ADVERTISEMENT

കൂടുമാറ്റം (കഥ)

ഇന്ന് ചെറിയാറാട്ട്. നാളെ വലിയാറാട്ട്, മറ്റന്നാൾ പൂരം. മീനത്തിലെ ചോതിനാളിൽ കൊടിയേറ്റം. അന്നുതൊട്ട് ആറാംപക്കം പൂരം, അതാണത്രെ കണക്ക്!

വൈകിട്ട് കാവിൽ തൊഴാൻ പോവണം. അമ്മയും വലിയമ്മയും കുട്ടേട്ടനും ഓപ്പയും ഉണ്ടാവും. അമ്മാമയുടെ മകനാണ് കുട്ടേട്ടൻ. ഓപ്പ വലിയമ്മയുടെ മകൾ. കുറേ ദൂരെയുള്ള കാവിലേക്ക് നടന്നു വേണം പോവാൻ.

 

‘‘ശ്രീക്കുട്ടീ’’

അമ്മയാണ് നീട്ടി വിളിക്കണത്. ശ്രീലക്ഷ്മിയാണ് ശ്രീക്കുട്ടി ആയത്. ചിലര് ലക്ഷ്മിക്കുട്ടീന്നും വിളിക്കും.

 

ഹാവൂ, സൂര്യൻ പടിഞ്ഞാറോട്ട് മാറിത്തുടങ്ങിയിരിക്കുന്നു. ഉച്ചതിരിഞ്ഞു. മനക്കലെ കുളത്തിൽ പോയി കുളിച്ച് വരണം. എന്നിട്ട് വേണം കാവിൽ പോവാൻ.

പണ്ട്, കുളവും തൊടിയുമെല്ലാം ഏതോ മനക്കാരുടേതായിരുന്നത്രെ! എല്ലാം വിറ്റ് അവർ ഏങ്ങോട്ടോ പോയി.

 

ഞാനും കുട്ടേട്ടനും മുന്നിൽ നടക്കും, ഓടും. ഓപ്പ അമ്മടേം വലിയമ്മടേം കൂടെ മെല്ലെ വരും. വാരിയത്തെ പള്ളിയാലിന്റെ വരമ്പത്ത് മുത്തങ്ങാപ്പുല്ലും, കറുകയും, തുമ്പച്ചെടികളും ഉണ്ടാവും. തൊട്ടാവാടി കാണുമ്പോഴൊക്കെ വലിയമ്മ വഴക്ക് പറയുമ്പോ വാടണ ഓപ്പയുടെ മുഖമാണ് ഓർമ വരിക. അവയിൽ വിരിഞ്ഞ് നിക്കണ പൂവിനെന്തു ഭംഗിയാണ്. മുത്തശ്ശി പറഞ്ഞുതന്ന സൗഗന്ധികപൂവിനു പോലും ഇത്ര ഭംഗിണ്ടാവില്ല്യ.

 

വിഷുപ്പുലരിക്ക് മുമ്പായതിനാൽ കനാലിന്റെ ഓരത്ത് എരിക്കിൻപ്പൂക്കൾ പൂത്തുനിൽക്കുന്നുണ്ടാവും. കാടുകയറിക്കഴിഞ്ഞ് ഒന്നു തിരിഞ്ഞു നിന്നിട്ട് വലിയമ്മ പറയും,

‘‘അടുത്ത കൊല്ലം ഈ മലകേറ്റണ്ടാവില്ല്യ. കൈയും കാല്വൊക്കെ പറഞ്ഞാ കേക്കല് മാറീണു..’’

അമ്മ, വലിയമ്മ പറയുന്നത് ശരിവക്കും

‘‘ഞാനും കേറും തോന്നണില്ല, ഓരോ കൊല്ലം കഴിയുന്തോറും കാടിന് കേറ്റം കൂട്വാണ്!’’

കൂറച്ചു ദൂരം നടന്നപ്പോൾ അകലെ ഒരു ആൽമരം. ഉണ്ണിയാലെന്നാത്രെ അതിന് പറയണ പേര്. ചെറുകാറ്റിൽ ആലിലയുടെ നേർത്ത ശബ്ദം. ആലിന്റെ ചുവട്ടിൽ നിറയെ പീലിയുള്ള മയിൽ നിൽക്കുന്നു. 

