ADVERTISEMENT

പകയുടെ ശിവപുരാണം (കഥ)

‘ടാർപ്പായ വിളിച്ചു പറഞ്ഞോ ആവോ, പന്തലിടണ്ടിവരും പിന്നെ നാല്‌ പെട്രോമാക്സും, കറണ്ടെന്തായാലും പോവും’’ സമോവറിന്റെ ചൂടടിച്ച് വെന്ത ഇരുണ്ട ചായകടേല് ഗ്ലാസ്സിലേക്ക് പൊക്കത്തിൽ ഒരു ചായ ഉയർത്തിയടിച്ച് ഉണ്ണിയേട്ടൻ ഡസ്കിൽ ശബ്ദത്തോടെ മുട്ടിച്ചുവെച്ചു. പതയോടുകൂടിയ ഒരിത്തിരി ചായേന്റെ വെള്ളം തെറിച്ചു വീണു.

 

കുട്ടൻ ഗ്ലാസ്സിന്റ മുകൾഭാഗം തള്ളവിരൽ ഉള്ളിലും പെരുവിരൽ പുറത്തുമായി ചേർത്തു വെച്ച് വട്ടം ചുറ്റിച്ച് ക്ലീനാക്കി, ആരൊക്കെ കുടിച്ച ഗ്ലാസ്സാന്ന ഭാവത്തിൽ ഇടത്തെ ചിരി സൈഡിലേക്ക് കയറ്റിപിടിച്ച് ഒരു പുച്ഛവും പാസ്സാക്കി.

 

‘‘നാളെ  കൊറച്ച് പണിടക്കണ്ടി വരും ശിവേട്ടനൊന്നു കത്തിത്തീരാൻ, പഞ്ചാബിലുള്ള മോൻ കാലത്ത് ആറ് മണിയോടക്കനെ എത്തും ല്ലേ’’ കുട്ടൻ എണീറ്റ് വലതു കയ്യിലെ ചായ ഇടതുകൈയിലേക്ക് മാറ്റി എണ്ണക്കടി എന്നെഴുതിയ ചില്ലും പെട്ടിയിൽ നിന്ന്  ഒരുണ്ടയെടുത്ത് ചായവീണുണങ്ങിയ മര ഡെസ്കിൽ പേജുകൾ വേറെവേറെയായ് ചിതറി കിടക്കണ സ്വന്തം പാർട്ടി പത്രത്തിൽ ആദ്യ പേജിൽ വലുതാക്കി അച്ചടിച്ച ബൂർഷാ പരസ്യത്തിന്റെ താഴെ  വെച്ച് പതുക്കെയമർത്തി പത്രം നനച്ചു. ചായ ഒറ്റ വലിക്ക് തീർത്ത് പതുക്കെ കടേടെ പുറത്തിറങ്ങി ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു നിന്നു. 

സമോവറിന്റെ തീയണച്ച് ഉണ്ണ്യേട്ടനും പുറത്തിറങ്ങി. രണ്ടുപേരും തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിന്നു. ‘പത്തുമുപ്പത്തഞ്ച് കൊല്ലത്തെ പകേടെ കണക്കാണ് നാളെ തീരാൻ പോണത്’ ഉണ്ണ്യേട്ടൻ കടപൂട്ടി കൊണ്ട് പറഞ്ഞു ‘ന്നാലും ഇങ്ങനീണ്ടോ ഒരു പക’ കുട്ടൻ സൈക്കിളിൽ കയറി പെടലിൽ കാലമർത്തി.

‘മരിച്ചോടത്തക്കല്ലേ ഉണ്ണ്യേട്ടാ അവടൊന്നു കേറീട്ട് പോകാം,  അതോ പോയിട്ട് വരണോ അങ്ങനാച്ചാൽ ബീഡി വാങ്ങണ്ടി വരും ട്ടാ’  

 

