൽ എന്തൊക്കെയോ പുലമ്പി ആടിക്കുഴഞ്ഞ് അയാൾ അടയ്ക്കാത്തോട്ടത്തിലേക്ക് മറഞ്ഞു.
അന്ന് രാത്രി എന്തു കൊണ്ടോ, കള്ളിന്റെ മയക്കത്തിലും നാരായണന് കണ്ണുകൾ പൂട്ടിയുറങ്ങാനായില്ല. മേലൊക്കെ ചുട്ടു നീറും പോലൊരു വേദന. എന്തൊക്കെയോ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ. വല്ലാത്തൊരു പന്തികേട്. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ് പറയുന്നു. ഒന്നും ആരേയും അറിയിക്കാതെ നേരം വെളുപ്പിച്ചു. പുലർച്ചെ എഴുന്നേറ്റ് അരണ്ട വെളിച്ചത്തിൽ തലയിൽ തുണിയിട്ട് പാടവരമ്പത്തൂടെ നടന്നു. വെട്ടത്തെ മുറ്റത്തൂടെ കവലയിലെ ചായക്കടയിൽ ഒന്നാമനായി ചായക്കെത്തി.
‘‘ഇന്ന് എന്താ ഇത്ര നേരത്തെ?’’
കൈയ്യിൽ ചാക്കുകളുമായി കയറിയ നാരായണനോട് ചായക്കടക്കാരൻ വാസു ഏട്ടൻ ചോദിച്ചു.
‘‘ഏയ്, അത്... പിന്നെ...ഒരൂട്ടം ജോലിയുണ്ട്. അങ്ങ് ദൂരെ ഒരിടത്ത് അടയ്ക്ക പറിക്കാൻ പോകണം. അതു കൊണ്ട് നേരത്തെ എഴുന്നേറ്റു.’’
ചായ കഴിഞ്ഞ് നാരായണൻ അതുവഴി വന്ന കാളവണ്ടിയിൽ കയറി യാത്രയായി.
പകൽ മാഞ്ഞ് സന്ധ്യയാവാറായി. നാരായണൻ പണിമാറ്റി കള്ളു ഷാപ്പിലെത്തി.പതിവിലേറെ തിരക്കുണ്ട് അന്ന് കള്ളുഷാപ്പിൽ. നാരായണൻ മന:പുർവ്വം വെളിച്ചപ്പാടിന്റെ പിറകിൽ ഇരുന്നു.സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്. അന്നത്തെ ചർച്ച മുഴുവൻ കാണാതായ നിലവിളക്ക് തിരിച്ച് കിട്ടിയതിനെ കുറിച്ചായിരുന്നു.
ഷാപ്പുകാരൻ നാഗപ്പൻ കൊണ്ടുവന്ന് മുന്നിൽ വച്ച മൺകോപ്പയിലെ കള്ള് ഒരു വായ മോന്തി, അരുകിലിരുന്ന ഉണക്ക മാന്തൾ വറുത്തതും ഒന്ന് കടിച്ച് നാരായണൻ എതിരെ ഇരുന്ന ആനക്കാരൻ ചാമിയോട് കാര്യം തിരക്കി?
‘‘എന്താ, വെട്ടത്തെ വിളക്ക് കിട്ടിയോ?’’
‘‘ങാ, അറിഞ്ഞില്ലെ കട്ടെടുത്തവൻ തന്നെ വിളക്ക് വെട്ടത്തെ പൂമുഖത്ത് കൊണ്ടു വെച്ചിരിക്കുന്നു. രാവിലെ ആയമ്മ വാതില് തുറന്നപ്പൊ വിളക്കുണ്ടത്രെ പൂമുഖത്ത്’’.
‘‘എന്റെ തൃക്കോട്ടു ഭഗവതി’’...
‘‘കുഞ്ഞിലക്ഷ്മിയമ്മയോട് ഇന്നലെ രാവുണ്ണി വെളിച്ചപ്പാട് പറഞ്ഞതു പോലെയായി കാര്യങ്ങൾ. അതിശയം തന്നെ തൃക്കോട്ട് ഭഗവതിടെ അടുത്താ കള്ളന്റെ കളി, രാവുണ്ണി കോമരം കുറി പറഞ്ഞേ പിന്നെ ഉറങ്ങാൻ പറ്റീട്ടുണ്ടാവില്ല. എന്നാലും ആരായിരിക്കും ഈ പണി ചെയ്തതെന്നാ. വെറുതെയല്ല പൂമ്പുള്ളി ദേശത്ത് വെളിച്ചപ്പാടിന് ഇത്രയും ശക്തി. ദേവിടെ തീരുമാനങ്ങളാ അയാൾ ഉറഞ്ഞുതുള്ളി പറയുന്നത്.’’
