ADVERTISEMENT

ഓലച്ചൂട്ടുകൾ(കഥ)

‘‘ ഈശ്വരാ... കാത്തോളണേ...’’

ചുക്കിച്ചുളിഞ്ഞ കൈകൾ ബെഡിൽ കുത്തി അയാൾ എണീറ്റിരുന്നു. അന്നും കിടക്കയിൽ നനവു കണ്ടപ്പോൾ അയാളുടെ കണ്ണുകളും നനഞ്ഞു. ആത്മനിന്ദയോടെ അയാൾ നെഞ്ചൊന്നു തടവി ഭാര്യയെ നോക്കി.

‘‘ഞാൻ നെന്നോട് ഒര് കാര്യം പറയാൻ പോകുവാണ് .. ...യ്യ് എതിരൊന്നും പറയര്ത്...’’

ശ്വാസം എടുക്കാൻ പാടുപെട്ടു കൊണ്ട്....

‘‘ന്റെ കുഞ്ഞുങ്ങളെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്യാ ഇക്കാലം വരെയായിട്ട് .. ഇനി ഈ വയസ്സാംകാലത്ത് അച്ഛൻ ഒര് ബാധ്യതയായീന്ന് അവർക്ക് തോന്നാൻ പാടില്യാ... അതോണ്ട് ... അതോണ്ട് ഞാനൊര് തീര്മാനമെട്ത്തിരിക്ക്യാണ് ... ’’

‘‘അപ്പൂപ്പാ... ദെന്താ അപ്പൂപ്പൻ അമ്മൂമ്മടെ ഫോട്ടോ നോക്കി പിച്ചും പേയും പറയണത്’’

കൊച്ചുമകൾ അപ്പൂപ്പന്റെ ബെഡിലിരിക്കവേ

‘‘ മോള് അച്ഛനേം അമ്മയേം ഒന്ന് വിളിച്ചോണ്ട് വാ’’

‘‘ശരിയപ്പൂപ്പാ’’

അയാൾ മകനേയും മരുമകളേയും അടുത്തിരുത്തി പതുക്കെ വിഷയം അവതരിപ്പിച്ചു.

അമ്മയും മകളും ഒരു നിമിഷം അമ്പരന്നു പോയി.!

‘‘ അച്ഛാ... പറയണത് കേട്ടോ...? ഈ വൃദ്ധസദനം ന്നൊക്കെ പറഞ്ഞാ എന്താന്നാ അപ്പൂപ്പൻ വിചാരിച്ചേ’’

‘‘അവടെ അങ്ങനെ വല്യ പ്രശ്നൊന്നുംല്യ കുട്ട്യേ... മ്മടെ നാരയണനേം ഭാർഗ്ഗവനേം ഒക്കെ മക്കള് അവടെത്തന്നെയല്ലേ കൊണ്ടാക്കീര്ക്ക്ണേ... അവർക്കൊക്കെ അവടെ സൊഖാ .’’

‘‘അച്ഛനെന്തൊക്കെയാ ഈ പറയണതച്ഛാ..’’

മരുമകൾക്ക് ഉള്ളു നൊന്തു.

olachootukal-02

‘‘ മോളെന്തിനാ പേടിക്കണത്... ദാ അതിവടെ തൊട്ടടുത്ത് തന്നെയല്ലേ... നിങ്ങക്ക് എപ്പളും വന്ന് കാണാല്ലോ’’

മകൻ അപ്പോഴും എല്ലാം കേട്ടിരിക്കുകയാണ്.

‘‘ അപ്പൂപ്പനെന്തായിപ്പോ ഇങ്ങനൊക്കൊ തോന്നാൻ ഇണ്ടായേ...?’’

‘‘ഒന്നൂല്യാ’’

മരുമകൾ അച്ഛന്റെ കട്ടിലിലിരുന്നു.

‘‘പറ അച്ഛാ.. എന്തേ..? എന്താ അച്ഛന് പറ്റിയേ..?’’

‘‘ ഏയ് ഒന്നൂല്യാ മോളേ... എന്തോ കൊറച്ച് ദെവസായി ഒറക്കം ഒന്നും ശരിക്കങ്ങട് കിട്ടണില്യാ.. ഒര് പേടി പോലെ ... ഒറ്റയ്ക്ക് കെടക്കുമ്പോ ഓരോ ചിന്തകളാ... അത് മാത്രല്ലാ... നാലഞ്ച് ദെവസായി കെടക്കേല് അറിയാണ്ട് മൂത്രം പോകാനും തൊടങ്ങീര്ക്ക്ണു .... ഇനി കൊറച്ചൂടെ കഴിഞ്ഞാ.... അതാ ഞാൻ പറഞ്ഞത്..."

അയാൾ മകനെയൊന്നു നോക്കി.