മുറ്റത്ത് നീലനിറമുള്ള ടാർപ്പായ വലിച്ചു കെട്ടിയിരിക്കണു. ഉമ്മറത്ത് രണ്ടുമൂന്നുപേരുണ്ട് ഇതിനുമുൻപിവിടെ കാണാത്തോരാണ്. കട്ടൻ ചായ വലിയ തളികയിൽ ഗ്ലാസുകളിലാക്കി ശിവേട്ടന്റെ  മകന്റെ അമ്മായമ്മയാണെന്ന് തോന്നുന്നു പന്തലിൽ കൊണ്ട് വെച്ചിട്ട് അവിടെ ഇരിക്കണ അപരിചിതനായ ആളിന്റെ മുഖത്ത് നോക്കി ‘സമയത്തിന് ഇത്തിരി ചോറുംവറ്റ് അകത്താക്കിക്കോളോ പൻസാരെടെ പ്രശ്നം വല്ലാണ്ട് കൂടീണ്ട്, തലകറങ്ങി വീണാൽ അവിടെ കെടക്കും’ പെണ്ണുംപിള്ള അകത്തുപോയ്. കെട്യോൾടെ പഞ്ച് ഡയലോഗിന് മുന്നിൽ പകയ്ക്കാതെ ‘നീയാരാടി പുല്ലേ എന്നോടിത് പറയാൻ. ഞാനാ ഭർത്താവ് നീയല്ല’ന്ന ഭാവം വരുത്തി ഒരു കട്ടനെടുത്ത് കയ്യിൽ പിടിച്ച് ഉറക്കെ ചോദിച്ചു. ‘‘അല്ല ഈ കുംഭ ചൂടിൽ എന്തൂട്ണാ ഈ ടാർപായേം പന്തലുമൊക്കെ’’ മരുമോന്റെ പൈസയാടാ ഈ നീല നിറത്തില് പന്തലായി കേടക്കണത് എന്നായിരുന്നു ആള് പറഞ്ഞേന്റെ പൊരുൾ. മ്മക്കാണ് അപരിചിതൻ പക്ഷേ ആൾക്ക് ഇബടെ പിടിപാടുണ്ട്. അകത്ത് നേരിയ ശബ്ദത്തിൽ കരഞ്ഞോണ്ടിരുന്ന ശിവേട്ടന്റെ വകേലെ പെങ്ങള് ഓമനേച്ചി കട്ടൻ ചായ കുടിക്കാൻ കരച്ചിൽ നിർത്തിയ ഗ്യാപ്പിൽ ശിവേട്ടന്റെ പഞ്ചാബിലുള്ള മോന്റെ അമ്മായപ്പന്റെ ഈ കാറിയ സൗണ്ട് മുകളിലെ മരം കൊണ്ടുള്ള റൂമിൽ വെള്ളതോർത്ത്‌ എടുക്കാനെന്ന വ്യാജേന ശൃംഗരിക്കാനെത്തിയ ഗുരുവായൂരുള്ള  അളിയന്റേം ഭാര്യാടേം ചെവിയിൽ വരെയെത്തി.

 

‘‘ന്റെ ശിവേട്ടന്റെ മോന്റെ അമ്മായപ്പോ, അമ്പലംകുന്ന് സ്കൂളെ പടിക്കണ ചിടുങ്ങോൾക്ക് വരറിയാം ആരാ ഈ മരിച്ച് നീണ്ട് നിവർന്ന് കിടക്കണ ശിവേട്ടൻന്ന്. ആകെ രണ്ടാഘോഷങ്ങൾ ള്ള മ്മടെ നാട്ടില് പത്തുമുപ്പത് വർഷായിട്ട് പൂരകമ്മിറ്റി പ്രസിഡന്റ് ശിവേട്ടനാ., മരിച്ചോടത്തിരുന്ന്  ബീഡി വലിച്ച് തള്ളണ പോലല്ല പൂരം നടത്താൻ. ആന, പന്തല്, വെടികെട്ട് പെർമ്മിഷൻ ന്ന് തൊടങ്ങീ പിറ്റേന്ന് ഈ ടീമോളൊക്കെ പൈസേം വാങ്ങി പിരിഞ്ഞു പോണവരെ എന്തിനും ഏതിനും ശിവേട്ടനായിരുന്നു.’’ പന്തലിനെ കുറിച്ച് ചോദിച്ചപ്പോൾ കേട്ട ശിവേട്ടന്റെ ഈ പൂരം നടത്തലിന്റെ തള്ള് എന്താണെന്നു തണുത്ത ചായ ഊതാതെ കുടിക്കുമ്പളും ആ അമ്മായപ്പൻ ചങ്ങായിക്ക് മനസ്സിലായില്ല.

