ADVERTISEMENT

എന്റെ ഒരു രാത്രി (കഥ)

ഇന്നലെ വൈകിട്ട് മഴയായിരുന്നു... ഇരുട്ടിയാലും വേണ്ടില്ല കുട്ടികളോടൊപ്പം മഴയിൽ കുറെ ഓടിക്കളിച്ചു..... 

കുളികഴിഞ്ഞ് പുറത്ത് വന്നിരുന്ന് കുറെ ചിന്തിച്ചു കൂട്ടി...

അത്താഴം കഴിച്ച് കിടക്കുന്നതിന് മുൻപ് പഴയ ആൽബങ്ങളെല്ലാം എടുത്തു നോക്കി. കൂടുതലും എൺപതുകളിലെ ഫോട്ടോസിലാണ് കണ്ണുടക്കിയത്.... മഴ കഴിഞ്ഞെങ്കിലും മിന്നൽ ഉണ്ട് .

 

പുറത്ത് പ്രകൃതി മഴയിൽ തണുത്തിരുന്നെങ്കിലും വീടിനുള്ളിലും എന്നിലും ഉഷ്ണം തന്നെയായിരുന്നു. സമയം പതിനൊന്നായി... കുട്ടികളുമായി മുകളിലെ മുറിയിലേക്കു നടന്നു. ജനവാതിലുകളെല്ലാം തുറന്നിട്ടു. കിടക്കാറായപ്പോൾ എന്തോ ഉറക്കം വരുന്നില്ല.

 

വാതിൽ തുറന്ന് മുകളിലെ സിറ്റൗട്ടിൽ ലൈറ്റിടാതെ ഇരുന്നു. മഴ മാറി പോയതിന്റെ ശാന്തതയും ചെറിയ തണുപ്പും പുറത്തുണ്ട്. പെട്ടെന്ന് കുട്ടികൾ മൂന്ന് പേരും പുറത്തേക്ക് വന്ന് പറഞ്ഞു ഞങ്ങൾക്കും ഉറക്കം വരുന്നില്ലാന്ന്. എന്നാൽ ഇവിടെയാരുന്നോളാൻ പറഞ്ഞു...

 

പുറത്ത് തെങ്ങിൻ തലപ്പിലും, മാവിൻ ചില്ലകളിലും ഇരുട്ടത്ത് മിന്നാമിനുങ്ങളെ ഞാൻ കണ്ടുതുടങ്ങിയെങ്കിലും കുട്ടികളോട് പറഞ്ഞില്ല... അവർ അവരുടെതായ ഇരുട്ടിലെ വർത്തമാനങ്ങൾ കഴിഞ്ഞപ്പോൾ അവരും നിശബ്ദരായി....

 

പെട്ടെന്ന് ആറാം ക്ലാസുകാരൻ മൂത്തവൻ എഴുന്നേറ്റ് നിന്ന് ആശ്ചര്യത്തോടെ പറഞ്ഞു... അപ്പാ, നോക്യേ തെങ്ങിൻ മണ്ടേലും മാവുമ്മേലും... ഒക്കെ മിന്നാമിന്നികള്. അതു കേട്ട വഴിക്ക് രണ്ടാം ക്ലാസുകാരനും, എൽ കെ ജി കാരിയും.... ആശ്ചര്യത്തോടെ അത് നോക്കി നിന്നു. സമയം പന്ത്രണ്ടാവാറായി.... മൂത്തവൻ കൂടുതൽ കാര്യങ്ങൾ മിന്നാമിനുങ്ങിനക്കുറിച്ച് തിരക്കിത്തുടങ്ങി.....

 

ഞാൻ പറഞ്ഞു കൊണ്ടുമിരുന്നു... മഴ പെട്ടെന്നു പെയ്യുമ്പോൾ മണ്ണിലെ ചിതൽപുറ്റ് പോലുള്ള മാളങ്ങളിൽ നിന്നും ഇവ മുകളിലേക്ക് പറന്നുയരും. ഇവക്ക് ഒരു ദിവസമൊക്കെയെ ആയുസുണ്ടാവു എന്നൊക്കെ... പിന്നെ കലാഭവൻ മണിയുടെ പാട്ട് ചെറുതായി മൂളിയിട്ട് പറഞ്ഞു.....

 

മുൻപ് മരിച്ചു പോയ നമ്മുടെ കാരണവൻമാരുടെ ആത്മാക്കളാണെന്ന് അപ്പന്റെ ചെറുപ്പത്തിലും വലിയവർ പറഞ്ഞ് കേട്ടിട്ടുണ്ട്. അപ്പോളേക്കും  കുട്ടികളല്ലാം വളരെ സൈലന്റായി... റൂമിലേക്ക് കടന്ന് വാതിലടച്ചു കിടന്നു...

 

ഒന്നും മനസ്സിലായില്ലങ്കിലും ചെറിയവൾക്ക് സീൻ ശരിയല്ലാന്നു മനസ്സിലായി.... കിടന്നതും നെഞ്ചത്ത് കയറികിടന്ന് അവൾ സേഫ് സോണാക്കി... ഉറങ്ങി. രണ്ടാമത്തവൻ അരികിൽ ചേർന്നു കിടന്നു... പെട്ടെന്ന് തന്നെ അവനും അവൻ്റെ സ്കൂട്ടർ സ്റ്റാർട്ടാക്കി.. മൂത്തവൻ പുതപ്പു മൂടി കട്ടിലിനറ്റത്ത് ജനാലക്കരുകിൽ കിടന്നു.. എല്ലാവരും ... ചെറുതായി ഉറക്കത്തിലേക്ക്..... 