ഒന്നു ദീർഘനിശ്വാസമുതിർത്ത ശേഷം മകൻ എണീറ്റു.

‘‘ അച്ഛൻ പോകാൻ തന്നെ തീരുമാനിച്ചോ ...? ’’

‘‘അതേടാ ... അതാ നല്ലത്... എത്രേം നേർത്തെയായാ ന്റെ കുട്ട്യോൾക്ക് അത്രേം ബുദ്ധിമ്മുട്ട് കൊറയോല്ലോ..’’

മകൻ എന്തൊക്കെയോ തീരുമാനിച്ചുറച്ചു.

‘‘അമ്മൂ... അപ്പൂപ്പന്റെ മര്ന്നും കൊഴമ്പും രാമായണോം ഒക്കെ എടുക്ക്’’...

( ഭാര്യയോട് ) ‘‘അച്ഛന്റെ കെടക്കേം വിരിപ്പുമെല്ലാം മടക്കിക്കെട്ട്’’

പകപ്പോടെ അവർ അയാളെ നോക്കി മടിച്ചു നിൽക്കവേ അയാൾ തന്നെ അതെല്ലാം എടുത്തു.

അച്ഛനോട് : ‘‘എണീക്ക്.. ’’

അയാൾ അതെല്ലാം സ്വന്തം ബെഡ് റൂമിൽ കൊണ്ടിട്ടു.

അമ്പരപ്പോടെ അച്ഛൻ:

‘‘എന്തേ ... എന്തിനാ ഇവ്ടെ കൊണ്ടിട്ടത്’’....!!!?

‘‘അച്ഛനിനി ഇവിടെ.... എന്റട്ത്താ കെടക്ക്ണത്..’’

‘‘മോനേ’’....!!

‘‘മിണ്ടരുത്’’ ...

അയാളുടെ ശബ്ദമുയർന്നു.

സൗമ്യനായ മകന്റെ കണ്ണുകളിൽ അതു വരെ കാണാത്ത രോഷം കണ്ടപ്പോൾ അച്ഛൻ ഭയന്നു.

‘‘ നാല്‌ദെവസം ബെഡില് മൂത്രമൊഴിച്ചൂന്നും പറഞ്ഞ് വൃദ്ധസദനം തെരഞ്ഞ് നടക്ക്ണൂ ... നാല് വയസ്സുവരെ ഞാനും ബെഡില് മൂത്രമൊഴിച്ചിരുന്നില്ലേ...?അന്നെന്തേ സദനങ്ങളും മന്ദിരങ്ങളും ഒന്നും ണ്ടായിര്ന്നില്ലേ...?’’

‘‘എടാ അച്ഛൻ പറഞ്ഞത്’’

‘‘ കേൾക്കണ്ടാ എനിക്ക് ... നാരായണനും ഭാർഗ്ഗവനും ഒക്കെ അവടെയാത്രേ... സ്വർഗ്ഗല്ലേ അവടെ ... സ്വർഗ്ഗം’’

അയാൾ കിതച്ചു.

സങ്കടം അയാളുടെ ഉള്ളിനെ ഉഴുതുമറിച്ചു.

‘‘ ഇനിക്കൊര് തെറ്റ് പറ്റി’’...

‘‘ന്റച്ഛന് വയസ്സായത് ഞാൻ കണ്ടില്യാ.. കാണാൻ ശ്രമിച്ചില്യാ ... അത് ഇന്റെ കുറ്റല്ലാ ... ( വിതുമ്പിക്കൊണ്ട് )ന്റെ അച്ഛന് പ്രായായി കാണാൻ ഇനിക്ക് പറ്റാത്തോണ്ടാ’’

olachoottukal-003

ഇനിയും അവിടെ നിന്നാൽ തന്റെ നെഞ്ച് പൊട്ടിപ്പോകുമെന്നറിഞ്ഞ് നിറകണ്ണുകൾ മറ്റുള്ളവർ കാണാതിരിക്കാൻ അയാൾ ഇറങ്ങിപ്പോയി.

ആ പോക്കു നോക്കി നിൽക്കവേ അച്ഛനും സങ്കടമൊതുക്കാൻ പാടുപെട്ടു.

‘‘ന്റെ കുട്ടിക്ക് വെഷമായോ ആവോ..?’’

അച്ഛന്റെ അടുത്തു വന്നിരുന്ന്, ചുളിവു വന്ന ആ കൈകൾ തഴുകിക്കൊണ്ട് മരുമകൾ

‘‘ അച്ഛാ... ഒര് കാര്യം ചോദിച്ചോട്ടെ...?’’

അയാൾ അവളുടെ മുഖത്തേക്കു നോക്കി.

