പ്രണയ വിവാഹമാണെങ്കിലും അല്ലെങ്കിലും ജീവിതത്തിൽ സന്തോഷം വേണമെങ്കിൽ...
Mail This Article
ദാമ്പത്യം (കഥ)
കടയിൽ കയറി ആക്രമിച്ചതിന് ദമ്പതിമാർ അറസ്റ്റിൽ എന്ന വാർത്ത കണ്ടു സബിത ഞെട്ടി പോയി. ഇത് പ്രിയയും ഭർത്താവും അല്ലെ. അവളുടെ കഷ്ടപ്പാടുകൾ ഇനിയും തീർന്നില്ലേ.
അല്ലെങ്കിൽ തന്നെ ആരുടെ കഷ്ടപാടാണ് ഇതുവരെ തീർന്നത് സബിതക്കു ചിരി വന്നു.
തന്റെ കല്യാണം ക്ഷണിക്കാൻ പോയപ്പോൾ ആണ് അവളെ അവസാനമായി കണ്ടത്. ആറു വർഷം മുൻപ്.
ഡിഗ്രിക്ക് ഞങ്ങൾ ഒന്നിച്ചായിരുന്നു പഠിച്ചത്. രണ്ടു പേരും നല്ല കൂട്ടുകാരും. നല്ല മാർക്കോടെ ആണ് രണ്ടാളും പാസ്സായതും. പക്ഷേ അവൾ പിജിക്കു ചേർന്നില്ല. പകരം ഏതോ പയ്യന്റെ കൂടെ ഒളിച്ചോടി പോയി. കയ്യിലുള്ള പൈസ തീർന്നതോടെ അവന്റെ ആവേശം എല്ലാം തീർന്നു. പിന്നീട് വാടക വീട്ടിൽ അവളെ ഉപേക്ഷിച്ചു പോയി. കുറച്ചു നാളുകൾക്ക് ശേഷം വിവരം അറിഞ്ഞ അവളുടെ അച്ഛൻ പോയി കൂട്ടി കൊണ്ടുവരികയാണ് ഉണ്ടായത്. അതിനു ശേഷം വീട്ടുകാരുടെയും കുടുംബക്കരുടെയും കുറ്റപ്പെടുത്തലുകളും നാട്ടുകാരുടെ പരിഹാസവും ഒക്കെ സഹിച്ചു ജീവിക്കുന്നതിനിടയിൽ ആണ് താൻ കല്യാണം ക്ഷണിക്കാൻ അവളുടെ വീട്ടിൽ എത്തിയത്.
നിന്റെ കല്യാണത്തിന് ഞാൻ വരില്ല സബി. പക്ഷേ എന്റെ പ്രാർത്ഥന എന്നും നിന്നോടൊപ്പം ഉണ്ടാകും എന്ന് അവൾ പറഞ്ഞിരുന്നു. നിനക്കു വീട്ടുകാർ തീരുമാനിച്ച
കല്യാണം അല്ലെ നന്നായി. അവൾ പറഞ്ഞു. ശരിയാണ് ജാതകപ്പൊരുത്തം നോക്കി വീട്ടുകാർ കണ്ടെത്തിയതാണ് വിനയേട്ടനെ. തഹസിൽദാർ ആണ് ആൾ. തനിക്കും അധികം വൈകാതെ ജോലി കിട്ടും. കല്യാണം കഴിഞ്ഞു വിനയേട്ടന്റെ നാട്ടിലേക്ക് പോയതോടെ പിന്നീട് താൻ അവളെ മറന്നു എന്നു തോന്നുന്നു. നമ്പർ ഫോണിൽ ഉണ്ടെങ്കിലും പരസ്പരം ഒരിക്കലും വിളിക്കുക ഉണ്ടായില്ല.
മാത്രവുമല്ല അധികം വൈകാതെ തനിക്കും കോളജിൽ അധ്യാപിക ആയി ജോലി കിട്ടി. രണ്ടു പേർക്കും സൗകര്യത്തിനനുസരിച്ചു പട്ടണത്തിൽ ഒരു ഫ്ലാറ്റ് വാങ്ങി അങ്ങോട്ടു താമസവും മാറ്റി. സന്തോഷത്തിന്റെ ദിനങ്ങളിൽ തനിക്ക് മറ്റുള്ളവരുടെ കാര്യങ്ങൾ തിരക്കാൻ സമയവും കിട്ടിയില്ല എന്നു സബിത ഓർത്തു. പിന്നീട് ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് ഒരിക്കൽ കൂട്ടുകാരി റംല ആണ് പ്രിയയുടെ കല്യാണം കഴിഞ്ഞു എന്നും. അയാൾ ഒരു ഗുണ്ട ആണെന്ന് തോന്നുന്നു. പലപ്പോഴും റോഡിൽ അടിയൊക്കെ ഉണ്ടാക്കാറുണ്ട് എന്നു കേൾക്കുന്നുണ്ട് എന്നും പറഞ്ഞത്.
