ADVERTISEMENT

ദുരിതമുഖം (കഥ)

പിറ്റേന്ന് വൈകുന്നേരം  എറണാകുളത്തെ മുറിയിൽ ഇരിക്കുകയായിരുന്നു സുനിൽ കുമാർ.വിജയകൃഷ്ണൻ കയറി വന്നു.  സഹപ്രവർത്തകനാണ്. ഇരുനിറം. മുപ്പതു വയസ്സ് പറയും. അവൻ കസേരയിൽ ഇരുന്നു.

‘‘നന്ദനയുമായുള്ള കല്യാണം  നിശ്ചയിച്ചോ നീ ?’’ സുനിലിനോടു വിജയകൃഷ്ണൻ  തിരക്കി.

‘‘ എന്റെ വീട്ടുകാരും നന്ദനയും നിർബന്ധിക്കുന്നു. ജീവിതത്തിൽ എന്റമ്മ ഒരു പാട് സങ്കടപ്പെട്ടിട്ടുള്ളതാ. ഇനി ഞാനും കൂടി വേദനിപ്പിക്കില്ല’’ സുനിൽ അറിയിച്ചു.

ഭയപ്പെട്ട വിധത്തിൽ ഗാസ്ട്രോ ഇന്റസ്റ്റെനൽ  ട്രാക്റ്റ് പെർഫെറേഷൻ ഇല്ലെന്നും  ഇറിറ്റബ്ൾ ബവൽ സിൻഡ്രോം ലക്ഷണങ്ങൾ ഉണ്ടെന്നല്ലാതെ ആന്തരിക അവയവങ്ങൾക്ക് പ്രത്യേകിച്ച് മറ്റ് കുഴപ്പമൊന്നുമില്ലെന്ന് എൻഡോസ്ക്കോപ്പി റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.

‘‘ നന്ദനയെപ്പറ്റി  നാട്ടിലൊക്കെ അത്ര നല്ല അഭിപ്രായമല്ല കേൾക്കുന്നത്’’ വിജയകൃഷ്ണന്റെ മുന്നറിയിപ്പ്.

കമ്പനിയിൽ എത്തിയ നാളുകളിൽ വിജയകൃഷ്ണന്റെ പെരുമാറ്റം അത്ര നന്നല്ലന്ന്  നന്ദന പറഞ്ഞത് പെട്ടെന്ന് സുനിലിന് ഓർമ്മ വന്നു.

‘‘ നന്ദന എന്റെ സ്കൂൾമേറ്റ് ആണ്. നന്ദനയെപ്പറ്റി  നെഗറ്റീവ് കമൻസ് എന്തേലും നാട്ടുകാരാരേലും പറയുന്നുണ്ടെങ്കിൽ അതവൾക്ക് നന്മ വരരുതെന്ന്  ആഗ്രഹിക്കുന്നവരുടെ പണിയാകും. നന്ദനേടെ  വീട്ടുകാരുടെ എതിർപ്പ് ഞാൻ കാര്യമാക്കുന്നില്ല. രജിസ്റ്റർ മാര്യേജ് ചെയ്യാനാ ഞാൻ ഉദ്ദേശിക്കുന്നത്’’

  സുനിൽകുമാർ ദൃഢസ്വരത്തിൽ പറഞ്ഞു.

പെട്ടെന്ന് വിജയകൃഷ്ണന്റെ മുഖം വിളറി. ആ വിഷയം അവർ പിന്നെ സംസാരിച്ചില്ല.

ഏഴു നാൾ പിന്നിട്ടു. റോഡ് വക്കിലൂടെ സുനിൽ സാവധാനം നടക്കവെ വെള്ള നിറമുള്ളൊരു   കാർ സമീപത്ത് വന്നു നിന്നു.

dhuritha-mukham-002

ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി. സുനിലിന് മനസ്സിലായില്ല. ചെറുപ്പക്കാരൻ മന്ദഹസിച്ചു: ‘‘ഹലോ മിസ്റ്റർ സുനിൽ .....നോ സുനിൽകുമാർ’’

സുനിലും മന്ദഹസിച്ചു: ‘‘അതേ’’

‘‘ ഐ ആം ശ്യാം മോഹൻ. വർക്കിംഗ് ഇൻ ഫിലിം ഇൻഡസ്ട്രി. എങ്ങനെയാ എനിക്ക് സുനിലിനെ പരിചയം എന്നല്ലേ ആലോചിക്കുന്നത്?’’ മന്ദസ്മിതത്തോടെ ശ്യാംമോഹൻ തിരക്കി.