 

വാര്യത്തെ ടീവിയില് കാണണതിനേക്കാൾ ചന്തംണ്ട് നേരിട്ട് കാണുമ്പോൾ. എന്ത് രസാണാ പീലിക്കണ്ണുകൾ. അടുത്തുചെന്നു കാണണമെന്നാഗ്രഹിച്ചു. ഞാനും കുട്ടേട്ടനും ഓടി അടുത്തെത്താറായതും മയിൽ അടുത്തുള്ള കള്ളുംഷാപ്പിന്റെ ഓരത്തെ ഊടുവഴിയിലൂടെ എങ്ങോട്ടോ മറഞ്ഞു. അമ്മക്കും വലിയമ്മക്കും ഓപ്പക്കും ഞങ്ങളോളം അടുത്തുനിന്നുപോലും കാണാനായില്ല.

 

ഒരു ഇറക്കംകൂടി കഴിഞ്ഞാൽ കാവെത്തി. ഇക്കുറി പൂരത്തിന് അച്ഛൻ വരണുണ്ട്. സാധാരണ ഓണത്തിന് മാത്രേ വരാറുള്ളൂ. ഇക്കൊല്ലത്തെ പൂരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് വഴിയെ പറയാം...

 

വടക്കെ നടയിറങ്ങി കാവിന്റെ നടയ്ക്കിൽ എത്തുമ്പോൾ വെളിച്ചപ്പാടിനെ കാണാം. അരമണിയും ഉടവാളും ചിലമ്പുമായി മാറ്റുടുത്ത് കണ്ണുതുറിച്ച് നാവുനീട്ടി നിൽക്കുന്ന വെളിച്ചപ്പാടിനെ കണ്ടാൽ ശരിക്കും പേട്യാവും. ഭഗവതി കേറിയിട്ടാണത്രെ ഇത്ര രൗദ്രഭാവം! കലിയിറങ്ങി മാറ്റഴിച്ചു കഴിഞ്ഞാൽ ഒരു മനുഷ്യൻ, വെറും മനുഷ്യൻ!

പൂരപ്പറമ്പിൽ കച്ചവടക്കാർ തമ്പടിച്ചിട്ടുണ്ടാവും. കടകളിൽ തൂങ്ങിയാടുന്ന വളകൾക്കും മാലകൾക്കും വാശിപിടിക്കുകയാണ്, ഓപ്പ. 

‘‘മറ്റന്ന വാങ്ങിത്തരാം’’

വലിയമ്മയാണ്. എന്നിട്ടും വാശി നിർത്തിയില്ലെങ്കിൽ,

‘‘ഈ അസത്തിനെ കൊണ്ട് തോറ്റു’’ എന്നും പറഞ്ഞ് തലക്കൊരു കിഴുക്ക്. തൊഴുതുമടങ്ങുമ്പോൾ അമ്മയുടെ പ്രസ്ഥാവന..

‘‘മറ്റന്ന പൂരത്തിന് വരുമ്പോ, ഈ ക്ഷീണൊന്നും തോന്നില്ല.’’

‘‘അത് ശര്യാ, അപ്പോ ഒരു തളർച്ചീം തോന്നി ല്ല്യ.. ’’

അമ്മയുടെ പ്രസ്ഥാവന വലിയമ്മ ശരിവച്ചു.

കുട്ടേട്ടൻ ഇരുട്ടത്ത് ഓടുകയാണ്, ഞാൻ പിറകെയും. കരിമ്പടം പുതച്ചു നിൽക്കുന്ന വഴികളിൽ അതിവേഗത്തിൽ കാലുകൾ പെറുക്കിവക്കുമ്പോൾ അമ്മ നിൽക്കാൻ പറഞ്ഞു.