‘‘ നന്ദേട്ടനും ഇവളും തരുന്ന സ്നേഹത്തിന് എന്തെങ്കിലും കുറവ് തോന്നിത്തുടങ്ങിയോ അച്ഛന് ..? അതോ എന്നെ ഒരു മരുമകളായിത്തന്നെ കാണാൻ തുടങ്ങിയോ...? എന്തു പറ്റി അച്ഛന് ..?’’

അവളുടെ ശിരസ്സിൽ അരുമയോടെ ഒന്നു തഴുകിയ ശേഷം അയാൾ:

‘‘ ഇല്ല കുഞ്ഞേ... നിങ്ങൾടെയൊക്കെ സ്നേഹം കൂടുതലായേ തോന്നീട്ട് ള്ളൂ അച്ഛന് ...

അതല്ല ... മനസ്സൊക്കെ പിടി വിട്ടു പോകണപോലെ തോന്നണു ചെലപ്പോ ... ആരാന്നോ എന്താന്നോ ഒന്നും അറിയ്ണില്യാ... ഓർമ്മ നഷ്ടപ്പെടണ പോലെ...’’

കൊച്ചുമകൾ അയാളുടെ കരം കവർന്നു.

‘‘ എന്റെ അപ്പൂപ്പാ... അപ്പൂപ്പനെന്തിനാ പേടിക്കണത്... അപ്പൂപ്പന്റെ ഓർമ്മക്കല്ലേ മങ്ങലൊള്ളൂ... ഞങ്ങൾക്ക് ഓർമ്മയിണ്ടല്ലോ... ഞങ്ങക്കറിയാല്ലോ ഇത് ഞങ്ങടെ അപ്പൂപ്പനാണെന്ന്... പിന്നെന്താ ...?’’

Olachoottukal

അയാളുടെ കണ്ണു നിറഞ്ഞു.

വിറയ്ക്കുന്ന കരം കൊണ്ട് അവളുടെ താടിയൊന്ന് പിടിച്ച്:

‘‘ ന്റെ നന്ദന്റെ മോള് തന്നെ...’’

മരുമകൾ:

‘‘ അച്ഛാ.. എന്തേ ഇപ്പൊ കിട്ടണതിന്റെ നലെരട്ടി ശമ്പളം കിട്ടണ കാനഡേലെ ജോലി വേണ്ടാന്ന് വെച്ച് പോന്നത് ന്ന് ചോദിച്ചപ്പോ അച്ഛന്റെ മോൻ പറഞ്ഞതെന്താന്നറിയോ...? അവടെ ശമ്പളല്ലേ കൂടുതലൊള്ളൂ... ന്റെ അച്ഛനില്യല്ലോന്ന്... ന്ന്ട്ട് ആ മോനോട് എങ്ങനെ പറയാൻ തോന്നിയച്ഛാ ഇങ്ങനെയൊക്കെ...?’’

‘‘ന്നെയിങ്ങനെ സങ്കടപ്പെട്ത്തല്ലെ കുട്ട്യേ’’...

അവന്റെ ആഗ്രഹങ്ങളൊന്നും സാധിപ്പിച്ച് കൊട്ക്കാൻ ഈ അച്ഛന് കഴിഞ്ഞിട്ടില്ലെങ്കിലും വെഷമിപ്പിച്ചി ട്ടില്യാ അവനെ ഒര് കാര്യത്തിലും ... ഇനി ഈ വാർദ്ധക്യത്തില് അച്ഛൻ അവനൊര് ബുദ്ധിമുട്ടാവണ്ടാന്ന് കര്തി പറഞ്ഞതാ... പാവാ ന്റെ കുട്ടി’’ 

പിന്നിലൂടെ അപ്പൂപ്പനെ കെട്ടിപ്പിടിച്ച ശേഷം കൊച്ചുമകൾ:- 

‘‘ അപ്പൂപ്പാ... ഈ വാർദ്ധക്യംന്ന് പറയണത് ഒര് അസുഖല്ല... അതൊരവസ്ഥയല്ലേ... കുട്ടിക്കാലത്തിലേക്കുള്ള ഒര് തിരിച്ചു പോക്ക് ... അച്ഛനേം രേവമ്മായിയേം അപ്പൂപ്പനെ ഏൽപ്പിച്ച് അമ്മൂമ്മ മരിക്കുമ്പോ അവര് രണ്ടു പേരും തീരെ ചെറിയ കുട്ട്യോളായിര്ന്നില്ലേ... അന്ന് അവരൊര് ബാധ്യതയായി തോന്നിയോ അപ്പൂപ്പന്...? എവടേങ്കിലും കൊണ്ട് ചെന്ന് കളയാൻ തോന്നിയോ...? അവരെ അച്ഛന്റേം അമ്മേടേം സ്നേഹവും ജീവനും കൊട്ത്ത് ഇത്രേം വളർത്തീലേ അപ്പൂപ്പൻ ...? ആ അപ്പൂപ്പനെ എവടേങ്കിലും കൊണ്ടോയി തള്ളാൻ ഇന്റച്ഛൻ സമ്മതിക്ക്വോ..?’’

