ADVERTISEMENT

നക്ഷത്രവിളക്കുകളെ കുറിച്ചുള്ള ഗൃഹാതുരമായ ഓർമകൾ ആചാരങ്ങളിൽ കാലവും സാങ്കേതികതയും പകരുന്ന നിറഭേദങ്ങളുടെ കാഴ്ചകൾ കൂടിയാണ്...

 

ജ്ഞാനികൾക്ക് ബെത്‌ലഹേമിലേക്കു വഴികാട്ടിയായ നക്ഷത്രവെളിച്ചം പോലെ ക്രിസ്മസ് വിളക്കുകൾ ഓർമകളിൽ മിന്നിത്തെളിയുന്നു. കഴിഞ്ഞ കാലങ്ങളിൽ ക്രിസ്മസ് വിപണി കയ്യടക്കിയ ബിലാലും പൊറിഞ്ചു മറിയം ജോസും പോലെ കൗതുകമുണത്തുന്ന പേരുകളിൽ പല വലുപ്പത്തിലും വർണത്തിലുമുള്ള നക്ഷത്രവിളക്കുകളോ എൽഇഡി വിളക്കുകളോ ഈ വർഷം വിപണിയിലുള്ള തടി റീപ്പ ഫ്രെയിമിൽ വെള്ള പ്ളാസ്റ്റിക് പേപ്പറും അരികുകളിൽ ഗിൽറ്റ് പേപ്പറും ഒട്ടിച്ച നാടൻ നക്ഷത്രവിളക്കുകളോ ഒരുകാലത്തും ഹരം കൊള്ളിച്ചിരുന്നില്ല. വെള്ളവെളിച്ചം വിതറുന്ന ലാളിത്യമുള്ള കടലാസ് വിളക്കുകൾ എന്നും ഇഷ്ടമാണ്. പാതിയുണങ്ങിയ മടപ്പോളിയിൽ നനുത്ത നിറക്കടലാസ്‌ ഒട്ടിച്ച് സ്വയം തീർക്കുന്ന നക്ഷത്ര വിളക്കുകളാണ് ഏറെ ഇഷ്ടം.

 

writers-blog-christmas-memoir-by-kurian-k-thomas

വെള്ളയും മഞ്ഞയും മജന്തയും ചുമപ്പും പച്ചയും നിറക്കൂട്ടാണ് ഈ വർഷത്തെ ഞങ്ങളുടെ നക്ഷത്രവിളക്ക്. അഞ്ചുവർഷംമുമ്പ് മടപ്പൊളികൊണ്ട്‌ മൂത്തമകൾ മീരാച്ചി തീർത്ത നക്ഷത്രവിളക്കിന് ഓരോ വർഷവും ഓരോരോ നിറങ്ങളാണ്. കഴിഞ്ഞവർഷം തൂവെണ്മ. 2019 ൽ നടുക്ക്‌ തിളങ്ങുന്ന മഞ്ഞ ഗിൽറ്റ് പേപ്പറായിരുന്നു. ഒരു വർഷം പച്ചയും ചുവപ്പും മഞ്ഞയും നീലയും വയലറ്റും നിറങ്ങളുള്ള ഗ്ലാസ് പേപ്പർ. 

 

ദീർഘകാലം തെളിച്ച, വിപണിയിൽനിന്നു വാങ്ങിയ വെള്ളക്കടലാസിൽ നിരനിരയായി സുഷിരങ്ങളിലൂടെ നിറമില്ലാത്ത വെള്ള വാം വെളിച്ചം വിതറുന്ന അഞ്ചു കോണുകളുള്ള നക്ഷത്രവിളക്ക്‌ മക്കൾ മീരാച്ചിയുടെയും താരക്കുട്ടിയുടെയും അമൂല്യ ക്രിസ്മസ് അലങ്കാരങ്ങളുടെ വലിയ ശേഖരത്തിൽ ഇപ്പോഴുമുണ്ട്.

