എന്താണെന്ന് അറിയില്ല, ‘ലൗ സീൻ’ വന്നാൽ ഞങ്ങളുടെ വീട്ടിലെ ടിവി അകാരണമായി ഒാഫാകുമായിരുന്നു !
Mail This Article
റോക്കറ്റ് പോലെ പോയ ബാല്യം (കഥ)
ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂറുകളിൽ ടീവിയിൽ സിനിമ കണ്ടു തുടങ്ങുന്ന കാലം. റഹ്മാൻ രോഹിണിക്ക് ഒരു പൂവ് കൊടുത്തു. എനിക്കത് ഏതോ ചേട്ടൻ ഏതോ ചേച്ചിക്ക് ഒരു റോസാപ്പൂ കൊടുക്കുന്നു. നല്ല ചുവന്ന റോസാപ്പൂ. അങ്ങനെ ഒരു പൂവ് കിട്ടിയാൽ അതുവച്ച് എന്തു ചെയ്യണം എന്നറിയില്ലെങ്കിലും ഒരു പൂവ് എനിക്കും കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹം തോന്നിയപ്പോഴേക്കും 'അമ്മ വന്ന് ടിവി ഓഫ് ചെയ്തു. (അന്ന് അങ്ങനെ മാറ്റി കളിക്കാൻ അധികം ചാനലുമില്ല, മാറ്റണമെങ്കിൽ ടിവിയിലെ ബട്ടൺ അമർത്തണം. റിമോട്ട് കൺട്രോൾ അല്ല). ‘വെളിയിൽ പോയി കളിക്കു പിള്ളേരെ’ എന്നൊരു വാചകവും ചേർത്തു. റോസാപ്പൂ ഈ കാണുന്നത് പോലെയല്ല, അറപ്പുളവാക്കേണ്ടുന്ന ഒരു വസ്തു ആണോയെന്ന് ഞാൻ സംശയിച്ചു എന്നത് വാസ്തവം.
കുറച്ചു കാലം പിന്നിട്ടു. ഇടയ്ക്കൊക്കെ എന്റെ മുന്നിലെ ടിവി അകാരണമായി ഓഫ് ആയിക്കൊണ്ടിരുന്നു. വീട്ടിലെ ടിവി റിമോട്ട് ഉള്ളതായി മാറ്റപ്പെട്ടു. ഒപ്പം നാലഞ്ചു മലയാളം ചാനലുകളും വന്നു. പക്ഷേ മോഹൻലാലും ശോഭനയും കൂടി ആദ്യരാത്രി മുറിയിൽ കയറാനൊരുങ്ങിയാൽ അപ്പോൾ ചാനൽ മാറും. ജയറാമും ഉർവശിയും കൂടി കട്ടിലിനരികിൽ എത്തിയാലും ചാനൽ മാറും. എന്തുകൊണ്ടെന്നറിയില്ല.
അങ്ങനെ ടിവി ഓഫ് ആകുകയും ചാനൽ മാറുകയും ചെയ്തത് കൊണ്ടാകാം, അത് ഓൺ ആയിരുന്നെങ്കിലെന്ത് സംഭവിക്കുമായിരുന്നു, ചാനൽ മാറിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയത്. അറിയാനുള്ള ജിജ്ഞാസ വളർന്നു കൊണ്ടിരുന്നു.
ഒരു പെൺകുട്ടിയായി പിറന്നതുകൊണ്ടു ഹൈസ്കൂൾ ഒക്കെ ആയപ്പോഴേക്കും ഏകദേശം കാര്യങ്ങളുടെ രൂപം കിട്ടിയെങ്കിലും ആ കണ്ട സിനിമയിലെ നിഷിദ്ധമായ തുടർ സീനുകൾ പിന്നീട് കാണുമ്പോളെല്ലാം അറിയാതെ ചുറ്റും നോക്കിപ്പോകും, ആരെങ്കിലും കാണുന്നുണ്ടോയെന്ന്.