ശരിയായിരിക്കും മൂത്ത മകൾ ചീത്തപ്പേരും കേൾപ്പിച്ചു വീട്ടിൽ നിൽക്കുന്നത് താഴെ ഉള്ള കുട്ടികളുടെ ഭാവിയെ ബാധിക്കും അപ്പൊ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെച്ചിട്ടുണ്ടാകും.
പിന്നീട് ഇപ്പോളാണ് പ്രിയയെ കുറിച്ചു താൻ ഓർക്കുന്നത് തന്നെ. പ്രസവം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിനയേട്ടൻ ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. പക്ഷേ അതിനു തനിക്ക് സമ്മതം അല്ലായിരുന്നു. രണ്ടു പേരും ജോലിക്ക് പോകുമ്പോൾ കുട്ടിയെ ആരു നോക്കും എന്നതായി പിന്നീട് പ്രശ്നം. ചേട്ടന്റെയും തന്റെയും അമ്മമാർ മാറി മാറി കൂടെ വന്നു നിൽക്കാൻ തയാറായതോടെ ആ പ്രശ്നവും പരിഹരിച്ചു. പക്ഷേ വിനയേട്ടൻ ജോലി ഉപേക്ഷിക്കാൻ പറഞ്ഞതു മുതൽ എന്തോ ഒരു അകൽച്ച തോന്നാൻ തുടങ്ങിയിരുന്നു.
മൂത്ത കുട്ടിക്ക് ഒരു വയസ്സ് ആയപ്പോഴേക്കും ഉടനെ തന്നെ അടുത്ത കുട്ടിയും വേണം എന്നു വിനയേട്ടൻ വാശി പിടിക്കാൻ തുടങ്ങി. കുറെ എതിർപ്പുകൾ പ്രകടിപ്പിച്ചു നോക്കിയെങ്കിലും അവസാനം അതുതന്നെ സംഭവിച്ചു. പക്ഷേ തങ്ങൾ തമ്മിലുള്ള അകൽച്ച കൂടാൻ തുടങ്ങി അതൊരുതരം ഈഗോ പ്രശ്നം ആയി മാറിയിരുന്നു അപ്പോഴേക്കും. അതു പതുക്കെ രണ്ടു വീട്ടുകാരിലേക്കും പകരാൻ തുടങ്ങി. കുട്ടികളെ നോക്കാൻ അമ്മമാർ വരാതെ ആയി. പകരം ഒരു ജോലിക്കാരിയെ വെച്ചു. അച്ഛനും ചേട്ടനും അതുവരെ വിനയേട്ടനോട് വലിയ സ്നേഹവും ബഹുമാനവും ഒക്കെ ആയിരുന്നു. അതു പതുക്കെ കുറയാൻ തുടങ്ങി. അതേ പോലെ തനിക്കു വിനയേട്ടന്റെ വീട്ടുകാരോടും അടുപ്പം കുറഞ്ഞു. വിനയേട്ടന്റെ ഏറ്റവും ഇളയ അനിയൻ മാത്രം തങ്ങളുടെ പ്രശ്നം തീർക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ തന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് രണ്ടു വീട്ടിലെയും മുതിർന്നവർ എങ്ങനെ ഈ തർക്കത്തിൽ രണ്ടു ഭാഗത്തായി പോയി എന്നതാണ്.
പതുക്കെ പതുക്കെ തങ്ങൾ കിടപ്പ് രണ്ടു റൂമിൽ ആയിമാറി. രണ്ടുപേർക്കും ആവശ്യത്തിനു പൈസ കയ്യിൽ ഉണ്ടായിരുന്നത് കൊണ്ടു പരസ്പരം ആശ്രയിക്കേണ്ട ആവശ്യവും ഇല്ലായിരുന്നു. ആദ്യമൊക്കെ വല്ലപ്പോഴും മാത്രം ഉണ്ടായിരുന്ന വഴക്ക് പിന്നീട് സ്ഥിരമായി. കുട്ടികളുടെ കാര്യങ്ങൾ മാത്രം എന്നാൽ രണ്ടു പേരും ശ്രദ്ധിച്ചിരുന്നു. പതുക്കെ പതുക്കെ പരസ്പരം സംസാരമേ ഇല്ലാതായി. പിന്നീട് താൻ അവിടെ നിന്നും ഇറങ്ങി തന്റെ വീട്ടിലേക്കു പോന്നു.