 

ക്രിസ്മസ് സുഖമുള്ള ഓർമകളുടെ മഞ്ഞുകാലം. കുട്ടിക്കാലത്ത് ഇച്ചാച്ചനും ചേച്ചിയും ഞാനുംകൂടെ തീർത്ത നക്ഷത്രവിളക്കുകൾക്ക് എന്റെ ഓർമയോളം തന്നെ പഴക്കം. അഞ്ചും ആറും മൂലകളുമായി മടപ്പൊളിയും വർണ്ണക്കടലാസുംകൊണ്ട്‌ ഉണ്ടാക്കുമായിരുന്ന ക്രിസ്മസ് വിളക്കുകൾ. അഞ്ചേരിയിൽ പന്നിക്കോട്ടു പാലത്തിനുതൊട്ടും വെട്ടത്തുകവലയിൽ വെട്ടിക്കാട്ട് സ്കൂളിനടുത്തും വാടക വീടുകളുടെ പഴയ കുമ്മായചുമരുകളിൽ തൂങ്ങിയാടുമായിരുന്ന വർണ വിളക്കുകൾ. എറികാട് ചാലുങ്കൽപടിക്കൽ ആശാരികുന്നിന്റെ തെക്കേ ചെരിവിലെ വീടിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ ദൂരെ വഴിയിൽനിന്നു നോക്കിയാലും കാണാവുന്നപോലെ തൂക്കിയ വർണ്ണവിളക്കുകൾ. ഇപ്പോൾ മണർകാട്ടെ കുഴിപ്പുരയിടത്ത് കരിമ്പനത്തറ വീടിന്റെ കിഴക്കോട്ടു തുറക്കുന്ന നടവാതിലിന്റെ ഇടത്ത്‌ അടുക്കളച്ചുമരിൽ മൂന്ന്‌ പതിറ്റാണ്ടായി പല നിറത്തിൽ തെളിയുന്ന അഞ്ചു കാലുകളുള്ള ചെറിയ നക്ഷത്രവിളക്കുകൾ.

 

ഈ ക്രിസ്മസ് വിളക്കു വെട്ടത്തിൽ തെളിയുന്നു എന്നോടൊപ്പം മുന്നിലും പിന്നിലുമായി നടന്ന മൂന്നു തലമുറകളുടെ വലുതും ചെറുതുമായ കാലടിപ്പാടുകൾ. മക്കൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരമ്മയുടെ കണ്ണിലെ നിശ്ചയദാർഢ്യം. തന്റെ ശരികളിൽ ഞങ്ങൾ ഇളയകുട്ടികളെ കൊണ്ടുചെന്ന് എത്തിക്കുമായിരുന്ന ഇച്ചാച്ചന്റെ തോളുയർത്തിയുള്ള ആ കുലുങ്ങിച്ചിരി. വർഷം തോറും ക്രിസ്മസിനു മുമ്പായി ഊട്ടിയിൽ ലോറൻസ്‌ പബ്ലിക് സ്കൂളിൽനിന്ന് ആണ്ടവധിക്കു വീട്ടിൽ എത്തുന്ന ചേച്ചിയുടെ കവിളിലെ സിന്ദൂര ചുവപ്പ്. എന്റെ കടുംപിടുത്തങ്ങൾക്കൊപ്പം രാജിയുടെ ശാന്തമെങ്കിലും സമന്വയത്തിന്റെ തീർപ്പുകൾ. ക്രിസ്മസ്‌ വിളക്കൊരുക്കുമ്പോൾ മീരാച്ചിയുടെ കടുത്ത വാശി. താരക്കുട്ടിയുടെ ഡിപ്ലോമസി. നക്ഷത്ര വിളക്കിലെന്നപോലെ ഓർമകൾക്കും പല നിറങ്ങൾ, നിറഭേദങ്ങൾ. 

