ADVERTISEMENT

ഇവാനോവിച് സ്പിൽബെർഗ് തോമസ് (കഥ)

 

“ഒന്ന് വേഗം നടക്കു ഇവാൻ’’

ടൊറൊന്റോയിലെ 11ബി അപാർട്മെന്റ് താഴിട്ടു പൂട്ടി ലിഫ്റ്റിലേക്കു ഓടി കയറുന്നതിനടയിൽ തോമസ് തിരിഞ്ഞു നോക്കി പറഞ്ഞു. ഇവാൻ നടത്തത്തിനു വേഗത കൂട്ടി.

 

‘‘ഇതിൽ കൂടുതൽ സ്പീഡിലൊന്നും ഞങ്ങൾക്ക് നടക്കാൻ അറിയില്ല”. ടോമിനെ ഒരല്പം നീരസത്തോടെ നോക്കിയിട്ടു ആനി പറഞ്ഞു. അല്ലെങ്കിൽ തന്നെ ഇപ്പോൾ എന്തിനാണോ കെട്ടിപ്പെറുക്കി പോകുന്നത്. ആനി പകുതിയിൽ നിർത്തി. തോമസ് മറുപടി ഒന്നും പറയാതെ ഇവാനെ അടുത്തേക്ക് ചേർത്ത് നിർത്തി. എന്നിട്ടു വാച്ചിലേക്ക് നോക്കി. ഫ്ലാറ്റിന്റെ താഴെ ചെല്ലുമ്പോൾ ജിജു കാറുമായി കാത്തുനിൽപ്പുണ്ടായിരുന്നു.

“ഒത്തിരി ലേറ്റ് ആയോ ജിജു” ജിജുവിനെ കണ്ട മാത്രയിൽ തോമസ് ചോദിച്ചു 

“ഏയ് ഇല്ല.”

“അര മണിക്കൂറിനുള്ളിൽ നമ്മൾ അവിടെ എത്തില്ലേ?’’ തോമസിന്റെ കൈയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങി ഡിക്കിയിലേക്കു വെക്കുന്നതിനടയിൽ ജിജു പറഞ്ഞു.

കാറിൽ ഇരിക്കുമ്പോഴും തോമസ് ഒന്നും സംസാരിച്ചില്ല. ഇടയ്ക്കു കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ജിജു കാണാതെ കാറിന്റെ പുറത്തേക്കു നോക്കി അത് തുടച്ചു കളയാൻ ബദ്ധപ്പെടുന്നതും കണ്ടു.

“ജിജു അങ്കിൾ....നമ്മൾ കറക്റ്റ് ടൈമിൽ എത്തുമല്ലോ അല്ലെ?” ഇവാന്റെ ചോദ്യം.

“എത്തും മോനെ”

 

ജിജു സ്നേഹത്തോടെ അവനെ നോക്കിയിട്ടു പറഞ്ഞു. പിന്നെ എന്തോ  ചോദിക്കാനായി ജിജു ആനിയുടെ മുഖത്തേക്ക് നോക്കി. എന്നാൽ കടന്നൽ കുത്തേറ്റത് പോലെ ഇരിക്കുന്ന ആനിയുടെ മുഖം കണ്ടപ്പോൾ ചോദിക്കാൻ തോന്നിയില്ല 

“ഈ പൂതനയുടെ സ്വഭാവം ഇവാന് കിട്ടാഞ്ഞത് ഭാഗ്യമായി’’-ജിജു മനസ്സിൽ പിറുപിറുത്തു 

 

അര മണിക്കൂറിനുള്ളിൽ അവർ എയർപോർട്ടിൽ എത്തി തോമസ് കാറിൽ നിന്ന് സാധനങ്ങൾ എടുത്തു പുറത്തു വെച്ചിട്ടു ജിജുവിന്റെ കൈയ്യിൽ പിടിച്ചു 

“വല്ലാത്തൊരു വെപ്രാളം ... എന്തോ ആപത്തു വന്നത് പോലെ ഒരു തോന്നൽ’’

“ഏയ്... ഒന്നും ഇല്ലെടാ… നീ പോയി അപ്പയെയും അമ്മച്ചിയേയും കണ്ടിട്ട് വാ ... ലീവ് കൂടുതൽ വേണമെങ്കിൽ എനിക്കൊന്നു വാട്സാപ്പ് ചെയ്താൽ മതി... ഞാൻ അതിന്റെ ഫോര്മാലിറ്റീസ് ഒക്കെ നോക്കിക്കൊള്ളാം”….