 

‘‘മ്മടെ ശിവേട്ടൻ ‘നെയ്‍മസഭേല്’ വരണ്ടാളായിരുന്നു ല്ലേ എന്താ ഒരു ഡീലിങ്. ആനക്ക് പട്ടവെട്ടാൻ വരെ പട്ടവെട്ട്  കമ്മിറ്റി ന്നൊരു സാനം ണ്ടാക്കീരിക്കാണ് എന്താ ഭരണനൈപുണ്യം’’ വെങ്കിട്ടു പട്ടര് പണ്ടെപ്ലോ പറഞ്ഞ ഡയലോഗ് ഉണ്ണ്യേട്ടൻ ആവർത്തിച്ചപ്പോൾ ജീവിതത്തിൽ ആദ്യായി അത്യാവശ്യം നല്ല കുറച്ച് വാക്കുകൾ ഉപയോഗിച്ചേന്റെ ആഹ്ലാദത്തിൽ കാജാപൊതിയിലേ അവസാന ബീഡിയും കത്തിച്ച് ആള് ശിവപുരാണം ആരംഭിച്ചു.           

 

‘‘മുപ്പത്തിയഞ്ചു കൊല്ലം മുൻപത്തെ മ്മടെ പൂരം നടക്കാണ് ശിവേട്ടൻ മേളക്കാരുടെ എടേലിണ്ട്, ആനേടെ അടുത്ത്ണ്ട് ന്ന് വേണ്ട അവിടെ കച്ചോടം നടത്തണോരടെ കയ്യിന്നു സംഭാവന പിരിക്കണ്‌ണ്ട് , ഫണ്ട് പലിശക്ക് കൊടുത്തോരുടെ കയ്യിന്ന് പലിശേം മൊതലും ഈടാക്ക്ണ്‌ണ്ട് ഇങ്ങനെ നാല് പുറവും സ്ത്രീ പുരുഷഭേദമന്യേ നിരന്നാ നിൽക്കണ നേരത്ത് പെട്ടെന്ന് ആകാശത്ത് മേഘങ്ങളൊക്കെ സ്നേഹത്തോടെ ഉരുണ്ടുകൂടി, ബല്ലാത്തൊരു കാറ്റും. നാട്ടാര് പലഭാഗത്തേക്കായി മാറാൻ തൊടങ്ങി, നിമിഷനേരം കൊണ്ട് നല്ല പെടക്കണ മഴയാ പൊട്ടിച്ചാടി. ആളോള് നാലുപാടും ഓടാൻ തുടങ്ങി, മേളക്കാര് ചെണ്ടക്ക് മേലെ തോർത്തുമുണ്ടും തുണിയുമൊക്കെയിട്ട്മൂടി ഓലമറച്ച പീടികകൾ നോക്കി ഓടി കയറി. ജനങ്ങളിങ്ങനെ നാലുപാടും ഓടി മറയുമ്പോൾ പൂരപ്പറമ്പിന്റെ  ഒത്തനടുക്ക് ആ പേരാറു മഴേത്ത് പോയി നിന്ന് തലേകെട്ട് കെട്ടിയ ശിവേട്ടൻ ആകാശത്തേക്ക് നോക്കി കരഞ്ഞോണ്ട് ഒറക്കെ വിളിച്ചു പറഞ്ഞു– ‘ഒരുമ്പട്ട മഴേ തിരിച്ചു പോ’, പിന്നെ കേട്ടാലറക്കണ ഒരു തെറീം. നിശബ്ദതയിൽ ജന്മമെടുത്ത ആ അലറൽ നാലുപാടും ചിതറിതെറിച്ചു.  ആയിരകണക്കിനാളുകൾ ആ ശബ്ദം കേട്ട ദിക്കിലേക്ക് ശ്രദ്ധതിരിച്ചു, ആനകൾ തുമ്പികൈ പൊക്കി ചിന്നംവിളിച്ച് ശിവേട്ടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു’’

 

ചന്ദനത്തിരി പാക്കറ്റ് പൊട്ടിച്ച് പുറത്തേക്ക് കളഞ്ഞ് പ്രായമുള്ളൊരാൾ ശിവേട്ടനെ കിടത്തിയ ഇടനാഴിയിലേക്ക് കടന്നു,  സൈക്കിൾ അഗർബത്തിയുടെ കൂട്ടത്തോടെയുള്ള മരണമണം പുറത്ത് പന്തലിൽ ഇരിക്കുന്നവരുടെവ്ടെ വരെയെത്തി പിന്നെയത് കിണറിന്റെ ഭാഗത്തേക്ക് പറന്നുപോയ്. 

