ADVERTISEMENT

അപ്പൻ (കഥ)

‘‘രാമാ വിളക്കെല്ലാം അണഞ്ഞന്നു തോന്നുന്നു നീ അതെല്ലാം എടുത്തു ചായ്പ്പിലേക്കു വെച്ചേക്ക്, അല്ലെങ്കിൽ രാവിലെ കാക്കകൾ എല്ലാം തിരി പെറുക്കാൻ കൂടും. രാമാ… ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ?, രാമാ രാമാ’’ അപ്പൻ നീട്ടി വിളിച്ചു.

 

‘‘രണ്ടു മൂന്നു വിളക്കുകൾ അണഞ്ഞിട്ടില്ല അപ്പാ, അതും കൂടി കഴിയട്ടെ എന്നിട്ട് എടുത്ത് വെക്കാം’’ രാമൻ വരാന്തയിലേക്ക് എത്തി. ‘‘ആഹ് എന്നാ അതും കൂടി അണയട്ടെ.’’ അപ്പൻ ചാര് കസേരയിൽ നിവർന്നിരുന്നു കാവിലേക്കു നോക്കി. എരിഞ്ഞു തീരാറായി നിൽക്കുന്ന വിളക്കുകൾ. ഇരുട്ട് അകറ്റാൻ ആവാതെ വീർപ്പു മുട്ടി നിൽക്കും പോലെ. ആ തിരികൾ പോലെ എരിഞ്ഞു തീരാറായി എന്റെ ജീവിതവും. അയാൾ മനസ്സിൽ പറഞ്ഞുകൊണ്ട് ഒന്ന് നെടുവീർപ്പെട്ടു. മുമ്പ് വരെ എന്ത് ആഘോഷം ആയിരുന്നു. അയല്പക്കത്തെ സ്ത്രീകളും കുട്ടികളും ഒക്കെ എത്തി കാവിൽ വിളക്ക് ചടങ്ങു നടത്തി. എല്ലാമാസവും ഉണ്ടായിരുന്ന ഒരു ചടങ്ങാണ് നൂറു വിളക്ക് തെളിക്കൽ. തറവാട്ടിൽ അപ്പൻ ഒറ്റക്കായതിൽ പിന്നെ പതിയെ ആ ചടങ്ങ് ഇല്ലാതെ ആയി. ദിവസവും ഉള്ള തിരി അപ്പൻ സന്ധ്യക്ക്‌ കൊളുത്തും.

 

ഇതിപ്പോൾ രാമൻ അയല്പക്കത്തെ സ്ത്രീകളെയും കുട്ടികളെയും കൂട്ടി വീണ്ടും അതൊരു ആഘോഷം ആക്കി മാറ്റി. വിളക്കുകൾ അണഞ്ഞു തുടങ്ങിയപ്പോൾ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി. ആളും ആരവവും ഒക്കെ കഴിഞ്ഞു. എന്നെ പോലെ വിളക്കുകളും തനിച്ചായി. പ്രതാപ കാലത്ത് താനും തെളിഞ്ഞു പ്രകാശിച്ചപ്പോൾ കാർന്നോന്മാരും ഭാര്യയും മക്കളും വാല്യക്കാരും... ഒക്കെ ചുറ്റിനും ഉണ്ടായിരുന്നു.. വയസ്സായപ്പോൾ ഏകാന്ത വാസവും. വീണ്ടും അയാൾ കസേരയിലേക്ക് ചാരി കിടന്നു.

 

നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണി ആയിരുന്നു വാസുക്കുട്ടൻ ചാന്നാർ. ആ പ്രദേശത്തുള്ള ഒട്ടുമിക്ക പുരയിടങ്ങളും അയാളുടെ അധീനതയിൽ ഉള്ളതായിരുന്നു. അവിടെ എല്ലാം അയാൾ പൊന്നു വിളയിച്ചു. സമ്പാദ്യങ്ങൾ കൂടി. വാസുക്കുട്ടൻ ചാന്നാർക്കു നാല് മക്കൾ. മൂന്നു ആണ്മക്കൾക്കും കൃഷിയിടങ്ങളുടെ മേൽനോട്ടം ഏല്പിച്ചെങ്കിലും അവർക്ക് അതിൽ വിജയിക്കാൻ ആയില്ല, മക്കളുടെ പിടിപ്പുകേട് വാസുക്കുട്ടന് അത്ര ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അതിൽ നാലാമത്തെ മകൻ രാജപ്പൻ തന്റെ ഒപ്പം എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിൽ അയാൾ സന്തോഷവാൻ ആയിരുന്നു. രാജപ്പൻ എല്ലാവർക്കും ‘‘അപ്പൻ’’ ആയിരുന്നു. പ്രായത്തിനു മുകളിൽ ഉള്ളവരും താഴെ ഉള്ളവരും, നാട്ടിലെ കുട്ടികൾക്ക് വരെ അയാൾ ‘അപ്പൻ’ ആയി. ഉത്തരവാദിത്വം ഇല്ലാതെ മൂത്ത മക്കൾക്ക് വേണ്ടി ഉള്ള സ്വത്തുക്കൾ നശിപ്പിക്കാൻ വാസുക്കുട്ടൻ തയ്യാറായില്ല. മക്കളുമായി തെറ്റിപ്പിരിയേണ്ടിയും വന്നു.. അപ്പന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും കാര്യ ശേഷിയും അയാളെ അച്ഛന്റെ ഏറെ പ്രിയപ്പെട്ട മകനാക്കി. അതും മറ്റു മക്കൾക്ക് അത്ര ദഹിച്ചിരുന്നില്ല. അവസാനം സ്വത്തു തർക്കവും ആയി. മറ്റു മക്കൾ അവരവരുടെ വഴിക്കു പോയി.

 

അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ഇരുപത്തി രണ്ടാം വയസിൽ അപ്പൻ വിവാഹിതൻ ആയി. വാസൂട്ടന്റെ അകന്ന ബന്ധത്തിൽ പെട്ട കല്യാണി ആയിരുന്നു വധു. ഏറെ താമസിയാതെ അവർക്ക് ഒരു പെൺകുഞ്ഞു പിറന്നു. ഗിരിജ. രണ്ടാമത്തെ കുട്ടി ജയനെ പ്രസവിച്ചതോടെ കല്യാണി മരണപ്പെട്ടു. മക്കൾ തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസം ഉള്ളത് അപ്പന് ഒരു അനുഗ്രഹം ആയി. ജയന്റെ കാര്യങ്ങൾ ഒക്കെ ഗിരിജ ഏറ്റെടുത്തു. ചെറുപ്പം ആയിരുന്ന അപ്പനെ കാർന്നോന്മാർ എല്ലാവരും മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചെങ്കിലും മക്കളുടെ ഭാവിയെ കരുതി അയാൾ അതിനു മുതിർന്നില്ല. മക്കൾക്ക് വേണ്ടി ബാക്കി ഉള്ള ജീവിതം അയാൾ മാറ്റി വെച്ചു, രണ്ടു പേർക്കും നല്ല വിദ്യാഭ്യാസം നൽകി. ഗിരിജ സ്വന്തം ഇഷ്ടപ്രകാരം മെഡിസിന് ചേർന്നു. അഞ്ചു വർഷങ്ങൾക്കിപ്പുറം ജയനും ചേച്ചിയുടെ പാത പിന്തുടർന്നു. 