അയാളെ ഒന്നു കൂടെ പുണർന്ന ശേഷം:

‘‘ ഞാനും ന്റെ അമ്മയും പൊന്നുപോലെ നോക്ക്വോലോ ന്റെ അപ്പൂപ്പനെ... ല്ലേ അമ്മേ...?’’  വെളിച്ചം മങ്ങിത്തുടങ്ങിയ കണ്ണുകളിൽ നിന്നും രണ്ടിറ്റു കണ്ണുനീർ അവളുടെ ഇളം കൈത്തണ്ടയിൽ വീണു നനഞ്ഞു.

Olachoottukal

‘‘ സാരംല്യേട്ടാ... എന്നേക്കാൾ ഏട്ടനറിയണതല്ലേ അച്ഛനെ ... ഏട്ടനോട്ള്ള സ്നേഹം കൊണ്ട് പറഞ്ഞതാ അച്ഛൻ ...... വെഷമിക്കണ്ട.... ’’

പൂമുഖത്തെ കസേരയിൽ ഇരുട്ടിലേക്കു നോക്കി ഉള്ളു തകർന്നിരിക്കവേ അയാളുടെ കണ്ണുകളിലെ നനവ് പിന്നിൽ വന്നു നിന്ന അവളുടെ വിരലുകൾ തൊട്ടറിഞ്ഞു.

‘‘ അമ്മ പോയ രണ്ടാം വയസ്സില് മുലപ്പാല് മതിയാകാണ്ട് കരച്ചില് തൊടങ്ങിയ ന്റെ രേവൂന്റെ കണ്ണീർച്ചാലുകൾ ഇപ്പളും കാണാം അച്ഛന്റെ തോളില് .... പക്ഷേ ഇത്രേം കാലം വരെയായിട്ട് അച്ഛനെന്നെ കരയിച്ചിട്ടില്യാ .... ഇപ്പോ ...’’

(അയാളുടെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു)

സമാധാനിപ്പിക്കാനെന്നവണ്ണം അവൾ അയാളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.

‘‘ അച്ഛന്റെ കണക്ക് പുസ്തകത്തിൽ ഒന്നുംണ്ടാവില്യാ ... ഞങ്ങളെ നോക്കിയതും വളർത്തിയതും ഒന്നും .. പക്ഷേ ഞാനതെല്ലാം എഴുതി കാണാണ്ട് പഠിച്ചു വെച്ചിട്ടുണ്ട് ... എന്തിനെന്നോ...? ഇവിടെയും ഒന്ന് വളര്ണുണ്ടല്ലോ.. പഠിപ്പിച്ചു കൊട്ക്കാൻ’’

‘‘ അച്ഛനെ പറഞ്ഞിട്ട് കാര്യം ല്യാ ഏട്ടാ.. എടുത്താ പൊങ്ങാത്ത ഭാരം ചുമലിലും തലേലും ചുമന്ന് നട്ടെല്ല് തകർത്ത സമ്പാദ്യം കൊണ്ട് മക്കളെ വളർത്തി വല്താക്കിവിട്ടിട്ട് ഒടുക്കം ഒന്നിനും വയ്യാണ്ടാകുമ്പോ ആ മക്കള് തന്നെയല്ലേ അവരെ എവടേങ്കിലും ഒക്കെ കൊണ്ട് ചെന്ന് തള്ളാറ് .’’

നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ച് അയാൾ എണീറ്റു.

സ്വയമെന്നോണം -

Olachoottukal
x-default

‘‘ ഞാനൊര് കരപറ്റുവോളം ഇരുട്ടില് വെളിച്ചം കാണിച്ച് കൂടെ വന്ന് ഒടുക്കം ഒരധീനത്തെത്തിയപ്പോ കുത്തിക്കെട്ത്തി വലിച്ചെറിയാൻ ന്റെ അച്ഛൻ ഓലച്ചൂട്ടല്ല... ന്റെ ജീവനാ... ജീവൻ ... ’’

അച്ഛനെ ഇറുകെപ്പുണർന്ന് എല്ലാം മറന്ന് മകൻ സുരക്ഷിതത്വത്തിന്റെ മാറിൽ സുഖമായി ഉറങ്ങി .. മച്ചിലേക്ക് നോക്കിക്കിടന്ന നിറം മങ്ങിയ കണ്ണിലപ്പോൾ രണ്ടു നീർമുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ആനന്ദത്തിന്റെ, സംരക്ഷണത്തിന്റെ , കിട്ടിയാലും കൊടുത്താലും തീരാത്ത സ്നേഹത്തിന്റെ നീർമുത്തുകൾ...

English Summary : Olachoottukal Story By Salim Padinhattummuri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com