ADVERTISEMENT

അപൂർണം (കഥ)

 വെറുതെ അവൻ ഒന്ന് പിറകോട്ടു തിരിഞ്ഞു നോക്കി. ഒരുപാട് സുന്ദരമായ ഓർമകളിലൂടെ എത്ര വേഗത്തിലാണ് 4 വർഷങ്ങൾ കടന്നു പോയത്. ഒരുപാട് ജീവിതങ്ങൾ ഒരായിരം അനുഭവങ്ങൾ മാറി മറിഞ്ഞ വികാരങ്ങൾ എന്തൊക്കെയായാലും ഒരുമനുഷ്യായുസ് ജീവിക്കാനുള്ള പാഠങ്ങൾ പഠിച്ചുതന്നെയാണ് പടിയിറങ്ങുന്നത് എന്ന് അവനു ഉറപ്പായിരുന്നു. എങ്കിലും ഇനിയൊരു വിദ്യാർത്ഥിയായി ഉല്ലസിക്കാൻ പറ്റില്ലല്ലോ, ഉറക്കമില്ലാത്ത ഹോസ്റ്റൽ രാത്രികൾ തിരിച്ചു കിട്ടില്ലല്ലോ, ഒരുപാത്രത്തിൽ ഒരുപാട് കൈകൾ തല്ലുപിടിക്കില്ലല്ലോ, അതൊക്കെ ഓർത്തുപോയപ്പോൾ അറിയാതെ തന്നെ ചില കണ്ണീർതുള്ളികൾ കവിളിൽ കൂടെ ഒഴുകിയിറങ്ങി.എന്തൊക്കെയായാലും വിടപറയാൻ സമയമായിരിക്കുന്നു പഠന സമയത്തൊക്കെയും കുറ്റം മാത്രം പറഞ്ഞ സ്വർഗ്ഗലോകത്തോട്... 

യാത്രയിലൊക്കെയും മൗനമായി കാറിന്റെ ഗ്ലാസിൽ ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികളിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ. കിലോമീറ്ററുകൾ താണ്ടി വീട്ടുപടിക്കൽ വണ്ടി നിർത്തിയപ്പോഴും സാധാരണ ഉണ്ടാകാറുള്ള ആ സന്തോഷം മനസിലില്ല.  രണ്ട് ദിവസത്തിന് ശേഷം വീണ്ടും തിരിച്ചു പോവണമല്ലോ എന്ന ചിന്തയുമില്ല. 

ടൈം ടേബിളുകളുടെ ആദിയില്ലാതെ നീട്ടി വച്ച അലറാമുകളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങൾ ഇല്ലാതെ ഓടിക്കയറാൻ ഉള്ള സൈറൺ ഇല്ലാതെ ശാന്തമായ ഉറക്കം. ഇടയ്ക്ക് പലപ്പോഴും അറിയാതെയെങ്കിലും കട്ടിലിൽ ആർക്കോ വേണ്ടി പരതി നോക്കി.

കഴിഞ്ഞ നാലു കൊല്ലവും നിരത്തിയിട്ട കട്ടിലുകളിൽ ഒരുപാട് ശരീരങ്ങൾ ഒന്നിച്ചാണ് കിടന്നുറങ്ങിയത്. തമ്മിൽ തല്ലിയും പുതപ്പ് വലിച്ചെറിഞ്ഞും പ്രണയ കഥകൾ പങ്കുവച്ചും. ദിവസങ്ങൾക്കൊക്കെയും കടന്നുപോകാൻ മടിയുള്ളതു പോലെ തോന്നി. അടച്ചിട്ട മുറികളിൽ ആകാശം കാണാതെ എത്ര നേരം ഇരിക്കാൻ പറ്റും. നാട്ടിൻപുറത്തെ വയലുകളിലേക്ക് ഒന്നിറങ്ങി നടന്നു വീശിയടിക്കുന്ന തണുത്ത കാറ്റ് ഉപ്പൂറ്റി മുതൽ മൂർധാവ്‌ വരെ കുളിർമയേകി. മഴക്കാലങ്ങളിൽ ആർത്തുതിമിർത്ത കുളങ്ങളൊക്കെയും നിറഞ്ഞൊഴുകുമ്പോഴും പച്ച പായൽ കെട്ടിക്കിടന്നു ആർത്തുതിമിർത്തവരൊക്കെയും ചുട്ടുപൊള്ളുന്ന മണൽത്തരികളിൽ സ്വപ്‌നങ്ങൾ നെയ്തുകൂട്ടുകയായിരിക്കും. 