 

പഠനം കഴിഞ്ഞ ഉടൻ തന്നെ ഗിരിജയെ, അമേരിക്കയിൽ ഡോക്ടർ ആയ പ്രസാദിന് വിവാഹം കഴിച്ചു നൽകി. അവൾ അങ്ങനെ അമേരിക്കയിലേക്ക് ചേക്കേറി.അതിനിടയിൽ വാസുക്കുട്ടൻ ഇഹലോക വാസം വെടിഞ്ഞു. സ്വത്തുക്കൾ മുഴുവനും അപ്പന്റെ കൈകളിൽ എത്തി. സഹോദരങ്ങൾക്കായി അയാൾ അന്വേഷണങ്ങൾ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ ആയില്ല. ജയൻ തന്റെ പഠനം കഴിഞ്ഞു ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് തുടങ്ങി. അങ്ങനെ അപ്പൻ തനിച്ചായി .ജയൻ എല്ലാ ശനി ആഴ്ചയും തറവാട്ടിൽ എത്തി അച്ഛനോടൊപ്പം നിൽക്കും. തിങ്കളാഴ്ച രാവിലെ ജോലിക്കു തിരിച്ചു പോകും. അതായിരുന്നു പിന്നീടുള്ള പതിവ്. അപ്പൻ ജയന് വേണ്ടി വിവാഹ ആലോചനകൾ തുടങ്ങി. ആദ്യം ഒക്കെ അവൻ ഒഴിഞ്ഞു മാറിയെങ്കിലും അച്ഛന്റെ ആഗ്രഹത്തിന് എതിര് നില്ക്കാൻ അയാൾക്ക്‌ ആവുകയില്ലാരുന്നു. 

 

തന്റെ സഹപാഠിയും ബാല്യകാല സുഹൃത്തും ആയിരുന്ന ഗീതയുമായി ഉള്ള അടുപ്പം ജയൻ അച്ഛനെ അറിയിച്ചു.ഗീത അപ്പോൾ സംഗീത കോളേജിൽ പഠിച്ചുകൊണ്ടു ഇരിക്കുന്ന സമയം. അവിടെ അറിയപ്പെട്ടിരുന്ന ഒരു ആളായിരുന്നു കൃഷ്‌ണൻ ഭാഗവതർ, അദ്ദേഹത്തിന്റെ മകൾ ആണ് ഗീത. താഴ്ന്ന ജാതിയിൽ പെട്ട അവർ തീരെ ദരിദ്ര കുടുംബം ആയിരുന്നു. അപ്പൻ തറവാട്ടിലെ മറ്റുള്ള മുതിർന്നവരെയും ബന്ധുക്കളയേയും ഒക്കെ വിളിച്ചു വരുത്തി കാര്യം അവതരിപ്പിച്ചു. കേട്ടവർ കേട്ടവർ വാളെടുത്തു. അഷ്ടിക്ക് വകയില്ലാത്ത കുടുംബത്തിൽ നിന്നും ഒരു പെണ്ണോ? ,അതും തങ്ങളേക്കാൾ താഴ്ന്ന ജാതിയിൽ നിന്ന്. ജയന്റെ പത്രാസിനു അവനൊരു ഡോക്ടർ പെൺകുട്ടി മതി എന്നായി എല്ലാവരും. പക്ഷേ മകന്റെ ഇഷ്ടത്തിന് എതിരുനിൽക്കാൻ അപ്പന് കഴിഞ്ഞില്ല. മറ്റുള്ളവരുടെ എതിർപ്പ് വക വെക്കാതെ ഗീതയുമായുള്ള ജയന്റെ വിവാഹം അയാൾ നടത്തി കൊടുത്തു. അതോടെ ഉണ്ടായിരുന്ന ബന്ധുക്കൾ എല്ലാം ശത്രുക്കൾ ആയി മാറി.

 

അങ്ങനെ നാളുകൾ കടന്നു പോകവേ ജയന് ദുബായിൽ ഒരു ആശുപത്രയിൽ ജോലിക്ക് അവസരം ഒത്തുവന്നു. വലിയ ശമ്പളവും, ദുബായ് പോലെ ഒരു നഗരത്തിൽ എത്തിപ്പെടാൻ ആ കാലത്തു കിട്ടിയ അപൂർവ ഭാഗ്യവും അയാൾ അപ്പനോട് പറഞ്ഞു. അപ്പൻ ആദ്യമായി മകന്റെ ഇഷ്ടത്തിന് എതിര് നിന്നു. ജയൻ ദുബായിൽ പോകണം എന്ന വാശിയിൽ ആയതോടെ രണ്ടാളും മിണ്ടാതെ ആയി. ഗീതയും ജയനെ ഒരുപാടു ഉപദേശിച്ചു നോക്കി എങ്കിലും തനിക്കു കിട്ടിയ സുവർണ്ണാവസരം കളഞ്ഞു കുളിക്കാൻ അയാൾ തയാർ ആയിരുന്നില്ല. അപ്പൻ ഗിരിജയോട് കാര്യങ്ങൾ പറഞ്ഞെങ്കിലും, അവൾക്കും ജയന്റെ അഭിപ്രായം തന്നെ ആയിരുന്നു. ഗീതയുടെ നിർബന്ധത്തിനു വഴങ്ങി ജയൻ കാര്യങ്ങൾ അപ്പനോട് പറഞ്ഞു ബോധ്യപ്പെടുത്താൻ തീരുമാനിച്ചു.

 

‘‘അച്ഛാ ഇവിടെ ഇരുപതു വർഷം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ അവിടെ അഞ്ചു വർഷം കൊണ്ട് കിട്ടും. കുറച്ചു സമ്പാദ്യം ആയാൽ തിരികെ വന്നു ഇവിടെ ഒരു ചെറിയ ക്ലിനിക് തുടങ്ങാം. അച്ഛന്റെ സമ്പാദ്യത്തിൽ ഇനി തൊടാൻ ഞാൻ ഇല്ല. എനിക്ക് ജീവിക്കാൻ ഉള്ളത് ഞാൻ അദ്ധ്വാനിച്ചു ഉണ്ടാക്കും, അതിന് അച്ഛൻ എന്റെ കൂടെ നിൽക്കണം.’’

‘‘മോനെ അച്ഛന്റെ എല്ലാ സ്വത്തും മക്കൾക്കും കൊച്ചുമക്കൾക്കും ഉള്ളതാ. ഞാൻ ഇത് കെട്ടിപിടിച്ചു എത്ര നാൾ കാണും. എന്റെ കണ്ണടയും വരെ നീ അടുത്ത് വേണം എനിക്ക്.’’ അയാളുടെ ശബ്ദം ഇടറി. ജയൻ തന്റെ ആഗ്രഹം ഉപേക്ഷിക്കാൻ തീരമുമാനിച്ചെങ്കിലും മകന്റെ മനസ്സിലെ പ്രയാസം അപ്പന് സഹിക്കാവുന്നതിന് അപ്പുറം ആയിരുന്നു. ഓരോരുത്തർ ആയി തന്നെ വിട്ടു പിരിയുകയാണല്ലോ എന്ന സങ്കടം മനസിൽ ഒതുക്കി അവസാനം അയാൾ സമ്മതം മൂളി.. ജയൻ ദുബായിലേക്ക് വിമാനം കയറി. അവിടുത്തെ ജോലിത്തിരക്ക് കാരണം ആഹാര കാര്യത്തിലും മറ്റും ജയന് ബുദ്ധിമുട്ടുകൾ കൂടി. വേറെ നിവൃത്തി ഇല്ലാതെ ഗീതയേയും അയാൾ ദുബായിലേക്ക് കൊണ്ടുപോയി. ഒരായുസ്സ് മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ച അയാൾ അങ്ങനെ ജീവിതത്തിൽ ഒറ്റക്കായി. എല്ലാം മക്കളുടെ നല്ലതിന് വേണ്ടി അല്ലെ എന്ന് ഓർത്ത് അയാൾ സമാധാനിച്ചു. ഇപ്പോൾ എല്ലാത്തിനും കൂടെ ഉള്ളത് സഹായി രാമനും കുടുംബവും ആണ്.