തോമസിന്റെ തോളിൽ തട്ടിയിട്ട് ജിജു പറഞ്ഞു 

 

തോമസും ജിജുവും ഒരേ സമയം ടൊറൊന്റോയിൽ എത്തിയവരാണ്. ഒരേ   കമ്പനിയിൽ ജോലി ചെയ്യുന്നു. രണ്ടു പേരും ഐ.ടി. എൻജിനീയേഴ്‌സ് ആണ്.  ടൊറൊന്റോയിലെ ഇംഗ്ലിഷ് സംസ്ക്കാരം ഈ മല്ലുസിനെ അധികം ബാധിക്കാത്ത കൊണ്ട് ഇപ്പോഴും തനി നാട്ടിൻപുറത്തിന്റെ സൗഹൃദവും സ്നേഹവും രണ്ടുപേരുടെ ഇടയിലും ഉണ്ട്. ഭാര്യമാർ നേരെ തിരിച്ചാണ്. ടൊറൊന്റോയിൽ കാല് കുത്തിയപ്പോഴേ മലയാളം മറന്നു പോയവരാണ്. 

 

കൃത്യമായ മലയാള ഭാഷ പറയുന്ന തൃശൂർ ജില്ലയിലെ ഗ്രാമങ്ങളിൽ നിന്ന് വന്ന ആനിക്കും ജിജുവിന്റെ ഭാര്യ ബെൻസിക്കും മലയാളം ഇപ്പോൾ ഒരു തരം ഫോബിയ ആണ്. വല്ലാത്തൊരു അവജ്ഞയും വെറുപ്പും ആണ് സ്വന്തം ഭാഷയോട്. എന്നാൽ അത്രയ്ക്ക് വഴങ്ങാത്ത ഇംഗ്ലിഷ് ഭാഷയോട് വല്ലാത്തൊരു ബഹുമാനവും അതിലേറെ പ്രണയവും. വെസ്റ്റേൺ പാർട്ടികളിൽ ഭർത്താക്കന്മാരെ വലിച്ചിഴച്ചു കൊണ്ട് പോകും. മദാമ്മാരോട് കിടപിടിക്കുന്ന രീതിയിൽ ഇംഗ്ലീഷ് പറയാൻ ശ്രമിക്കുന്ന ഭാര്യമാരെ കാണുമ്പോൾ തോമസും ജിജുവും ഊറിച്ചിരിക്കും. ആഴ്ചയിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോയി മുഖം ഒന്നു മിനുക്കണം.

 

പിന്നെ മാസത്തിൽ ഒരു ഷോപ്പിംഗ്. ലക്ഷങ്ങൾ ആണ് രണ്ടുപേരും വസ്ത്രങ്ങൾക്ക് വേണ്ടി മുടക്കുന്നത്. സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കുന്ന ക്യാഷ് ആയതുകൊണ്ട് ആരോടും കണക്കു പറയേണ്ടല്ലോ. സ്വന്തം കാലിൽ നിൽക്കുന്ന പെണ്ണുങ്ങൾ. പിന്നെ ഫെമിനിസ്റ്റുകളും. ഉപദേശവും നിയന്ത്രണവും പറ്റില്ല. കൂട്ടുകാർ എന്ന് പറയുന്നുണ്ടെങ്കിലും ഗൂഢമായ ഒരു മത്സരം രണ്ടു പേരുടെയും ഇടയിലുണ്ട്   ഭർത്താക്കന്മാരുടെ അപരിഷ്‌കൃത നയം, വന്നു വന്നു രണ്ടുപേർക്കും ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയി മാറിയിട്ടുണ്ട്. ആനി എം എസ് ഡബ്ലിയു ആണ്. ബെൻസി ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രിയും. കുറച്ചൊക്കെ ആതുര സേവനവും മനുഷ്യത്വവും വേണ്ട മേഖലകൾ ആണ് രണ്ടു പേരുടെയും. എന്നാൽ ഈ രണ്ടു ഗുണങ്ങളും രണ്ടു പേരുടെയും അടുത്ത് കൂടി പോലും പോയിട്ടില്ല.

