ADVERTISEMENT

പെൺഹത്യ (കഥ)

ഏറത്ത് ഗ്രാമ സ്വദേശിനി അനുപമ എന്ന ഇരുപത്തിയാറുകാരി  ആരുമില്ലാത്ത സമയം സ്വവസതിയിൽ വച്ച് കൊല്ലപ്പെട്ട വാർത്ത നാട്ടിൽ വലിയ ചർച്ചാ വിഷയമായി. നാട് നടുങ്ങിത്തരിച്ച ആ കൊലപാതകത്തിന്റെ ഏഴാം നാൾ... 

ദു:ഖാർത്തനായി തീർന്ന അവളുടെ പ്രതിശ്രുത വരനായിരുന്ന വിജയകൃഷ്ണനെ ഇന്ദുബാല എന്ന യുവതി രണ്ടു പേരുടെയും ജന്മദേശമായ പിറവത്ത്  വച്ച് നേരിൽ കണ്ട് സംസാരിച്ചു. ജംഗ്ഷനടുത്തുള്ള റോഡിൽ  വച്ചായിരുന്നു കൂടിക്കാഴ്ച.

ഇന്ദുബാല സങ്കടത്തോടെ മിഴികളുയർത്തി വിജയകൃഷ്ണനെ നോക്കി ‘‘സംഭവസ്ഥലത്ത് ആൾ ഉണ്ടായിരുന്നെന്ന് വച്ച് അയാൾ തന്നെ കൊലപാതകിയാകണമെന്നുണ്ടോ? അനുപമ വിളിച്ച പ്രകാരമാ അജയൻ അന്നാ വീട്ടിൽ ചെന്നതെങ്കിലോ?’’

ഇളംതെന്നൽ വീശുന്നുണ്ടായിരുന്നു. അനുപമയുടെ കാമുകനും ബാല്യകാല കൂട്ടുകാരനുമായ അജയ കുമാറിനെ കല്യാണം ചെയ്യാൻ ഇന്ദു ബാല ആഗ്രഹിക്കുന്നുണ്ട്.

pen-hathya-02

‘‘അനൂനെ കൊന്നത് അജയനാണെന്ന് വിശ്വസിക്കാൻ ഇന്ദുവിനെന്താ ഒരു മടി?’’ ഒന്നു നിർത്തിയിട്ട് വിജയകൃഷ്ണൻ തുടർന്നു. ‘‘നടുറോഡിൽ വച്ച് അന്നവൻ എന്റെയും അനുപമയുടെയും കല്യാണം നടത്തില്ലെന്ന് വെല്ലു വിളിച്ചതിന് സാക്ഷികളുള്ളതാ. ബാല്യകാല കളിക്കൂട്ടുകാരി എന്റെ ഭാര്യയാകുന്നത് അവന് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല. ഇന്ദുവിന്റെ ഇഷ്ടം അവൻ തള്ളിപ്പറഞ്ഞത് മറന്നിട്ടില്ലല്ലോ?’’ ഇന്ദു ബാല  ശബ്ദിച്ചില്ല.

‘‘ അവന് അനുപമയോടുണ്ടായിരുന്നതു ഭ്രാന്തമായ ഒരു തരം സ്നേഹമായിരുന്നു. പാവം അനുപമ. അജയൻ അവളെ മാത്രമല്ല കൊന്നത് എന്റെ സ്വപ്നങ്ങൾ കൂടിയാ.’’ ഒന്നു നിർത്തിയിട്ട് വിജയകൃഷ്ണൻ കൂട്ടിച്ചേർത്തു. ഒരിക്കൽ ഇന്ദുവിനെ സ്നേഹിച്ചിരുന്നെങ്കിലും കണ്ട നാൾ മുതൽ അനുവായിരുന്നു പക്ഷേ എന്റെയുള്ളിൽ.

ആ സംസാരത്തിൽ ഒട്ടും ആത്മാർത്ഥതയില്ലെന്ന് ഇന്ദുവിനു തോന്നി. ഈ സ്വഭാവം ശരിക്കറിയാവുന്നതാണ ല്ലോ? തന്റെ പിറകെ കുറെക്കാലം നടന്നിട്ടുള്ളതല്ലേ? വിവാഹ വിരോധിയാണ് അജയകുമാറിന്റെ സഹോദരി അജിത. ആ കല്യാണം നടക്കാത്തതു നിമിത്തം വിഷമത്തിലും വാശിയിലും തന്റെ ജീവിതത്തിൽ നിന്ന് അജയകുമാർ കാമുകി അനുപമയെ അകറ്റി നിർത്തി. അജിത ഭർതൃമതിയായിട്ടേ ദാമ്പത്യമുള്ളൂ എന്ന് ശപഥമെടുത്തു. ആ നാട്ടിൽ വിജയകൃഷ്ണൻ അനുപമയെ വിവാഹം ആലോചിച്ചു ചെന്നു. അനുപമയുടെ വീട്ടുകാർ വിജയകൃഷ്ണനെപ്പറ്റി കൂടുതൽ അന്വേഷിക്കാതെ വിവാഹം നിശ്ചയിച്ചതാകും. അജയൻ അതിനെ എതിർത്തതും  അതാകും.