 

രാമചന്ദ്രൻ എന്നാണ് പേരെങ്കിലും അയാൾ അറിയപ്പെട്ടിരുന്നത് രാമൻ എന്നായിരുന്നു. അപ്പന്റെ വിശ്വസ്തനും കയ്യാളും ആയിരുന്ന കുഞ്ഞുപിള്ളയുടെ മകൻ ആണ് രാമൻ. പറമ്പിൽ വെച്ച് പാമ്പ് കടിയേറ്റു കുഞ്ഞുപിള്ള മരണപ്പെട്ടതോടെ അച്ഛന്റെ ജോലി രാമൻ ഏറ്റെടുത്തു. എന്തിനും ഏതിനും അപ്പന്റെ കൂടെ രാമൻ ഉണ്ട്. അടുത്തുള്ള കർഷക സംഘത്തിൽ കണക്കപിള്ള ഉദ്യോഗവും ഉണ്ട് എങ്കിലും അപ്പന്റെ ഏതു ആവിശ്യങ്ങൾക്കും ഒരു വിളിപ്പുറത്തു അയാൾ ഉണ്ടാകും.. പറമ്പിലെ കാര്യങ്ങൾക്കു എല്ലാം മേൽനോട്ടവും അയാൾ തന്നെ. ഒരു മകനോടുള്ള എല്ലാ വാത്സല്യവും അപ്പന് രാമനോട് ഉണ്ട്. ഭാര്യ രാധയും മകൻ രാജേഷും മകൾ രാജിയും അടങ്ങുന്നതാണ് രാമന്റെ കുടുംബം. രാജേഷ് എം കോം കഴിഞ്ഞു തിരുവനന്തപുരത്തു ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. രാജി അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയും. രണ്ടു പേരയെയും പഠിപ്പിക്കുവാൻ ഒരു രൂപ പോലും രാമന് ചിലവാക്കേണ്ടി വന്നിട്ടില്ല. അതെല്ലാം അപ്പനും മക്കളും ചേർന്നാണ് നോക്കിയിരുന്നത്. അപ്പന് ദിവസവും ഉള്ള ആഹാരം രാധ ആണ് തയ്യാറാക്കി കൊടുക്കുന്നത്. അവർ രാവിലെ എത്തിയാൽ എല്ലാവർക്കും ഉള്ള ആഹാരം അവിടെ തന്നെ ഉണ്ടാക്കും, രാമന്റെ പുതിയ വീടിന്റെ പണി തുടങ്ങിയത് മുതൽ ആഹാരം അപ്പന്റെ വീട്ടിൽ തന്നെയാണ് ഉണ്ടാക്കുന്നത്.

 

‘‘അപ്പാ ഗിരിജ വിളിക്കുന്നുണ്ട് , ഇതാ ഫോൺ, വീഡിയോ കാൾ ആണ്’’ രാമൻ ഫോൺ അപ്പന്റെ കയ്യിൽ കൊടുത്തു. ഗിരിജ രണ്ടു ദിവസം കൂടുമ്പോൾ വീഡിയോ കാൾ ചെയ്യും. മൊബൈലിൽ അതിനു വേണ്ട സൗകര്യങ്ങൾ എല്ലാം രാമന്റെ മകൻ രാജേഷ് ശരി ആക്കികൊടുത്തിട്ടുണ്ട്. മകളും മരുമകനും വീഡിയോകാളിൽ എത്തിയതോടെ അപ്പൻ മൊബൈലുമായി വെട്ടം ഉള്ളടുത്തേക്ക് മാറി ഇരുന്നു.

 

ഗിരിജക്ക് ഒരു മകൾ ആണ്. കല്യാണി. അമ്മുമ്മയുടെ പേരാണ് അവൾക്ക്. വിവാഹം കഴിഞ്ഞു ഭർത്താവുമായി ലണ്ടനിൽ താമസം. രണ്ടാളും അവിടെ ഡോക്ടർമാർ ആണ്. സംസാരത്തിനിടയിൽ അപ്പന്റെ ഫോൺ ഓഫ് ആയി. ‘‘രാമാ ഇത് ഓഫ് ആയല്ലോ, നീ ഒന്ന് നോക്കിക്കേ.’’ രാമൻ ഫോൺ വാങ്ങി നോക്കി. ‘‘ആ, ഇതിൽ ചാർജ് തീർന്നു അപ്പാ . ഇന്ന് കുത്തി ഇട്ടില്ലേ?’’.

‘‘ശെടാ ഞാൻ അതങ്ങു മറന്നു’’ മകളോട് ഉള്ള സംസാരം പൂർത്തിയാക്കാൻ കഴിയാത്തതിൽ അയാൾക്ക്‌ നിരാശ തോന്നി. രാമൻ ഫോണുമായി അകത്തേക്ക് പോയി. അപ്പൻ പതുക്കെ കസേരയിൽ നിന്നും എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി.

 

‘‘അപ്പാ കഞ്ഞിയും മുതിരയും എടുത്ത് അടച്ചു വെച്ചിട്ടുണ്ട്. എടുത്തു കഴിച്ചോളൂ. മൊബൈൽ ചാർജ് ചെയ്യാൻ മുറിയിൽ കുത്തി ഇട്ടിട്ടുണ്ട്. വിളക്ക് എല്ലാം പെറുക്കി വെച്ചിട്ടു ഞാൻ വീട്ടിൽ പോകുകയാണ്.’’ രാമൻ മുറ്റത്തേക്ക് ഇറങ്ങി. ‘‘ആ നീ പോകുമ്പോൾ ഗേറ്റ് അടക്കാൻ മറക്കണ്ട, ഗീത വിളിക്കാൻ സമയം ആയി വരുന്നു, അവളോട് സംസാരിച്ചിട്ട് ഞാൻ കഞ്ഞി കുടിച്ചോളാം’’ അപ്പൻ മുറിയിലേക്ക് പോയി.

 

ജയൻ ദിവസവും രാവിലെ ആശുപത്രിയിൽ പോകും വഴി അപ്പനുമായി സംസാരിക്കും.. ഗീത വൈകുന്നേരവും. ആ പതിവ് മകൻ തെറ്റിച്ചാലും മരുമകൾ തെറ്റിക്കില്ല. അവർ ഒരുപാടു നിർബന്ധിച്ചതാണ് അവരുടെ ഒപ്പം ദുബായിലേക്ക് അപ്പനെയും കൂടെ കൊണ്ടുപോകുവാൻ. അപ്പന് അതൊന്നും ജീവിതത്തിൽ പറ്റുകയില്ല. ഈ പ്രായത്തിലും പണ്ട് എന്നപോലെ തന്നെ എല്ലാ പുരയിടങ്ങളും കൃഷികളും നോക്കി നടത്തുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. രാമന്റെ മേൽനോട്ടവും ആവിശ്യത്തിന് പണിക്കാരും ഉള്ളപ്പോൾ പുരയിടങ്ങൾ തരിശായി ഇടുന്നതെന്തിന് എന്നായിരുന്നു അയാളുടെ പക്ഷം.മ ക്കൾ പലപ്പോഴായി പറഞ്ഞിരുന്നു അച്ഛൻ കൃഷി ഒക്കെ നിർത്തി വിശ്രമിക്കുവാൻ. അയാൾക്ക്‌ അതിനൊന്നും കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ ദുബായിലേക്കുള്ള ക്ഷണം അയാൾ നിരസിച്ചു.

 

ജയൻ ഇപ്പോൾ ദുബായിലെ സർക്കാർ ആശുപത്രിൽ ഡോക്ടർ ആണ്. ഗീത അവിടെ ഒരു ചെറിയ സംഗീത സ്കൂളും നടത്തുന്നുണ്ട്. അവർക്ക് ഇരട്ട കുട്ടികൾ മാധവനും ദേവികയും. രണ്ടുപേരും ദുബായിൽ എഞ്ചിനീയറിംഗ് അവസാന വർഷം പഠിക്കുന്നു.

