ADVERTISEMENT

"എബീ .....". വിളികേട്ടു തിരിഞ്ഞു നോക്കി.....സോന..... കണ്ടിട്ട് വർഷം ഒത്തിരി ആയി.  പക്ഷെ ആ  മുഖം മറക്കില്ലല്ലോ ...എത്ര  പ്രായമായാലും തിരിച്ചറിയാനാവും... ...".സോനയല്ലേ ....എന്താ ഇവിടെ? എന്നെ മനസ്സിലായല്ലോ... വളരെ അത്ഭുതം  തന്നെ." എബി സന്തോഷത്തോടെ അടുത്തേക്ക് ചെന്നു.

"മറക്കാനോ... അതിനാവുമോ...ഞാൻ ടെക്നോപാർക്കിൽ വന്നതാ. മോൾക്ക് ഇവിടെ ഒരു കമ്പനിയിൽ ജോലികിട്ടി. ഇന്ന് ആയിരുന്നു  ജോയിൻ ചെയ്യേണ്ടത്. അവളെ ആക്കാൻ വന്നതാ. ഇന്നലെ എത്തി. പോളേട്ടന് ലീവ് കിട്ടിയില്ല. അതുകൊണ്ടു ഞാൻ തന്നെ പോന്നു. ഇവിടെ അടുത്തൊരു ബന്ധുവിന്റെ വീട്ടിലും കയറി, അതാണ് ഇത്രയും താമസിച്ചത്. എബി ഇവിടെ ..?" 

"ഞാൻ സ്ഥിരമായി ബിസിനസ് അവശ്യത്തിനു ഇവിടെ വരാറുണ്ട്.....രണ്ടു ദിവസം മുമ്പ്  ആണ് വന്നത്... തിരിച്ചു പോകുന്ന വഴി ......എന്താ മഴ.  അഞ്ചിന് ഒരു കോവിഡ് സ്പെഷ്യൽ ഉണ്ടല്ലോ അതിനാണോ ? ഞാൻ അതിനാണ്. 

 

“അതെ …”

“നന്നായി.... കായംകുളം വരെ ബോറടിക്കാതെ പോകാമല്ലോ. ഇപ്പോൾ  കായംകുളത്തല്ലേ  താമസം? ആരോ പറഞ്ഞതായി ഓർമ്മ...... ഞാൻ എറണാകുളത്താണ് ..... ഇപ്പോൾ  അവിടെയാണ് താമസം".

“മുതുകുളത്ത്, നമ്മുടെ പദ്മരാജൻ്റെ നാട്ടിൽ. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ.”

ട്രെയിൻ പ്ലാറ്റുഫോമിൽ  എത്തി.  " എറണാകുളത്തുനിന്നും ആവും ഇതിലെ ബുക്കിംഗ്. അതുകൊണ്ടു അവിടം വരെ തിരക്ക് കുറവാകും. " അവർ രണ്ടുപേരും എബി കാട്ടിയ ആ  കംപാർട്മെന്റിൽ കയറി ഒരു കൂപ്പയിൽ മുഖത്തോടു മുഖം കാണാവുന്ന രീതിയിൽ സ്ഥാനം പിടിച്ചു. ആ കൂപ്പയിൽ മറ്റാരുമില്ലായിരുന്നു.  അധികം താമസിയാതെ ട്രെയിൻ കൂകികൊണ്ട് നീങ്ങി തുടങ്ങി. കുറച്ചുനേരത്തേക്കു എന്ത് സംസാരിക്കണം എന്നറിയാതെ മൗനം പാലിച്ചു.. പുറത്തു മഴവെള്ളം കുത്തിയൊലിച്ചു ഒഴുകുന്നു….... ഓർമ്മകൾ അവരുടെ മനസ്സിലേക്കും. ട്രെയിനിന്റെ വേഗം കൂട്ടുന്നതനുസരിച്ചു ഓർമ്മകൾ മനസ്സിലേക്കൊഴുകുന്നതിനും വേഗം കൂടികൊണ്ടിരുന്നു.

 

"മനസ്സിൽ വിളക്കിച്ചേർത്ത രൂപങ്ങൾക്കും ജീവനുണ്ടാവുമല്ലേ.... കാലം, എബിയോടൊപ്പം എന്റെ മനസ്സിലുള്ള ആ രൂപത്തേയും  വളർത്തികൊണ്ടിരുന്നിരിക്കണം. അതുകൊണ്ടു എനിക്ക് എബിയെ തിരിച്ചറിയാൻ  ഒരു പ്രയാസവും ഉണ്ടായില്ല....ആട്ടെ, എന്നെ തിരിച്ചറിയനായോ പെട്ടെന്ന്...." കൗതുകമൂറുന്ന കണ്ണുകളോടെ സോന മൗനം ഭഞ്ജിച്ചു.