 

പഞ്ചാബിൽ നിന്ന് ഫോൺ വന്നിരിക്കുന്നു വെളുപ്പിനെ ആറ് മണിക്ക് ഫ്ലൈറ്റ് നെടുമ്പാശ്ശേരീൽ ഇറങ്ങും ‘എത്ര സന്തോഷായിട്ട് പൂരം കഴിഞ്ഞ് പോയ ചെക്കനാ, ഇത്തവണ വരവിങ്ങനെയായി’’ ഉണ്ണിയേട്ടന്റെ കയ്യിന്ന് പകുതി കത്തിയ കാജാ ബീഡി വാങ്ങി ചുണ്ടിലിരിക്കുന്ന നൂർസേട്ടിൽ മുട്ടിച്ച് കുട്ടൻ ആഞ്ഞ് വലിച്ച് കത്തിച്ചു. ‘‘കളഞാളെ കുറ്റിയാ’’

 

ഉണ്ണ്യേട്ടൻ വീണ്ടും ആകാശത്തേക്ക് നോക്കി. നക്ഷത്രങ്ങൾ നിരന്ന് നിൽക്കുന്നു, മേഘങ്ങൾ എന്ന് പറയാൻ മാത്രമൊന്നും കാണുന്നില്ല ചിലയിടത്ത് പഞ്ഞികെട്ടുകൾ പോലെ ചിലത് കാണുന്നു. കാണാനൊരു ഭംഗിയൊക്കെയുണ്ട്. ന്നാലും..

 

ഉണ്ണ്യേട്ടൻ ലീഡ് ചെയ്യണ കാർന്നന്മാർടെ സഭക്ക് കുറച്ചപ്പുറത്തായി നാല് കസേര മാറ്റിയിട്ട് ചില പൊടിമീശക്കാർ ഇതൊക്കെ ശ്രദ്ധിക്കുന്നതോടൊപ്പം കോളജിലേം സ്കൂളിലേയുമൊക്കെ വീരസാഹസികത പരസ്പരം വിളമ്പി വാചാലരായിക്കൊണ്ടിരുന്നതിനിടയിൽ ‘ഉണ്ണിയേട്ടോ, ന്നിട്ട് മഴ പെയ്ത് പൂരം മൊടങ്ങി ശിവേട്ടൻ മഴെനെ തെറി പറഞ്ഞു അത്രല്ലേ ഉള്ളൂ’

 

കാജാ ബീഡി കഴിഞ്ഞപ്പോൾ മൂപ്പര് കൈനീട്ടി,  കുട്ടൻ ബീഡി പൊതിയിൽ നിന്നുമൊരെണ്ണം ഊരികൊടുത്തു, രണ്ടുകയ്യിലിട്ട് നന്നായി പതച്ചേന് ശേഷം ഉണ്ണ്യേട്ടൻ തീകൊളുത്തി, ഉള്ളിലെടുത്ത ആദ്യ പുകക്കൊപ്പം നേരത്തെന്റെ ബാക്കി പൊറത്ത് വന്നു. 

 

‘‘ഹങ്ങനെ ശിവേട്ടന്റെ തെറിവിളി അലച്ചുകൊണ്ടിരിക്കണ പൂര പറമ്പില്  മഴയോട് കൂടി ശക്തമായ ഒരു ഇടിയാ വെട്ടി സ്വിച്ച് ഇട്ട പോലെ ആർത്തലച്ച് വന്ന മഴ തിരിച്ചാ പോയി. ഇത്രേം ജനങ്ങളുടെ മുന്നിൽ വെച്ച് പച്ച തെറി അതും കേട്ടാലറക്കണ തെറിയല്ലാരുന്നോ, ശിവേട്ടനെ എല്ലാരും കൂടി പൊക്കി മഴ നനച്ച പറമ്പിലൂടെ ചാടി മറിഞ്ഞു. ഹരിജനങ്ങൾടെ പൂരം എത്തിയ സമയായിരുന്നു അത്. ഓലകൊടേം,  പൂതനും,  മേളവും,  പനംകള്ളിന്റെ സുഗന്ധവും എല്ലാം കൂടി പൂരപ്പറമ്പ്‌ ആഘോഷത്തിലാറാടി. അക്കൊല്ലം പൂരം ഗംഭീരമായി.’’ 

