ബ്യോംഗേഷ് ബക്ഷിയുടെ കുറ്റാന്വേഷണ കഥകൾ
Mail This Article
കുറ്റാന്വേഷണ കഥകൾ പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം കഥയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഉദ്വേഗമാണ്. കഥ പറയുന്ന രീതിയും അതിൽ പ്രധാനമാണ്. വേണ്ടവിധം അവതരിപ്പിച്ചില്ലെങ്കിൽ പൊളിഞ്ഞു പാളീസായി പോകുന്ന ഒരു സംഭവമാണത്. അത്രത്തോളം സൂക്ഷ്മതയോടെ കഥ പറഞ്ഞില്ലെങ്കിൽ വായനക്കാർ അതിനെ തള്ളിക്കളയും എന്നുറപ്പ്.
അങ്ങനെയുള്ള കുറ്റാന്വേഷണ നോവലുകൾ തപ്പി നടക്കുന്നതിനിടയിലാണ് ശരദിന്ദു ബന്ദോപാധ്യായയുടെ ഡിറ്റക്ടീവ് ബ്യോംഗേഷ് ബക്ഷി എന്ന പുസ്തകം കൈയിൽ കിട്ടിയത്.
അനുകൂൽ ബാബു എന്ന ഹോമിയോപ്പതി ഡോക്ടർ നടത്തുന്ന ഒരു സത്രത്തിലെ താമസക്കാരനായ അശ്വനി കുമാർ എന്നയാളുടെ കൊലപാതകത്തോടെയാണ് ആദ്യത്തെ കഥ തുടങ്ങുന്നത്.
അവിടെ താഴത്തെ നിലയിൽ ഡോക്ടറും ഒന്നാമത്തെ നിലയിലെ അഞ്ചു മുറികളിലായി അത്രയും തന്നെ താമസക്കാരും ഉണ്ട്. ഇതിനിടയിൽ അതുൽ ചന്ദ്ര മിത്ര എന്നൊരാൾ ജോലി അന്വേഷിച്ച് അലഞ്ഞ് ഒടുവിൽ അവിടുത്തെ താമസക്കാരനായ അജിത് ബാബുവിന്റെ ഉദാരമനസ്കതയാൽ അയാളുടെ മുറിയിൽ താമസിക്കാൻ തുടങ്ങുന്നു. അതിനു ശേഷമാണു അശ്വനി കുമാറിന്റെ മരണം നടക്കുന്നത്. സ്വാഭാവികമായും പൊലീസും അവിടുത്തെ താമസക്കാരും അതുലിനെ സംശയിക്കുന്നു. ഡിറ്റക്റ്റീവ് എന്നോ കുറ്റാന്വേഷകൻ എന്നോ ഉള്ള ഗൗരവ പദങ്ങൾ ഇഷ്ട്ടപ്പെടാത്ത, സത്യാന്വേഷി എന്ന പേരിലറിയപ്പെടാൻ ആഗ്രഹിക്കുന്ന ബ്യോംഗേഷ് ബക്ഷി ഈ കേസ് അന്വേഷിച്ചു രഹസ്യങ്ങളുടെ ഒരു ചുരുൾ അഴിക്കുകയാണ്.
ഷെർലക് ഹോംസ് കഥയിലേതുപോലെ കഥ പറയാൻ വാട്സനു പകരം ഇതിൽ അജിത് ആണെന്ന് മാത്രം. ഹോംസ് കഥാപാത്രത്തിന്റെ ഒരു നിഴൽ നമുക്ക് ബക്ഷിയിൽ കാണാം. കഥ പറയുന്ന രീതിയിലും അത് പ്രകടമാണ്. ആളുകളെ താല്പര്യപൂർവം വായിക്കാൻ പ്രേരിപ്പിക്കുന്നതിൽ എഴുത്തുകാരൻ അതി നിപുണനാണ്. ഇപ്പോൾ നൂറുകണക്കിന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അത്തരം സീരീസുകൾ കാണുന്ന ഒരാൾക്ക് ഇതൊക്കെ എന്ത് എന്ന് തോന്നിയേക്കാം. ഏതു സിനിമ ഇറങ്ങുമ്പോഴും ഏതെങ്കിലും കൊറിയൻ സിനിമയുടെ നൂലന്വേഷിച്ചു പോകുന്നവർക്കും ഇതൊരു സാധാരണ കുറ്റാന്വേഷണ പുസ്തകം തന്നെയായിരിക്കും.