‘‘ഏതായാലും  അജയൻ അതു ചെയ്തൂന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ആ പാവത്തിന്റെ ജീവനെടുത്തയാളെ ദൈവം ശിക്ഷിക്കട്ടെ’’ ഇന്ദു ബാല പറഞ്ഞു. ഇപ്പോഴും അജയനെ ഇവൾ വിശ്വസിക്കുന്നു. വിജയകൃഷ്ണനു മനസ്സിലൊരു അസ്വസ്ഥത തോന്നി. ഇന്ദുബാല വിഷമിച്ച്  നിന്നു. അവളെ ഒന്നു നോക്കിയ ശേഷം

വിജയകൃഷ്ണൻ പതിയെ തിരിഞ്ഞ് മന്ദം മുടന്തി നീങ്ങി. 

സി ഐ ഓഫിസിൽ രാവിലെ പത്തു മണിക്കു എസ് ഐ ശ്രീനാഥ് എത്തി. സർക്കിൾ ഇൻസ്പെക്ടർ ജയഭദ്രൻ സീറ്റിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

‘‘ ശ്രീനാഥ്  എന്തായി കാര്യങ്ങൾ?’’ എസ് ഐ  ഇരുന്നപ്പോൾ സി ഐ ചോദിച്ചു.

‘‘ മാറ്റമൊന്നുമില്ല. കൊല്ലപ്പെട്ട അനുപമയുടെ അച്ഛനമ്മമാർ പറഞ്ഞതു തന്നെയാ അവിടുത്തെ നാട്ടുകാരും പറയുന്നത്. ആ കാമുകൻ അജയകുമാർ തന്നെ പ്രതി. എസ് ഐ ശ്രീനാഥ് ഒന്നു നിർത്തി. അന്ന് കൃത്യം നടന്ന വീട്ടിലെ അയാളുടെ സാന്നിദ്ധ്യം മാത്രമല്ല അനുപമയുമായി  കുറച്ചു നാൾ ഒരുപാടകന്നു നിന്നെങ്കിലും വിജയകൃഷ്ണനുമായി നിശ്ചയിച്ചുറപ്പിച്ച ആ കല്യാണത്തിന് അജയൻ എതിരായിരുന്നു. 

എന്തു വില കൊടുത്തും അത് തടയുമെന്ന് ഒരിക്കൽ വിജയകൃഷ്ണനെ അയാൾ ഭീഷണിപ്പെടുത്തിയിട്ടു മുണ്ട്’’.എസ് ഐ ശ്രീനാഥ് പറഞ്ഞു.

penhathya-003

‘‘ അനുപമയുടെ ഫോൺ കോളനുസരിച്ചാണ്  സംഭവസ്ഥലത്തെത്തിയെന്നല്ലേ അജയകുമാറിന്റെ മൊഴി. അനുപമേടെ  മൊബൈലീന്ന് ഏതാണ്ട് ആ സമയം അജയന് കോൾ പോയിട്ടുമുണ്ട്. അജയനവിടെ എത്തുന്നതിന് മുമ്പ് ഒരജ്ഞാതൻ കൃത്യം നടത്തി സ്ഥലം വിട്ടതാകുമോ?’’സി ഐ ജയഭദ്രൻ സംശയിച്ചു.

‘‘ ആ കുടുംബത്തിന് പറയത്തക്ക മറ്റു ശത്രുക്കളൊന്നുമില്ലെന്നാണ് അറിഞ്ഞത്. പിന്നെ അജയകുമാറും അനുപമയും ചെറിയ പ്രായം മുതലേ പരിചയക്കാരാ.അവൾ നഷ്ടപ്പെടുന്നതു അയാൾക്കു ചിന്തിക്കാനായി ട്ടുണ്ടാവില്ല.’’ എസ് ഐ ശ്രീനാഥ് പറഞ്ഞു.

‘‘ അജയൻ തന്നെയെന്നാണൊ ശ്രീനാഥും പറഞ്ഞെത്തുന്നത്?’’

