ADVERTISEMENT

എഴുതാതെ വയ്യ ഈ നൊമ്പരം (കഥ) 

തണുത്ത കാറ്റിൽ ആ സന്ധ്യ ചെറുതായി കുളിർന്നു തുടങ്ങിയിരുന്നു. പതിവിലും നേരത്തെ അത്താഴം കഴിഞ്ഞു മെസ്സ് ഹാളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ, നേരത്തേ മുറിയിൽ കയറി അടച്ചിരിക്കുന്നതിന്റെ മുഷിച്ചിൽ മാറ്റാനായി, സഹപ്രവർത്തകനായ അജിത്തിനോടൊപ്പം, താമസ സ്ഥലത്തിന്റെ, തെക്കുമുതൽ വടക്കു വരെ നീളത്തിൽ ഉള്ള എന്നാൽ വീതിയേറിയതുമായ ആ കോൺക്രീറ്റ് പാതയിലൂടെ, വെറുതെ നടക്കുവാൻ തീരുമാനിച്ചു. 

 

വിവാഹ നിശ്ചയം കഴിഞ്ഞ ആ യുവ എൻജിനീയർക്കു, പ്രിയതമയുമായുള്ള ചാറ്റിങ് അത്യാവശ്യമായിരുന്നതിനാൽ, അല്പം മടിയോടെ ആണെങ്കിലും, എന്നോടൊപ്പം നടക്കാൻ കൂടി. 

 

അങ്ങനെ ഏഴു വയസ്സുള്ള എന്റെ മകളുടെയും ഇരുപത്തിയൊന്ന് മാസം പ്രായമായ എന്റെ മകന്റെയും എന്റെ ഭാര്യയുടെയും വിശേഷങ്ങളും നാട്ടു വർത്തമാനങ്ങളും ഒക്കെ ആയി, ആ കോൺക്രീറ്റ് പാതയുടെ ഒരറ്റം പിന്നിട്ടു തിരികെ വരുമ്പോൾ വലതു വശത്തുള്ള വിശാലമായ പുൽതകിടിക്കരികിൽ, ഞങ്ങളോടെന്തോ പറയാനുള്ളതുപോലെ, ഞങ്ങളെ പ്രതീക്ഷിച്ചിട്ടു നിൽക്കുന്നത് പോലെ, ശാന്തപ്പയെ കണ്ടത്. 

 

ചിലപ്പോൾ ഞങ്ങൾ നടന്നു പോകുന്നത് അവൻ കണ്ടിരിക്കാം.... 

അപ്പോഴാണ് ഞാൻ ഓർത്ത്.... അവൻ ഇന്ന് ജോലിക്കു വന്നിട്ടുണ്ടായിരുന്നില്ല .... 

 

ശാന്തപ്പ. വയസ്സ്-27. ഞങ്ങളോടൊപ്പം ഹെൽപ്പർ ആയി 800 ദിർഹം ശമ്പളത്തിൽ ജോലി ചെയ്യുന്ന കർണാടകക്കാരൻ. മുടക്കം കൂടാതെ ജോലിക്കു വന്നിരുന്ന അവൻ എന്തായിരിക്കും അവധി എടുത്തത് എന്നറിയാൻ അല്പം ഗൗരവത്തിൽ ഞാൻ അവനോട് കാരണം തിരക്കി. 

 

വഴിവിളക്കിന്റെയും നിറനിലാവിന്റെയും വെളിച്ചത്തിൽ, എനിക്ക് അവന്റെ മുഖത്തെ ദൈന്യത കാണാമായിരുന്നു ...!

ഒരു നോട്ടം, എന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയിട്ട്, അവന്റെ കണ്ണുകൾ താഴെ പുൽതകിടിയിലേക്കും, ചുറ്റിനും, എങ്ങോട്ടെന്നില്ലാതെയും, ഒടുവിൽ ആകാശത്തേക്കും നോക്കി അങ്ങ് നിന്നു. 

 

അവന്റെ ചുണ്ടിൽ നിന്നും വാക്കുകൾ പുറത്തേക്കു വരാതെ, വിറയലോടെ ഒരു വിതുമ്പൽ മാത്രം വന്നു.

 

എന്തോ ഗൗരവതരമായ പ്രശ്നം അവനുണ്ടെന്നു മനസ്സിലാക്കിയ ഞാൻ അവനോട് സ്നേഹപൂർവ്വം കാര്യം അന്വേഷിച്ചു.

ശ്വാസം നീട്ടിയെടുത്തു, പണിപ്പെട്ടു വിതുമ്പൽ അടക്കി, അവൻ ഹിന്ദിയിൽ ഇങ്ങനെ പറഞ്ഞു. 

