അവനിൽ നിന്നാണല്ലോ ഈ ചോദ്യം എന്നോർത്തപ്പോൾ; ചുണ്ടിൽ ഒരു പരിഹാസച്ചിരിപൊട്ടി
Mail This Article
സോണിയ (കഥ)
‘‘സോനൂച്ചീ പൈസെയടുത്തോ ഹോസ്പിറ്റലിൽ കൊടുക്കാൻ’’ കുഞ്ഞനിയൻ ചോദിച്ച ആ ചോദ്യം കേട്ട് ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് ഇളം കാറ്റിൽ വഴിയോരക്കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരുന്ന സോണിയ പുഞ്ചിരിച്ചുകൊണ്ട് ‘‘ഉവ്വ്’’ എന്ന് തലയാട്ടിയപ്പോൾ അവളുടെ ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് ഓടി. അമ്മ വാത്സല്യത്തോടെ ആറുമാസം പ്രായമുള്ള അവനെ ലാളിക്കുന്നു.ആ എട്ടുവയസ്സുകാരിയുടെ ജീവിതത്തിലേക്ക് അവൻ വന്നപ്പോൾ കളിപ്പാവകൾ അവൾക്കന്യമായി.
തറവാട്ടിലെ ആദ്യത്തെ കണ്മണിയായിരുന്നു സോണിയ. വീട്ടിലെ ഓരോരുത്തരും അവളെ മത്സരിച്ച സ്നേഹിച്ചു. അച്ഛമ്മ അവളുടെ നെഞ്ചിൽ സ്നേഹത്തിൻറെ അമൃതകുംഭം നിറച്ചു. ആ സ്നേഹാമൃതം അവൾ എല്ലാവരിലേക്കും പകർന്നു കൊണ്ടിരുന്നു. അവർക്കു ശേഷം തറവാട്ടിൽ അനിയത്തിമാരും അനിയന്മാരും അവളോടൊപ്പം സന്തോഷത്തോടെ ആർത്തുല്ലസിച്ചു വളർന്നു. അവൾ വളരുംതോറും അച്ഛന്റെ ഓരോ സഹോദരന്മാരും അവരുടേതായ വീടുകളിലേക്ക് ഒതുങ്ങി. ഓരോരുത്തർ പടി ഇറങ്ങുമ്പോഴും അവളുടെ കുഞ്ഞുമനസ്സ് വിങ്ങുന്നുണ്ടായിരുന്നു.
പക്ഷേ എല്ലാവരും വളരെ സന്തോഷത്തോടു കൂടിയാണ് അവരുടെ സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി പോകുന്നത്. പിന്നെ കുഞ്ഞു സങ്കടങ്ങൾക്ക് എന്തു പ്രസക്തി. അവൾക്ക് എട്ടു വയസ്സായപ്പോഴേക്കും കുടുംബം ന്യൂക്ലിയർ ഫാമിലേക്ക് ഒതുങ്ങി. കഴിഞ്ഞ വർഷം വരെ ഉറക്കം ഉണർന്നാൽ കണ്ണ് ഒന്നുകൂടി ഇറുകെ അടച്ച് ‘‘അച്ഛമ്മേ’’ എന്നൊരു വിളിയാണ് പിന്നെ അച്ഛമ്മ ഓടി വന്നു എടുത്തു ഉമ്മ വച്ചാലേ കണ്ണ് തുറക്കുമായിരുന്നുള്ളൂ.