‘‘ഞാൻ പരിചയപ്പെടേണ്ടേ നന്ദനേടെ പുതിയ ഭർത്താവിനെ?’’

സുനിൽകുമാർ തെല്ലമ്പരന്നു.

‘‘എനിക്ക് മനസ്സിലായില്ല’’

‘‘ ആറു മാസം എന്റെ ഭാര്യയായിരുന്നു നന്ദന’’ 

ശ്യാം മോഹൻ ഗൗരവത്തോടെ തുടർന്നു: ‘‘ എന്റെ സിനിമാ റിലേഷൻസിൽ വെറുതെ തെറ്റിദ്ധരിച്ച് രണ്ടു വർഷം മുമ്പ് അവൾ ചെന്നൈ വിട്ട് പോന്നു. തുടർന്ന് ഞങ്ങളൊരുമിച്ച് ഡിവോഴ്സ് നേടി. ഐ ആം ഷുവർ ഷി ഹാസ് സം ഡിപ്രഷൻ നൗ ആൾസോ. രജിസ്റ്റർ മാര്യേജ് ആയതു കൊണ്ട് അന്വേഷിക്കാൻ സമയം കിട്ടിയിട്ടുണ്ടാവില്ല സുനിലിന്’’

ഒന്നും മനസ്സിലാകാതെ അന്ധാളിച്ച് നോക്കി സുനിൽകുമാർ നിന്നു. കുറച്ചു നാൾ മുമ്പ് ജോലി സംബന്ധിച്ച് ചെന്നൈയിലായിരുനെന്ന് നന്ദന പറഞ്ഞത് പെട്ടെന്ന് സുനിൽ  ഓർത്തു.

‘‘ ദെൻ ഓകെ സുനിൽ. ആൾസൊ വിഷസ്  അൺഫേവറബിൾ ഇവൻസ് നത്തിംഗ് വുഡ് ഹാപ്പൻഡ് ഇൻ യുവർ ലൈഫ്’’ ശ്യാം മോഹൻ മെല്ലെ തിരിഞ്ഞ് കാറിന്റെ ഡോർ തുറന്നു. ഡ്രൈവിംഗ് സീറ്റിൽ പ്രവേശിച്ച് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

duritha-mukham-003

സുനിലിന് വിശ്വാസം വന്നില്ല. എന്തെല്ലാമാണ് കേട്ടത്? സത്യമാണോ? എങ്കിൽ നന്ദന കബളിപ്പിച്ചു. 

നന്ദനയല്ല, അവളുടെ ചിത്തഭ്രമം. ഇതാണോ കല്യാണത്തെ നന്ദനയുടെ വീട്ടുകാർ എതിർത്തത്? ശ്യാംമോഹ ന്റെ സംസാരത്തിൽ കാപട്യമൊന്നും കണ്ടെത്താനായില്ല. എന്താണ് വാസ്തവത്തിൽ സ്നേഹം? പുഞ്ചിരി വിടർത്തുന്ന സൗഹൃദത്തിന്റെയും ഒപ്പം  സാന്ത്വനിപ്പിക്കുന്ന സഹതാപ തരംഗത്തിന്റെയും മുഖം മൂടിയിട്ട നിസ്തുല കാപട്യമോ?

വിഷമം ഒളിപ്പിച്ച് എത്ര കാലം പുഞ്ചിരി തുടരണം? ഒന്നും നിലച്ചിട്ടില്ല. ജീവിതത്തിൽ   ദുരിതവും ഭയവും   ഇനിയും നിരാശയുണർത്തും.

English Summary : Durithamukham Story By Venugopal S