ADVERTISEMENT

ടൈഗർ പറഞ്ഞ കഥ (കഥ)

ഒരു സായാഹ്നം. കട്ടൻ കാപ്പിയുടെ രുചിയറിഞ്ഞ് ഏമാനൊപ്പം ഞാൻ നടക്കാനിറങ്ങി. കുറ്റിച്ചെടികളും, വള്ളിപ്പടർപ്പുകളും എന്നോട് രഹസ്യം പറഞ്ഞു. അരിച്ചരിച്ചു നീങ്ങുന്ന ഉറുമ്പിൻ കൂട്ടം. ഇഴഞ്ഞു നീങ്ങുന്ന പുഴുക്കൾ. ഇടവഴിയിലൊരു കണ്ടൻ. അർദ്ധരാത്രി കാമുകിയോടൊപ്പം ശയിച്ചതിന്റെ സംതൃപ്തിയിലാണ് അവൻ. എന്നെക്കണ്ടതും ഒന്ന് മുരണ്ടു. പിന്നെയെവിടെയോ ഓടി മറഞ്ഞു.

 

എന്റെ നടപ്പിന്റെ വേഗത കൂടി. മനുഷ്യജീവികളെ ഞാൻ കണ്ടു. മുഖത്ത് നോക്കാതെ നടന്നു നീങ്ങുന്ന മനുഷ്യജീവികൾ. എനിക്കരിശം വന്നു. ‘‘ഹേ മനുഷ്യാ എന്നെയൊന്നു നോക്കൂ!’’ ഞാനുള്ളിൽ മന്ത്രിച്ചു. പെട്ടന്നൊരു മൂത്രശങ്ക. കുറ്റിക്കാട്ടിലേക്ക് നടന്നു.

 

‘‘പതിയെ എനിക്ക് വേദനിക്കുന്നു..’’

 

‘‘വേദനിക്കട്ടെ.’’

 

പരിചിതമായ ഒരു മണം നാസികയിലെത്തി. ഞാൻ മൂക്കു വിടർത്തി. ചെവി വട്ടം പിടിച്ച്ഇലപ്പടർപ്പുകൾക്കിടയിലൂടെ ചൂഴ്ന്നു നോക്കി. രണ്ട് ഇണക്കുരുവികൾ ഇണ ചേരുന്നു. ആൺകുരുവി പെൺകുരുവിയുടെ മുകളിൽ അമർന്നിരിക്കുന്നു. എനിക്ക് നാണം വന്നു. മൂത്രമൊഴിക്കാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എന്നെ തിരഞ്ഞെത്തിയ ഏമാന്റെ അലർച്ച കേട്ടു!

 

‘‘പട്ടികഴുവേറി മോനെ...’’

 

ഇണക്കുരുവികൾ ഞെട്ടി. ഇല്ലിക്കാടുകളിൽ നിന്നും കൊക്കുകൾ കൂട്ടമായി പറന്നുയർന്നു. അവരകന്നു മാറി. ഉടയാടാകളില്ലാത്ത നഗ്നമേനികൾ കണ്ടെനിക്ക് വീണ്ടും നാണം തോന്നി. ഞാൻ മുഖംതിരിച്ചു. ഏമാനൊപ്പം ഒരു സംഘമാളുകൾ അവരെ വളഞ്ഞു. കുറുവടികളുടെ പ്രഹരശബ്ദം. ഇണക്കുരുവികളുടെ നിലവിളി. പിഞ്ഞിക്കീറിയ തുണികൾ കാറ്റിൽ പറന്നു. ആൾക്കൂട്ടം പിരിഞ്ഞു.

 

പൊടുന്നനെ എന്റെ കഴുത്തിലൊരു പൂട്ട് വീണു. മുന്നോട്ട് നീങ്ങാനാവാത്ത വിധം അതെന്നെ നിശ്ചലനാക്കി. ഏമാന്റെ കണ്ണുകൾ തീക്കട്ട പോലെ ചോന്നിരിക്കുന്നു. ഏമാന്റെ പിന്നിൽ അര വസ്ത്രമണിഞ്ഞ ഒരു പെൺകുരുവിയിൽ എന്റെ കണ്ണുടക്കി. പരിചതമായ മുഖം. കുപ്പിവളയണിഞ്ഞ  കൈകൾ. ഏമാന്റെ മുഖശ്രീ. ആളെ മനസ്സിലായി. എന്റെ കണ്ണു നിറഞ്ഞു.

 

പുറകിലെവിടെയോ ആൺകുരുവിയുടെ നിലവിളി. ചതുപ്പ് നിലത്തിന്റെ ആഴങ്ങളിൽ  അവ ആഴ്ന്നില്ലാതായി. ആൾക്കൂട്ടത്തിൽ നിന്ന് നടന്നകലുന്ന ഒരാൾ ഉറക്കെ കൂവി. ആൾക്കൂട്ടം അതേറ്റു പിടിച്ചു.

 

ആരോടോ അരിശം തീർക്കുന്ന പോലെ എന്റെ കഴുത്തിലെ ആഭരണം വലിഞ്ഞു. നടപ്പിന്റെ വേഗത കൂടി. എതിരെ വന്ന ജീവികൾ  വഴിയൊതുങ്ങി. നടത്തമവസാനിച്ചു. എന്റെയാകാശവും, ഭൂമിയും  വീണ്ടും ഇരുമ്പഴികൾക്കുള്ളിലായി. ഏമാന്റെ പൊരയിലെ ഏതോ മുറിയിൽ നിന്നും ചാട്ടവാറിന്റെ ശബ്ദവും പെൺകുരുവിയുടെ നിലയ്ക്കാത്ത നിലവിളിയും എന്റെ കാതുകളിൽ മുഴങ്ങി.

പശ്ചാത്താപം പ്രായശ്ചിത്തം എന്ന കണക്കെ ഞാൻ ഒന്നുമറിയാത്ത പോലെ കണ്ണടച്ച് ചുരുണ്ടു കൂടി.

English Summary: Tiger paranja kadha, Malayalam short story