 

കാടെത്തി. കയറിയ കാട്, ഇറങ്ങിയേ പറ്റൂ. കാട്ടിലൂടെ ഇരുട്ടത്ത് ഓടുന്നത് അസാധ്യം. ഞങ്ങൾ നിന്നു. അമ്മയുടെ കൈയിൽ ടോർച്ചുണ്ട്. രണ്ടു കട്ടയുടെ എവറഡേ ടോർച്ച്. അതിന്റെ ഇളംമഞ്ഞ വെളിച്ചത്തിൽ ഇരുട്ടിനെ കീറിമുറിച്ച്, കാടും കനാലും പള്ളിയാലും കടന്ന് വീട്ടിലെത്തി.

 

ഇനി കുളിച്ച്, കഴിച്ച് ഉറക്കം. നാളെ രാവിലെ അച്ഛൻ വരും. മറ്റന്നാൾ പൂരം!

ഉണർന്നെഴുന്നേൽക്കുമ്പോൾ മുറിയിൽ അച്ഛനുണ്ട്. ഈ പകൽ എത്ര സുന്ദരം!

അച്ഛനോട് വർത്താനം പറഞ്ഞിരുന്ന് നാഴികകൾ കടന്നുപോയി. സന്ധ്യയായി.

അച്ഛന്റെ കഥകളിലെ കൽക്കട്ടക്ക് ഈ നാടിനോളം ഭംഗിയില്ല്യ. അയ്യപ്പൻകാവും കുളവും ശിവക്കാവും തുമ്പയും മുക്കുറ്റിയും കഥകളിലെങ്ങും ഇല്ല. തിരക്കിൽ നിന്നു തിരക്കിലേക്ക് സഞ്ചരിക്കുന്ന ദിനരാത്രികൾ, ചാരംമൂടിയ ആകാശം, പുകതുപ്പുന്ന ഫാക്ടറികളും വാഹനങ്ങളും, കണ്ടാലറിയാത്ത അയൽക്കാർ, ഇത്ര വിരസമാണോ വികസനം?

 

ഇന്ന് പൂരം. പൂതനും തിറയും കളിക്കാൻ വരും. ദേശത്തെ മണ്ണാൻമാരാണ് തിറാപൂതനായി ദേശംതെണ്ടുക. അവരുടെ അവകാശാണത്. പറമുഴക്കി തുടികൊട്ടിയാണ് വരവ്. തിറ കാളിയും പൂതൻ ഭൂതഗണങ്ങളും ആണത്രെ, അമ്മ പറഞ്ഞു തന്നിട്ടുള്ളതാണ്. മുഖമൂടിയണിഞ്ഞ് മുടിയണിഞ്ഞ് നാവു നീട്ടിനിൽക്കുന്ന പൂതത്തെ കണ്ടാൽ പേടിച്ച് മാറി നിൽക്കും. കരയുമ്പോൾ ഓപ്പ കളിയാക്കും. അപ്പോഴൊക്കെ കൂട്ടേട്ടനാണ് ചേർത്തുപിടിക്കാറ്. കളികഴിഞ്ഞ് അരിയും പൂവുമെറിഞ്ഞ് പൂതൻ പരിശയിൽ മുട്ടിവിളിക്കും. പേടിച്ചുപേടിച്ച് അടുത്തു ചെന്ന് അമ്മ തന്ന പൈസകൊടുക്കും. 

 

രൂപം പേടിയാണെങ്കിലും ചാഞ്ഞുംചെരിഞ്ഞുമുള്ള കളി നല്ല ഇഷ്ടാണ്. നേരം ഉച്ചതിരിഞ്ഞു. അയ്യപ്പൻ കാവിൽ നിന്ന് കതിന മുഴങ്ങി. പൂരപുറപ്പാട്. വാദ്യങ്ങളും തിറയും പൂതനും കുത്തുവിളക്കും വെളിച്ചപ്പാടും ആനകളുമായി ഒരു ഘോഷയാത്ര. നെറ്റിപ്പട്ടംകെട്ടി തിടമ്പണിഞ്ഞ് കൊമ്പൻ പുളിഞ്ചോടിറങ്ങി വരുന്നത് കാണേണ്ട കാഴ്ച്ചതന്നെയാണ്. അണിഞ്ഞൊരുങ്ങി കരീവീരൻ എഴുന്നള്ളുമ്പോൾ വെളുപ്പിനെ ശപിക്കും, കറുപ്പിന് ചന്തമേറുന്നു.