 

മക്കള് പോലും മലയാളം പറയുന്നത് ഈ മമ്മിമാർക്കു സഹിക്കില്ല. എന്തോ അപരാധം ചെയ്യുന്ന മട്ടിലാണ് കുട്ടികളെ ശാസിക്കുന്നത്. എന്തായാലും കേരളത്തിൽ നിന്ന് പന്ത്രണ്ടു മണിക്കൂറിലേ വിമാന ദൈർഘ്യം കുറച്ചൊന്നും അല്ല ആനിയെയും ബെൻസിയെയും മാറ്റിയിരിക്കുന്നത്. എത്ര പറിച്ചു നട്ടാലും വേര് ഉറച്ചു പോയ മണ്ണിന്റെ സുഖം ആ ചെടിയിൽ തന്നെ കാണും. അത് മറ്റൊരു സ്ഥലത്തു തഴച്ചു വളർന്നാലും ജന്മം കൊണ്ട മണ്ണിന്റെ സുഖം ഒരു ചെടിയും മറക്കില്ല. പക്ഷേ മനുഷ്യൻ ഒരു പ്രത്യേക ജീവി ആണ്. ജീവിത സുഖങ്ങൾ കൂടിയാൽ മണ്ണും വേരും എന്തിനു വെള്ളവും വളവും കൊടുത്തു സ്നേഹിച്ചു വളർത്തിയ യജമാനനെ പോലും മറക്കും.

 

ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും തോമസിന്റെ മനസ്സിൽ ശൂന്യത ആയിരുന്നു.അഞ്ചു വർഷമായി നാട്ടിൽ പോയിട്ട്. എങ്കിലും പുതിയ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തിൽ രണ്ടു ദിവസം ഇരിക്കെ വീഡിയോ കാൾ നടത്താറുണ്ട്. ലാപ്ടോപിന്റെ സ്ക്രീനിലേക്ക് മുഖം അമർത്തി അപ്പയും അമ്മയും ഇവാന് ഒരു നൂറു മുത്തം കൊടുക്കും. ഉമ്മ വെക്കാനായി ഇവാൻ സ്ക്രീനിലേക്ക് മുഖം വെച്ച് കൊടുക്കും. അത്രയ്ക്ക് ഇഷ്ടമാണ് അവനു അമ്മച്ചിയേയും അപ്പച്ചനെയും. 

തന്നെയും മോനെയും ആനിയെയും കാണാനുള്ള ആഗ്രഹം അപ്പയും അമ്മയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മക്ക് ഒരു പ്രാവശ്യം ഹാർട്ട് അറ്റാക്ക് വന്നത് ആയതു കൊണ്ട് വിഷമിക്കാതെ ഇരിക്കാൻ ഓരോ വർഷവും വരുമെന്നുള്ള പ്രതീക്ഷ കൊടുത്തു കൊണ്ടിരിക്കും. പിന്നെ എല്ലാ വർഷവും പോകാനുള്ള യാത്ര ചെലവ് ഓർക്കുമ്പോൾ പോക്ക് ക്യാൻസൽ ചെയ്യും. പിന്നെ ഇത്രയും ദൂരം ഒരു ഫ്ലൈറ്റ് യാത്ര. അതോർക്കുമ്പോൾ തന്നെ മടുപ്പാണ്. കുറെ നാളായി നാട്ടിലേക്കു വരുന്ന കാര്യം അവർ രണ്ടു പേരും ചോദിക്കാറില്ല. ചോദിച്ചിട്ടു പ്രയോജനം ഇല്ല എന്ന് തോന്നിയതുകൊണ്ടാവാം അതല്ലെങ്കിൽ ഇതിന്റെ പേരിൽ ഞാനും ആനിയും വഴക്കിട്ടാലോ എന്ന് കരുതിയാവാം.

‘പാവം’ ടോമി അറിയാതെ പറഞ്ഞു പോയി.

