ADVERTISEMENT

ഇനി എത്രനാൾ (കഥ)

 

‘‘കാഞ്ചിയമ്മേ... ആ പുതപ്പു കൂടെ എടുത്തോളൂ... പാക്ക് ചെയ്യാൻ മറക്കണ്ട...’’

 

ആ പറഞ്ഞതു തീരെ രസിക്കാത്തത് കൊണ്ടാവണം കാഞ്ചിയമ്മ ഇന്ന് കുറച്ചു കനത്തിൽ തന്നെ മറുപടി കൊടുത്തു.

 

‘‘അതിനിപ്പോ എന്താ... മറന്നു പോയാലും അവനെനിക്ക് പുതിയത് വാങ്ങി തരും. നീ ഇടപെടണ്ട...’’

 

‘‘ഞാൻ ഒന്നും പറഞ്ഞില്ലേ...’’

 

എന്തൊക്കെയോ ഉരുവിട്ടുകൊണ്ടു കാഞ്ചിയമ്മ ബാഗും കൈപ്പിടിയിലാക്കി പുറത്തെ ചാരുകസേരയിൽ പോയി ഇരുന്നു. തൊട്ടപ്പുറത്തെ കൺസൾട്ടിങ് റൂമിൽ ഇരിക്കുന്ന എനിക്ക് ഇതെന്നും ഒരു പതിവുകാഴ്ച ആയിരുന്നു. കാഞ്ചിയമ്മയും അവരുടെ ബാഗും. ഒരു സാധു സ്‌ത്രീ. പ്രായം കടന്നു കയറിയതിന്റെ എല്ലാ മൂർധന്യഭാവങ്ങളും ആ ശരീരത്തെ ബാധിച്ചിട്ടുണ്ടായിരുന്നു. ഇളകി വരുന്ന കാബേജ് ഇതളുകൾ പോലെ കവിളുകൾ തൂങ്ങിയാടിയ മുഖം. മണ്ണിൽ തെളിഞ്ഞു വന്നു കാണുന്ന വിണ്ടുകീറലുകൾ പോലെ ഓരോ നാഡിഞരമ്പുകളും വ്യക്തമായി കാണാം. കൈയിലെ നഖകുഴികളിൽ എല്ലാം കറുപ്പു വീണിട്ടുണ്ട്. നരബാധിച്ച മുടിനാരുകൾ, തക്ക പോലുള്ള കമ്മലുകൾ ആ കാതുകളെ വളരെ അധികം ബുദ്ധിമുട്ടിക്കുന്നതു പോലെ താഴേക്ക് ഇറങ്ങി വന്നിരിക്കുന്നു. കൃതാവിന്റെ ഭാഗത്തൊക്കെ കരുവാളിപ്പു ബാധിച്ചിട്ടുണ്ടായിരുന്നു. 

 

ഇടയ്ക്കിടെ കണ്ണു തിരുമ്മുന്നത് കാണാം. കാഴ്ച കുറവായിരിക്കണം. ഓരോ തവണ കണ്ണു തിരുമ്മുമ്പോഴും ആ കണ്ണുകൾ വളരെയധികം ആഴത്തിലേക്ക് ഊർന്ന് ഇറങ്ങുന്നത് പോലെ ഉണ്ടായിരുന്നു. ചേമ്പിൻതണ്ടു പോലെ ശുഷ്കമായ കൈയിൽ ഒരു മുത്തുമാലയും, ബാഗും പിടിച്ചു ഇടവിടാതെ നാരായണമന്ത്രം ജപിക്കുന്ന ആ സ്‌ത്രീ എനിക്ക് എന്നും കാണുമ്പോൾ ഒരു ഐശ്വര്യവും അതിനു പുറമെ ആകാംഷയും ആയിരുന്നു.

 

എന്തിനാണ് ഈ സ്‌ത്രീ ഇവിടെ ദിവസവും ബാഗും എടുത്തു വന്നിരിക്കുന്നത്? അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും തിരക്കൊഴിഞ്ഞൊരു നേരം എനിക്കിന്നു വരെ ഉണ്ടായിട്ടില്ല. രോഗവും രോഗികളും മരുന്നുകളും ഇനി അധികകാലം ഇല്ല എന്നു വിളിച്ചോതുന്ന നോട്ടങ്ങളും സങ്കടങ്ങളും അങ്ങനെയങ്ങനെ... അല്ലെങ്കിലും ഈ ശരണാലയത്തിൽ ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല.