ഇപ്പോൾ രണ്ടു പേരും പരസ്പരധാരണയോടെ പിരിയാൻ തീരുമാനിച്ചിരിക്കുന്നു. നാളെ ആണ് വക്കീൽ ചെല്ലാൻ പറഞ്ഞ ദിവസം. രാവിലെ തന്നെ അച്ഛനെയും കൂട്ടി വക്കീൽ ഓഫിസിൽ എത്തി അൽപസമയം കഴിഞ്ഞതിനു ശേഷം ആണ് വിനയേട്ടൻ വന്നത്. ആദ്യം രണ്ടുപേരോടും ഒറ്റക്ക് ഒറ്റക്ക് സംസാരിച്ച വക്കീൽ പിന്നീട് രണ്ടുപേരെയും ഒന്നിച്ചു വിളിച്ചു. ഒരുപാട് ഉപദേശിക്കുക ഒക്കെ ചെയ്തു. എന്നാൽ രണ്ടു പേരും ഒന്നിച്ചു ജീവിക്കാൻ താല്പര്യം ഇല്ല എന്ന വാദത്തിൽ ഉറച്ചു നിന്നതോടെ ജോയന്റ് പെറ്റിഷൻ കൊടുക്കാൻ തീരുമാനിച്ചു.
അതിന്റെ നിയമവശവും പറഞ്ഞു തന്നു. കോടതി ആറു മാസം നിങ്ങളോടു ഒന്നിച്ചു കഴിയാൻ പറയും. ഒപ്പം തന്നെ കോടതി പറയുന്ന ആളുടെ അടുത്തു കൗൺസിലിങിന് പോകേണ്ടി വരും പല പ്രാവശ്യം. എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ആറു മാസം കഴിഞ്ഞാൽ ഈ ശല്യം ഒഴിവാകുമല്ലോ എന്നു താൻ മനസ്സിൽ കരുതിയപ്പോൾ വേവുവോളം ക്ഷമിച്ച എനിക്ക് ഇനി ആറുവോളം ക്ഷമിക്കാനാണോ ബുദ്ധിമുട്ട് എന്നു വിനയേട്ടൻ വക്കീലിനോട് ചോദിക്കുക തന്നെ ചെയ്തു.
അവിടെ നിന്നും ഇറങ്ങി താൻ അച്ഛന്റെ കൂടെ കാറിൽ കയറാൻ തുടങ്ങിയപ്പോൾ ആണ് പിറകിൽ നിന്നും സബി എന്നൊരു വിളി കേട്ടത്. താൻ തിരിഞ്ഞു നോക്കുമ്പോഴേക്കും പ്രിയ ഓടി വന്നു തന്റെ തോളിൽ പിടിച്ചു. ‘‘ഞങ്ങൾ കേസിന്റെ കാര്യത്തിനായിട്ടു വന്നതാ. അപ്പോഴാ നിന്നെ കണ്ടത്’’ എന്നു പറഞ്ഞു. അച്ഛൻ പോകാൻ സമയം വൈകി എന്നു പറഞ്ഞു തിരക്ക് കൂട്ടിയത് കൊണ്ട് അവളോട് പിന്നെ കാണാം എന്നു പറഞ്ഞു ധൃതിയിൽ കാറിൽ കയറുന്നതിനിടക്കു ജീൻസും ടീഷർട്ടും ധരിച്ചു മുടി പറ്റെ വെട്ടി കട്ടിമീശ വെച്ച ഒരാൾ അവളുടെ അടുത്തു നിൽക്കുന്നത് കണ്ടു. അയാൾ ആയിരിക്കും അവളുടെ ഭർത്താവ്. കണ്ടാൽ തന്നെ ഒരു പരുക്കൻ ലക്ഷണം ഉണ്ടെന്നു സബിതക്കു തോന്നി.