 

‘‘മേരാ ബേട്ടാ .. മർ ഗയാ ... തീൻ സാൽ കാ.... മേരാ ബേട്ടാ മർഗയാ സാബ് ....!’’

‘‘എന്റെ മകൻ ...മരിച്ചു പോയി .... മൂന്നു വയസ്സുള്ള .... എന്റെ മകൻ മരിച്ചു പോയി സാബ് .....!’’

 

മുള ചീന്തു പോലെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു...!

ആ തണുത്ത കാറ്റിൽ അവന്റെ കണ്ണുനീർ തുള്ളികൾ ഉറഞ്ഞു പോയിരുന്നോ...?  

എന്തോ ...... അവൻ കരഞ്ഞിരുന്നില്ല ....! അതെന്നെ വല്ലാതെ ഭയപ്പെടുത്തി.

 

ആ കുഞ്ഞിന്റെ മരണം എപ്പോഴായിരുന്നു...? എങ്ങനെ ആയിരുന്നു ....? എന്നുള്ള എന്റെ ചോദ്യങ്ങൾക്കുള്ള, അവന്റെ ഉത്തരമായിരുന്നു എന്നെ ഏറെ നൊമ്പരപ്പെടുത്തിയത്.

 

അഞ്ചു ദിവസത്തിന് മുൻപ് അവൻ നാട്ടിലേക്ക് വിളിച്ചപ്പോൾ, കുഞ്ഞിന് പനിയാണെന്നും, മരുന്ന് കൊടുക്കുന്നുണ്ടെന്നും, അവന്റെ ഭാര്യ അവനെ അറിയിച്ചിരുന്നു... എന്നാൽ അസുഖം മൂർച്ഛിച്ചു കുഞ്ഞിനെ നഗരത്തിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു ദിവസങ്ങൾക്കു മുൻപ് കുഞ്ഞു മരിച്ചെന്ന് അവന്റെ അനുജൻ അവനെ ഫോണിൽ വിളിച്ചു പറയുകയായിരുന്നുവത്രേ...!

 

ശവസംസ്കാരത്തിനു ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിന്റെ മരണ വാർത്ത, പ്രവാസിയായ ആ പിതാവ് അറിഞ്ഞത്... അല്ലെങ്കിൽ അറിയിച്ചത്! രാവിലെ ജോലിക്കു പോകാൻ തയ്യാറായി വരുമ്പോഴാണ് അവൻ ആ വാർത്ത അറിഞ്ഞത്.

 

ജലപാനം പോലും ചെയ്യാതെ, ആരോടും ഒന്നും പങ്കുവെക്കാതെ, കൂടെപ്പിറപ്പുകളും കൂടെക്കൂടിയവളും കൂട്ടുകാരും കൂടെയില്ലാത്ത ആ പാവം മനുഷ്യൻ സ്വന്തം കുഞ്ഞിന്റെ വിയോഗത്തിൽ മനം തകർന്നു, എന്നാൽ, എന്തിനോടോ ഒക്കെയുള്ള അമർഷവും, നിസ്സഹായതയും ഒക്കെ കലർന്ന ഒരു ഭാവത്തിൽ അവൻ അങ്ങനെ ആകാശത്തേക്ക് നോക്കി നിന്നു.

എന്ത് പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ ഞാനും അജിത്തും സ്തബ്ധരായി നിന്നു.

 

എന്തായിരുന്നിരിക്കും ആ പ്രവാസി ആയ അച്ഛന്റെ മനസ്സിലെ വികാരവിചാരങ്ങൾ ...?

 

സ്വന്തം മകൻ മരിച്ചിട്ടും, അതറിയാതെ കടന്നു പോയ മൂന്നു ദിനരാത്രങ്ങൾ!

ആ അച്ഛൻ എന്തൊക്കെ സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകും...?

ജന്മങ്ങൾ തമ്മിൽ ഒരു കണ്ണിയിൽ കോർത്തതുപോലെ ജന്മബന്ധമുള്ളപ്പോൾ, ഈ ഭൂമിയിൽ നിന്നും ആ കുഞ്ഞു ജീവന്റെ അവസാനശ്വാസം നിലച്ചപ്പോൾ, ഈ അച്ഛന്റെ ഉള്ളിലെവിടെയെങ്കിലും ആത്മാവിന്റെ ഒരു പിടച്ചിൽ അനുഭവിച്ചിട്ടുണ്ടാകുമോ ...?

