ADVERTISEMENT

ഋതു (കഥ)

 

ബാല്യവും കൗമാരവും അവൻ ജീവിച്ചുതീർത്തത് വാർദ്ധക്യത്തിന്റെ പടുകുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ആ മനുഷ്യനോടൊപ്പമായിരുന്നു. നഗരത്തിന്റെ പിന്നാമ്പുറത്ത് ഇഷ്ടികകൊണ്ടു പണിത ഒറ്റമുറി വീട്ടിൽ അവർ താമസിച്ചു. കാലത്തിനേക്കാൾ വേഗത്തിൽ നഗരങ്ങൾ കുതിച്ചപ്പോൾ അവരുടെ ഒറ്റമുറി വീടിനെ കാലം കണ്ടില്ലെന്ന് നടിച്ചു. നഗരങ്ങൾ 21 ആം നൂറ്റാണ്ടിലെത്തിയപ്പോൾ അവർക്ക് ഇന്നും 16 ആം നൂറ്റാണ്ടിലെത്താനേ കഴിഞ്ഞുള്ളൂ.

 

യൗവനതിന്റെ ആരംഭത്തിലാണ് അവൻ ചുറ്റുമുള്ള ലോകത്തെ നോക്കികാണാൻ തുടങ്ങിയത്. ലോകവും കാലവും തമ്മിൽ ഉള്ള ഓട്ടമത്സരത്തിൽ ആ കുടുംബവും എവിടെയും എത്തിയിട്ടില്ലെന്നവന് മനസ്സിലായി. എന്നാൽ വൃദ്ധൻ ഇതുകൊണ്ട് തൃപ്തനായിരുന്നു. അയാൾ തനിക്കു കിട്ടിയ സുഖങ്ങളേയും ദുഖങ്ങളെയും ഒരുപോലെ സ്വീകരിച്ചു. എത്ര വലിയ ദുഖങ്ങളുണ്ടായാലും അതിനിടയിൽ കിട്ടുന്ന ചെറിയ സുഖങ്ങൾക്ക് അയാൾ നന്ദി പറഞ്ഞു.

 

എന്നാൽ ഓടിമറയുന്ന കാലത്തെ തനിക്കൊപ്പമെത്തിക്കാൻ യൗവനയുക്തമായ അവന്റെ മനസ്സ് കൊതിച്ചു. അവൻ വീടിന്റെ ജനാലക്കരികിൽനിന്നു അലസമായി മുകളിലേക്കു നോക്കി. ആകാശത്ത് മേഘങ്ങൾ നിറഞ്ഞിരുന്നു. കുറച്ചു നേരത്തേക്ക് മേഘങ്ങളെ തട്ടിമാറ്റി ചന്ദ്രക്കല പുറത്തുവന്നു. പൂർണച്ചന്ദ്രനാവാൻ ഇനിയും കുറച്ചുകൂടി ബാക്കിയുണ്ട്. അവൻ വൃദ്ധനോട് പറഞ്ഞു 

 

‘ഞാൻ ഇറങ്ങുന്നു’

 

വൃദ്ധൻ ഒന്നും പറഞ്ഞില്ല. കുറച്ചുനേരത്തെ മൗനത്തിനുശേഷം അയാൾ പറഞ്ഞു

 

‘‘ഞാനും വരുന്നു’’.

 

ആ പറഞ്ഞത് യുവാവിനു ഒട്ടും താല്പര്യമുണ്ടാക്കിയില്ല. അവൻ പറഞ്ഞു.

 

“വേണ്ട, നൂറ്റാണ്ടുകൾ പലതും പോകാനുണ്ട്. എന്റെ യൗവ്വനം മറയും മുൻപ് എനിക്ക് അവിടെ എത്തണം .നിങ്ങൾക്ക് എന്റെ വേഗത്തിനൊപ്പം എത്താൻ കഴിയില്ല’’.

 

വൃദ്ധൻ വീണ്ടും മൗനത്തിലായി. കുറച്ചു കഴിഞ്ഞ് അയാൾ പറഞ്ഞു: 

 

‘‘നിന്നെ യാത്രയാക്കനെങ്കിലും.’’

 

അതിനവൻ ഒന്നും പറഞ്ഞില്ല. അവൻ വീടുവിട്ടിറങ്ങി,പിറകെ വൃദ്ധനും. അയാൾ പറഞ്ഞു:

 

“കാലം എത്ര കഴിഞ്ഞാലും നീ തിരിച്ചുവരണം, ഈ വൃദ്ധനെ ഓർക്കണം’’. അതിനു മറുപടിയായി അവൻ പറഞ്ഞു.

 

“എത്രകാലം കഴിഞ്ഞാലും മറക്കില്ല’’.

 

അതുകേട്ട വൃദ്ധൻ പറഞ്ഞു 

 

‘‘ഇല്ല, നീ മറക്കും, മറക്കണം. മറക്കാൻ പഠിച്ചാലേ നിനക്ക് കാലത്തെ പിറകിലാക്കാൻ കഴിയൂ.’’ 