ആ സോനുവാണ് ഇന്ന് സഹോദരങ്ങളുടെ മേൽനോട്ടക്കാരി. അവൾ അവളുടെ അമ്മയുടെ പി എ ആണെന്നു വേണമെങ്കിൽ പറയാം. രാവിലെ ആറുമണിക്ക് എഴുന്നേൽക്കണം,പാലു വാങ്ങാൻ പോണം, മുറ്റം അടിക്കണം പൂന്തോട്ടം നനയ്ക്കണം, പൂക്കളോട് കിന്നാരം പറയണം, സ്കൂളിൽ പോണം, പഠിക്കണം. കൂട്ടുകാരോടൊപ്പം കളിക്കണം. വീട്ടിൽ വന്നു അനിയത്തിയോട് സ്കൂൾ വിശേഷങ്ങൾ പറയണം. തിരിച്ച് അവളുടെ വിശേഷങ്ങൾ കേൾക്കണം. മൂത്ത അനിയനോടൊപ്പം കളിക്കണം. ഈ കുഞ്ഞ് അനിയനെ നോക്കണം. അവൻ മുട്ടിൽ ഇഴയാൻ തുടങ്ങിയപ്പോൾ അവളുടെ ഡ്യൂട്ടി കൂടി. എന്താണെന്നറിയാമോ അവളുടെ കണ്ണു തെറ്റിയാൽ അവൻ എവിടെയെങ്കിലും വലിഞ്ഞു കേറും. അവനെങ്ങാനും വീണാൽ അമ്മ ഓടിയെത്തും. പിന്നെ വഴക്കിൻ പൂരമായിരിക്കും. അമ്മ വഴക്ക് പറയുന്നതിനേക്കാൾ അവൾക്ക് സങ്കടം അവൻ വീണല്ലോ എന്ന് ഓർത്തിട്ട് ആയിരുന്നു.
പിന്നെ അവന്പല്ല് മുളച്ചപ്പോൾ ഉള്ള കാര്യമാണ്. സോനു അനിയത്തിയുമായി കളിയിൽ മുഴുകിയിരിക്കു മ്പോൾ ആയിരിക്കും അവൻ മണ്ണുവാരി വായിൽ ഇടുന്നത്. അവൾ ഓടി വന്നു മണ്ണ് എടുക്കുമ്പോഴേക്കും അവൻ നല്ല കടി വെച്ചു കൊടുക്കും. അവൻറെ പല്ലുകൾ അവളുടെ ചൂണ്ടുവിരലിൽ സീൽ ചെയ്യും. പലപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവെങ്കിലും അവൾ ആരോടും പരാതിപ്പെട്ടില്ല.
രാത്രി എത്ര വൈകിയാലും പലഹാരപ്പൊതികളുമായി എത്തുന്ന അച്ഛൻ മുറ്റത്തെത്തിലൂടെ അവളെയും എടുത്ത് ഒരു റൗണ്ട് നടക്കും. നിറുകയിൽ ഉമ്മ വെക്കും. തലോടും അത്രയും മതി അവളുടെ കുഞ്ഞുമനസ്സ് നിറയാൻ. അങ്ങനെ പരസ്പരം സ്നേഹിച്ചും സഹായിച്ചും ബാല്യവും കൗമാരവും പെട്ടെന്ന് കടന്നു പോയി. യൗവനത്തിൽ എത്തിയപ്പോൾ അച്ഛൻ അവളെ വിവാഹം കഴിപ്പിച്ചു. എങ്കിലും കുഞ്ഞു അനിയനോട് ഉള്ള സ്നേഹം ഫോണിലൂടെ ഒഴുകി. അവൻ തളർന്നപ്പോൾ ഒക്കെ താങ്ങായി നിന്നു.
ഇന്നവൻ വിവാഹിതനാണ് ആണ്. സമൂഹത്തിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. ആ അവനിൽ നിന്നാണല്ലോ ഈ ചോദ്യം എന്നോർത്തപ്പോൾ ബന്ധങ്ങളുടെ നിസ്സാരതയെ കുറിച്ച് ഓർത്ത് സോനുവിൻറെ ചുണ്ടിൽ ഒരു പരിഹാസച്ചിരി പൊട്ടി. എങ്കിലും അവൾ ‘‘ലോകത്തിലെ ഏറ്റവും നല്ല അമ്മ എൻറെ അമ്മയാ’’എന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു ഉമ്മ വെക്കുന്ന 9 വയസ്സുകാരൻ മകനെക്കുറിച്ച് ഓർത്തു. അപ്പോൾ അവളുടെ മനസ്സിൽ ആത്മസംതൃപ്തിയുടെ പുഞ്ചിരി തെളിഞ്ഞു. അപ്പോഴേക്കും ബസ്സ് സ്റ്റാൻഡിൽ എത്തിയിരുന്നു.
English Summary : Sonia Story By Sandhya