എല്ലാവരുടെ വാക്കുകളിലും രാവുണ്ണിയാരുടെ പെരുമ. എല്ലാത്തിനും കാരണം അയാളാണ്. നാരായണൻ ബാക്കിയുള്ള കള്ളും മോന്തി ഇറങ്ങി നടന്നു. വെട്ടത്തെ മുറ്റത്തുകൂടി പതിയെ നടന്നെങ്കിലും കുഞ്ഞി ലക്ഷ്മിയമ്മ പുറകീന്ന് വിളിച്ചു.
‘‘ആരാ.. നാരായണനാ?’’
‘‘മം, അതെ’’
‘‘ങാ, ഈ നേരത്ത് മറ്റാരും ഈ വഴി വരാറില്ല അതോണ്ട് ചോദിച്ചതാ. പിന്നെ ന്റെ നിലവിളക്ക് കിട്ടിട്ടൊ, രാവുണ്ണി വെളിച്ചപ്പാട് പറഞ്ഞ പോലെ ഉൽസവാവുമ്പോഴേക്കും അത് നടന്നു. തൃക്കോട്ട് ഭഗവതിയ്ക്ക് പറ നിറയ്ക്കുമ്പോൾ തിരി തെളിക്കാൻ ന്റെ വിളക്ക് കിട്ടില്ലോ, അമ്മേ മഹാ മായേ..’’
കുഞ്ഞിലക്ഷ്മിയമ്മ ദേവിയെ ഉറക്കെ വിളിച്ചു. കിണറിന്റെ അരികിൽ കഴുകി വച്ച വിളക്ക് വെട്ടിതിളങ്ങുന്നത് നാരായണൻ കണ്ടു.
ഷാപ്പിലെ സംസാരവും, വെട്ടത്തെ നിലവിളക്കും ഉള്ളിൽ കിടന്ന മദ്യത്തെ ചൂടു പിടിപ്പിച്ചു കൊണ്ടിരുന്നു. അന്ന് രാത്രിയും അയാൾക്ക് ഉറങ്ങാനാവാതെ എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു.
ഇന്ന് തൃക്കോട്ട് കാവിൽ ഉൽസവമാണ്.രാവിലത്തെ അഭിഷേകവും, പൂജയും കഴിഞ്ഞ് ജനങ്ങൾ വെയിൽ താങ്ങാനാവാതെ അവരവരുടെ വീടുകളിലേക്ക് ഒതുങ്ങി മിക്കവാറും വീടുകളിൽ ഉൽസവം കൂടാനെത്തിയ വിരുന്നുകാരും, പായസത്തോടെ സദ്യയും ഉണ്ട്.
നല്ലപോലെ എണ്ണ തടവികുളിച്ച് മുടി ചീവിയൊതുക്കി ഉണ്ടായിരുന്ന ഒരു ജോഡി വെളുത്ത, പുതിയ ഷർട്ടും, മുണ്ടും ഒക്കെ ഉടുത്ത് ബീഡിയ്ക്ക് തീ കൊളുത്തി നാരായണൻ ഉൽസവത്തിറങ്ങാനൊരുങ്ങിയപ്പോൾ ഭാര്യ പുറകിൽ നിന്ന് വിളിച്ചു.
‘‘അതേയ്, ദേവിക്ക് കാണിക്കയിടാൻ പണം ?’’
‘‘പിന്നെ വെളിച്ചപ്പാടിന് വാളിൽ വയ്ക്കാൻ ദക്ഷിണയും വേണം. കണ്ടില്ലേ ശക്തി? നേരത്തോട് നേരം തികഞ്ഞില്ല അപ്പൊഴേക്കും എടുത്ത ആള് സ്വയം വെട്ടത്ത് കൊണ്ടു വെച്ചിരിക്കുണു’’
അയാൾ ഭാര്യയെ തുറിച്ച് നോക്കി.