 

‘‘അന്നാ മഴ, വന്നേനേക്കാളും സ്പീഡില് തിരിച്ച് വീട്ടിൽ പോയി റൂമിന്റെ വാതിൽ വലിച്ചുതുറന്ന് കരഞ്ഞോണ്ട് കിടക്കേല്ക്ക് വീണിട്ടുണ്ടാവും. സാമൂഹ്യ വിരുദ്ധനായ തല്ലുകൊള്ളി കയ്യിൽ കേറിപ്പിടിച്ച നായകന്റെ പെങ്ങളെപോലെ.’’ വെങ്കട്ടു പട്ടര് വായിൽ മുറുക്കാൻ നിറച്ച് ചിറിതുടച്ചുകൊണ്ട് പണ്ട് പറഞ്ഞ ഡയലോഗ് ഉണ്ണ്യേട്ടൻ എടുത്ത് ഗോദയിലേക്കിട്ട്  മരിച്ച വീടിനെ മാനിച്ച് ശബ്ദമില്ലാത്ത ഒരു ചിരിചിരിച്ചു.

 

നെടുമ്പാശ്ശേരിക്ക് കാർ പോകാനുള്ള സമയമാണ് സംസാരം നിർത്തി മരുമകനെ കൊണ്ട്രാൻ അമ്മായപ്പൻ കാറിന്റെ  മുന്നിൽ തന്നെയിരുന്നു. കട്ടൻചായ തളികയിൽ വീണ്ടുമെത്തി പൊടിമീശ ടീമിലെ രണ്ടുപേരും, ഉണ്ണിയേട്ടനും,  കുട്ടനും ഓരോ ഗ്ലാസ്സെടുത്തു ബാക്കിയുള്ളോരൊക്കെ ഒന്ന് മയങ്ങാൻ വീട്ടിലേക്ക് പതുക്കെ വലിഞ്ഞിരിക്കുന്നു.

 

ഉണ്ണ്യേട്ടൻ ആകാശത്തേക്ക് നോക്കി.  നേരത്തെ നോക്കി അടയാളമിട്ടുവെച്ച പൊട്ടുപോലുള്ള നക്ഷത്രങ്ങൾ തിരിച്ചറിയാനാവാത്ത വിധം സ്ഥാനം മാറിയിരിക്കുന്നു പഞ്ഞികെട്ടുകളിൽ പലതും കൂട്ടം ചേർന്ന് പഞ്ഞിമലകൾ പോലെയായിരുന്നു.

 

പൊടിമീശകാര് പിള്ളേര്  ഉണ്ണ്യേട്ടന്റെ മുഖത്ത് തന്നെ നോക്കി ഇരുപ്പാണ്. കട്ടൻ ചായ വലിച്ചു കുടിച്ച് ഉണ്ണിയേട്ടൻ അറിയാവുന്ന അച്ചടിഭാഷേല് തുടർന്നു ‘‘മുപ്പത്തഞ്ചു വർഷായിട്ട് ഉത്സവങ്ങൾക്ക് ശിവേട്ടൻ പൊറത്തിറങ്ങിയിട്ടില്ല, ഉത്സവങ്ങൾന്ന് വേണ്ട പൊതുവായ ഒരു പരിപാടിയിലും, ആഘോഷങ്ങളിലും ശിവേട്ടൻ പങ്കെടുത്തിരുന്നില്ല. സത്യം പറഞ്ഞാ പങ്കെടുക്കാൻ സമ്മതിച്ചില്ല ന്ന് വേണം പറയാൻ. അതിന്റെ പിന്നിൽ അടങ്ങാത്ത പക തന്നെയായിരുന്നു’’

 

‘‘ഉണ്ണ്യേ ചന്ദനത്തിരി കഴിഞ്ഞിരിക്കണു’’ അകത്തു നിന്നൊരു സ്ത്രീശബ്ദം 

ചന്ദനത്തിരി പാക്കറ്റ് പൊട്ടിച്ച് ഉണ്ണിയേട്ടൻ  ശിവേട്ടനെ കിടത്തിയ ഇടനാഴിയിലേക്ക് നടന്നു, അഗർബത്തിയുടെ കൂട്ടത്തോടെയുള്ള മരണമണം പുറത്ത് വരുന്നതോടൊപ്പം ഉണ്ണ്യേട്ടനും ഇറങ്ങിവന്നു.