കഥ നടക്കുന്ന കാലഘട്ടവും ഇവിടെ ഓർക്കേണ്ടതുണ്ട്. 1930 കളോ നാല്പതുകളോ ആണ് കാലം. ഈ പുസ്തകത്തിൽ ആകെ 7 കഥകളാണുള്ളത്. ആദ്യത്തെ കഥ സത്യാന്വേഷിയിലെ കഥാ സന്ദർഭമാണ് മേൽ വിവരിച്ചത്. ഗ്രാമഫോൺ സൂചി രഹസ്യം, റ്ററാൻഡുലയിലെ ചിലന്തി വിഷം, ഒരു സമ്മത പത്രം, ദുരന്തം ആഞ്ഞടിക്കുന്നു, ബ്യോംഗേഷിന് ഒരു അപരൻ, അപൂർണ്ണ ചിത്രങ്ങൾ എന്നിവയാണ് മറ്റു കഥകൾ. സൂക്ഷ്മ വായനയിൽ കേസന്വേഷണത്തിൽ ബക്ഷിയുടെ ചെറിയ അബദ്ധങ്ങളും നമ്മുടെ കണ്ണിൽ പെടും. ഉദാഹരണത്തിന് സമ്മത പത്രം എന്ന കഥയിലെ കൊലപാതകം അന്വേഷിക്കുന്ന സമയത്തു ക്രൈം സീനിലെ ചായഗ്ലാസ്സിലെ ചായ എടുത്തു രുചിച്ചു നോക്കുന്നുണ്ട് കക്ഷി. മരണകാരണം വിഷമാണോ അതോ സൂചികുത്താണോ എന്നൊന്നും ഉറപ്പിക്കുന്നതിനും മുമ്പേയാണ് ഈ സാഹസം എന്നോർക്കണം. പക്ഷേ അതൊന്നും ബക്ഷിയുടെ അന്വേഷണ പാടവത്തെയോ കഥപറച്ചിലിന്റെ ഒഴുക്കിനെയോ ഒരിടത്തും ബാധിക്കുന്നില്ല.
ബസു ചാറ്റർജി സംവിധാനം ചെയ്ത ദൂരദർശൻ സീരിയലിലൂടെ 1993 ൽ ബ്യോംഗേഷ് നമുക്കു മുന്നിലെത്തിയിരുന്നു. അന്ന് പക്ഷേ ചന്ദ്രകാന്ത പോലെയുള്ള സീരിയലുകളിൽ ആയിരുന്നു ശ്രദ്ധ. ടിവിയിൽ വന്നപ്പോൾ ഒരു എപ്പിസോഡ് പോലും കണ്ടതായി ഓർക്കുന്നില്ല. ഈയിടെ അതിന്റെ പല എപ്പിസോഡുകളും തപ്പിയെടുത്തു വച്ചിട്ടുണ്ട് കാണാൻ! കുറച്ചു നാൾ മുൻപ് അതേപേരിൽ ഹിന്ദി സിനിമയും ഇറങ്ങിയല്ലോ. ശരദിന്ദു ബന്ദോപാധ്യായയുടെ 30 കഥകളുടെയും പകർപ്പ് അവകാശങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ് സംവിധായകൻ ദിബാകർ ബാനർജി പറയുന്നത്. അപ്പോൾ നമുക്ക് ഇനിയും അത്തരം സിനിമകൾ പ്രതീക്ഷിക്കാം.
1932 ൽ സത്യാന്വേഷി എന്ന ചെറുകഥയിലാണ് ബ്യോംഗേഷ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അടുത്ത 38 വർഷത്തിനിടയിൽ ശരദിന്ദു ബന്ദോപാധ്യായ 32 കഥകൾ കൂടി എഴുതിയിട്ടുണ്ട്. നിർഭാഗ്യവശാൽ, അവസാനത്തേത് പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു. മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ഡോ :ജയിംസ് പോൾ ആണ്. പുസ്തകം ഇറക്കിയിരിക്കുന്നത് ഇൻസൈറ്റ് പബ്ലിക്ക. വില 330 രൂപ
English Summary: Detective Byomkesh Bakshi