apoornam-002

കയ്യിൽ കിട്ടിയ കല്ലുകൾ വെറുതെ വെള്ളത്തിലേക്കെറിഞ്ഞു വെറുതെയൊരു അലയൊലികൾ ഉണ്ടാക്കി സൂര്യൻ തന്റെ സ്ഥിരയാത്രയെന്നപോലെ പടിഞ്ഞാറു പോയി മറഞ്ഞു കാലങ്ങളായി കാതിൽ നിന്നകന്ന തവളകളുടെ സംഗീതാത്മക രോദനം അതും കേട്ടൊരുപാട് നേരം അവൻ ഭാവി ജീവിതം സ്വപ്നം കണ്ടു ഇടക്കെപ്പോഴോ കണ്ണുകൾ താനെ പാതിയടഞ്ഞുകൊണ്ടേയിരുന്നു.

              

വീട്ടിലെ ഏകാന്തത ഭ്രാന്തോടടുത്തപ്പോഴാണ് സായാഹ്നങ്ങൾ കടവരാന്തയിലേക്ക് മാറ്റിയത് അവിടെ നിന്നും യുവതയുടെ വിപ്ലവാത്മക രാഷ്ട്രീയത്തിലേക്ക് അടച്ചിട്ട മുറിയിൽ നിന്നും ആൾക്കാരിലേക്കു ഇറങ്ങി ചെല്ലുന്നതിലേക്കുള്ളൊരു തുടക്കമായിരുന്നു അത്‌ ജനകീയനാകാനും ജനമനസുകളിൽ ഇടം പിടിക്കുവാനും ഒരുപാട് സമയം വേണ്ടി വന്നില്ല സൂര്യോദയം മുതൽ പാതിരാ വരെ പലതിനു വേണ്ടിയും ഓടി നടന്നു തിരക്കൊഴിയാത്ത ദിനരാത്രങ്ങൾ.

സാമൂഹിക പ്രതിബദ്ധത കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോവില്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ട് തന്നെ ജോലിയെന്നതൊരു ആവശ്യമായി തീർന്നു. ജോലിക്കായുള്ള അലച്ചിലുകൾ പലകാരണങ്ങൾ കൊണ്ട് നഷ്ടപ്പെടുത്തിയ ജോലികൾ ഒരു നൂൽപ്പാലമെന്നോണം ഒരറ്റം മുട്ടാതെ ജീവിതം ഇങ്ങനെ സ്വതന്ത്രമായി വിഹരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായൊരു കണ്ടുമുട്ടലിലൂടെ അവൾ അവന്റെ മനസിലേക്ക് കടന്നു വരുന്നത്. 

തെയ്യക്കോലങ്ങൾ ഉറഞ്ഞാടിയ ഒരു കളിയാട്ടക്കാലം കളിപ്പാട്ടങ്ങളും മാലയും വളകളും തൂങ്ങിയാടുന്ന ചന്തകൾ തന്നെയാണ് ഏവർക്കും കൂടുതൽ പ്രിയം. കൂട്ടുകാർക്കൊപ്പമുള്ള ചന്ത തെണ്ടലുകൾക്കിടയിലാണ് അവിചാരിതമായി പഞ്ഞി പുതച്ച പാവക്കുഞ്ഞുങ്ങളോട് കിന്നാരം പറയുന്ന  സുന്ദരിക്കുട്ടിയെ ആദ്യമായി കാണുന്നത്. യാന്ത്രികമെന്ന പോൽ  അവളറിയാതെ അവളെ പിന്തുടർന്നു.  ഒരുപാട് നേരം കണ്ണുകൾക്ക് പിടിതരാതെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവൾ ആൾക്കൂട്ടങ്ങളിലെവിടെയോ മറഞ്ഞു.

ഒരു ലക്ഷ്യവുമില്ലാതെ കളിയാട്ടം കാണാൻ പോയവൻ പിറ്റേദിവസം മുതൽ ദൃഢമായൊരു ലക്ഷ്യവുമായാണ് ചന്തകളൊക്കെയും കയറിയിറങ്ങിയത്  പാട്ടുപാടുകയും കളിയാക്കി ചിരിക്കുകയും ചെയ്യുന്ന പാവകൾ അവിടെത്തന്നെയുണ്ട് അവൾ ഒരുപാട് നേരം നോക്കി നിന്ന പല നിറങ്ങളിലുള്ള കുപ്പിവളകളും അവിടെത്തന്നെയുണ്ട്.  എന്തോ തേടി വന്നതൊന്നിനെ മാത്രം എത്ര നോക്കിയിട്ടും കണ്ടു കിട്ടിയില്ല.