 

ചിലര് കള്ളുകുടിച്ച് നാലുകാലിലാണ്. ചിലർ ഇഴയാൻ തുടങ്ങിയിരിക്കണു. ചെറിയ ഉന്തുംത്തള്ളുമൊക്കെയായി വേല ഭഗവതിയുടെ സന്നിധിയിലേക്ക്...

വള്ളുവനാട്ടിലെ വലിയതേര് ഞങ്ങളുടെ കാവിലാണത്രെ. തേര് ഇറങ്ങിക്കഴിഞ്ഞേ പൊയ്ക്കാളക്കോലങ്ങളും ആനകളും കാവിലിറങ്ങൂ. തേരും വെളിച്ചപ്പാടും വന്ന് അരിയെറിഞ്ഞാലെ വേലകൾ കാവ് തീണ്ടാവൂ, എന്നാണ് വിശ്വാസം.

 

പൂരപ്പറമ്പിലെ തിരക്കിൽ എല്ലാവരും ആഘോഷങ്ങളിൽ മുങ്ങി. കാഴ്ച്ചകളിൽ മതിമറന്നു. കുട്ടേട്ടന്റെ കൈ എപ്പോഴും എന്റെ കൈയോട് ചേർന്നിരുന്നു. ആന ശബ്ദമുണ്ടാക്കുമ്പോൾ എന്റെ ഞെട്ടലുകളെ ആ കൈവിരലുകളുടെ ചേർത്തുവയ്പ്പ് ഇല്ലാതാക്കി. ധൈര്യം പകർന്നു...

 

വടക്കേ നടക്കലൊരു കുതിരയുണ്ടാവും. രാവിലെ കൊണ്ടുവന്നുവക്കുന്നതാണ്. കുതിര തീണ്ടിയാൽ കാവ് അശുദ്ധാവും.  മധ്യമത്തിലാണ് പൂരം നടക്കുക. മുത്തശ്ശി പറഞ്ഞ അറിവാണ്.

പകൽപ്പൂരം കഴിഞ്ഞു. ദൂരെ, പാടത്ത് നിരത്തിവച്ച വെടിമരുന്നുകൾ മാനത്ത് നിറങ്ങൾ വിരിയിക്കുന്നു. 

പച്ച... 

ചുവപ്പ്... 

മഞ്ഞ... 

പിന്നെ പേരറിയാത്ത കുറേ നിറങ്ങൾ...

പൊട്ടിതീർന്നതും തിരിച്ചുപോന്നു. അങ്ങോട്ട് പോണപോലെയല്ല, തിരിച്ചു വരുമ്പോൾ നല്ല ക്ഷീണം. വീട്ടിലെത്തിയതും സംഭാരം ഉണ്ടാക്കി തന്നു, അമ്മ. എല്ലാ പൂരരാത്രിയിലും അത് പതിവാണ്. 

നാളെക്കഴിഞ്ഞാൽ അച്ഛൻ കൽക്കട്ടക്ക് പോവും. 

ഇന്ന് അച്ഛൻ തിരിച്ചുപോവുന്നു. കൂടെ ഞാനും അമ്മയും. ഇക്കുറിയത്തെ പൂരത്തിന്റെ വിശേഷം!

 

കാവും കുളവും പള്ളിയാലും പൂക്കളും പൂരവും എല്ലാം മറന്നൊരു കൂടുമാറ്റം... ഇനി വികസനത്തിന്റെ ചങ്ങലകളിൽ അവികസിതയായി അങ്ങനെ...

കാറ് പടികടക്കുമ്പോൾ കണ്ണാടിയിൽ എല്ലാവരും അകത്തേക്ക് തിരിഞ്ഞു നടക്കുന്നത് കാണാം. കുട്ടേട്ടൻ മാത്രം ഓടിമറയുന്ന വണ്ടിയെ നോക്കി, അതിനുള്ളിലിരിക്കുന്ന എന്നെ നോക്കി കണ്ണുതുടച്ചു നിൽക്കുന്നു... കൂടുമാറ്റത്തിൽ ആ കിളിയെ നഷ്ടപ്പെടുന്നു. യാത്ര തുടരുന്നു...

 

Content Summary : Koodumattam, Malayalam Short Story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com