 

ആരെയോ ചീത്ത പറയുന്ന ശബ്ദമായിരുന്നു പിന്നെ ഞാൻ കേട്ടത്. നോക്കുമ്പോൾ ആ സ്ത്രീ നിലം തുടയ്ക്കുന്ന ആനിചേച്ചിയുടെ മേൽ അരിശം തീർക്കുന്നതായി കണ്ടു. തുടരെ തുടരെ കാഞ്ചിയമ്മ തന്റെ സാരീ കുടയുന്നുണ്ടായിരുന്നു.

 

‘‘എന്താ ചേച്ചി പ്രശ്നം...’’

 

‘‘അതൊന്നും ഇല്ല ഡോക്ടറെ... തുടയ്ക്കുമ്പോൾ കാലൊന്നു തട്ടിപോയി. അതിനാണ്...’’

 

‘‘ആരാ ചേച്ചി ആ സ്‌ത്രീ... അവരെന്തിനാ ദിവസവും ഇവിടെ വന്നിരിക്കുന്നത്?...’’

 

‘‘അതു നമ്മുടെ ആനന്ദ് ഡോക്ടറിന്റെ പേഷ്യന്റ്‌ ആണ്. കാര്യം കുറച്ചു സങ്കടാ... ഓർമ ഇല്ലാത്ത സ്ത്രീയാ... അതാ ഞാൻ ഒന്നും പറയാതെ ഇരുന്നേ...’’

 

അതെന്നെ തെല്ലൊന്നു അമ്പരപ്പിച്ചു. കണ്ടാൽ അങ്ങനെ ഒന്നും പറയില്ലായിരുന്നു.

 

‘‘ഇവിടെ എങ്ങനെ ആ സ്‌ത്രീ എത്തി?...’’

 

‘‘ഒന്നും പറയണ്ട... ഇവർക്ക് ഒരു സന്താനം മാത്രമേ ഉള്ളൂ. അതിന് അമേരിക്കയിൽ ജോലി കിട്ടിയപ്പോൾ കണ്ണിനു കാഴ്ച ഇല്ലാത്ത അമ്മയെ നോക്കാനാവില്ല എന്നു പറഞ്ഞ് ഇവിടെ കൊണ്ട് വിട്ടു. വന്ന ദിവസം ഒക്കെ ഭയങ്കര വെഷമാർന്നു... ഭക്ഷണോം കഴിക്കില്ല... എപ്പോഴും കരച്ചിലാർന്നു. ഒന്നും കഴിക്കാണ്ട് ഇവിടെ കിടന്നു ചാവും എന്നായപ്പോ ആനന്ദ് ഡോക്ടർ പറഞ്ഞു മകന്റെ പേരിൽ ഒരു കത്തൊക്കെ എഴുതി നാടകം കളിച്ചതാ.. ഞാൻ അമ്മയെ കാണാൻ വരും എന്നൊക്കെ പറഞ്ഞ്.

 

അങ്ങനെ ഒരു വിധം സമാധാനമായി വരുമ്പോഴാ മോൻ ആസിഡന്റിൽ പെട്ടു മരിച്ച കാര്യം ടിവിയിലെ വാർത്തേന്നു കേട്ടത്. അവരുടെ ദണ്ണം അവർക്കറിയാം കൊച്ചേ... അതിന്റെ മെന്റൽ ഷോക്കാർന്നു. ഇപ്പോൾ തലയിൽ ഒന്നും ഇല്ല. അവരെന്താണെന്നോ, എവിടെയാണെന്നോ. പക്ഷേ കത്തിലെ വരികൾ ഇപ്പോളും നല്ല പിടിയാ... അവരുടെ വിചാരം മോൻ ഇപ്പൊ വന്നു കാണും എന്നൊക്കെയാ... എന്തു ചെയ്യാം... എനിക്കു തന്നെ അവരെ കാണുമ്പോൾ ഉള്ളിൽ ഒരു നീറ്റലാ... ഞാൻ ഒന്നും പറയത്തില്ല. ആരറിഞ്ഞു നാളെ ഞാനും ഇങ്ങനെ ഇരിക്കേണ്ടി വരില്ല എന്നൊക്കെ...’’