 

‘‘ബാക്കീം കൂടി പറഞ്ഞുകൊടുക്ക് ഉണ്ണ്യേട്ടാ ആ ചെക്കന്മാർ വായ പൊളിച്ചിരിക്കണ കണ്ടില്ലേ’’ കുട്ടൻ മൂത്രമൊഴിക്കാൻ ഇരുട്ടിലേക്ക് നീങ്ങുമ്പോൾ ഉണ്ണ്യേട്ടൻ ശിവപുരാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു.

 

‘‘അടുത്ത ഉത്സവത്തിന് ശിവേട്ടന്റെ കൺമുന്നിൽ വെച്ച് അതെ പൂരം അലങ്കോലമാക്കിയാണ് പ്രകൃതി  തന്റെ പക വീട്ടിയത്. മഴന്ന് പറഞ്ഞാൽ പ്രളയം തന്നെയായിരുന്നു പൊറത്തിറങ്ങാൻ പറ്റിയാലല്ലേ പൂരം നടത്തണത്. അയിനുശേഷം ആൾടെ വീട്ടിൽ രണ്ട് കല്യാണം ണ്ടായി രണ്ടെണ്ണവും മഴ അലമ്പാക്കിയിട്ട് പന്തല് വരെ പൊളിഞ്ഞു ചാടി. ആ പ്രദേശം മുഴുവൻ വെള്ളത്തിലായി. പിന്നെ പേരിനൊരു ചടങ്ങ്   മാത്രാക്കി മാറ്റുകയായിരുന്നു. കാര്യങ്ങളെപ്പറ്റി ഏതാണ്ടൊരു ധാരണ ശിവേട്ടനെപോലെ തന്നെ നാട്ടുകാർക്കുമുണ്ടായി .

 

ശിവേട്ടൻ വീട്ടിൽ തന്നെയിരുപ്പായി.

 

പക്ഷേ അതുകൊണ്ടൊന്നും തീർന്നില്ല ശിവേട്ടന്റെ ഏക്കറ് കണക്കിന് ഭൂമിയിൽ വിളഞ്ഞുനിന്ന കൃഷിയെല്ലാം മഴ കൊണ്ടുപോയിന്നു മാത്രമല്ല അതിനോട് ചേർന്ന മറ്റുള്ളവരുടെ കൃഷിസ്ഥലങ്ങളും നശിപ്പിച്ചു കൊണ്ടായിരുന്നു പക വീട്ടിയത്. 

 

അടുത്ത വർഷം തൊട്ട് ശിവേട്ടൻ കൃഷിയും നിർത്തി. 

 

പഴയ പ്രതാപത്തോട് കൂടി തലയുയർത്തി നിൽക്കണ ആ വലിയ വീട് ശക്തമായ മഴയിൽ നാലുതവണ ഇടിഞ്ഞുവീണു. അങ്ങനെ നാട്ടുകാർക്കെല്ലാമായിരുന്ന ശിവേട്ടനെന്ന പ്രതാപിയെ ഒന്നുമല്ലാതാക്കി തീർത്തു വെറും  ഒന്നര വർഷം കൊണ്ട്’’

 

നേരം പരപരാ വെളുത്തു തുടങ്ങിയിരിക്കുന്നു നെടുമ്പാശ്ശേരിന്ന് കാറ് എത്താറായി.

ഉണ്ണ്യേട്ടനും കുട്ടനും കസേരകളൊക്കെ  ഒതുക്കിയിട്ട് പതുക്കെ പുറത്തേക്കിറങ്ങി അവരോരുടെ വീട്ടിലേക്ക് നടന്നു.

 

‘‘സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ, അല്ലാണ്ട് ശിവേട്ടനോടുള്ള പക കൊണ്ട് മഴ പെയ്യാൻ ഇതെന്താ ഋഷ്യശൃംഗന്റെ നാടോ അതോ ഭരതന്റെ സിനിമയോ’’ പൊടിമീശക്കാരൻ കളിയാക്കി ചിരിച്ചോണ്ട് ഇറങ്ങി നടന്നു പിന്നാലെ അവന്റെ കൂട്ടുകാരനും. 