രണ്ടു ദിവസം കഴിഞ്ഞു ഒരു ഞായറാഴ്ച വീട്ടിലേക്കു പ്രിയ അല്പം പരിഭ്രാന്തയായി കയറി വരുന്നത് കണ്ടു സബിതക്ക് ചെറിയ ശങ്ക തോന്നി ഇനി അവരുടെ കേസ് നടത്തിപ്പിന് വല്ല സാമ്പത്തിക സഹായവും ചോദിച്ചാണോ വരുന്നത് എന്ന്.
‘‘അന്ന് ഒന്നും സംസാരിക്കാൻ പറ്റിയില്ല’’ എന്നു പറഞ്ഞു അവൾ കയ്യിൽ കയറിപ്പിടിച്ചു.
അതിനു മറുപടി ആയിട്ടു ‘‘നിനക്ക് എന്താ പറ്റിയത് നിനക്കെതിരെ എന്തോ തല്ലുകേസുണ്ട് എന്നു പേപ്പറിൽ കണ്ടല്ലോ റംല പറയുകയും ചെയ്തു നിന്നെ ഏതോ ഒരു ഗുണ്ടക്ക് ആണ് കെട്ടിച്ചു കൊടുത്തതു എന്ന്.’’
‘‘ഗുണ്ട’’ എന്നു പറഞ്ഞു അവൾ ഒന്നു ചെറുതായി പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു തുടങ്ങി. ‘‘അന്ന് നീ കല്യാണം വിളിക്കാൻ വീട്ടിൽ വന്നില്ലേ അതിന്റെ പിറ്റേദിവസം ആണ് വീട്ടിൽ ഈ കല്യാണ ആലോചന വന്നത്. അച്ഛനും ഏട്ടനും ഒക്കെ പെട്ടന്ന് തന്നെ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. ആൾക്ക് യൂസ്ഡ് കാറിന്റെ ബിസിനസ്സ് ആയിരുന്നു. അതിനു ശേഷം പലരും പറഞ്ഞു കേട്ടു ഭയങ്കര വഴക്കാളി ആണ് ആളെന്ന്.
തനിക്ക് എന്തു ചെയ്യാൻ പറ്റും കരയുക അല്ലാതെ. പെട്ടെന്ന് തന്നെ കല്യാണവും നടന്നു. അന്ന് ചെക്കന്റെ വീട്ടിലേക്കു പോകുന്ന സമയം ആയപ്പോഴേക്കും എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. സങ്കടവും പേടിയും ഒക്കെ ആയി ഞാൻ കരഞ്ഞു കൊണ്ടിരിക്കുക തന്നെ ആയിരുന്നു കാറിൽ കയറിയിട്ടും. കുറച്ചു സമയം ഒന്നും ശ്രദ്ധിക്കാതെപോലെ ഇരുന്ന ആൾ പിന്നീട് ഒന്നു തുറിച്ചു നോക്കി. എനിക്ക് ഭയം കൂടി. അപ്പൊ ആള് മെല്ലെ കയ്യിൽ ഒന്നു പിടിച്ചു. അതിന് ശേഷം തന്നെ ചേർത്തിരുത്തി. വീട്ടിൽ എത്തിയതിനു ശേഷം ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം ആളെ പിന്നെ രാത്രി വൈകിട്ടാണ് കണ്ടത്.
ആദ്യരാത്രിയിൽ തന്നെ തന്റെ കാര്യങ്ങൾ എല്ലാം പറയണം എന്നു ആദ്യമേ തീരുമാനിച്ചിരുന്നു. പിന്നീട് അത് മറച്ചുവെച്ചു എന്നു തോന്നരുതല്ലോ. പക്ഷേ ഞാൻ പറയാൻ തുടങ്ങിയപ്പോഴേ ആൾ പറഞ്ഞു, നോക്ക് ഞാൻ ഇന്നിൽ ജീവിക്കുന്ന ഒരാളാണ്. ഇന്നലെ എന്തു നടന്നു എന്നു എനിക്കറിയണ്ടാ. നാളെ എന്തു നടക്കും എന്ന് ഓർത്ത് എനിക്കൊരു വേവലാതിയും ഇല്ല. പിന്നെ ഒരു കാര്യം കൂടെ ഞാൻ ഇപ്പൊ എന്താണോ അതുപോലെ തന്നെ ആയിരിക്കും എന്നും. തിരുത്താൻ വരാതിരിക്കുന്നതു ആണ് നമുക്ക് രണ്ടുപേർക്കും നല്ലത്.