 

അവൻ ഒരുപാട് ദൂരം പിന്നിട്ട് ഒരു നദിക്കരയിൽ എത്തിച്ചേർന്നു. തുഴയില്ലാത്ത ആ വഞ്ചിയിൽക്കയറി യുവാവ് പോകുന്നത് വൃദ്ധൻ നോക്കിനിന്നു. കാലത്തെ പിറകിലാക്കാൻ തന്റെ കൈകൾ മാത്രം പോരെന്നു തിരിച്ചറിഞ്ഞ യുവാവ് നദിക്കരയിൽ ഊഴം കാത്തുനിൽക്കുന്നവരെയെല്ലാം വഞ്ചിയിൽകേറ്റി. അവരെല്ലാവരും തുഴഞ്ഞപ്പോൾ വഞ്ചിക്കു വേഗത കൂടി. കാലങ്ങൾ പലതും അവർ ഓടിത്തീർത്തു. എന്നാൽ നദിക്കരയിൽ കാത്തു നിന്ന വൃദ്ധൻ തിരിച്ചുപോയില്ല. അയാള് അതെ നില്പ്പ് തുടർന്നു. കാലം അയാൾക്കായ് ചിതയൊരുക്കി. തലയ്ക്കു മുകളിൽ സൂര്യൻ ഒരു വിളക്കായി കത്തിനില്ക്കുന്ന സമയത്ത് ,ചിതയ്ക്കുള്ളിൽ വൃദ്ധനെരിഞ്ഞു. അസ്ഥികൾ പെറുക്കാൻ ആരും സ്വന്തമായ് ഇല്ലത്തത്തുകൊണ്ടാകണം അയാളുടെ അസ്ഥികൾ പോലും കാലം ബാക്കിവെച്ചില്ല. അയാൾ ഒരുപിടി ചാരമായി മാറി. ആ ചാരത്തിൽ നിന്നും ആദ്യമായി ഒരു െചടി കണ്ണുതുറന്നു. വളരെ പെട്ടന്നു തന്നെ അത് വളർന്നു വലുതായി. ചുറ്റുമുള്ള മരങ്ങളും ചെടികളുമെല്ലാം ഓരോ ഋതുവിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുബോഴും വൃദ്ധന്റെ ഓർമ്മകളും പേറി മരം നിന്നു, പഴയ ഓർമ്മകളിൽ തളിരിലകൾ പോലും വിരിയാതെ. വസന്തവും ,ഹേമന്തവും ,ശിശിരവും മാറിമാറി വന്നു .പക്ഷേ ആ മരത്തിനു ഒരു മാറ്റവും ഉണ്ടായില്ല.

 

ഒരു നാൾ നദിക്കരയിൽ വീണ്ടും അതെ വഞ്ചി വന്നു നിന്നു. അതിൽനിന്നു യുവാവ് ഇറങ്ങി വന്നു. മരത്തിലേക്കു നോക്കിയ അയാൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അപ്പോൾ മരം പറഞ്ഞു

 

‘‘മകനേ, ഞാൻ പറഞ്ഞില്ലേ നീ മറക്കുമെന്ന്? നീ എന്നെ മറന്നിരിക്കുന്നു. എനിക്കിപ്പോൾ ഉറപ്പുണ്ട് ,നീ നിന്റെ ലക്ഷ്യം കണ്ടിരിക്കുന്നു .എനിക്കിന്നു നിനക്കു നൽകാനായൊന്നുമില്ല, ഒരു പുഞ്ചിരിപോലും ... എന്റെ ഈ തടി നിനക്കുപയോഗിക്കാം .അതിലൂടെ ഞാൻ പുഞ്ചിരിക്കും....എന്റെ പുഞ്ചിരി പക്ഷേ നിനക്ക് കാണാൻ കഴിയില്ല.’’

 

ആദ്യത്തെ വെട്ട് മരത്തിന്റെ കടയ്ക്കൽ തന്നെയായിരുന്നു. അപ്പോൾ ആകാശം വീണ്ടും മേഘങ്ങൾകൊണ്ട് മൂടി. ആ വലിയ മരം അല്പനേരംകൊണ്ട് ഒരു കനത്ത ശബ്ദത്തോടെ നിലംപൊത്തി. അവസാനനിമിഷത്തിലും അത് പറയുന്നുണ്ടായിരുന്നു:

 

‘‘മകനെ നിനക്കിനിയും എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ?’’

 

 പിന്നെയമരം ഒന്നും പറഞ്ഞില്ല. അത് വസന്തകാലമായിരുന്നിട്ടുകുടി ചുറ്റുമുള്ള മരങ്ങൾ ഇലകളും പൂക്കളും പൊഴിച്ചു.അന്നുമുതൽ അവിടെ മഞ്ഞുകാലമായിരുന്നു. പ്രകൃതി ഇലകൾ പൊഴിച്ച് വസന്തകാലത്തിനായ് കാത്തിരുന്നു. യുവാവ് തന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. മഞ്ഞുകാലവും കഴിഞ്ഞ് അയാൾ നീങ്ങി.ഓരോ ഋതുക്കളും അയാൽക്കു മുന്നിൽ വഴിമാറി.എന്നാൽ ഋതുക്കൾ പലതും മാറാൻ അയാൾക്കു മാത്രമേ കഴിഞ്ഞുള്ളൂ, ആ നദിക്കര്യ്ക്കു കഴിഞ്ഞിരുന്നില്ല.ആ നദിക്കര ഇന്നും വസന്തതെയും കാത്തിരിപ്പുണ്ട്.

 

English Summary: Rithu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com