 

കാറെത്തി അതുവരെ സൈലന്റ് ആയിരുന്ന മരണവീട്ടിൽ കരച്ചിലുകാർ ആക്ടിവ് ആയി അര മണിക്കൂർ കൊണ്ട് വീണ്ടും നിശബ്ധമായി. ഇനി ശവമെടുക്കുമ്പോൾ വീണ്ടും കരയേണ്ടതാണെന്ന ബോധ്യം സ്ത്രീകൾക്കുണ്ട് അവരിതാദ്യമായല്ല ഈ എടപാട്. എത്താനുള്ളോരൊക്കെ എത്തിക്കഴിഞ്ഞിരിക്കണൂ. ശവമെടുക്കാനുള്ളവർ വസ്ത്രം മാറി വെള്ള മുണ്ടും തോർത്തുമുടുത്ത് കുളികഴിഞ്ഞ് റെഡിയായി നിൽക്കുന്നു. കൂട്ടത്തിൽ പ്രായം കൊണ്ടിളയവർ തോർത്തുകൊണ്ട് വയറും പരിസര പ്രദേശങ്ങളും മറച്ചിട്ടുണ്ട്,  പ്രായമായവർ അതെടുത്ത് അരയിൽ ചുറ്റിയിരിക്കുന്നു.

 

ഉണ്ണിയേട്ടന്റെയും  നാട്ടുകാരുടേയുമൊക്കെ  നോട്ടം ആകാശത്തേക്ക് തന്നെയാണ് നേരത്തെ കണ്ട പഞ്ഞിമലകൾ പലതും കൂടിച്ചേർന്ന് വൻ മലകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആ കാഴ്ചയിൽ ആർക്കും   വലിയ അത്ഭുതമൊന്നും തോന്നിയില്ല കാരണം ശിവേട്ടന്റെ ചടങ്ങാണ് നടക്കണത്. അങ്ങനെ ഇങ്ങനെയൊന്നും തീരേണ്ട ഒന്നല്ല എന്ന് അവർക്കറിയാമെങ്കിലും ഇതോടുകൂടി ഈ പക തീരുമല്ലോ എന്ന ആശ്വാസത്തിലാണ്‌ അവരെല്ലാം.

 

ഒട്ടു മാവിന്റെ വിറകുകൾ നിരത്തി വീട്ടീന്ന് കുറച്ച് ദൂരെയുള്ള തെക്കേ പറമ്പിൽ ചിതയൊരുക്കിവച്ചിരിക്കുന്നു, നീളമുള്ള വാഴയില വെട്ടി വച്ചിരിക്കുന്നു. ഉള്ളിലെ ചടങ്ങുകൾക്ക് ശേഷം ശിവേട്ടനെ എടുത്ത് പുറത്ത് ഇലയിൽ കിടത്തി.  പെട്ടെന്നൊരു കാറ്റ് വലതുഭാഗത്തു നിന്നും വന്ന് തിരിഞ്ഞ് ചുഴലി പോലെ തിരിച്ചു പോയി. ആദ്യതുള്ളി മഴ ആ നെറ്റിയിൽ തന്നെ വീണു. അതൊരു സൂചനയായിരുന്നു എന്ന് അവിടെയുള്ളോർക്ക് മനസ്സിലായി. 

 

കർമ്മങ്ങളൊക്കെ  പെട്ടെന്നവസാനിപ്പിച്ച് കുടുംബത്തെ കാരണവർ മുന്നിലും പത്തോളം വരുന്ന വെള്ളതോർത്തുടുത്തവർ പട്ടിൽ പൊതിഞ്ഞ ശിവശരീരവുമായി പിന്നിലും. അകത്ത് നിന്ന് കൂട്ടനിലവിളി ഉയർന്നുകൊണ്ടിരുന്നു, സ്ത്രീകളിലാരോ നെഞ്ചത്തടിക്കുന്ന ശബ്ദവും.

 

ഉണ്ണ്യേട്ടനും കുട്ടനും ചേർന്ന് നാല്‌ മുളങ്കാല് കുഴിച്ച് ചിതക്ക് മുകളിൽ മറ തീർത്തിരുന്നു അപ്പോളേക്കും. 