 

അടുത്ത് ഇരിക്കുന്ന ഇവാൻ തോമസിന്റെ കൈയ്യിൽ കെട്ടിപിടിച്ചു ഉറങ്ങാൻ തുടങ്ങിയിരുന്നു. നാട്ടിൽ പോകുവാ എന്ന് താൻ പറഞ്ഞപ്പോൾ ഇവന്റെ സന്തോഷം കുറച്ചൊന്നും അല്ലായിരുന്നു. എന്നാലും ആനിയുടെ വീർത്തു കെട്ടിയ മുഖം കണ്ടപ്പോൾ അവൻ സന്തോഷം അടക്കുകയായിരുന്നു.

 

വീണ്ടും ടോമി പുറത്തേക്കു നോക്കിയിട്ടു ഒരു ഉൾകിടിലത്തോടെ ഓർത്തു .ഇപ്പോഴും താൻ നോർത്ത് അമേരിക്കാ എന്ന ഭൂഖണ്ഡത്തിൽ ആണ്. തന്റെ ഭൂകണ്ഡമായ ഏഷ്യയിൽ നിന്ന് ഏകദേശം 9853 കിലോമീറ്റർ അകലെ.

ഏകദേശം പന്ത്രണ്ട്‌ മണിക്കൂർ ദൂരം ബന്ധങ്ങളിൽ സ്നേഹത്തിൽ എല്ലാം വിള്ളൽ വീഴ്ത്തിയിരിക്കുന്നു. അടുത്ത് ഇരിക്കേണ്ടവർ… കുടെയുണ്ടാകേണ്ടവർ അകന്നു ഇരിക്കുന്നു. സത്യത്തിൽ താൻ ചെയ്തത് തെറ്റാണോ? ഐഐടിയിൽ നിന്ന് ഉയർന്ന മാർക്കോടെ പഠിച്ചിറങ്ങിയ തന്നോട് നാട്ടിൽ തന്നെ ജോലി നോക്കാൻ അപ്പ പറഞ്ഞു. എന്നാൽ എന്തോ മോഡേൺ ലൈഫ് സ്റ്റൈൽ കമ്പം കയറിയ താൻ വെസ്റ്റേൺ രാജ്യങ്ങൾ സ്വപ്നം കണ്ടു തുടങ്ങി. ഒപ്പം മോഡേൺ ഭാര്യയും. അതുകൊണ്ടാണ് ആനിയുടെ കല്യാലോചന വന്നപ്പോഴും ‘നോ’ പറയാതെ ഇരുന്നത്. 

 

അമേരിക്കയിൽ പോയിട്ട് വന്ന ആദ്യത്തെ പ്രാവശ്യം തന്നെ ആനിയുമായുള്ള കല്യാണവും നടന്നു. പക്ഷേ എപ്പോഴൊക്കെയോ തീരുമാനം തെറ്റായി പോയെന്നു തോന്നിയിട്ടുണ്ട്. എങ്കിലും അമേരിക്കൻ ഡോളർ മടിക്കുത്തും കവിഞ്ഞു പല ബാങ്കുകളിലെക്കും എഫ്ഡിയായി ഒഴുകിയപ്പോൾ അമ്മയുടെയും അപ്പയുടെയും കണ്ണുനീർ സ്വകാര്യപൂർവ്വം അങ്ങ് മറന്നു. അവരുടെ ഒറ്റമോൻ ആണ് താനെന്നുള്ള സത്യവും താൻ മറന്നു. ടോമിൻ ഒന്ന് ദീർഘശ്വാസം വിട്ടു. ഇവാന്റെ കൂർക്കം വലി ഉച്ചസ്ഥായിൽ ആയിട്ടുണ്ട്. ആനിയും ഉറക്കം പിടിച്ചു കഴിഞ്ഞു.

    

************    ***********    *********   ********** 

 