‘‘എന്റെ കയ്യിൽ പൈസയൊന്നും ഇല്ല. അയാള്..., ആ രാവുണ്ണിയാര് കള്ളനാ.ഒരു പൈസ ഇവിടുന്ന് കൊടുത്തൂന്നറിഞ്ഞാൽ...’’
അയാൾ ഷാപ്പ് ലക്ഷ്യമാക്കി ഇറങ്ങി നടന്നു.
‘‘ഇതെന്താ ഇയാൾക്ക് ഭ്രാന്തുണ്ടോ?’’
നാരായണന്റെ ഭാര്യ സ്വയം പറഞ്ഞു.
നടന്ന് വെട്ടത്തെ മുറ്റത്തെത്തിയ നാരായണനെ ഊണിന് വാഴയില മുറിക്കാൻ തൊടിയിലേക്കിറങ്ങിയ കുഞ്ഞിലക്ഷ്മിയമ്മ കണ്ടു.
‘‘ങാ, നാരാണയാ, കുട്ട്വോളൊക്കെ വന്നിട്ടുണ്ട് ചെറിയൊരു സദ്യ കാലായിട്ടുണ്ട്. ഊണ് കഴിച്ചിട്ട് പോവാം.’’
ആ ക്ഷണം എന്തു കൊണ്ടോ അയാളുടെ രക്തം കൂടുതൽ തിളയ്ക്കാൻ കാരണമായി.
‘‘നിയ്ക്കൊന്നും വേണ്ട’’
അയാൾ മുറു മുറുത്തു കൊണ്ട് കവല ലക്ഷ്യമാക്കി നടന്നു. ദേശത്ത് ഉൽസവത്തിന്റെ വർണ്ണകാഴ്ചകൾ അണിനിരന്നു. തെരുവോരത്തെ കച്ചവടക്കാർ വെയിൽ കൂട്ടാക്കാതെ കച്ചവടം തുടങ്ങി. കളർ മിഠായിയും, കളിപ്പാട്ടങ്ങളുംപൊരിയും, മധുര പലഹാരങ്ങളും നിരനിരയായി, കുറി പറയുന്ന കാക്കാത്തികൾ ജനങ്ങളെ മാടി വിളിക്കുന്നുണ്ടായിരുന്നു. തെല്ലകലെ ഉറിയടി മൽസരത്തിന്റെ ബഹളം കേൾക്കാം. ക്ഷേത്രത്തിലേക്കുള്ള വഴി നീളെ പുഷ്പാലങ്കാരം തോരണമായി, എല്ലാവരും പുത്തനുടുത്ത് ഉൽസവ പറമ്പിലേക്ക് ഒഴുകാൻ തുടങ്ങി. ക്ഷേത്രത്തിൽ നിന്നും നെറ്റിപ്പട്ടം കെട്ടി തിടമ്പെടുത്ത ആനകൾ കവലയിലെ ശിവക്ഷേത്രത്തിന് മുന്നിൽ എത്തി.
നാരായണൻ ഷാപ്പിലേക്ക് കയറി.ഉൽസവത്തിന് ലഹരികൂട്ടാൻ മതിവരുവോളം കുടിച്ചു. പുറത്തേക്കിറങ്ങി. അപ്പൊഴേയ്ക്കും ദേവിയുടെ തിടമ്പെടുത്ത ഗജ വീരൻമാർക്കകമ്പടിയായി പഞ്ചവാദ്യവും, വർണ്ണ കാവടികളും, വെളിച്ചപ്പാടും, പൂത്താലങ്ങളും, കുംഭക്കളിയും മറ്റുമായി ശിവക്ഷേത്രത്തിൽ നിന്നും ഉൽസവ ഘോഷയാത്ര പതിയെ തൃക്കോട്ട് അമ്പലം ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. മദ്യം തലയ്ക്ക് കയറിയ നാരായണൻ പതിയെ അതോടൊപ്പം നൃത്തച്ചുവടു വച്ചു തുടങ്ങി.