 

അച്ഛന്റെ എല്ലാ മാസവും ഉള്ള ചെക്കപ്പ് മകൾ ഗിരിജയുടെ നിർബന്ധം ആണ്. അതിനു അവളുടെ കൂട്ടുകാരി, ഡോക്ടർ നീനയെ ഏർപ്പാടാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ മക്കൾ ആരും കൂടെ ഇല്ല എന്നെ ഉള്ളു. അപ്പന്റെ കാര്യത്തിൽ മക്കൾക്കു ഒരു വിട്ടു വീഴ്ചയും ഇല്ല. ഗീതയുടെ വിളി പ്രതീക്ഷിച്ചു ഇരുന്നെങ്കിലും അവൾ വിളിച്ചില്ല. രാവിലെ ജയനും വിളിച്ചിരുന്നില്ല. അപ്പന് മനസ്സിൽ ആശങ്ക കൂടി 

‘‘എന്ത് പറ്റി ആവോ എന്റെ കുട്ടികൾക്ക്.’’

അയാൾ അത്താഴം കഴിച്ചു എന്ന് വരുത്തി. ശേഷം പതിവ് ഉലാത്തലിനായി മുറ്റത്തേക്ക് ഇറങ്ങി. അപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അപ്പൻ ഉറക്കെ ചോദിച്ചു ‘‘ആരാ അത് ഈ സമയത്ത് ,സമയം പത്ത് കഴിഞ്ഞല്ലോ’’

‘‘ഞാനാ അപ്പാ രാമനാ’’

ആഹ് നീ പോയിട്ട് പിന്നെയും വന്നോ? എന്താ, എന്തുപറ്റി?

‘‘അപ്പാ നാളെ ഞാൻ രാവിലെ ഉണ്ടാവില്ല.എനിക്ക് തിരുവനന്തപുരം വരെ ഒന്ന് പോകണം. അത്യാവശ്യം ആണ്.രാധയും മോളും കൂടെ രാവിലെ വരും. ഇത് ഒന്ന് പറയാൻ വന്നതാണ്.’’ രാമൻ പറഞ്ഞു നിർത്തി.

 

‘‘അതെന്താടാ പെട്ടന്നൊരു തിരുവനന്തപുരം. നീ നേരത്തെ പറഞ്ഞില്ലല്ലോ. നിനക്ക് ഒരു പരുങ്ങൽ ഉണ്ടല്ലോ. എന്താ കാര്യം.’’ അപ്പന് എന്തോ പന്തികേട് തോന്നി.

 

‘‘അയ്യോ അങ്ങനെ ഒന്നും ഇല്ല അപ്പാ, മോൻ അവിടെ വരെ ഒന്ന് ചെല്ലാൻ പറഞ്ഞു. അവന് ഈ മാസം ലീവില്ലത്രേ. അവിടുന്ന് എന്തൊക്കയോ സാധനങ്ങൾ ഇങ്ങട് കൊണ്ടുവരുവാൻ ഉണ്ട്. ഒരു ടെമ്പോ ആയിട്ടു ചെല്ലാൻ പറഞ്ഞു. ഞാനും തറപറമ്പിലെ ഹരിയും കൂടി പോകുന്നു ൃ. കൂടാതെ ഇവിടുത്തെ കാറിനു നാളെ ഒരു ഓട്ടം ഉണ്ട്**. അപ്പനോട് പറയാൻ അങ്ങ് മറന്നു. അതാ ഇപ്പോൾ വന്നത്.’’

 

‘‘ആഹാ അപ്പൊ എന്തോ കാര്യമായി ഉണ്ടല്ലോ, നിന്റെ പുതിയ വീട്ടിലേക്കുള്ള ഫർണിച്ചറും മറ്റും ആകും. ആഹ് എന്നാൽ നീ പോയിട്ട് വാ. ഞാനും കിടക്കാൻ പോകുവാ. ഇന്ന് ഗീത വിളിച്ചില്ല. മനസ്സിൽ അതിന്റെ ഒരു അലട്ടു ഉണ്ട്’’ അപ്പൻ തിരിഞ്ഞു വരാന്തയിലേക്ക് കയറി

ആദ്യമായി അപ്പനോട് കളവു പറഞ്ഞതിൽ ഉള്ള മനസ്താപവുമായി രാമൻ ഗേറ്റ് അടച്ചു വീട്ടിലേക്കു നടന്നു.

 

**അപ്പന് കൊച്ചുമകൾ കല്യാണി വാങ്ങിക്കൊടുത്ത കാർ ആണ് അത്. മിക്കപ്പോഴും കാർ ഷെഡിൽ തന്നെ കിടപ്പാണ്. അപ്പൻ ഇടയ്ക്കു ദൂരെയുള്ള പറമ്പിലൊക്കെ സന്ദർശനം നടത്തുമ്പോൾ മാത്രം ആണ് കാർ ഉപയോഗിക്കുന്നത്. അത് വെറുതെ കിടക്കുന്നതിനു ഒരു പരിഹാരം ആയി അപ്പൻ തന്നെ നിർദേശിച്ചതാണ് രാമനോട്, ആർക്കെങ്കിലും വാടകക്ക് വേണം എങ്കിൽ കൊടുക്കാൻ. കിട്ടുന്ന വാടകയിൽ വണ്ടിയുടെ ചെലവ് കഴിച്ചുള്ള തുക രാമന്റെ മകൾക്കു വേണ്ടി ഉള്ള ബാങ്ക് അക്കൗണ്ടിലേക്കു പോകും. അത് അവളുടെ വിവാഹ ആവശ്യത്തിന് അപ്പൻ വക കരുതൽ ആണ്.

 

*********************************

 

പതിവിലും നേരത്തെ അപ്പൻ ഉറക്കം ഉണർന്നു. മക്കൾ വിളിക്കാഞ്ഞതിലുള്ള ആധി കാരണം അയാൾക്ക്‌ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. രാധ എത്തിയിട്ടുണ്ടാകില്ല. ഒരു ചായ കുടിക്കണം എങ്കിൽ ഇനിയും സമയം എടുക്കും, ആഹ് ഒരു ചായ ഉണ്ടാക്കാൻ തനിക്കും ആകും. അയാൾ പതുക്കെ അടുക്കളയിലേക്കു നടന്നു.

 

അവിടെ വെളിച്ചം കാണുന്നല്ലോ ആളനക്കവും ഉണ്ട്. ഇതാരാ ഇത്രയും നേരത്തെ എന്ന് ചിന്തിച്ചു കൊണ്ട് അയാൾ അടുക്കളയിൽ പ്രവേശിച്ചു. രാധയും മകളും തകൃതിയായി എന്തൊക്കെയോ ചെയ്യുന്നു. അടുക്കള യുടെ താക്കോൽ ഒരെണ്ണം രാധയുടെ കയ്യിൽ ആണ്. അത് കൊണ്ട് അവൾ വന്നാലും അപ്പൻ അറിയില്ല.

‘‘നിങ്ങൾ എന്താ ഇത്രയും നേരത്തെ? രാമൻ പോയോ?’’

‘‘രാമേട്ടൻ വെളുപ്പിന് തന്നെ പോയി അപ്പാ.പോകും വഴി ഞങ്ങളെ ഇങ്ങോട് ആക്കി.ചായ ഇപ്പോൾ തരാം. ഇത്രയും നേരത്തെ എണീക്കും എന്ന് കരുതി ഇല്ല’’

‘‘നീ ചായ ഉണ്ടാക്കുമ്പോഴേക്ക് ഞാൻ ഒന്ന് ബാത്റൂമിൽ പോയിട്ട് വരട്ടെ.