‘‘ മാനഭംഗശ്രമത്തിനിടെ ശ്വാസം മുട്ടിയാണ് അനുപമ കൊല്ലപ്പെട്ടത്. വീട്ടിൽ അനുപമയുടെ അച്ഛനും അമ്മയും എത്തുമ്പോൾ അജയകുമാർ മരിച്ചു കിടക്കുന്ന അനുപമയ്ക്കടുത്തൂന്ന് രക്ഷപ്പെടാനൊരുങ്ങു

കയായിരുന്നു. എല്ലാം ചേർത്തു വായിക്കുമ്പോൾ സാധ്യത കൂടുതലതിനാ’’ ശ്രീനാഥ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

സി ഐ ജയഭദ്രൻ അൽപനേരം മൗനമായിരുന്നു. മാനഭംഗശ്രമം പരാജയപ്പെട്ടപ്പോൾ തലയണ മുഖത്തമർത്തിയാ പ്രതി കൊല നടത്തിയിരിക്കുന്നത്. അജയകുമാറിന്റെ പൂർവ വ്യക്തിത്വം വച്ച് അയാൾ ഇങ്ങനൊരു ഹീനകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. പക്ഷേ മൃതദേഹത്തിൽ അയാളുടെ വിരൽ സ്പർശമേറ്റിട്ടുണ്ട്.

‘‘ എനിക്കൊരു ക്ലാരിറ്റി കിട്ടുന്നില്ല. ഏതായാലും നമുക്ക് അനുപമേടെ ഭാവി വരൻ വിജയകൃഷ്ണനെപ്പറ്റി ഒരന്വേഷണം നടത്തണം. അജയകുമാർ അവരുടെ വിവാഹത്തെ എതിർക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന്’’ സി ഐ പറഞ്ഞു. എസ് ഐ ശ്രീനാഥ് ഒന്നു സംശയിച്ചു. പിന്നെ മന്ദം തല ചലിപ്പിച്ചു.

പിറ്റേന്ന് രാവിലെ പത്തു മണി പിന്നിട്ടപ്പോൾ എസ് ഐ ശ്രീനാഥും സി ഐ ജയഭദ്രനും വിജയകൃഷ്ണന്റെ വീട്ടിലെത്തി. അയാൾ രണ്ടു പേരെയും കണ്ട് ലേശം പകച്ചു. എങ്കിലും പെട്ടെന്ന് മന്ദഹസിച്ചു.

‘‘ ഇന്ദുബാല എന്ന പെൺകുട്ടിയെ അനുപമയ്ക്കു മുമ്പ് വിജയകൃഷ്ണൻ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നല്ലേ?’’ സി ഐ ജയ ഭദ്രൻ ഗൗരവത്തോടെ അയാളെ നോക്കി.

‘‘എനിക്കിഷ്ടമുണ്ടായിരുന്നു’’ വിജയകൃഷ്ണനിൽ പകപ്പേറി.

‘‘ അതായത്  ഇന്ദുബാലക്ക് ഇഷ്ടമില്ലായിരുന്നു. ആ കുട്ടി സ്നേഹിച്ചത് അജയകുമാറിനെയായിരുന്നു അല്ലേ?’’ സി ഐ ജയഭദ്രൻ വീണ്ടും ചോദിച്ചു.

‘‘ ഉം’’വിജയകൃഷ്ണൻ സമ്മതിച്ചു.

‘‘നിങ്ങൾ പിന്നീട് അജയകുമാറിന്റെ കാമുകി അനുപമയെ വിവാഹമാലോചിച്ചു. അജയകുമാറിന്റെ മനസ്സിൽ പക്ഷേ അനുപമയായിരുന്നു. നാട്ടിൽ അത്ര മതിപ്പില്ലാത്ത നിങ്ങളും അനുപമയും തമ്മിലുള്ള വിവാഹത്തെ അജയകുമാർ എതിർത്തു. ഇന്ദുബാല എന്ന ധനികയെ തന്നിൽ നിന്നകറ്റിയ അതേ വ്യക്തി വീണ്ടും ജീവിതത്തിൽ വിലങ്ങുതടിയായപ്പോൾ വിജയകൃഷ്ണന് സ്വാഭാവികമായും അജയകുമാറിനോടു പക തോന്നാം.’’

‘‘എന്താ സാർ ഉദ്ദേശിക്കുന്നത്?’’ വിജയകൃഷ്ണൻ അൽപം ഈർഷ്യയോടെ തന്നെ ചോദിച്ചു.