 

കലി തുള്ളി പെയ്യുന്ന മഴയുടെ നടുവിൽ പെട്ടതു പോലെ ആയിരുന്നു ഞാൻ. എത്ര നേരം ഞാൻ ആ സ്ത്രീയെ നോക്കി നിന്നെന്ന് എനിക്കറിയില്ല. ഞാൻ അടുത്തു ചെന്നപ്പോൾ അവരെന്നെ അടിമുടി നോക്കി. പിന്നെയും കണ്ണുകൾ പുറത്തേക്കു തന്നെ നോക്കിയിരുന്നു.

 

‘‘അമ്മ മുറിയിൽ വന്നിരിക്കു... നല്ല മഴക്കോളുണ്ട്. മോൻ വരുമ്പോൾ ഞാൻ പറയാം...’’

 

‘‘ഇല്ല കുട്ടിയെ... അവൻ എന്നെ ഇവിടെ ഇരുത്തിയിട്ട് പോയതാ... വന്നിട്ടു കണ്ടില്ലെങ്കിൽ അതുമതി... ദേഷ്യക്കാരനാ...’’

 

എനിക്ക് അധിക നേരം അവിടെ നിൽക്കാൻ പറ്റില്ല എന്നു തോന്നി. ആ സ്ത്രീയുടെ മുഖം നേരെ നോക്കുവാൻ പോലും ഉള്ള ശേഷി എനിക്കപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. ഞാൻ അവരുടെ കൈ എന്റെ കൈപ്പിടിയിൽ ഒതുക്കി ഒരുപാട് നേരം ഇരുന്നു. പക്ഷേ അവരതൊന്നും അറിഞ്ഞതെ ഇല്ല.....

 

‘‘ഡോക്ടർ... റൗണ്ട്സ്‌നു നേരമായി...’’

 

‘‘ആ വരുന്നു...’’

 

എല്ലാം മറന്നുകൊണ്ട് നടക്കാൻ ശ്രമിക്കുമ്പോഴും ഞാനതിൽ പരാജയപ്പെടുകയായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ചാറി വീഴുന്ന മഴയിൽ നനഞ്ഞു കുതിർന്നു തണുത്തു വിറയ്ക്കുന്ന കാഞ്ചിയമ്മയെയാണ് കാണാൻ കഴിഞ്ഞത്. അപ്പോഴും ഒരു നോട്ടം പോലും മാറാതെ, പാഴക്കാതെ ദൂരെയുള്ള ഗേറ്റിൽ ഇനി ഒരിക്കലും വരാത്ത മകന്റെ വരവും കാത്ത് അവരവിടെ ഇരിക്കുകയാണ്. സാരിതലപ്പുകൊണ്ടു ഉടലാകെ പൊതിഞ്ഞിരിക്കുന്നു. കൈയിൽ ഉള്ള ബാഗും സാരിയിൽ ചേർത്തു പിടിച്ചു നാരായണമന്ത്രം ജപിച്ചു കൊണ്ട്...

 

അപ്പോൾ പെയ്ത മഴയും കൂടെ ഇരുന്നു കരയുകയായിരിക്കണം.ഇവിടെ പെയ്തു മണ്ണടിയുന്ന ഓരോ മഴത്തുള്ളികളുടെയും ജീവൻ പോലെ ആയിരുന്നു അവരുടെ കാത്തിരിപ്പും. ഒരു പക്ഷേ ആ കാത്തിരിപ്പിന് അർത്ഥം ഇല്ല എന്നു മനസിലാക്കിയത് കൊണ്ടാവണം മഴ കാഞ്ചിയമ്മയ്ക്കു കൂട്ടിനു വന്നത്.

 

ഓരോ മഴത്തുള്ളികളിലും കാത്തിരിപ്പിന്റെ നോട്ടങ്ങൾ അലിഞ്ഞുചേരുമ്പോൾ പ്രകൃതി ഒട്ടാകെ നാരായണമന്ത്രം ഉരുവിടുകയായിരുന്നു.ഞാനും

 

ഇനി എത്ര നാൾ... എത്ര നാൾ.......!

 

English Summary: Ini ethranal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com