അല്ല ഇവൾക്ക് ഇന്ന് ക്ലാസ് ഇല്ലേ?’’ രാജിയെ നോക്കി അയാൾ ചോദിച്ചു

‘‘ഇന്ന് ക്ലാസ് ഇല്ല അപ്പാ. കോളേജിൽ യൂത്ത് ഫെസ്റ്റിവൽ ആണ്.’’ അവൾ മറുപടി പറഞ്ഞു

‘‘ആ ശെരി.’’

 

വീടിനുള്ളിൽ തന്നെ ഒരു ബാത്ത് റൂം അപ്പന് വേണ്ടി പുതിയതായി ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും അയാൾക്ക്‌ പുറത്തെ ബാത്ത് റൂം ഉപയോഗിക്കുന്നത് ആണ് ഇഷ്ടം. തിരികെ വന്നു വരാന്തയിലെ കസേരയിൽ ഇരുന്നു. നേരം ഇനിയും വെളുത്തിട്ടില്ല. രാധ ചായയും ആയി എത്തി.

‘‘അപ്പാ ഇന്ന് കുറച്ചു പുഴ മീൻ കിട്ടിയിരുന്നേൽ നന്നായിരുന്നു. അപ്പൻ മീൻ കൂട്ടിയിട്ടു കുറെ ആയില്ലേ?’’

‘‘ഓഹ് എനിക്ക് മീനും വേണ്ട ചാനും വേണ്ട.എന്റെ കുട്യോള് ഇന്നലെ വിളിച്ചിട്ടില്ല ജയൻ മറന്നാലും ഗീതാമോള് വിളി മുടക്കില്ല. എന്ത് പറ്റിയോ ആവോ? ഗിരിജയുമായി സംസാരിച്ചു കൊണ്ട് ഇരുന്നപ്പപ്പോൾ ഫോണിലെ ചാർജ് ഉം തീർന്നു. ഞാൻ ഇവിടെ ആധി കേറി ഇരിക്കുമ്പോൾ ആണ് നിന്റെ ഒരു മീൻ?’’

 

‘‘ഓഹ് അതാണോ?ഗീത കഴിഞ്ഞ ആഴ്ച എന്നെ വിളിച്ചിരുന്നു. അവിടെ എന്തോ തിരക്കാണ് രണ്ടു പേർക്കും. അതായിരിക്കും വിളിക്കാഞ്ഞത്. അപ്പൻ ഇങ്ങനെ വിഷമിച്ചാലോ?’’ രാധ അയാളെ സമാധാനിപ്പിക്കാൻ നോക്കി.

‘‘രാമനും ഇല്ലല്ലോ ,ഞാൻ വേറെ ആരെ ഒന്നു വിടും മീൻ വാങ്ങാൻ. ആഹ് നേരം വെളുക്കട്ടെ. പറമ്പിൽ ആരെങ്കിലും പണിക്കാർ വന്നിട്ട് കിഴക്കേ മുക്കിനു വിടാം. അവിടെ ആകുമ്പോൾ നല്ല പച്ച മീൻ കിട്ടും.’’

‘‘അത് മതി’’ രാധ അകത്തേക്ക് പോയി.

അപ്പൻ ചാര് കസേരയിൽ കണ്ണടച്ച് കിടന്നു. രാധ പ്രാതൽ കഴിക്കാൻ വിളിക്കും വരെ അയാൾ അവിടെ കിടന്നു മയങ്ങി.

 

കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞു പറമ്പിലേക്ക് ഇറങ്ങി ഒന്ന് നടക്കാൻ അയാൾ തീരുമാനിച്ചു. അപ്പോഴേക്കും രണ്ടു പണിക്കാർ തെങ്ങിന് വളം ഇടാൻ എത്തി.

‘‘നിങ്ങളിൽ ആർക്കാണ് സൈക്കിൾ ഉള്ളത്?. കിഴക്കേ മുക്ക് വരെ പോയി കുറച്ചു പുഴ മീൻ വാങ്ങിയിട്ട് വരൂ.’’ അപ്പൻ പണിക്കരോടായി പറഞ്ഞു.അതിൽ ഒരുവൻ മുന്നോട്ടു വന്നു. ‘‘അഹ് നില്ക്കു ഞാൻ പൈസ എടുത്തിട്ട് വരട്ടെ’’ അയാൾ അകത്തേക്ക് പോയി പൈസയുമായി തിരികെ എത്തി.

‘‘പച്ച മീൻ ആണെങ്കിൽ മതി. വേഗം വന്നോളൂ . വളം ഇന്ന് ഇട്ടു തീർക്കണം.’’

‘‘ശരി അപ്പാ’’ പണിക്കാരൻ പൈസയും വാങ്ങി പുറത്തേക്കു നടന്നു.

 

അകത്ത് അടുക്കളയിൽ രാധയും രാജിയും നല്ല തിരക്കിൽ ആണ്.പ തിവിൽ കൂടുതൽ കറികൾ, പായസം . ഇന്ന് എന്താ പ്രത്യേകത? ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു അപ്പൻ അടുക്കളയിൽ എത്തി രാധയോട് കാര്യം തിരക്കി.

‘‘ഒന്നു ഇല്ല അപ്പാ, ഇന്ന് വീട് പണിക്കാർ ആരും വരില്ല.രാജിക്കും അവധി, എന്നാൽ പിന്നെ അപ്പന് ഇന്ന് രുചി ആയി എന്തെങ്കിലും ഉണ്ടാക്കി തരാം എന്ന് കരുതി’’ രാധ പറഞ്ഞു.

‘‘ഹും നീ ഗീതമോൾക്കു ഒന്ന് വിളിക്കു.’’ അപ്പൻ രാധയോട് പറഞ്ഞു.

 

‘‘ഞാൻ അങ്ങനെ അങ്ങോട്ട് വിളിക്കാറില്ല . എന്റെ ഫോണിൽ നിന്നും ദുബായിലേക്ക് വിളിക്കാൻ പറ്റില്ല അപ്പാ. ഗീത ഇങ്ങോട്ടു വിളിക്കും രണ്ട് ആഴ്ച കൂടുമ്പോൾ. അവിടെ ജോലി തിരക്കിൽ അല്ലെ. കഴിഞ്ഞ ആഴച വിളിച്ചപ്പോൾ കൂടെ പറഞ്ഞു ജയൻ ചേട്ടന് നിന്ന് തിരിയാൻ സമയം ഇല്ല. ആശുപത്രിയിൽ നല്ല തിരക്കാണത്രെ . ഇന്ന് രാത്രി എന്തായാലും വിളിക്കും. അപ്പൻ ഒന്ന് സമാധാനം ആയി ഇരിക്ക്’’

‘‘അഹ് എല്ലാർക്കും അവരവരുടെ കാര്യവും തിരക്കും.ഒ രു വയസൻ ഇവിടെ ഉണ്ടന്നുള്ള ചിന്ത അവർക്കു കുറഞ്ഞിരിക്കുന്നു. എന്റെ വിധി ’’

പിറുപിറുത്തു കൊണ്ട് അയാൾ പറമ്പിലേക്ക് പോയി.

 

സമയം ഒരുമണി. പണിക്കാർ ആഹാരം അവരുടെ വീടുകളിൽ പോയി കഴിക്കുകയാണ് പതിവ്. അവർ പറമ്പിൽ നിന്നും കയറി ഊണിനു പോയി. അപ്പൻ ഊണ് കാലമായൊന്നു തിരക്കാൻ രാധയെ വിളിച്ചു. അവൾ ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുന്നു.