മുൻപൊരിക്കലും കണ്ടിട്ടില്ല നാളെകളിൽ എപ്പോഴെങ്കിലും കാണുമോ എന്നും അറിയില്ല. ചിലരങ്ങനെയാണ് ഒന്നിനുമല്ലാതെ അവർപോലുമറിയാതെ മറ്റുചിലരുടെ മനസുകളെ കുത്തി നോവിച്ചു എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായിപ്പോവും. ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്തിനെയെന്ന ചോദ്യം മാത്രം ബാക്കിയാവും .

സൂര്യചന്ദ്രന്മാർ മത്സരിച്ചോടി വേനലും മഴയും തണുപ്പും പിന്നെയും വന്നു ഇലകൊഴിഞ്ഞ മരങ്ങളൊക്കെയും സടകുടഞ്ഞെഴുന്നേറ്റു. 

apoornam-003

പൂത്തു നിന്ന് അങ്ങനെ കലപില കൂട്ടിയ പക്ഷിക്കൂട്ടങ്ങൾ കൂടുകൾ തേടിപ്പറക്കുന്ന മാനം ചെമ്പട്ടണി ഞ്ഞൊരു വൈകുന്നേരത്തിലാണ് സ്ഥിരം ചീറിപ്പാഞ്ഞു പോകുന്ന കോളേജ് ബസുകളിരൊണ്ണം കടിഞ്ഞാണിട്ട പോലെ നിന്നതും മുഖ പരിചയം മാത്രമുള്ളൊരു ശാലീന സുന്ദരി വാതിൽ തുറന്ന് ഇറങ്ങിയതും കഴിഞ്ഞ കാലങ്ങളിലെപ്പോഴോ ആൾക്കൂട്ടത്തിലേക്കു നടന്നു മറഞ്ഞുപോയൊരു മുഖം സ്വപ്നമെന്ന പോലെ നോക്കിനിന്നതല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല . ബസിൽ കണ്മഷിയിട്ട പോലെ എഴുതിയിരുന്ന കോളേജിന്റെ പേര് അതൊരു തുടക്കമായിരുന്നു അവിടെയൊരു ഹംസത്തെ തേടിയുള്ളൊരു യാത്രയുടെ തുടക്കം.

പ്രവർത്തികൾക്കൊക്കെയും ചീറ്റപ്പുലിയുടെ വേഗമായിരുന്നു അധികം കഷ്ടപ്പാടില്ലാതെ തന്നെ ദമയന്തി കഥയിലെ ഹംസത്തെ ശരിയാക്കിയെടുത്തു. പക്ഷേ പോയ സന്ദേശങ്ങളൊക്കെയും ചുവപ്പു കൊണ്ട് തെറ്റ് വരച്ചു പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു വന്നു. തോൽവികളൊക്കെയും വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്നു മഹാന്മാർ പറഞ്ഞ കാര്യങ്ങൾ ശിരസാ വഹിച്ചു സന്ദേശങ്ങൾ പിന്നെയും പോയി. ഒരുപാട്  ആകാശത്തിലേക്കെന്ന പോലെ ചവിട്ടുപടികൾ കൂടി കൂടി വന്നു.

ഇതിങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ എന്ന ആത്മമിത്രത്തിന്റെ വാക്കുകളാണ് അടുത്ത സാഹസികതയിലേക്കവനെ കൈപിടിച്ചുയർത്തിയത്.  കോളേജിന്റെ കവാടത്തിനരികിൽ കാത്തു നിൽക്കുക പുറത്തേക്കു വരുന്ന അവളെ തടഞ്ഞു നിർത്തുക, നേരിട്ട് കാര്യങ്ങൾ സംസാരിക്കുക, പറയാനുള്ളത് പറയുക. അവൾക്ക് പറയാൻ ഉള്ളത് കേൾക്കുക. പൂ പറിക്കുന്ന ലാഘവത്തോടെ ആത്മമിത്രം  പറഞ്ഞു നിർത്തി.