അപ്പോൾ ആകാശത്തിലെ പതിനൊന്നു മണിക്കൂറിന്റെ അകലത്തിൽ പുത്തൻ വേലിക്കൽ തോമസ് വില്ലയിൽ ഡാനിയേൽ എന്ന എഴുപതു വയസ്സുള്ള വൃദ്ധൻ വെള്ള വിരിപ്പ് വിരിച്ചിരിക്കുന്ന കട്ടിലിന്റെ അടുത്ത് ഒരു പഴകിയ കസേരയിൽ ഇരുന്നു കൊണ്ട് കട്ടിലിന്റെ തലക്കൽ വെച്ചിരിക്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോയിലേക്കു നോക്കി നിർന്നിമേഷനായി ഇരിക്കുകയായിരുന്നു. ചില്ലു ഗ്ലാസിന്റെ അകത്തിരുന്നു അന്ന തന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി. ഇടയ്ക്കു തന്നെ ശുണ്ഠി പിടിച്ചു നോക്കുന്നത് പോലെയും. ഡാനിയേലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആരും കാണാതിരിക്കാൻ തന്റെ തോളിൽ ഇട്ടിരുന്ന തോർത്ത് കൊണ്ട് മുഖം ഒന്നമർത്തി തുടച്ചു. രാത്രി പത്തര ആയപ്പോഴേക്കും പ്രാർത്ഥനക്കു വന്നവരെല്ലാം തിരിച്ചു പോയി. വീണ്ടും അന്നയുടെ ഫോട്ടോയിലേക്കു നോക്കി കുറച്ചു നേരം കൂടി ഡാനിയേൽ ഇരുന്നു.

 

************    ***********    *********   ********** 

 

പിറ്റേ ദിവസം മൊബൈൽ മോർച്ചറിയുടെ തണുത്ത ഫ്രീസറിൽ അന്നയെ മുറിയിലേക്ക് കൊണ്ട് വന്നപ്പോൾ ഡാനിയേൽ അറിയാതെ വാവിട്ടു നിലവിളിച്ചു പോയി. ‘പോയല്ലോ എന്നെ തനിച്ചാക്കി’ എന്ന പതം പറച്ചിൽ സംസ്കാര ശുശ്രൂഷക്കു വന്നവരുടെയെല്ലാം കണ്ണ് നനയിച്ചു. സ്വന്തക്കാരെല്ലാം ഡാനിയേലിന്റെ ആശ്വസിപ്പിച്ചു. ‘തോമസ് വരില്ലേ’ എന്ന് എല്ലാവരും ചോദിച്ചു തുടങ്ങി. ‘മോൻ വരും എങ്കിലും കാക്കേണ്ട’ എന്നായിരുന്നു ഡാനിയേലിന്റെ മറുപടി. അതുകൊണ്ടു തന്നെ അന്നയുടെ സംസ്കാര ശുശ്രൂഷകൾ തുടങ്ങി. വീട്ടിലെ ശുശ്രൂഷകൾ കഴിഞ്ഞു പള്ളിയിലേക്ക് കൊണ്ട് പോയി. അവിടെ കുടുംബ കല്ലറയിൽ അന്നയെ അടക്കി. ആരുടെയൊക്കെയോ സ്നേഹത്തിന്റെ കണ്ണീർ വീണു നനഞ്ഞ മറ്റൊരു കല്ലറയുടെ പുറത്തു ഡാനിയേൽ തകർന്നിരുന്നു.

 

************    ***********    *********   ********** 

 

അപ്പ... പുറകിൽ നിന്നാരോ നിലവിളിക്കുന്നത് കേട്ട് ഡാനിയേൽ തിരിഞ്ഞു നോക്കുമ്പോൾ തങ്ങളുടെ ഏക മകൻ തോമാച്ചൻ. ഡാനിയേൽ, തോമസിനെ ഒന്ന് നോക്കി. പിന്നെ കല്ലറയിലേക്കു നോക്കി പറഞ്ഞു.

“എടീ അന്നേ… നിന്റെ തോമാച്ചൻ വന്നെടി”

“അമ്മ”... അലറി വിളിച്ചുകൊണ്ടു തോമസ് കല്ലറപ്പുറത്തേക്കു വീണു. കൂടെ അമ്മച്ചി എന്ന് വിളിച്ചു കൊണ്ട് ഇവാനും. 

ഡാനിയേൽ, തോമസിനെയും ഇവാനെയും പിടിച്ചെഴുന്നേല്പിച്ചു.

 

“കഴിഞ്ഞ അഞ്ചു വർഷമായി അവൾ നിന്നെയൊന്നു കാണാൻ കാത്തിരിക്കുവാരുന്നു. നിനക്കപ്പോഴൊക്കെ ദൂരമായിരുന്നു പ്രശ്നം. ഇപ്പോൾ അവൾ നിന്റെ വിളി കേൾക്കാത്ത ദൂരത്തിൽ ആയിരിക്കുന്നു. നീയൊന്നു കാണാൻ ആഗ്രഹിച്ചാൽ പോലും ഇത്രെയും ദൂരം താണ്ടി അവൾക്കു വരാൻ കഴിയില്ല”.