 

‘‘രാജി മോളേ ഊണ് കാലം ആയോ? കഴിച്ചിട്ട് പണിക്കാർ വരുമ്പോഴേക്ക് ഒന്ന് മയങ്ങണം നല്ല ക്ഷീണം ഉണ്ട്.^^

‘‘എല്ലാം റെഡി ആയി അപ്പാ. അച്ഛൻ ഇപ്പോൾ എത്തും, ഒരു പത്തു മിനിറ്റ്. എല്ലാർക്കും ഒരുമിച്ചു ആകാം ഊണ് എന്ന അമ്മ പറഞ്ഞത്’

 

‘‘ആഹാ ഇന്ന് പതിവില്ലാത്ത രീതികൾ ഒക്കെ ആണല്ലോ? നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ. നീ എന്നാൽ ഇത്തിരി ഉപ്പിട്ട കഞ്ഞിവെള്ളം ഇങ്ങു എടുത്തോളൂ’’ അയാൾ ചാര് കസേരയിൽ ഇരിന്നു.

പെട്ടന്ന് ഒരു ടെമ്പോ ഗേറ്റിൽ എത്തി. രാധ ഓടിപോയി ഗേറ്റ് തുറന്നു കൊടുത്തു. കുറെ കെട്ടുകൾ ആയി ടെമ്പോ വീട്ടു മുറ്റത്തു നിന്നു.

 

വണ്ടിയിൽ നിന്നും രാമൻ ഇറങ്ങി. പിന്നാലെ വീട്ടിലെ കാറും എത്തി.. അതും വന്നു മുറ്റത്ത്‌ നിന്നു. അപ്പനൊന്നും മനസ്സിൽ ആയില്ല. അയാൾ മുറ്റത്തേക്ക് ഇറങ്ങി.

‘‘എന്താ രാമാ സാധങ്ങൾ നീ ഇങ്ങോട്ടു കൊണ്ട് പോന്നത്. നിന്റെ വീട്ടിലേക്ക് ഉള്ളതല്ലേ?. കാറിന്റെ ഓട്ടവും നേരത്തെ കഴിഞ്ഞോ?’’ അപ്പൻ തിരക്കി.

 

രാമൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും കാറിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തേക്കുക്ക് ഇറങ്ങി. അപ്പൻ കുറച്ചു കൂടെ അടുത്തേക്ക് എത്തി. കാറിൽ നിന്നും ബാക്കി ഉള്ളവർ കൂടി ഇറങ്ങി.

ഒരു നിമിഷം അപ്പന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.

ജയനും കുടുംബവും ‘അച്ഛാ’ ഗീത ഓടി വന്നു അപ്പനെ കെട്ടി പിടിച്ചു. ജയൻ അച്ഛന്റെ കൈ പിടിച്ചു, മാധവനും ദേവികയും പിന്നാലെ എത്തി അപ്പൂപ്പന്റെ കാൽ തൊട്ടു. അപ്പൻ രണ്ടു പേരെയും ചേർത്തുനിർത്തി ‘‘മക്കളെ’’ അയാളുടെ ശബ്ദം ഇടറി.

‘‘നിങ്ങൾ ഇന്നലെ വിളിച്ചില്ല എന്ന് പറഞ്ഞു ഇവിടെ ആധി പിടിച്ചു നടക്കുവാരുന്നു അച്ഛൻ.’’ രാധ പറഞ്ഞു

‘‘എല്ലാവരും കൂടെ എന്നെ പറ്റിക്കുവാരുന്നു അല്ലെ? രാമാ നീ എങ്കിലും ഈ വിവരം ഒന്ന് പറഞ്ഞില്ലല്ലോ?’’ അപ്പന് പരിഭവം ആയി.

‘‘അപ്പൂപ്പന് ഒരു സർപ്രൈസ് തരാൻ അച്ഛനും അമ്മയും രാമൻ മാമനും ചേർന്ന് ഒരുക്കിയ പദ്ധതി ആണ് ഇത്’’ ദേവിക പറഞ്ഞു.

‘‘ഹരീ നീ വണ്ടി ഇവിടെ ഇട്ടേക്കു. പണിക്കാർ വന്നിട്ട് സാധനങ്ങൾ എല്ലാം എടുത്തു അകത്തു വെപ്പിക്കാം. വൈകിട്ട് വന്നു വണ്ടി എടുത്തോളൂ. പൈസയും അപ്പോൾ തരാം’’ രാമൻ ഡ്രൈവറോടായി പറഞ്ഞു.

‘‘ഇനി ഇപ്പോൾ ഫ്രഷ് ആയി വരൻ സമയം ഇല്ലല്ലോ . അപ്പന് ഊണിനു നേരവും ആയി. എല്ലാവരും കൈ കഴുകി വന്നോളൂ. ഇനി ഊണ് കഴിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ.’’ രാധ എല്ലാവരെയും ഊണ് മുറിയിലേക്ക് ക്ഷണിച്ചു .

‘‘അപ്പോൾ ഇവർക്കുള്ള സദ്യ ആണ് രാവിലെ മുതൽ രണ്ടാളും കൂടി ഉണ്ടാക്കികൊണ്ടിരുന്നത് അല്ലെ?’’ അപ്പന്റെ വാക്കുകളിൽ തികഞ്ഞ സന്തോഷം.

എല്ലാവരും ഊണ് മേശയിൽ എത്തി. രാധയും രാജിയും ഇല ഇട്ടു വിളമ്പാൻ തുടങ്ങി.

‘‘അച്ഛാ ഞങ്ങൾ ദുബായിൽ മതി ആക്കി പോന്നതാണ്’’ ജയൻ ഊണിനിടെ പറഞ്ഞു.

‘‘നിർത്തി പോരുകയോ!?എന്ത് പറ്റി? അവിടെ എന്തെങ്കിലും കുഴപ്പം ഉണ്ടോ?’’ അപ്പന് ആകാംഷയായി.

‘‘അല്ല അച്ഛാ , ഇത് ഞാൻ ദുബൈക്ക് ആദ്യം പോകുമ്പോൾ അച്ഛന് തന്ന വാക്കാണ്. ഇപ്പൊ ഇവർ രണ്ടുപേരുടെയും ബി ടെക് എക്സാം കഴിഞ്ഞു., രണ്ടു പേർക്കും ഇവിടെ എവിടെ എങ്കിലും എം ടെക് നു ചേരണം. ഗീത മ്യൂസിക് സ്കൂൾ നിർത്തി. ഞാൻ ഹോസ്പിറ്റൽ ജോലി രാജി വെച്ചു. ഇനിയും ഉണ്ട് ചില കാര്യങ്ങൾ, അല്ലെ രാമാ. എല്ലാം പിന്നീട് പറയാം’’

‘‘അതെ അതെ’’ രാമൻ ചിരിച്ചു കൊണ്ട് പറഞ്ഞു

‘‘ഇനി ഇപ്പോൾ മുറികളൊക്കെ വൃത്തി ആക്കാതെ എങ്ങനെ ഒന്ന് വിശ്രമിക്കും ഇവർ. എല്ലാവർക്കും യാത്ര ക്ഷീണം കാണില്ലേ?’’ അപ്പൻ ചോദിച്ചു .

‘‘അതൊക്കെ ഞാനും രാജിയും കൂടി മുകളിലത്തെ മൂന്നു മുറിയും റെഡി ആക്കിയിട്ടുണ്ട്. അതിനല്ലേ വെളുപ്പിനെ തന്നെ ഞങ്ങൾ രണ്ടാളും ഇങ്ങു പോന്നത്.’’ രാധ പറഞ്ഞു.

‘‘ഓഹ് സമാധാനം ആയി. എന്നാ ഊണ് കഴിഞ്ഞു നിങ്ങൾ വിശ്രമിച്ചോളൂ. കഥയെല്ലാം ഇനി വൈകുന്നേരം പറയാം.രാമാ നിങ്ങൾ മൂന്നാളും ഇനി അത്താഴം കഴിഞ്ഞു പോയാൽ മതി.’’