‘‘വൈകുന്നേരം ആറിനും ഏഴിനും ഇടയിൽ അനുപമ മരിക്കുമ്പോൾ വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല.വിജയകൃഷ്ണൻ പക്ഷേ ആ സമയം ആ നാട്ടിൽ ചെന്നിട്ടുണ്ടായിരുന്നു.’’ എസ് ഐ ശ്രീനാഥ് പറഞ്ഞു.

‘‘എനിക്കവിടെയൊരു ക്ലാസ്മേറ്റുണ്ട്’’ ധൈര്യസമേതം വിജയകൃഷ്ണൻ പറഞ്ഞു.

സി ഐ യും എസ് ഐയും സംശയത്തോടെ അയാളെ ഒന്നു നോക്കി.

‘‘എങ്കിൽ ഞങ്ങളിറങ്ങുവാ’’  സി ഐ ജയഭദ്രൻ അറിയിച്ചു. പിന്നെ ടീപ്പോയ്ക്കു താഴെ കിടന്നിരുന്ന ഒരു കാർഡ് കുനിഞ്ഞെടുത്തു. വിജയകൃഷ്ണന്റെ ഡ്രൈവിങ് ലൈസൻസ് ആയിരുന്നു അത്. ‘‘ ഇതിങ്ങനെ അലക്ഷ്യമായി ഇടരുത്’’ ഒന്നു നോക്കിയിട്ട് അത് ജയഭദ്രൻ  വിജയകൃഷ്ണനെ ഏൽപിച്ചു.ശേഷം സന്ദേഹത്തോടെ തിരിഞ്ഞു.

ഇരുവരും വൈകാതെ യാത്രയായി.

penhathya-004

രണ്ടു ദിവസം പിന്നിട്ടു.പകൽ.സിഐ ഓഫിസ്. അജയകുമാർ അവിശ്വസനീയതയോടെ സിഐ ജയഭദ്രന്റെ മുഖത്തേക്ക് കണ്ണുകളയച്ചു ‘‘എന്നു വച്ചാൽ  വിജയകൃഷ്ണൻ.... അവനാണൊ അനൂനെ കൊന്നത്?’’

‘‘അതേ.. മുറിയിൽ നിന്ന് കിട്ടിയ ചില ബ്ലഡ് സാമ്പിൾസ് തന്റെയും അനുപമേടെയും ഗ്രൂപ്പല്ല. എന്നാൽ അതു പക്ഷേ വിജയകൃഷ്ണന്റെ ഗ്രൂപ്പാ’’ സി ഐ ജയഭദ്രൻ ഒന്നു നിർത്തി. ‘‘രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അനുപമ ഏതേലും ആയുധമെടുത്ത് പ്രതിയുടെ മേൽ പ്രയോഗിച്ചിട്ടുണ്ടാവും. ആ സംഭവ ദിവസം വിജയകൃഷ്ണൻ സ്ഥലത്തുണ്ടായിരുന്നു എന്നതിന് തെളിവ് ഇന്നലെ ഞങ്ങൾക്ക് കിട്ടിയിരുന്നു. അന്ന് വീടിനുള്ളിൽ മറ്റാരെയും കണ്ടതായി അനുപമേടെ വീട്ടുകാർ പറഞ്ഞിട്ടുമില്ല.’’

അജയകുമാർ സ്തംഭിച്ചിരിക്കെ സി ഐ ജയഭദ്രൻ വിശദീകരിച്ചു ‘‘കുറച്ചു നാൾ മുമ്പ് തന്റെ മൊഴിയിൽ ഒരു പീഡനക്കേസിൽ വിജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലേ? തെളിവിന്റെ അഭാവത്തിൽ അന്ന് വെറുതെ വിട്ടെങ്കിലും തന്നോടുള്ള പക തീർക്കാൻ മനപൂർവം വിജയകൃഷ്ണൻ കൊന്നതാ അനുപമയെ. തന്നെ പ്രതിയാക്കാൻ.’’ സി ഐ ജയഭദ്രൻ ഒന്നു നിർത്തി. ‘‘ഐ ആം റിയലി റിഗ്രെറ്റ് ദ ഇൻകൺവീനിയസ് എറൈസ്ഡ്  ബിഹൈൻഡ് ദിസ് ഇൻസിഡന്റ്’’  ഖേദത്തോടെ സി ഐ ജയഭദ്രൻ  കൈയ്യുയർത്തി ആ ചുമലിൽ  തട്ടി.

അജയകുമാറിന്റെ  രണ്ട് മിഴിയും  ഈറനണിഞ്ഞിരുന്നു.

English Summary : Penhathya Story By Venugopal S