കല്യാണം കഴിഞ്ഞ് ആദ്യത്തെ വിരുന്ന് കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തിയ ദിവസം തന്നെ ആദ്യത്തെ അടി ഉണ്ടാക്കി. പിറ്റേന്ന് രാവിലെ പൊലീസുകാർ വീട്ടിൽ വന്നിരുന്നു. പക്ഷേ കേസുകൾ എല്ലാം പെട്ടന്ന് തന്നെ ഒത്തുതീർക്കുന്നത് എങ്ങനെ ആണെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. അമ്മായി അമ്മ എന്നെ മോളെപോലെ തന്നെ കരുതി സ്നേഹിച്ചിരുന്നതുകൊണ്ട് ഭയം കുറേശ്ശേ മാറാൻ തുടങ്ങിയിരുന്നു. അവരും എപ്പോഴും പറയും മോളെ നീ വേണം അവന്റെ ഈ സ്വഭാവം മാറ്റി എടുക്കാൻ എന്ന്.
പക്ഷേ ആൾ എന്നോട് പറഞ്ഞതു എന്താണ് എന്നു എനിക്കല്ലേ അറിയൂ.
ആൾ എല്ലാവരെയും വളരെ കെയറിങ് ആണ്. പക്ഷേ സംസാരം കഷ്ടി ആണെന്ന് മാത്രം. വീട്ടിൽ അച്ഛനും ഏട്ടനും എല്ലാം ഇപ്പൊ എന്തു കാര്യവും ആളോട് ചോദിച്ചു മാത്രമേ ചെയ്യാറുള്ളൂ. അനിയത്തിമാരുടെ കല്യാണത്തിനൊക്കെ ഏറ്റവും മുൻകൈ എടുത്തതും ആള് തന്നെ ആയിരുന്നു.
ഒരു ദിവസം ഞാൻ എന്റെ പഴയ കാര്യം ആളുടെ അമ്മയുടെ അടുത്തു പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് അതൊക്കെ അന്നേ ഞങ്ങൾക്ക് അറിയാമായിരുന്നു. ആ പയ്യനു നീയുമായി ഓടി പോകാൻ എല്ലാ സഹായവും ചെയ്തു കൊടുത്തത് അവൻ ആയിരുന്നു. പിന്നെ ആ ചെറുക്കൻ നിന്നെ ഇട്ടിട്ടു പോയി എന്നു കേട്ടപ്പോൾ അവനു വലിയ വിഷമം ആയിരുന്നു. അതുകൊണ്ടു തന്നെ ആണ് നിന്റെ വീട്ടിൽ ആലോചനയും ആയി വന്നത് ’’
പ്രിയയുടെ വാക്കുകൾ കേട്ടു സബിതക്കു ആശ്ചര്യം തോന്നി.
‘‘അപ്പൊ പിന്നെ നിന്റെ കേസൊ’’
‘‘ഓ അതോ’’ അവൾ പുഞ്ചിരിച്ചു
‘‘വീട്ടിൽ സഹായത്തിനു വരുന്ന ഒരു ചേച്ചി ഉണ്ട്. അവരുടെ മകൾ എന്നോട് വലിയ കൂട്ടാണ്. ഇതു വരെ കുട്ടികൾ ഒന്നും ആവാത്തതു കൊണ്ടുകൂടി ആവും എനിക്ക് അവൾ മകളെ പോലെ തന്നെ ആണ്. പതിനാലു വയസ്സെ അവൾക്ക് ആയിട്ടുള്ളു. ഒരു ദിവസം രാവിലെ ഉണ്ട് ചേച്ചി ആർത്തലച്ചു കരഞ്ഞു കൊണ്ടു വരുന്നു കടയിൽ സാധനം വാങ്ങാൻ പോയ മോളെ കടക്കാരൻ കയറിപിടിച്ചു എന്ന്. ഡ്രസ്സൊക്കെ കീറി പറിഞ്ഞു ശരീരത്തിൽ ഒക്കെ മുറിവ് പറ്റിയിട്ടുണ്ട് എന്ന്.