‘‘അത്രേ ഉള്ളു അപ്പാ’’

 

**************************

 

‘‘ഇന്നലെ എത്തിയിരുന്നെങ്കിൽ നിങ്ങൾക്കും കാവിലെ വിളക്ക് വെക്കാൻ കൂടമാരുന്നു അല്ലെ രാമാ.’’ അപ്പൻ കാപ്പി ഊതി കുടിച്ചുകൊണ്ട് പറഞ്ഞു.

 

‘‘ഇന്നലെ രാത്രി ആണ് ജയൻ എന്നെ വിളിച്ചു കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചത്. ഇവർ വരാൻ ഉള്ള പദ്ധതി നേരത്തെ എന്നോടു പറഞ്ഞിരുന്നെങ്കിൽ വിളിക്കിന്റെ കാര്യം ഞാൻ ഓർമ്മിപ്പിച്ചേനെ’’

‘‘അത് സാരമില്ല അച്ഛാ അടുത്ത മാസം നുക്ക് എല്ലാവർക്കും കൂടെ വിളക്ക് തെളിക്കാം’’ ഗീത പറഞ്ഞു

നല്ല ചൂട് പഴം പൊരിയുമായി രാധ എത്തി. പിന്നാലെ രാജിയും.

‘‘നിങ്ങൾ വെളുപ്പിന് തുടങ്ങിയതെല്ലേ ഈ ദേഹണ്ണം . ഇനി ഇവിടെ ഇരിക്ക് രണ്ടാളും കുറച്ചു നേരം.’’ ഗീത രാധയോടായി പറഞ്ഞു

‘‘അത് സാരം ഇല്ല. എന്നും ചെയ്യുന്നതല്ലല്ലോ.’’ രാജിയുടെ മറുപടി

‘‘ഉച്ചക്ക് വെച്ച ചോറും കറികളും ഒക്കെ ഇരുപ്പില്ലേ. അത്താഴത്തിനു അത് മതി. ഇനി ഇന്ന് രണ്ടാളും അടുക്കളയിൽ കയറേണ്ട’’ അപ്പന്റെ അന്ത്യ ശാസന എത്തി.

എല്ലാവരും വരാന്തയിലും മുറ്റത്തും ഒക്കെ ആയി ഇരുന്നു. അപ്പൻ തന്റെ ചാര് കസേരയിലും.

‘‘എന്നാലും നിങ്ങൾ ദുബായ് വിട്ടു വരും എന്ന് ഞാൻ സ്വപ്നേപി വിചാരിച്ചില്ല. ഇവിടെ തനിച്ചു കഴിഞ്ഞു തീരാൻ ആണ് എന്റെ വിധി എന്ന് കരുതി’’ അപ്പന് അതിശയം ഇനിയും വിട്ടു മാറിയിട്ടില്ല.

 

‘‘അച്ഛാ ഞങ്ങൾ മനസ്സോടെ അല്ല അവിടെ നിന്നത്. എത്രയും പെട്ടന്ന് അവിടുന്ന് വിട്ടു വന്നു അച്ഛന്റെ കൂടെ നില്ക്കാൻ തന്നെ ആരുന്നു ഞങ്ങളുടെ തീരുമാനം. ജയൻ അത് നേരത്തെ തീരുമാനിച്ചതാണ്. മക്കളുടെ എഞ്ചിനീയറിംഗ് പഠനം അവിടെ ആയതു കൊണ്ട് അല്പം താമസിച്ചു എന്നെ ഉള്ളു. ഇനി അച്ഛനെ വിട്ടു ഞങ്ങൾ എങ്ങോട്ടും പോകില്ല.’’ ഗീത പറഞ്ഞു നിർത്തി.

‘‘രാമാ അടുത്ത സസ്പെൻസ് കൂടെ പൊളിക്കട്ടെ? ഇനി ഒന്നും അച്ഛനോട് ഒളിച്ചു വെക്കേണ്ട . അല്ലെ?’’ ജയൻ രാമനോട് ചോദിച്ചു.

‘‘ജയൻ പറഞ്ഞോളൂ അപ്പന് സന്തോഷം ആകട്ടെ’’ രാമൻ പച്ചക്കൊടി കാട്ടി.

‘‘അപ്പൂപ്പാ ഞാൻ പറയാം എല്ലാം’’ മാധവൻ ഇടയ്ക്കു കയറി

‘‘ഗിരിജ അമ്മായിയും പ്രസാദ് മാമനും അമേരിക്ക വിട്ടു ഇങ്ങു പോരുകയാണ്’’

‘‘രാമാ നേരാണോ? ഞാൻ എന്താ ഈ കേക്കണേ?’’ അപ്പൻ ഒന്ന് നിവർന്നു ഇരുന്നു.

‘‘അതെ അച്ഛാ എനിക്കായി അച്ഛൻ പണിത ടൗണിലെ വീട് ഞങ്ങൾ ഒരു ചെറിയ ക്ലിനിക് ആക്കാൻ പോകുന്നു. ഞാനും ഗിരിജേച്ചിയും അളിയനും കൂടെ അത് നടത്താൻ തീരുമാനിച്ചു.’’

‘‘നന്നായി നന്നായി അച്ഛന് സന്തോഷം ആയി മക്കളെ.’’ അയാളുടെ കണ്ണുകൾ നിറഞ്ഞു.

‘‘അപ്പോൾ ഗീതക്ക് ഇവിടെ ബോറടി ആയിരിക്കുമല്ലോ’’ രാധ ഗീതയുടെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു.

‘‘അവൾക്ക് ഇവിടെയും സംഗീത ക്ലാസ് തുടങ്ങാമല്ലോ. എന്താ മോളെ പറ്റില്ലേ?’’ അപ്പൻ ഗീതയോടു ചോദിച്ചു.

‘‘അതൊന്നും വേണ്ട അച്ഛാ. ഇനി ഞാൻ വീട്ടുകാര്യങ്ങൾ നോക്കി കഴിഞ്ഞോളം.’’ ഗീത മറുപടി പറഞ്ഞു,

‘‘വീട്ടു കാര്യങ്ങൾ ഒക്കെ അങ്ങ് നടന്നോളും, സംഗീതം ദൈവം നിനക്ക് തന്ന കഴിവാണ്. അത് വെറുതെ പാഴാക്കി കളയാൻ ഉള്ളതല്ല, ടൗൺ ഇൽ നമുക്ക് സ്ഥലം ഉണ്ടല്ലോ, നിനക്ക് ക്ലാസ് തുടങ്ങാൻ ഉള്ള ഒരു കെട്ടിടം അച്ഛൻ ഉണ്ടാക്കി തരാം. നീ അതിന് ഉത്സാഹിച്ചോളു’’ അപ്പൻ ഗീതയെ പ്രോത്സാഹിപ്പിച്ചു..

 

‘‘ടൗണിൽ ഒന്നും വേണ്ട അച്ഛാ, കുട്ടികൾ ഇവിടെ വരുന്നെങ്കിൽ വീട്ടിൽ തന്നെ ആകാം. അതാണ് നല്ലത്.’’ ഗീത തന്റെ അഭിപ്രായം പറഞ്ഞു

‘‘എന്നാൽ തെക്കു പുറത്തെ പഴയ ചായ്പ് പൊളിച്ചു മാറ്റി അവിടെ ഒരു ചെറിയ കെട്ടിടം ഉണ്ടാക്കാം. എന്താ രാമാ നിന്റെ അഭിപ്രായം.’’ അപ്പൻ രാമന്റെ അഭിപ്രായവും തേടി

‘‘അത് നല്ല ആശയം തന്നെ. എന്നാൽ ഉടൻ തന്നെ ഞാൻ അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യാം’’

എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു .

‘‘കല്യാണിയും ധനഞ്ജയനും രണ്ടു വർഷത്തിനുള്ളിൽ തിരിച്ചു എത്താൻ ആണ് പ്ലാൻ. അവർ കൂടെ എത്തിയിട്ട് നമുക്ക് ക്ലിനിക് ഒരു ചെറിയ ഹോസ്പിറ്റൽ ആയി തന്നെ മാറ്റാം.’’ ജയൻ, തീരുമാനങ്ങളുടെ തുടർച്ച എന്നോണം പറഞ്ഞു.

‘‘അപ്പന് ഇതിൽ പരം ഭാഗ്യം എന്ത് വേണം? അഞ്ചു ഡോക്ടർന്മാർ അല്ലെ ചുറ്റിനും വരാൻ പോകുന്നത്.’’ രാധയുടെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചു.

‘‘എന്നാൽ പിന്നെ എന്തിനാ അവർ രണ്ടു വര്ഷം കാക്കുന്നത്. ഇപ്പോൾ തന്നെ ഇങ്ങു പൊന്നു കൂടെ?’’ അപ്പന് കൊച്ചുമക്കൾ എത്രയും പെട്ടന്ന് വന്നാൽ മതി എന്നായി.

‘‘അപ്പൂപ്പാ അവർക്കു ഇപ്പോൾ വരാൻ പറ്റില്ല.’’ ദേവിക ഇടയ്ക്കു കയറി

‘‘ഇന്നലെ ഗിരിജേച്ചി സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ അച്ഛന്റെ കാൾ കട്ട് ആയി എന്ന് പറഞ്ഞു. പിന്നെ വിളിച്ചിട്ടു കിട്ടിയതും ഇല്ല. അച്ഛനോട് അവർ ഒരു കാര്യം പറയാൻ തുടങ്ങുമ്പോൾ ആണ് ഫോൺ ഓഫ് ആയത്. നമ്മുടെ കല്യാണിക്കു വിശേഷം ആയി. അത് കൊണ്ട് ഇനി പ്രസവം ഒക്കെ കഴിഞ്ഞു കുഞ്ഞും ആയിട്ടേ അവർ വരൂ. അതാണ് രണ്ടു വർഷത്തിനുള്ളിൽ എന്ന് പറഞ്ഞത്. ‘‘ഗീതയുടെ വാക്കുകൾ കേട്ടതും അപ്പൻ നെഞ്ചിൽ കൈ വെച്ചു.’’ രാമാ സന്തോഷം കൊണ്ട് എന്റെ നെഞ്ചു ഇപ്പോൾ പൊട്ടും കേട്ടോടൊ. ലോകത്തെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആടോ. ഇന്നലെ വരെ തനിച്ചാരുന്ന എനിക്ക് ഒരു ദിവസം കൊണ്ട് നോക്ക് എന്തൊക്കെ ഭാഗ്യങ്ങൾ ആണ് വന്നു കൂടിയതെന്നു.

 

ഇനി ഒരു ആഗ്രഹം കൂടെ ബാക്കി ഉണ്ട് രാമന്റെ മോളുടെ വിവാഹവും ദേവൂട്ടിയുടെ വിവാഹവും എത്രയും പെട്ടന്ന് നടത്തണം.

‘‘അവർ പഠിച്ചു കഴിയട്ടെ അച്ഛാ, എന്നിട്ടു ആകാമല്ലോ’’ ജയൻ തന്റെ അഭിപ്രായം പറഞ്ഞു

‘‘പഠിത്തം ഒക്കെ വിവാഹം കഴിഞ്ഞും ആകാമല്ലോ, എന്റെ കണ്ണടയും മുമ്പ് എന്റെ മക്കടെ മംഗല്യം എനിക്ക് കാണണം. ഇനി ആ ആഗ്രഹം മാത്രേ ബാക്കി ഉള്ളു.’’

‘‘അപ്പൊ എന്റെ കല്യാണം അപ്പൂപ്പന് കാണണ്ടേ?’’ മാധവന്റെ പരിഭവം കേട്ട് എല്ലാവരും ചിരിച്ചു പോയി.

‘‘നീ ആൺകുട്ടി അല്ലെ? അത് പോലെ ആണോ പെൺകുട്ടികള് .അവർ ഒരാളുടെ കൈ പിടിച്ചു പോകുമ്പോഴേ അച്ഛനമ്മ മാർക്ക് ജീവിതത്തിൽ ഒരു സമാധാനം കിട്ടു.’’

‘‘സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല. അത്താഴം കഴിക്കേണ്ടേ. എല്ലാവരും വരൂ. രാജി വാ നമുക്ക് വിളമ്പി വെക്കാം. രാമേട്ടാ ഇന്ന് രാജേഷ് വിളിച്ചില്ല. അവനെ ഒന്ന് വിളിച്ചു വിശേഷം എല്ലാം പറഞ്ഞേക്ക്. അവൻ ഒന്നും അറിഞ്ഞുകാണില്ലല്ലോ’’ രാധയും രാജിയും അകത്തേക്ക് പോകാൻ നടന്നു.

‘‘ഹഹ അവൻ എയർപോർട്ടിൽ വന്നിരുന്നു.പോരും വഴി ഒരുമിച്ചു കാപ്പിയും കുടിച്ചിട്ടാണ് അവൻ പോയത്’’ രാമൻ പറഞ്ഞത് കേട്ട് രാധ തിരിഞ്ഞു നിന്നു.

‘‘ആഹാ എന്നിട്ടു നിങ്ങൾ എന്നോട് പറഞ്ഞോ?അല്ലെങ്കിലും നിങ്ങൾ അങ്ങനെ ആണ് .എന്നോട് ഒന്നും പറയില്ലല്ലോ?’’ പരിഭവം പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പോയി.

രാധയുടെ ദേഷ്യം എല്ലാവരിലും ചിരി പടർത്തി.

 

അത്താഴം കഴിഞ്ഞ് എല്ലാവരും കിടക്കാൻ മുറികളിലേക്ക് പോയി. രാമനും കുടുംബവും അവരുടെ വീട്ടിലേക്കും. അപ്പൻ പതിവ് ഉലാത്തിനു മുറ്റത്തേക്ക് ഇറങ്ങി, ജീവിതത്തിലെ ഏറ്റവും ആന്ദകരമായ ഒരു ദിവസം. ഉലാത്തിനിടയിൽ അയാൾ കാവിലേക്കു ഒന്ന് നോക്കി. ഓഹ് ഇന്നലെ എരിഞ്ഞടങ്ങിയ തിരികൾ ഇന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നോ. ഹേ ഇല്ല അത് തന്റെ മനസിലെ തിരികൾ ആണ്. കരിന്തിരി എരിയാൻ തുടങ്ങിയ ജീവിതം മക്കൾ നെയ്യൊഴിച്ചു വീണ്ടും തെളിയിച്ചിരിക്കുന്നു. എഴുപത്തഞ്ചിന്റെ വിഷമതകൾ ഒക്കെ മാറി ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്ക് കൈവന്ന പോലെ പ്രകാശ പൂരിതമായ മനസ്സുമായി അപ്പൻ കിടപ്പുമുറിയിലേക്ക് കയറി.

 

സ്വത്തു തട്ടലും, വൃദ്ധ സദനങ്ങളും, കൊലപാതകങ്ങളും നിറഞ്ഞ ദുരന്ത കഥകൾ മാത്രം കേൾക്കുന്ന ഈ കാലത്തു അപ്പൻ ഭാഗ്യവാൻ ആയ മനുഷ്യൻ ആണ്. സ്നേഹം നൽകി സ്നേഹം തിരികെ വാങ്ങിയ ഭാഗ്യശാലി.

English Summary: Appan, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com