ADVERTISEMENT

സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ നമ്മൾ മലയാളികൾ ഓരോ കാര്യങ്ങളിലും ഇടപെടാറുണ്ട്. പക്ഷേ അത് പലപ്പോഴും ശരിയാവാറുണ്ടോ ?

 

ഉദാഹരണത്തിന് സമൂഹത്തിൽ ഒരു സ്ത്രീ അതിക്രമത്തിന് ഇടയാകുമ്പോൾ അവിടെ പലപ്പോഴും കുറേപേർ ഇരക്കൊപ്പവും മറ്റുള്ളവർ പ്രതിക്കൊപ്പവും നിൽക്കാറുണ്ട്. പലപ്പോഴും പ്രതിസ്ഥാനത്ത് സമൂഹത്തിലെ ഉന്നതരായ വ്യക്തികളാണെങ്കിൽ, ഇവരിൽ ആർക്കൊപ്പം നിൽക്കണമെന്ന് നാം ഓരോരുത്തരും പലതവണ ചിന്തിക്കാറുണ്ട്.

 

ശരിക്കും നമ്മൾ എപ്പോഴാണ് ഒരു സമൂഹമെന്ന നിലയിൽ ഇരയ്ക്കൊപ്പം നിൽക്കേണ്ടത് ?

 

ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നാൽ അത് ആ സ്ത്രീയുടെ കയ്യിലിരുപ്പ് കാരണമെന്ന് പറയുന്ന സമൂഹം ഈ കാലത്തും ഉണ്ടെന്നുള്ളത് തികച്ചും ആശ്ചര്യം തന്നെയാണ്. പുരുഷ മേൽക്കോയ്മ ഉള്ള സമൂഹത്തിൽ സ്ത്രീക്ക് സ്വതന്ത്രത്തോടെ നടക്കാനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ കഴിയുന്നില്ലെന്നതും ഒരു വസ്തുതയാണ്. ഒരു സ്ത്രീ അല്ലെങ്കിൽ ഒരു കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഏതെങ്കിലും മാധ്യമം വഴി തുറന്നുപറയുകയാണെങ്കിൽ സാക്ഷരസമൂഹമെന്ന് അവകാശപ്പെടുന്ന ആളുകൾ ആ സ്ത്രീയ്ക്കെതിരെ പലവാക്കുകളും തൊടുത്തുവിടുന്നു. അവൾ ദുർനടപ്പുകാരിയാണെന്നും, പണത്തിനു വേണ്ടിയാണെന്നും സമൂഹത്തിലെ മാന്യരെ മനഃപൂർവം കരിവാരിതേക്കാൻ വേണ്ടി വന്നതെന്നും പറഞ്ഞ് അവളെ ചവിട്ടി താഴ്ത്തുന്നു. വർഷങ്ങൾക്ക് ശേഷമുള്ള തുറന്നുപറച്ചിലുകൾ പല ഗൂഢാലോചനയുടെ ഫലമാണെന്നും ഇവർ വാദിക്കുന്നു.

 

ഇങ്ങനെ ഇത്തരം പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. സ്വന്തം ബന്ധുക്കൾ പോലും അവരെ കയ്യൊഴിയുന്നു. ജോലിചെയ്യാനോ പുറത്തിറങ്ങി നടക്കാനോ എന്തിനേറെ പറയുന്നു ഒന്ന് ദേവാലയത്തിൽ പോകുവാൻ കൂടി കഴിയാതെ അവർ ഒറ്റപ്പെടുന്നു.

 

എന്നാൽ ഇങ്ങനെ ഇവരെ ഒറ്റപ്പെടുത്തുന്ന സമൂഹം പലപ്പോഴും മനസ്സിലാക്കാത്ത പല കാര്യങ്ങളും ഉണ്ട്. ഓരോ വ്യക്തികളുടെയും ജീവിത സാഹചര്യങ്ങൾ വേറെയാണ്. ഒരാൾക്ക് റേപ്പ് നേരിട്ടതുകൊണ്ട് അത് അവർക്ക് പെട്ടന്ന് പറയാൻ പറ്റിയെന്ന് വരില്ല കാരണം അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ, അവർ വരുന്ന ജീവിത സാഹചര്യങ്ങൾ, സമൂഹം, ചുറ്റുപാടുകൾ എന്നിങ്ങനെ പലതും അതിനെ ആശ്രയിച്ചിരിക്കുന്നു. അതുകൂടാത്ത പലർക്കും താൻ ഇങ്ങനെ അതിക്രമത്തിനിരയായെന്നുപോലും മനസ്സിലാക്കാൻ കഴിയുന്ന മാനസികാവസ്ഥയിലായിരിക്കില്ല.

 

ഇനി ഒരു ഇന്ത്യൻ ജുഡീഷ്യറിയും ആരോടും ഒരു അതിക്രമം നടന്ന് അത് പത്ത് ദിവസത്തിന് മുൻപ് പറയണമെന്ന് പറഞ്ഞിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം ഇരയ്ക്ക് നമ്മുടെ ജുഡീഷ്യറിയും ഉറപ്പ് നൽകുന്നു. അതുകൊണ്ട് തന്നെ ‘‘എന്തുകൊണ്ട് അവർ വർഷങ്ങൾ കഴിഞ്ഞ് ‘മീടൂ’ ആരോപിക്കുന്നത് ’’ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല.

 

എപ്പോൾ തൊട്ട് ഒരു വ്യക്തി തനിക്ക് നേരിട്ട ദുരനുഭവം/കഷ്ടത തുറന്നു പറയുന്നോ അപ്പോൾ തൊട്ട് നാം ഒരു സമൂഹമെന്ന നിലയിൽ അവൾക്കൊപ്പം നിലകൊള്ളണം എന്നതുതന്നെയാണ് ശരിയായ കാര്യം.

 

ഇത്തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾ ഒരു സ്ത്രീക്കെതിരെയോ കുട്ടികൾക്കെതിരെയോ നടന്നാൽ, ഒരു സമൂഹമെന്ന നിലയിൽ എളുപ്പത്തിൽ അവർക്ക് ചെയ്തുക്കൊടുക്കാൻ കഴിയുന്ന സഹായം എന്നത് അവർക്കൊപ്പം നിൽക്കുക എന്നുള്ളതുതന്നെയാണ്. അതിനി പ്രതിസ്ഥാനത്ത് സമൂഹത്തിലെ ഏത് പദവി വഹിക്കുന്ന ആളാണെങ്കിലും.   

 

നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ ഒരു അതിജീവിതയ്ക്ക് ജീവിക്കാനും ഇത്തരം തുറന്നുപറച്ചിലുകൾ നടത്താനും വളരെ പ്രയാസമാണ് അതുകൊണ്ടു തന്നെ നമ്മളെകൊണ്ട് അവർക്ക് ചെയ്തുകൊടുക്കാൻ പറ്റുന്ന വലിയ ഒരു സഹായം തന്നെയാണ് നമ്മളോരോരുത്തരുടെയും പിന്തുണ. അത് അവർക്ക് പോരാടാനും തുടർന്ന് ജീവിക്കാനുമുള്ള കരുത്ത് പകരുമെന്നത് തീർച്ചയാണ്.

 

Content Summary: Sexual violence against women, Essay written by Sumesh M

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com