അതു കേട്ടതെ ആളുടെ മുഖം ഒക്കെ പെട്ടന്ന് ചുകന്നു. പുറത്തോട്ടു പോകാൻ ഇറങ്ങിയപ്പോൾ പതിവിനു വിപരീതമായിട്ടു എങ്ങോട്ടാണ് എന്നു ഞാൻ ചോദിച്ചു. ഇതു കേട്ടിട്ട് അവനു രണ്ടു പൊട്ടിക്കണം എന്നു നിനക്കു തോന്നുന്നില്ലേ എന്നു ഒരു മറുചോദ്യമായിരുന്നു. ഉണ്ടെന്നു പറഞ്ഞ എന്നോട് എന്നാ കൂടെ വാ എന്നു പറഞ്ഞു. ഞങ്ങൾ രണ്ടാളും പോയി അവനെ പൊതിരെ തല്ലി. കടയൊക്കെ അടിച്ചു പൊളിച്ചു. ഇനി ജീവിതത്തിൽ അവൻ ഒരു പെണ്ണിന്റെനേരെ നോക്കുക പോലും ഉണ്ടാവില്ല. ആ കേസിന്റെ കാര്യത്തിനായിട്ടു വക്കീലിന്റെ അവിടെ വന്നപ്പോൾ ആണ് നിങ്ങളെ അവിടെ കണ്ടത്. വക്കീൽ ആളുടെ ഫ്രണ്ട് ആയിരുന്നു. അതുകൊണ്ടു ചോദിച്ചപ്പോൾ നിങ്ങളുടെ കാര്യം പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് നിന്നെ ഒന്നു കാണണം എന്നു തോന്നി.’’ അവൾ പറഞ്ഞു നിർത്തി.
സബിത അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. എന്നിട്ടു കൂട്ടി ചേർത്തു ‘‘ആ വീട്ടിൽ കഴിയുന്ന ഓരോ നിമിഷവും എന്നെ കുറ്റപ്പെടുത്തി കൊണ്ടേ ഇരിക്കും. ഞാൻ എന്തു ചെയ്താലും കുറ്റമാണ്.’’
‘‘നിനക്കു അയാൾ ചെയ്യുന്നത് ഒക്കെയും നിന്നെ ഇരിട്ടേറ്റു ചെയ്യുന്നതായിട്ടല്ലേ തോന്നുന്നത്’’
പ്രിയ ചോദിച്ചു
‘‘അതേ’’ സബിതയുടെ മുഖം കുനിഞ്ഞു
‘‘പരസ്പരം വെറുപ്പോടെ മാത്രം നോക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് അതൊക്കെ കുറ്റം ആയിട്ടു തോന്നുന്നത്. നിങ്ങളുടെ കല്യാണം കഴിഞ്ഞ ഉടനെയും നിങ്ങൾ ഇപ്പോൾ ചെയ്യുന്നതു പോലെ തന്നെ അല്ലെ കാര്യങ്ങൾ ചെയ്തിരുന്നത്. അന്ന് അതു കാണുമ്പോൾ നിങ്ങൾക്ക് ദേഷ്യം തോന്നിയിരുന്നുവോ’’ പ്രിയ പറഞ്ഞത് ശരിയാണല്ലോ എന്നു സബിത ഓർത്തു.
‘‘അന്ന് നിങ്ങൾ പരസ്പരം സ്നേഹത്തോടെ ആണ് നോക്കിയിരുന്നത്. അതുകൊണ്ടു അതിൽ കുറ്റപ്പെടുത്താനുള്ള ഒരു കാര്യവും കണ്ടില്ല. അതല്ലേ ശരി. സബി നിങ്ങൾ നിങ്ങളുടെ ഈഗോ മാറ്റി വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. മക്കളോട് ഉള്ള സ്നേഹക്കൂടുതൽ കൊണ്ടാവും അദ്ദേഹം നിന്നോട് ജോലി രാജി വെക്കാൻ പറഞ്ഞിട്ടുണ്ടാവുക. പക്ഷേ നീ എത്രമാത്രം ഈ ജോലിയെ സ്നേഹിക്കുന്നുണ്ട് എന്ന് ആളിന് മനസ്സിലായിട്ടും ഉണ്ടാവില്ല.’’
പിന്നീട് കുറെ സമയം കൂടി സംസാരിച്ചു ഇരുന്നിട്ടാണ് പ്രിയ പോയത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഭർത്താവും ഒന്നിച്ചു കാറിൽ പോകുമ്പോൾ സബിതയും വിനയനും കുട്ടികളെയും എടുത്തു പരസ്പരം മുട്ടി ഉരുമ്മി നടന്നു പോകുന്നത് ഒരു മിന്നായംപ്പോലെ പ്രിയ കണ്ടു...
English Summary: Dambathyam, Malayalam short story