 

ക്രിസ്മസ്– കുരുമുളക് വള്ളികളിൽ തിരികൾ നക്ഷത്രവിളക്കുകൾപോലെ ചുമപ്പും മഞ്ഞയും പച്ചയും നിറമണിയുന്ന കാലം. തൊടിയിലെ മരങ്ങളിൽ കയ്യെത്തും ഉയരംവരെയുള്ള കുരുമുളകു ചേച്ചിയും ഞാനുംകൂടിയാണ് പറിക്കുക. ഉയരത്തിലുള്ളത്‌ തട്ടിൻപുറത്തു കയറാനുള്ള തടിഗോവണി വച്ചുകയറി ഇച്ചാച്ചനും. മഠത്തിക്കാരുടെ മലഞ്ചരക്കു കടയിൽ കൊണ്ടുവിൽക്കും. ക്രിസ്മസ് വിളക്കിൽ ഒട്ടിക്കാനുള്ള വർണ്ണക്കടലാസും പടക്കവും വാങ്ങാനുള്ള കാശ് കുരുമുളക് വിറ്റുകിട്ടുന്നതിൽനിന്നും അമ്മ തരും. ഞങ്ങൾ കുരുമുളക് പറിക്കുന്നതുതന്നെ ഈ ഉറപ്പിലാണ്.

 

ഇച്ചാച്ചനാണ് മടപ്പൊളികൊണ്ടുള്ള നക്ഷത്രവിളക്ക് ഉണ്ടാക്കുക. തെങ്ങോലയുടെ പുറംപൊളി ഒരേ നീളത്തിലും വീതിയിലും ചെത്തിയൊരുക്കിയ പത്തു മടപ്പൊളികൾ. അഞ്ചെണ്ണം വീതം ഒന്നിനുമുകളിലൊന്നായി കീറിയ വശം ഉള്ളിലാക്കി അഞ്ചു മൂലകളും ചാക്കുചരടുകൊണ്ടോ നൂൽകമ്പികൊണ്ടോ കൂട്ടിക്കെട്ടും. നാല്/അഞ്ച് ഇഞ്ച് നീളത്തിൽ ചെത്തിമിനുക്കിയ ചെറുതെങ്കിലും ബലമുള്ള പേരക്കമ്പുകൾ  മടപ്പൊളികളിൽ മൂലകൾ തിരിയുന്ന അഞ്ചിടങ്ങളിൽ ശ്രദ്ധയോടെ  കയറ്റിവച്ച് ചെറിയ മുള്ളാണിയോ മൊട്ടുസൂചിയോ അടിച്ചുകയറ്റി ബലപ്പെടുത്തും. നനുത്ത വർണ്ണക്കടലാസുകൾ ബ്ലേഡുകൊണ്ട് ശ്രദ്ധയോടെ കീറി ആദ്യം അഞ്ചു കോണുകളിലും പിന്നീട് കോണുകളിലേക്ക് തിരിയുന്ന നടുവിലുള്ള അഞ്ചുവശങ്ങളുള്ള വലിയ കള്ളിയിലും ഒട്ടിക്കും. ചില വർഷങ്ങളിൽ വർണ്ണക്കടലാസുകൾക്കു പകരം പല നിറത്തിലുള്ള ഗ്ലാസ് പേപ്പറുകൾ. ഗോതമ്പോ അമേരിക്കൻ മാവോ ചൂടുവെള്ളത്തിൽ കലക്കി തുരിശും ചേർത്തായിരുന്നു പണ്ട് പശ ഉണ്ടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ ഫെവികോളാണ് ഉപയോഗിക്കുക. 

വിളക്കൊരുങ്ങിയാൽ രണ്ടു കോണുകൾക്കിടയിലെ ഇടക്കമ്പിൽ ചരടുകെട്ടി നടവാതിലിനരികിൽ തൂക്കും. ചെത്തിയൊരുക്കിയ മടപ്പൊളി നടുപ്പടിയിൽവെച്ച ചെറിയ മണ്ണെണ്ണ വിളക്കായിരുന്നു പണ്ടുകാലത്ത് വിളക്കിലെ വെളിച്ചം. പിന്നീട് മെഴുകുതിരികൾ. കറണ്ടുകിട്ടിയ കാലത്തിനുശേഷം നക്ഷത്രവിളക്കിൽ ബൾബിടുന്ന അപകടം പിടിച്ച പണിയെല്ലാം ചെയ്തിരുന്ന ഇച്ചാച്ചൻ ബൾബിലേക്ക് വൈദ്യുതി പായുന്ന വയറിൽ ട്യൂബ് ലൈറ്റിന്റെ സ്റ്റാർട്ടർ ഘടിപ്പിച്ച്‌ വിളക്കിലെ വെട്ടം കത്തുകയും കെടുകയും ചെയ്യുന്നതാക്കി വിസ്മയിപ്പിക്കും. 