മുന്നിൽ വെളിച്ചപ്പാട് പതിയെ ഉറഞ്ഞു തുള്ളുന്നുണ്ട്. നാരായണന് കോപം അടക്കാനായില്ല. ഉൽസവവും ബഹളവും എല്ലാം മറന്ന നാരായണന്റെ ശ്രദ്ധ വെളിച്ചപ്പാടിലേക്ക് തന്നെയായിരുന്നു.ചുമന്ന പട്ടുടുത്ത്, വിയർത്തൊലിച്ച്, എണ്ണയിൽ കുതിർന്ന ചുരുൾമുടി കോതി, അരമണിയും, ചിലമ്പും കിലുക്കി, അരിയും, നെല്ലും, പൂവും വീശി കൈയ്യിലിരുന്ന വാള് ഒരു പ്രത്യേക താളത്തിൽ ഉലച്ച് ഇടയ്ക്കിടെ കണ്ണുകൾ അടച്ചും, തുറന്നും രാവുണ്ണിയാര് സ്വയം മറന്നങ്ങനെ കോമരം തുള്ളി നീങ്ങി.
നാരയണനിലെ മൃഗത്തിന് മദ്യത്തിന്റെ ലഹരിയിൽ ശക്തി കൂടിക്കുടി വന്നു.നേരം സന്ധ്യമയങ്ങാറായി. ഘോഷയാത്ര ഏകദേശം തൃക്കോട്ടു നടയ്ക്കരികിൽ എത്താറായി. യുവജനങ്ങൾ തിമർത്താടുന്നുണ്ട്. പൂത്തിരിയും, പടക്കങ്ങളും,വെടികെട്ടുകളും ആകാശത്ത് വർണ്ണ കാഴ്ചകളായി. സ്ത്രീ ജനങ്ങൾ കൂപ്പുകൈയുമായി തിങ്ങി നിറഞ്ഞ് നിൽപ്പുണ്ട്.
സ്വയം മറന്ന് ഉറഞ്ഞ് തുള്ളി നിൽക്കുന്ന കോമരത്തെ കണ്ട് കുട്ടികൾ ഭയന്നു കരയാൻ തുടങ്ങി. ഭക്തി നിർഭരമായ അന്തരിക്ഷത്തിൽ വെളിച്ചപ്പാട് ഏറെ നേരം ചുവടു വച്ചു. തടിച്ചു കൂടിയ ജനങ്ങളെ മുൾ മുനയിൽ നിർത്തിയ നിമിഷങ്ങൾക്കൊടുവിൽ നെറുകിയിൽ കുറിവെച്ച്, കുറിവെച്ച് വാളുകൊണ്ട് ആഞ്ഞു വെട്ടി. അതുകഴിഞ്ഞപ്പോൾ ജനങ്ങളുടെ ശ്രദ്ധ മറ്റിനങ്ങളിലേക്കായി. രക്തം വാർനൊഴുകുന്ന നെറ്റിയോടെ രാവുണ്ണിയാര് ചിലമ്പു കിലുക്കി ക്ഷേത്രകുളത്തിലേക്ക് നടന്നു.കൈകൊണ്ട് നെറ്റിയിലേക്ക് വെള്ളം തേവിഒഴിച്ചു. നെറുകയിലെ രക്തം അതോടൊപ്പം ഒലിച്ചിറങ്ങി. കൈകുമ്പിൾ നിറയെ വെള്ളം കോരിയെടുത്ത് ആർത്തിയോടെ വായിലേക്ക് പകരാൻ നേരത്താണ് നാരായണൻ കൈയ്യിൽ കത്തുന്ന പൂത്തിരിയുമായി പാഞ്ഞ് എത്തിയത്. മദ്യാസക്തിയിൽ സ്വയബോധം നഷ്ടപ്പെട്ട നാരാണൻ കൈകുമ്പിൾ വെളളവുമായി കുനിഞ്ഞു നിന്ന വെളിച്ചപ്പാടിന്റെ താടിക്ക് തീ കൊളുത്തി. രക്തം തിളയ്ക്കുന്ന തീക്ഷ്ണതയായിരുന്നു അപ്പോൾ ആ വെളിച്ചപ്പാടിന്റെ കണ്ണുകൾക്ക്. ആളുകൾ ഓടി കൂടുമ്പോഴേക്കും നാരായണൻ ഓടി മറഞ്ഞു.
