ADVERTISEMENT

പൊതിച്ചോറ്: ഒരു ലോക്ഡൗൺ കഥ (കഥ)

കവി ഒരു പേനയും പിടിച്ച്‌ ഇരിപ്പാണ്. മണിക്കൂറുകൾ പലതു കഴിഞ്ഞു. കവിത വന്നില്ല. കവിതയുടെ കൂടെപ്പിറപ്പായ ഭാവനയും തിരിഞ്ഞു നോക്കുന്നില്ല. ഒരു പുക വിടാമെന്നു കരുതി തപ്പിനോക്കിയപ്പോ ബീഡിക്കുറ്റിയും കാലി. പുറത്തേക്കിറങ്ങാമെന്നു വച്ചാൽചുറ്റിലും പൊലീസ് ആണ്. പെട്ടിക്കടകളൊക്കെ അടച്ചിട്ടിരിക്കുന്നു. കവി പതുക്കെ ചിതലരിച്ച ഒറ്റമുറി വീടിന്റെ കിടപ്പു മുറിയിലേക്ക് പോയി. കിടക്കുമ്പോൾ അത് കിടപ്പുമുറിയും ഇരിക്കുമ്പോൾ സ്വീകരണ മുറിയും ഉണ്ണുമ്പോ തീൻ മുറിയും എല്ലാമായി രൂപാന്തരം പ്രാപിക്കും. ആ പഴയ വാടകമുറിയിൽ എലിയും പല്ലിയും പാമ്പും പഴുതാരയുമെല്ലാമായി സഹവസിക്കുകയാണ് നമ്മുടെ കഥാനായകൻ.

 

ചിതലരിച്ച ചൂടിക്കട്ടിലിൽ കറങ്ങാത്ത ഫാനും നോക്കി അനങ്ങാതെ അങ്ങനെ കിടന്നു കവി. ഉറക്കം വന്നില്ല, അല്ലെങ്കിലും വിശപ്പെന്ന വികാരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ദേഹത്തെ കീഴടക്കിയാൽ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ കഴിയാത്ത വിധം നിർജീവ വസ്തു ആയിപ്പോകും. അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു കിടക്കവേ ആരോ വന്നു വാതിലിൽ മുട്ടി. 

പൊതിച്ചോറ്: ഒരു ലോക്ഡൗൺ കഥ (കഥ)
പൊതിച്ചോറ്

 

പൊതിച്ചോറാണ്. കമ്യൂണിറ്റി കിച്ചണിൽനിന്ന് സാമൂഹിക പ്രവർത്തകർ ആരോ വന്നു പടിക്കൽവച്ചിട്ടു പോയതാണ്. ഇനിയൊരു മനുഷ്യ ജീവിയെ എന്നു കാണുമെന്ന നെടുവീർപ്പോടെ കവി പൊതിച്ചോറെടുത്ത് പാതിരാത്രിയിലേക്ക് പകുത്തു വച്ച്. ബാക്കി പാതി ആർത്തിയോടെ അകത്താക്കി.

 

പൊതിച്ചോറ്: ഒരു ലോക്ഡൗൺ കഥ (കഥ)
പൊതിച്ചോറ്

ഭയം. ചുറ്റിലും കറുത്ത് തടിച്ച ഭീകരങ്ങളായ വൈറസുകൾ വന്നു ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നു; തൂവാലയോ മുഖാവരണമോ ഇല്ലാതെ. ആ ഭീകര വൈറസുകൾ കവിയുടെ മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും തലച്ചോറിലെത്തി കവിയുടെ ഭാവനയെയും കവിതയെയും കാർന്നു തിന്നുന്നു, പലതായി വിഭജിച്ച് കവിയുടെ കോശങ്ങളുടെ ആവരണങ്ങൾ പൊട്ടിച്ച് പുറത്തേക്ക് ചാടാൻ.... പുതിയ ഇരയെ തേടാൻ വെമ്പി നിൽക്കുന്നു. 

 

ഞെട്ടിയുണർന്നു കവി..

 

അതൊരു ദുഃസ്വപ്നം മാത്രമായിരുന്നു എന്നു മനസ്സിലാക്കാൻ ഒട്ടൊരു സമയമെടുത്തു കവി. അടച്ച മുറിക്കുള്ളിലെ ബീഡി ഗന്ധം പൊടിപടലങ്ങളുടെ അകമ്പടിയോടെ കവിയുടെ നാസാരന്ധ്രങ്ങളിലേക്കു തുളച്ചു കയറി. ഒന്നും ചെയ്യാനില്ലാത്ത ശൂന്യത കവിയെ കീഴടക്കി. നാളെ ഉച്ചയ്ക്ക് കിട്ടിയേക്കാവുന്ന പൊതിച്ചോറാണ് ജീവിക്കാനുള്ള ഏക പ്രതീക്ഷ. 

 

കവിയൊരു ദീർഘശ്വാസം എടുത്തു. ഒരു വൈറസിനും എന്നെ ഞാൻ വിട്ടു കൊടുക്കില്ല എന്ന പ്രതിജ്ഞ കവിയുടെ ഹൃദയത്തിലെവിടെയോ കിടന്നു താളം കൊട്ടി.

 

English Summary: Pothichoru Story By Ashitha Sreesadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com