 

ഇത്തരം നക്ഷത്ര വിളക്കുകളിൽ  സ്നേഹം നിറംപകർന്ന ബാല്യ, കൗമാര, യൗവനകാലങ്ങൾ സഹോദരങ്ങളുടെ കല്യാണംവരെ നീണ്ടുനിന്നു.  കല്യാണശേഷം വല്ലപ്പോഴും ചേച്ചി അമ്മയെക്കാണാൻ കുടുബസമേതമോ അല്ലാതെയോ എത്തിയിരുന്നത് ക്രിസ്മസ് വിളക്കെരിയുന്ന ഡിസംബറിലെ മഞ്ഞുകാലത്തായിരുന്നു. അമ്മയ്ക്കും രാജിക്കുമൊപ്പമായി എറികാട്ടെയും മണർകാട്ട് തറവാട്ടുവീട്ടിലെയും വിവാഹശേഷമുള്ള നക്ഷത്രവിളക്കുകൾ മിന്നിയ ക്രിസ്മസ്‌ ശാന്തരാത്രികൾ. പിന്നെ ഇന്നത്തെ വീട്ടിൽ അമ്മയും രാജിയും മീരാച്ചിയും ചേർന്ന നക്ഷത്രവിളക്കൊരുക്കിയ ഓർമകൾ. 1998 താരക്കുട്ടിയുടെ ആദ്യത്തെയും അമ്മച്ചിയോടോപ്പമുള്ള അവസാനത്തെയും ക്രിസ്മസ് മന്ദിരം ഹോസ്പിറ്റലിലെ കളരിക്കൽ വാർഡിൽ സിസ്റ്റർ ഒരുക്കിയ നക്ഷത്ര വിളക്കുകളുടെ അരണ്ട വെട്ടത്തിലായിരുന്നു. അടുത്ത ജൂൺ 23 ന് അമ്മച്ചിയും നക്ഷത്രവിളക്കുപോലെ ഒരോർമയായി. പിന്നെ കടലാസുവിളക്കുകളുടെ തുടർച്ചകൾ കണ്ട ക്രിസ്മസ് കാലങ്ങൾ.

 

ആർക്കിടെക്ചറിൽ കമ്പംകയറിയ കാലം മുതൽ മീരാച്ചിയായിരുന്നു ക്രിസ്മസ് നക്ഷത്രവിളക്കുകളുടെയും ട്രീയുടെയും ഡെക്കോറുകളുടെയും തിരഞ്ഞെടുപ്പും രൂപകൽപനയും. വർഷങ്ങൾക്കുമുമ്പ് ഏതാനും പേരക്കമ്പുകളും ഇത്തിരി ചാക്കുചരടും ഒരു സീരിയൽ ബൾബു മാലയുംകൊണ്ട് മീരാച്ചി തീർത്ത നക്ഷത്രവിളക്കിന്റെ ഇൻസ്റ്റലേഷൻ വ്യത്യസ്തമായ ക്രിസ്മസ് കാഴ്ചയായിരുന്നു.

 

പുൽനാമ്പിലെ മഞ്ഞുതുള്ളികളിൽ നക്ഷത്രങ്ങൾ വിരിയുന്ന ഡിസംബറിലെ ഈ ക്രിസ്മസ് രാവുകൾ മഹാമാരിയുടെ ദുരന്തദിനങ്ങൾ പിന്നിട്ട ജീവിതവഴികളിലെ നഷ്ടസന്തോഷത്തിന്റെ വീണ്ടെടുപ്പു ദിനങ്ങളാണ്. ഇവിടെ തെളിക്കുന്ന നക്ഷത്രവിളക്കുകൾ പ്രാർഥനാപൂർവം മനസ്സിൽ വിരിയുന്ന നന്ദിയുടെ നിറപുഞ്ചിരിയാണ്. ഇത് മീരാച്ചിയുടെയും അശ്വിന്റെയും വിവാഹശേഷമുള്ള ആദ്യക്രിസ്മസാണ്.
 

Content Summary :  Writers Blog - Christmas Star Memoir by Kurian K Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com