രാവുണ്ണിയാര് ഉഗ്രരൂപം പൂണ്ടപോലെ വേഗത്തിൽ വെട്ടത്തെ തറവാട്ടിലേക്ക് നടന്നു. ആ പൂമുഖത്ത് വാളും, ചിലമ്പും അരമണിയും എല്ലാം അഴിച്ചു വെച്ചു. നിറഞ്ഞ കണ്ണുകൾ ഇറുകെ അടച്ച് ഇരു കൈകളും താഴെ ബന്ധിച്ച് അൽപനേരം നിന്നു. പിന്നീട് തിരുനടയിൽ എത്തി തൊഴുതു നിന്നു.
‘‘അമ്മേ, മാപ്പാക്കണം ഇനി രാവുണ്ണി കോമരം കെട്ടുന്നില്ല.’’
എന്നുറക്കെ വിളിച്ച് പറഞ്ഞു. നിറുകയിൽ വെട്ടേറ്റ മുറിപ്പാടിൽ നിന്ന് പൂർണ്ണമായും മായാത്ത രക്തവും, അഗ്നി ആളും പോലുള്ള കണ്ണുകളും, വിറക്കുന്ന ശരീരവും ആരേയും ഭയപ്പെടുത്തുന്നതായിരുന്നു. പൂമ്പുള്ളി ദേശത്തെ ആഘോഷവും, സന്തോഷവും എല്ലാം പൂർണ്ണമാവാതെ അവിടെ അവസാനിക്കുകയായിരുന്നു.
ദേശത്തെ നടുക്കിയ ആ കാഴ്ചകളുമായി ഒരു ഭയാനകമായ രാത്രി കടന്നു പോയി.
അടുത്ത ദിവസം ഞെട്ടിക്കുന്ന വാർത്തയുമായാണ് പൂമ്പുള്ളി ദേശം ഉണർന്നത്. ചെയ്തുകൂട്ടിയ നീചകൃത്യങ്ങൾക്കുള്ള ശിക്ഷ നാരായണനെ തേടിയെത്തിയിരുന്നു. വെളിച്ചപ്പാടിന്റെ താടിക്ക് തീ കൊടുത്ത ആ കൈളിലൂടെ പടർന്നു കയറിയ കഠിനമായ വേദന അയാളുടെ ശരീരമാകെ വസൂരി മുത്തുകൾ വിതച്ചു. സൂചിയിട വിടാതെ നാവിലും, കണ്ണുകളിലും പോലും ഉഗ്രതാണ്ഡവമാടി എന്നു തന്നെ പറയണം. അവസ്ഥയറിഞ്ഞ ദേശക്കാർ പേടിച്ച് വിറച്ച് ആ വീടിന്റെ വിഴിയെ നടക്കാതായി.
‘‘അമ്മേ മാപ്പ്’’
എന്ന് മാത്രം അവ്യക്തമായി അലറി വിളിച്ച് നാളുകൾ കടത്തി ഒടുവിൽ ഒരിറ്റു വെള്ളം ഇറക്കാനാവാതെ മരണത്തിന് കീഴടങ്ങുമ്പോൾ. ജനങ്ങൾക്ക് എല്ലാം വ്യക്തമായിരുന്നു.
അടുത്ത നാൾ ആലിപ്പഴങ്ങളുമായി പെയ്തിറങ്ങിയ ഒരു വേനൽ മഴയിൽ പൂമ്പുള്ളി ദേശം ഈറനുടുത്തു നിന്നു. വാടിയുണങ്ങിയ പച്ചപ്പുകൾ ദാഹം ജലം കിട്ടിയ സന്തോഷത്തിൽ ആനന്ദനൃത്തമാടി.
ഒരു മീന വേനൽ സമ്മാനിച്ചതല്ല നാരായണന്റെ ദീനം എന്ന് തൃക്കോട്ട് ഭഗവതിയുടെ ശക്തിയുടെ ആഴം നന്നേ അറിയാവുന്ന പൂമ്പുള്ളി ദേശക്കാർക്ക് ഉറപ്പായിരുന്നു.
ആ വാളും, ചിലമ്പും, അരമണിയും ഇന്നും വെട്ടത്തെ തറവാട്ടിൽ ഭദ്രമത്രെ. അന്ന് രാവുണ്ണിയാര് അഴിച്ചു വെച്ച ചിലമ്പണിയുവാനും, അരുൾ വാക്ക് പറയാനും അരനൂറ്റാണ്ടിനിപ്പുറം ഇന്നും ആരും ധൈര്യപ്പെട്ടിട്ടില്ല.
English Summary : Komaram Story by Suguna Santhosh