കുറച്ചു നാളുകൾ കൂടി കഴിഞ്ഞപ്പോൾ ചാനൽ മാറ്റാൻ ആരും വന്നില്ലെങ്കിലും അന്നത്തെ ക്യാമറാമാന് പെട്ടെന്ന് കഴുത്തുളുക്കിയ പോലെ ക്യാമറ ആകാശത്തേക്ക് തിരിയും. അല്ലെങ്കിൽ ഡയറക്ടർക്ക് ആ നിമിഷം സുമലതയിലും സുന്ദരി ഏതെങ്കിലും മരച്ചില്ലയിൽ ഒരുമിച്ചിരിക്കുന്ന രണ്ടു കുരുവികളായി തോന്നും. ഈ ആകാശവും കുരുവിയും ഒക്കെ കാണാതെ ഇരിക്കാനാണോ പാവം എന്റെ 'അമ്മ ചാനൽ മാറ്റിയിരുന്നത്?
സർഗാത്മകമായ ഭാവനയാണ് എന്ന് മനസ്സിലാക്കാൻ ഉള്ള വിവരം അന്നെനിക്കില്ലായിരുന്നു. (ഞാൻ ഒരു ഇംഗ്ലിഷ് സിനിമാ പ്രേമി അല്ലായിരുന്നു). കുരുവിയാണോ മുട്ടയാണോ ആദ്യം ജനിച്ചത് എന്ന് പറയുന്നപോലെ ഞാൻ ആണോ എന്റെ ഈ ശീലങ്ങളാണോ ആദ്യം ഉണ്ടായതെന്നറിയില്ല. അതുകൊണ്ടു തന്നെ പാശ്ചാത്യ അഭിവൃദ്ധിയുടെ ഫലമായ മാനസിക പരിഷ്‌കൃതി കൈവരിച്ചു എന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്ന കമിതാക്കളെ റോഡരികിൽ ഉമ്മ വെച്ചിരിക്കുന്നത് കണ്ടാൽ വണ്ടി ഓടിക്കുകയാണെങ്കിൽ പോലും അറിയാതെ ചെറുതായൊന്നു ബ്രേക്ക് പിടിച്ച ‘എന്റമ്മോ’ എന്ന് പറഞ്ഞു നോക്കി പോകും. അല്ല. വേറൊന്നുമില്ല. വെറുതെ ഒന്ന് നോക്കും. അടുത്ത നിമിഷത്തിൽ തന്നെ എന്നെ ഓവർടേക്ക് ചെയ്യുന്ന കാറിന്റെ പിന്നിൽ ഇക്കണോമിക് ടൈംസ് വായിച്ചിരിക്കുന്നു എന്ന് ഭാവിക്കുന്ന ചേട്ടൻ ഞാൻ അവരെ നോക്കുന്നത് കണ്ടില്ലല്ലോയെന്ന് ഉറപ്പുവരുത്തും. മറ്റേ സ്റ്റാറ്റസ് പ്രശ്നം, സത്യം.
അങ്ങനെയിരിക്കെ എന്റെ മൂന്ന് വയസ്സുകാരി മകൾ ഒരു ദിവസം പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന എന്നോട് വന്ന്,‘അമ്മേ, ഞാൻ ഒരു ഉമ്മ തരട്ടെ?’ എന്ന് ചോദിച്ചു. എന്നിട്ടു എന്റെ രണ്ടു കവിളിലും ഓരോ ഉമ്മ തന്നു. ആഹാ. ഇതൊക്കെ അച്ഛനമ്മമാർ ആകുന്നതിന്റെ ആനുകൂല്യങ്ങളാണ് എന്നെനിക്കു തോന്നി. എന്റെ മുഖത്തെ ചിരി കണ്ടിട്ടാണോ എന്നറിയില്ല അവൾ എന്റെ മുഖത്ത് ഒരു ഉമ്മ കൂടി വെച്ചു.