തോമസ് രണ്ടു കൈയും തലയിൽ കൊടുത്തു കല്ലറയിലേക്കു വീണു. എന്നിട്ടു    ഒരു കുഞ്ഞിനെ പോലെ തേങ്ങി.  മുപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപ് ആശുപത്രിയിലെ പ്രസവ മുറിയിൽ അന്നയുടെ അടുത്ത് കിടന്ന് ഇത് പോലെ അയാൾ കരഞ്ഞിട്ടുണ്ടാവാം. അമ്മയുടെ മുലപ്പാലിന് വേണ്ടി. തന്റെ പൊക്കിൾകൊടിയിൽ നിന്ന് അടർത്തി മാറ്റിയ തന്റെ പൊന്നോമനക്കു അന്ന എന്ന അമ്മ മുലപ്പാല് കൊടുത്തു കരച്ചിൽ അടക്കിയിട്ടുണ്ടാവാം. പിന്നെ എത്ര രാത്രികൾ എത്ര പകലുകൾ തന്റെ ഉറക്കം പോലും കളഞ്ഞു അവനെ കരയാതെ നോക്കിയിട്ടുണ്ടാവാം. എന്നാൽ ഇന്ന് അന്ന എന്ന അമ്മക്ക് തോമസിനെ ആശ്വസിപ്പിക്കാൻ കഴിയുകയില്ല. കാരണം ഇന്ന് ആ ശരീരം ഭൂമിയിൽ ഇല്ല. എങ്കിലും മാതൃത്വം എന്ന വികാരം ഒരു പക്ഷേ വല്ലാതെ കൊതിക്കുന്നുണ്ടാവും. അഞ്ചു വർഷമായി തന്നെ കാണാൻ വരാതെ ഇരുന്ന മകനോട് പരിഭവങ്ങൾ ഒന്നും കാണിക്കാതെ തന്റെ തോമാച്ചന്റെ അടുത്ത് വന്നിരുന്ന് ആ മുടിയിൽ ഒന്ന് തലോടി ‘സാരമില്ല മോനെ കരയാതെ’ എന്ന് പറയാൻ. അമ്മമാർക്ക് അങ്ങനെയല്ലേ കഴിയു.

 

 

ഒരാഴ്ച അധികം ഒന്നും പരസ്പരം സംസാരിക്കാതെ പുത്തൻ വേലിക്കൽ വീട്ടിൽ ഡാനിയേൽ എന്ന തന്റെ അപ്പയോടൊപ്പം തോമസും ഇവാനും ആനിയും താമസിച്ചു. ആനിക്കു എങ്ങനെയെങ്കിലും തിരിച്ചു പോയാൽ മതി എന്ന മട്ടിൽ ആയിരുന്നു. എല്ലാ ദിവസവും ഡാനിയേലും തോമസും ഇവാനും അന്നയുടെ കല്ലറയിൽ പോയി മെഴുകുതിരി കത്തിക്കും. മൂന്നു പേരും പരസ്പരം ഒന്നും സംസാരിക്കാതെ കുറച്ചു നേരം ഇരുന്നു കരയും. ഒരാഴ്ച കഴിഞ്ഞു. തോമസിന് പോകാനുള്ള ദിവസത്തിന്റെ തലേന്ന് വീണ്ടും അവർ അന്നയുടെ കല്ലറയിൽ പോയി കുറച്ചു നേരം പ്രാർത്ഥിച്ചു.

 

“അപ്പ... തോമസ് വിളിച്ചു. അപ്പക്ക് ഇനിയുള്ള കാലം എനിക്കൊപ്പം വന്നു നിന്നുകൂടെ?”

ഡാനിയേൽ ഒന്ന് ചിരിച്ചു അപ്പോൾ നിന്റെ അമ്മ ഇവിടെ ഒറ്റക്കാവില്ലേ?