 

സാമീപ്യം കൊണ്ട് അടുത്തില്ലാതിരുന്ന അച്ഛനോട്, ആ കുഞ്ഞ് ഒരു യാത്രാമൊഴി ചൊല്ലിയിട്ടുണ്ടാകുമോ ...? എന്തുകൊണ്ടായിരിക്കും, ആ പിതാവിനെ, കുഞ്ഞിന്റെ മരണവാർത്ത അറിയിക്കാൻ, അവന്റെ ബന്ധുക്കൾ വൈകിച്ചത് ...?

 

ഒരുപക്ഷേ, ഈ പാവം പ്രവാസിയുടെ വിമാനയാത്ര ചിലവും, അവന്റെ ശമ്പളവും, ഈ മാസം നാട്ടിൽ എത്താതിരുന്നാലുള്ള കൂട്ടിക്കിഴിക്കലുകൾ നടത്തിയപ്പോൾ, അളവിന്റെ തുലാസിൽ, ആ അച്ഛന്റെ വികാരങ്ങൾക്കും, വിചാരങ്ങൾക്കും, പിതൃസ്നേഹത്തിനും, ഭാരം കുറച്ചു കണ്ടിട്ടുണ്ടാകും...!  

 

മകനെ നഷ്ടപ്പെട്ട ആ അമ്മക്ക്, തന്റെ ഭർത്താവിൽ നിന്നും ലഭിക്കേണ്ട പരിഗണനയും സാന്ത്വനവും സാമ്പത്തിക തുലാസിൽ തൂക്കിയപ്പോൾ ഭാരം കുറച്ചു കണ്ടിട്ടുണ്ടാവാം. ഈ വിവരം അറിയിക്കേണ്ടെന്നു ശഠിച്ച ബന്ധുക്കൾ.

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ആ മാതാപിതാക്കൾക്ക് പരസ്പരം ഒന്ന് കാണുവാനും സാന്ത്വനം ആകാനുമുള്ള അവസരം പോലും, ഈ പുതിയ കാലത്തിന്റെ സാമ്പത്തിക ഗണിതശാസ്ത്രത്തിൽ ആരോ നഷ്ടപ്പെടുത്തിയിരിക്കുന്നു...!

 

അതെ, വികാരങ്ങളുടെയും വിചാരങ്ങളുടെയും ഭാരം നഷ്ടപ്പെട്ട് ആ പ്രവാസി ആയ പിതാവിന്റെ മനസ്സും ആ കണ്ണുകളും ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിൽ തന്റെ കുഞ്ഞിന്റെ മുഖം തേടുകയായിരുന്നിരിക്കണം.....!

ഒടുവിൽ, അവന്റെ തണുത്തു തുടങ്ങിയ കൈത്തണ്ടകൾ ഞാൻ എന്റെ കൈകളിൽ കോരിയെടുത്തു ശക്തമായി എന്റെ നെഞ്ചോടു ചേർത്തപ്പോൾ, അവന്റെ ഹൃദയവ്യഥ എന്റെ ഹൃദയത്തിലേക്ക് ഞാൻ ആവാഹിച്ചുവോ ...?

അതോ, എന്റെ നൊമ്പരങ്ങളും ആകുലതകളും അവന്റെ മരവിച്ചു പോയ ആ മനസ്സിലേക്ക് അവൻ ആവാഹിച്ചെടുത്തുവോ...? അറിയില്ല ....!

 

എന്നാലും ഒന്ന് ഞാൻ മനസ്സിലാക്കുന്നു... ഓരോ മരണവും ഓരോ ഓർമ്മപ്പെടുത്തലുകളാണ്... ജന്മ-കർമ്മ ബന്ധങ്ങളാൽ, കണ്ണിയാക്കപ്പെടുന്നവരുടെ ജീവിതത്തിന്റെ സൂഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പരസ്പരം സ്നേഹിക്കാനും, സാന്ത്വനമാകാനുമുള്ള ഓർമ്മപ്പെടുത്തൽ ....!

 

കുപ്പായത്തിന്റെ കീശയിൽ കിടന്ന സ്മാർട്ട് ഫോണിൽ സ്കൈപ്പ് വീഡിയോ കാളിന്റെ റിങ് അടിച്ചു തുടങ്ങി... അതിൽ തെളിഞ്ഞ എന്റെ മകളുടെയും, മകന്റെയും, ഭാര്യയുടെയും ചിത്രം.....! ആ വിളിക്കുള്ള മറുപടിയേകാനായി ഞാനെന്ന പ്രവാസിയും നൊമ്പരത്തോടെ നടന്നു നീങ്ങി .....!

 

English Summary: Ezhuthathe vayya ee nombaram, Malayalam short Story