ഇതെന്താ? ഇതെന്റെ ചിന്തയുടെ പ്രശ്നമാണോ? ഞാൻ ഈ പാവം കുഞ്ഞിനെ തെറ്റിദ്ധരിക്കുകയല്ലേ? ഞാൻ അവിടെ ഓൺ ആയിരുന്ന ടിവിയിൽ ശ്രദ്ധിച്ചു. ‘മിഴിയിൽ നിന്നും മിഴിയിലേക്കു....’ എന്തിനാ വെറുതെ ഒരു റിസ്ക്.
യുഗങ്ങൾ പഴക്കമുള്ള ആ അമ്പ് ഞാനും എയ്തു. ‘പുറത്തു പോയി കളിക്കു മോളെ’ ഉടനെ ഒരു പെനാൽറ്റി കിട്ടിയ സന്തോഷത്തിൽ അവൾ, ‘അതിനു പുറത്തൊക്കെ കൊറോണയല്ലേ അമ്മേ!’ സെൽഫ് ഗോളടിച്ച റൊണാൾഡോയുടെ പ്രതീതിയായിരുന്നു എനിക്ക്.
ഞാൻ എന്റെ മകളിൽ പരീക്ഷണങ്ങൾ നടത്തേണ്ടല്ലോ. ചാനൽ മാറ്റിയേക്കാം. മാറ്റി.ഷാഹിദ് കപൂറും ഏതോ പെണ്ണും. ഈ ക്യാമറാമാന്റെ കഴുത്ത് ഉളുക്കാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല. വീണ്ടും ചാനൽ മാറ്റി. വിജയ് ദേവരകൊണ്ട. മഴയും കാറ്റുമൊക്കെ. വലിയ പരുക്കുണ്ടാവില്ലയെന്ന് ഞാൻ പ്രതീക്ഷിച്ചു. പാട്ടിന്റെ വോള്യം കൂടി. ‘മധുപോലെ പെയ്‌ത മഴയെ...’ ബാക്കി പച്ചക്കറി അരിയാനായി വന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ അവൾ വന്നു ചോദിച്ചു, ‘അമ്മേ, അമ്മക്ക് അച്ഛന്റെ ടി-ഷിർട്ടിൽ കയറണോ?’
ഞാൻ കാണാത്ത എന്റെ ബാല്യം! എന്താണ് പറയേണ്ടതെന്ന് ഞാൻ ഒരു നിമിഷത്തേക്ക് മറന്നു പോയി. ‘ഓൾ ദി ബെസ്റ് ’ ആണോ അതോ ‘നന്ദി, വീണ്ടും വരിക’ ? ഏയ്, അതല്ലല്ലോ. ‘നമസ്കാരം’ അല്ലെങ്കിൽ‘ഹാപ്പി ബർത്തഡേ റ്റു യൂ’? അതുമല്ലെങ്കിൽ മിണ്ടാതെ ഇരുന്നാലോ.. പോയി രണ്ടു ഉരുളക്കിഴങ്ങു വേവിച്ചാലോ... ശ്രീഹരിക്കോട്ടയിലേക്കുള്ള വഴി അറിയാമായിരുന്നെങ്കിൽ പോയി വല്ല റോക്കറ്റിലും കേറി ഇരിക്കാമായിരുന്നു.
‘ഓക്കേ മോളെ, നമ്മൾക്ക് പെപ്പ പിഗ് കാണാം.’ പന്നികളാണെങ്കിലെന്താ, പരുക്കില്ലല്ലോ.....‘യെസ്....’ എന്റെ മനസ്സ് മാറി കാർട്ടൂൺ വെച്ച് കൊടുത്ത സന്തോഷം അവൾക്കും.....
English Summary : Rocket Pole Poya Balyam - Malayalam Short Story by Sreeja Sasidharan