 

മൂത്തവൻ വീണ്ടും വിളിച്ചു.... അപ്പാ... ഞാൻ എന്തേന്നു ചോദിച്ചു..... അവൻ പറഞ്ഞു പുറത്ത് മുറ്റത്ത് വളൂർ മാവിന്റെ മുകളിലും കുറെ മിന്നാമിന്നിയുണ്ടെന്ന്. അവൻ പുതപ്പു മുഴുവൻ മൂടിയാലും പുതപ്പിനു ഒരു ഭാഗത്തു കൂടെ ദ്വാരമുണ്ടാക്കി ജനാലയിലൂടെ ആ മിന്നാമിന്നിയെ നോക്കി കിടക്കുകയാരുന്നു..... 

 

വീണ്ടും വിളിച്ചു അപ്പാ..... എന്തേ അഭിയേ,.... ഉറങ്ങടാന്ന് ഞാനും പറഞ്ഞു.... അപ്പോ അവൻ ചോദിച്ചു.. ഏതാ അപ്പാ ശരി? അത് ആത്മാക്കളാണോ ... അതോ മണ്ണിന്ന് വരുന്ന ജീവിയോ? നീ കണ്ണടച്ച് ഉറങ്ങടാ... ആത്മാക്കളാണന്ന് നമുക്ക് മരിച്ചു പോയ അവരോട് സ്നേഹമുണ്ടാർന്നത് കൊണ്ട് നമ്മൾ അങ്ങനെ ചിന്തിക്കുന്നതാ. പിന്നെ അങ്ങനെയുള്ള ചിന്തകളാണ് മോനെ നമ്മളെ നല്ലവരാക്കി മുൻപോട്ട് കൊണ്ട് പോകുന്നത്. അവര് നമ്മളെ ഒന്നും ചെയ്യില്ല... നമ്മുടെ നല്ലതിനു വേണ്ടിയേ അവർ കൂടെ നില്ക്കൂ..... പിന്നെന്തിനാ നമ്മള് പേടിക്കുന്നത് നമുക്ക് സുഖമായി ഉറങ്ങാം.

 

എന്തോ.... അപ്പോൾ ഞാൻ അവനോട് പറഞ്ഞു. ഇന്ന് എന്തായാലും ഒരു മിന്നാമിനി മ്മടെ റൂമിൽ വരും എന്ന് അപ്പന് തോന്നുന്നുണ്ട്

.... അപ്പൻ വെറുതെ പറയാന്ന് പറഞ്ഞ് ഞങ്ങൾ ഉറക്കത്തിലേക്ക് വീണു... പിന്നെ .... എന്നെ ആരോ ശക്തമായി തട്ടി വിളിക്കുന്നു ... സ്വപ്നമാണെന്നു തോന്നിയെങ്കിലും കണ്ണ് തുറന്നപ്പോൾ മൂത്തവൻ ആണ്,... അപ്പാ റൂമില് മിന്നാമിന്നി വന്നൂട്ടാ... ദേ അവിടെ അലമാരിക്ക് മുകളിൽ.....

 

ശരീ ട .സമയം നോക്കി മൂന്നു മണി അങ്ങനെ  അവൻ വീണ്ടും ഉറക്കത്തിലേക്കും.... ഞാനാണെങ്കിൽ  ആ മാന്നാമിന്നിയെയും നോക്കി ഉറക്കം കളഞ്ഞുകൊണ്ടിരുന്നു.

 

എന്തോ... എനിക്കു   എന്നോട്  തന്നെ കുറെ ചോദ്യങ്ങളായി..... അവസാനം ഞാനതിനെ സ്നേഹത്തോടെ എടുത്ത് ജനാലയിലൂടെ പുറത്തേക്ക് പറത്തി വിട്ട് കുറെ നേരം നോക്കി നിന്നു. പുലർച്ചെ ആയിരിക്കുന്നു... പ്രഭാത സവാരിക്ക് സൈക്കിളെടുത്ത് ഈ ഉണ്ടായ കാര്യങ്ങളോർത്ത് എവിടെക്കിന്നില്ലാതെ എങ്ങോട്ടോ ചവിട്ടി..... എവിടെയോ വെച്ച് നിർത്തി കിലോമീറ്റർ നോക്കി .... 35 കിലോമീറ്ററായി..... ഒരു ആളൊഴിഞ്ഞ പാടത്ത് എത്തി നില്ക്കുന്നു ഞാൻ അന്നേരം ....

 

എന്തോ ഇന്നത്തെ 35 കിലോമീറ്ററിന് ഒരു 350 കിലോമീറ്ററിന്റെ ഫീലുണ്ട്... പെട്ടെന്ന് സൈക്കിൾ വെച്ച് ഒരു പിക്ക് എടുത്ത് തിരിച്ചു..... ഇനി വീണ്ടും എന്റെ ലക്ഷ്യങ്ങളിലേക്കും, കടമകളിലേക്കും എത്രയും പെട്ടെന്ന് എനിക്ക് ചെന്നെത്തേണ്ടതുണ്ട്.

 

English Summary: Ente oru rathri, Malayalam short story by Rony Pulikkodan