നേർത്ത ഒരു നിശ്വാസം മാത്രാമായിരുന്നു അവന്റെ മറുപടി. ആരുടെ മുന്നിലും ധൈര്യപൂർവം നിന്ന് സംസാരിക്കുമെങ്കിലും പെൺകുട്ടികളെ തടഞ്ഞു നിർത്തി സംസാരിക്കുക എന്നത് ഒരിത്തിരി കടുപ്പമല്ലേ എന്ന്ആലോചിക്കാതിരുന്നില്ല. എങ്കിലും പറ്റില്ല എന്ന് പറഞ്ഞാൽ നിന്റെ ഇഷ്ടം പോലെ ചെയ്തോ എന്നും പറഞ്ഞു അവന്റെ പാട്ടിനു പോവും. ആകെക്കൂടിയുള്ള ധൈര്യവും സഹായവും കളയാൻ പറ്റില്ല എന്നത് കൊണ്ട് തന്നെ സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല.

വിറയലോടു കൂടി അക്ഷമനായാണ് കോളേജിനുമുന്നിൽ കാത്തു നിന്നത് ക്ലാസ് അവസാനിച്ച സൈറണ് മുഴങ്ങി ഒരുമഴവെള്ളപ്പാച്ചിൽ പോലെ ഒരായിരം മുഖങ്ങൾ മുന്നിലൂടെ ഒലിച്ചുപോയി. കൂട്ടുകാരിയുടെ കൈപിടിച്ച് അവൾ പടികൾ ഇറങ്ങി വരുന്നത് ദൂരെ നിന്നേ കണ്ടതാണ്. വിറയൽ ആണെങ്കിൽ അതിന്റെ മൂർദ്ധന്യാവസ്ഥയിലും. വന്ന വഴി ഓടിയാലോ എന്നൊരിക്കൽ ചിന്തിച്ചതാണ് ഓടിയാൽ തല്ലാൻ മാത്രമായി ഇതിന്റെയെല്ലാം ഉപജ്ഞതവ് ദൂരെ എന്നെയും നോക്കിയിരിപ്പുണ്ട്.

apoornam-004

അപ്പോൾപ്പിന്നെ തടഞ്ഞു നിർത്തുക തന്നെ. രണ്ടാമതൊന്ന് ആലോചിച്ചില്ല. തടഞ്ഞു നിർത്തി പറയാൻ ഉള്ളതൊക്കെ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. അവൾ പറഞ്ഞ പക്വതയാർന്ന മറുപടിക്കൊക്കെയും തലയാട്ടി തിരിച്ചു നടന്നു. കാറിലിരുന്നുകൊണ്ടാണ് പിന്നെ സ്വാതന്ത്രമായൊരു ശ്വാസമെടുക്കുന്നത് സമാധാനത്തോടെ അവൾ പറഞ്ഞതൊക്കെയും വീണ്ടും ഓർത്തെടുത്തു. അതിലെവിടെയും പുതിയൊരു പച്ച മഷി അവനു കണ്ടെത്താനായില്ല. കോറിവരച്ചതൊക്കെയും ചുവന്ന മഷികൾ കൊണ്ട് മാത്രമായിരുന്നു.

എങ്കിലും അവൻ പതിവിലും സന്തോഷവാനായിരുന്നു അതൊരുപക്ഷേ അവളുടെ പക്വതയാർന്ന മറുപടിയോടുള്ള ആദരവ് കൊണ്ടായിരിക്കാം. അല്ലെങ്കിൽ പൂർണത എന്തെന്നറിയില്ലെങ്കിലും തന്റെ ജീവിത സഖിയെ കണ്ടെത്തിയല്ലോ എന്നതുകൊണ്ടായിരിക്കും. അവൾ കൊടുത്ത മറുപടികൾ ഇന്നും അവന്റെ മാത്രം സ്വകാര്യതകളിൽ ഒളിഞ്ഞിരിക്കുന്നു. പ്രണയം അപൂർണ്ണമാണ്‌ അതുകൊണ്ടു തന്നെ നിശബ്ദമായി അവൻ അവളെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നുണ്ടാവാം. ഹംസങ്ങളൊക്കെയും യാത്ര പറഞ്ഞകന്നിരിക്കുന്നു. ഭൂമിയുടെ ഏതോ രണ്ടു വ്യത്യസ്ത കോണുകളിൽ അവരിരുന്നു സ്വപ്‌നങ്ങൾ നെയ്യുന്നുണ്ടാവാം. നാളെയുടെ പുലരികൾ എങ്കിലും അവരുടേതായിരിക്കുമെന്ന്...

English Summary : APoornam Story By Gopakumar Athikkal