തോമസ് ഒന്നും മിണ്ടിയില്ല 

 

“നിനക്കറിയ്യോ. പണ്ട് സ്കൂളിൽ പോകുമ്പോൾ നിന്റെ ബാഗും കുടയും പിടിക്കുന്നത് നിന്റെ അമ്മയായിരുന്നു. അത്രയും ദൂരം എന്റെ മോൻ ഈ ഭാരമെല്ലാം ചുമന്നാൽ ക്ഷീണിക്കും എന്ന് പറഞ്ഞു. പത്താം ക്ലാസ് ആയപ്പോൾ നിന്നെ സ്കൂളിൽ വിടാൻ ഒരു ഓട്ടോ ഏർപ്പാടാക്കി. ഇവിടെ നിന്ന് വെറും ഇരുപതു മിനിറ്റ് മാത്രമേയുള്ളു. എന്നാലും ഇത്രയും ദൂരം സാധാരണ ബസിലൊക്കെ പോയി വന്നാൽ പഠിക്കാൻ സമയം കിട്ടില്ല എന്നതായിരുന്നു കാരണം. എഞ്ചിനീറിങ്ങിനു ഹോസ്റ്റലിൽ ചേർന്നപ്പോൾ മാസത്തിൽ ഒരു ദിവസം നിന്നെ കാണാൻ അവൾ വന്നിരുന്നു അല്ലെ? അത്രയും ദൂരം യാത്ര ചെയ്യാൻ അവളുടെ ആരോഗ്യം അനുവദിച്ചിരുന്നില്ല. എങ്കിലും ദൂരം ആയിരുന്നില്ല നിന്നെ കാണാനുള്ള ആഗ്രഹത്തിനായിരുന്നു മുൻതൂക്കം. സ്നേഹവും ആഗ്രഹവും ഒക്കെ ഉണ്ടെങ്കിൽ ഈ ദൂരം ഒക്കെ ഒരു പ്രശ്നമാകുമോ കുഞ്ഞേ?

 

ഡാനിയേൽ തോമസിനെ ഒന്ന് നോക്കി. അയാൾ മുഖം കുനിച്ചു. അപ്പയുടെ ഓരോ വാക്കുകളും തനിക്കു നേരെ പായിച്ച സ്നേഹത്തിൽ പൊതിഞ്ഞ അസ്ത്രങ്ങളായി അയാൾക്ക്‌ തോന്നി.

പിറ്റേ ദിവസം തോമസും ആനിയും ഇവാനും ടൊറൊന്റോയിലേക്കു പോകാനായി ഇറങ്ങി. യാത്ര പറയുമ്പോൾ ഡാനിയേൽ നിറകണ്ണുകളോടെ ഇവാനെ കെട്ടിപിടിച്ചു

 

“ഇനി വരുമ്പോൾ അപ്പച്ചൻ കാണുമോ എന്നറിയില്ല മോനെ. നിന്റെ അമ്മച്ചിയുടെ അടുത്തോട്ടുള്ള വിളി വരാൻ നോക്കി ഇരിക്കുവാ.’’

ഇവാൻ അപ്പച്ചന്റെ കണ്ണുകളിലേക്കു നോക്കി. താഴോട്ട് വീഴാൻ വെമ്പി നിന്ന കണ്ണുനീർ അവൻ തന്റെ കുഞ്ഞു കൈകൾ കൊണ്ട് തുടച്ചു.

“ഇവാൻ. ലെറ്റസ്‌ ഗോ.” ആനി ഇവാനെ പിടിച്ചുകൊണ്ടു പറഞ്ഞു.

“അപ്പ  ഞങ്ങൾ പോയി വരട്ടെ” ആനി ഡാനിയേലിനോട് യാത്ര പറഞ്ഞു.

ഇവാൻ വീണ്ടും അപ്പച്ചന്റെ മുഖത്തേക്ക് നോക്കി. പറയാൻ ബാക്കി വെച്ച ഒത്തിരി കുഞ്ഞു കഥകളും പോകരുതേ എന്നുള്ള യാചനയും അപ്പച്ചന്റെ മുഖത്ത് ഇവാൻ കണ്ടു.