 

ചിതയിലേക്ക് ശരീരം വെച്ചതും  നേരത്തെ ആളെണ്ണമെടുക്കാൻ വന്ന കാറ്റ് പൂർവ്വാധികം ശക്തിയോടെതന്നെ തിരിച്ചു വന്നു. മരങ്ങളെല്ലാം ശക്തമായ കാറ്റിൽ  ആടിയുലഞ്ഞ് പരസ്പരം തൊടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചെവിയടച്ച് പൊട്ടിയ ഇടിയോടുകൂടി മഴ തുടങ്ങി. ഭയാനകമായ മഴ അന്നുവരെ ആ നാട്ടില് ഇങ്ങനെയൊന്നുണ്ടായിട്ടില്ല, മേഘവിസ്ഫോടനം എന്നൊക്കെ കേട്ടിട്ടുണ്ട് ഏതാണ്ടതുപോലെയൊക്കെയുള്ള മഴ. വയസ്സനായ പ്രിയൂർ മാവ് വടക്കോട്ട് റോഡിലേക്ക് വീണിരിക്കുന്നു,  അടുത്തുള്ള തെങ്ങ് വീഴാൻ റെഡിയായി നിൽക്കുന്നു. 

ചിതക്ക് മകൻ തീ കൊളുത്തി,  കാരണവരുടെ നിർദേശപ്രകാരം കത്താനെളുപ്പത്തിന് ഒരു സഞ്ചി ഉപ്പ് വിതറി. പതുക്കെ എരിഞ്ഞ് പിടിക്കുന്നതോടപ്പം വെള്ളം കയറി കൊണ്ടിരുന്നു.  

 

ആ നാട് മുഴുവൻ പുറം ലോകവുമായി ബന്ധമില്ലാത്ത വിധം വെള്ളത്തിലായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നു അപ്പോളേക്കും.

 

തീ പതുക്കെ പടർന്നു തുടങ്ങി,  ഉണ്ണ്യേട്ടൻ മുറമെടുത്ത് വീശി തീ ആളി പിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. 

 

പെട്ടെന്ന് മേച്ചേരി കുന്ന് ഭാഗത്തിന്ന് ഒരിരമ്പല് കേട്ടു. 

 

ഓടിക്കോ മേച്ചേരി കുന്നിടിഞ്ഞുന്ന് പറയലും  മുറം വലിച്ചെറിഞ്ഞു ഉണ്ണ്യേട്ടൻ ഓടി മാറിയതും ഒരുമിച്ചാരുന്നു, പിന്നാലെ കുടുംബക്കാരും നാട്ടുകാരും ശവമെടുക്കാൻ വന്നവരും ഓടിക്കഴിഞ്ഞിരുന്നു.  ആ ശബ്ദം അടുത്തടുത്തു വന്നോണ്ടിരുന്നു. ശിവേട്ടന്റെ മകൻ പ്രതീക്ഷയോടെ അവിടെ തന്നെനിന്നു കാരണം ഇന്ന് പെയ്യണ മഴക്കും,  വീശണ കാറ്റിനുമൊക്കെ ഒരിരമ്പലുണ്ടാകും പകയുടെ ഇരമ്പൽ. 

 

നിമിഷനേരം കൊണ്ട് ചിതയിരിക്കുന്ന പറമ്പിലെ ആറ് സെന്റ് സ്ഥലമടക്കം ആ പ്രദേശമാകെ ഉരുൾപൊട്ടി പടിഞ്ഞാട്ട് ഒലിച്ചിറങ്ങി, വീടിരിക്കുന്ന ഭാഗമൊഴികെയെല്ലാം ഒലിച്ചു പോയി.

 

വെങ്കട്ടു പട്ടര്  മുറുക്കാൻ തൊടച്ച് ചിറി കോട്ടി പറഞ്ഞ പോലെ കരഞ്ഞോണ്ടോടിപോയി കിടക്കേൽ ക്ക്  വീണ പാവം പെണ്ണായിരുന്നില്ല അന്നത്തെ മഴ.  അണയാത്ത പകക്കനലുകളെരിച്ച് ആരും കാണാതെ തീച്ചിരി ചിരിച്ച മഴയായിരുന്നു.

 

Content Summary: Pakayude sivapuranam, Malayalam Short Story 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com