ഇവാൻ രോഷത്തോടെ തോമസിനെ നോക്കി പറഞ്ഞു 

 

‘‘ഡാഡ്. ഐ ഡോണ്ട് വാണ്ട് ടു കം ബാക്. നമ്മൾ പോയാൽ അപ്പച്ചൻ ഇവിടെ ഒറ്റക്കാവില്ലേ? ഞാൻ ഇത് പോലെ ഡാഡിനെയും മമ്മിയെയും ഒറ്റക്കാക്കി എവിടെയെങ്കിലും ഫാർ പ്ലേസിൽ പോയാൽ നിങ്ങള്ക്ക് വിഷമം വരില്ലേ?’’ തോമസും ആനിയും ഒരു ഞെട്ടലോടെ ഇവാന്റെ മുഖത്തേക്ക് നോക്കി കർമഫലം ഇവാന്റെ ചോദ്യത്തിന്റെ രൂപത്തിൽ വന്നു തുടങ്ങിയിരിക്കുന്നു. ഈ ചോദ്യം തന്നെ തനിക്കുള്ള ശിക്ഷ ആണെന്ന് ഒരു വെപ്രാളത്തോടെ തോമസ് ഓർത്തു.

താൻ ചോദിച്ചതിന്റെ ഗൗരവം ഒന്നും മനസ്സിലാക്കാതെ വീണ്ടും ഇവാൻ തുടർന്നു

“ഡാഡ്. ടൊറൊന്റോ ഈസ് ടൂ ഫാർ. അപ്പച്ചനെ ഒന്ന് കാണണം എന്ന് തോന്നിയാൽ എത്ര ഡിസ്റ്റൻസ് ട്രാവൽ ചെയ്യണം... സൊ. ഡാഡ്. വീ ക്യാൻ സ്റ്റേ ഹിയർ” 

 

‘ദൂരം ബന്ധങ്ങൾ കുറയ്ക്കുമെന്ന് തന്റെ മകൻ പോലും മനസ്സിലാക്കിയിരിക്കുന്നു. ഇവാന്റെ തിരിച്ചറിവ് പോലും എനിക്കില്ലാതെ പോയി’. തോമസ് സ്വയം പരിഹസിച്ചു ചിരിച്ചു.

 

************    ***********    *********   ********** 

 

ഒരു വർഷത്തിന് ശേഷം പുത്തൻ വേലിക്കൽ തോമസ് വില്ലയിലെ ഒരു രാത്രി അപ്പച്ചനെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഇവാൻ പറഞ്ഞു. 

“അപ്പച്ചാ… എന്റെ ഈ പേരൊന്നു മാറ്റണം ഇവാനോവിച്ചു സ്പിൽബെർഗ് തോമസ്. ഡേർട്ടി നെയിം. ആ പേര് കേൾക്കുമ്പോൾ ഇപ്പോഴും ഞാൻ ടൊറൊന്റോയിൽ ആണെന്ന് തോന്നി പോകുന്നു. എനിക്ക് ഇവാൻ ഡാനിയേൽ തോമസ്. അത് മതി …അപ്പച്ചൻ എന്നെ ‘കൊച്ചു തോമ’ എന്ന് വിളിച്ചാൽ മതി”

 

സ്വന്തം പേരിനോട് ഇവാൻ കാണിച്ച ആ വെറുപ്പ് കേവലം ഒരു പേരിനോടുള്ള വെറുപ്പ് ആയിരുന്നില്ല. ആനി എന്ന അവന്റെ മമ്മി അവന്റെ ചുറ്റും കെട്ടി പൊക്കി വെച്ചിരുന്ന മോഡേൺ തടവറയിൽ നിന്ന് പുറത്തു ചാടി സ്നേഹത്തിനു വിലക്കില്ലാത്ത ബന്ധങ്ങൾക്ക്‌ പ്രവേശന സ്വാത്രന്ത്യം ഉള്ള ഒരു സാധാരണ ലോകത്തു ജീവിക്കാനുള്ള അവന്റെ കുഞ്ഞു മനസ്സിലെ തീവ്രമായ ആഗ്രഹം.

ഡാനിയേൽ പൊട്ടിച്ചിരിച്ചു. എന്നിട്ടു ഇവാനെ തന്റെ നെഞ്ചത്തേക്ക് ചേർത്ത് കിടത്തി വിളിച്ചു ‘എടാ കൊച്ചു തോമ’

 

English Summary: Evanovich Spilberg Thomas, Malayalam short story