"അൽപ സമയമെടുത്തു...വര്ഷം എത്രയോ കഴിഞ്ഞില്ലേ...പക്ഷെ കുറച്ചു നര ഉണ്ടെന്നേ ഉള്ളു...ഇപ്പോഴും പഴയ സോന തന്നെ...."

എബിയും സോനയും തമ്മിലുള്ള സൗഹൃദം അങ്ങിനെയായിരുന്നു, പഠിച്ചിരുന്നകാലത്ത്. ഒന്നും ഒളിക്കാതെ മനസ്സ് തുറന്നുള്ള  സംസാരം. എബിയുടെ വാക്കുകൾ കേട്ട് സോനയുടെ മുഖം ഒന്ന് തിളങ്ങിയോ? അതൊളിപ്പിക്കാനാണോ സോന സാരിത്തുമ്പു തലയിൽ നിന്നും മുഖത്തേക്കിറക്കിയിട്ടത് ?

എബി തുടർന്നു: "എല്ലാം ഇന്നലെത്തെ  പോലെ ഓർമയിൽ തെളിയുന്നു. " 

രണ്ടുപേരും മനസ്സ് കൊണ്ട്, ഒരുമിച്ചുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിലേക്ക് ഊളിയിട്ടു. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറയുകയോ ചോദിക്കുകയോ പോലും ഉണ്ടായില്ല. അത്രയേറെയുണ്ടായിരുന്നു അവരുടെ മനസ്സിൽ പറയാതെ പറയാൻ വച്ചിരുന്ന കാര്യങ്ങൾ.

 

"അതെ"

"സോനക്ക്  ഓർമ്മയുണ്ടോ ....ആ സിനിമ...ഇന്നലെ ആ  സിനിമ TV യിൽ കണ്ടു. അത് ഇറങ്ങിയപ്പോൾ എന്തെല്ലാമാല്ലേ നമ്മുടെ കൂട്ടുകാർ പറഞ്ഞു കളിയാക്കിയത്...   അതിലെ എബിയെയും സോനയെയും പോലെ നമ്മൾ ഒന്നിക്കുമെന്നവരു കരുതിയിരുന്നു എന്ന് തോന്നുന്നു."

ഒരു കുസൃതിച്ചിരി  സോനയുടെ മുഖത്തു തെളിഞ്ഞു. "അതുണ്ടാവില്ല. ..... സൗഹൃദത്തിനപ്പുറത്തേക്കു എന്തെങ്കിലും ഉണ്ടെന്നു നമ്മൾ തമ്മിൽ പോലും പരസ്പരം പറഞ്ഞിരുന്നില്ലല്ലോ....പലപ്പോഴും പറയണമെന്ന് എനിക്കുണ്ടായിരുന്നു.... പക്ഷെ  എന്തോ ഒന്ന്  പിന്നിൽ നിന്നും വലിച്ചിരുന്നത് പോലെ."

"എനിക്കും...... ഹേമ പറഞ്ഞപ്പോൾ ആണ് ഞാൻ എല്ലാം അറിഞ്ഞത്...അവളുടെ കല്യാണത്തിന് കണ്ടപ്പോൾ. സോന എല്ലാം ഹേമയോട് പറഞ്ഞിരുന്നു അല്ലെ."

"ഞങ്ങൾ എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ടായിരുന്നു. അവളെന്നെ ഒരുപാടു പ്രേരിപ്പിച്ചിരുന്നു എബിയോട് പറയാൻ.... ഞാനാ മടിച്ചേ....അവളുടെ കല്യാണം കഴിഞ്ഞു ഞങ്ങൾ ഒരു ദിവസം കണ്ടിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു... എല്ലാം എബിയോട് പറഞ്ഞു എന്ന്." 

"അതെ ആ തിരക്കിനിടയിലും അതെല്ലാം പറഞ്ഞു ഹേമ. ഞാൻ അതെല്ലാം ഭാര്യയോട്, മോളിയോട്, പറഞ്ഞു....നമ്മുടെ സൗഹൃദവും പിന്നെ ഹേമ പറഞ്ഞതും എല്ലാം... "

 

"അപ്പോൾ മോളി എന്ത് പറഞ്ഞു?.. "ആകാംഷകൊണ്ട് എബിയെ മുഴുവിപ്പിക്കാൻ സമ്മതിച്ചില്ല.

"എന്തുപറയാൻ... ഒരു സിനിമാക്കഥ പോലെ കേട്ടു...മറന്നുകാണും.....ഒരു പാവമാണ്.....മനസ്സിൽ സ്നേഹം മാത്രമുള്ള ഒരു പാവം..."

"പലപ്പോഴും  തോന്നും... ആ ചെറുപ്പകാലത്തേക്കു മടങ്ങി പോകാനായിരുന്നെങ്കിൽ എന്ന്. എന്ത് രസമായിരുന്നു.. ആ  കാലം. ചിരിച്ചും തമാശകൾ പറഞ്ഞും  കളിയാക്കിയും കളിപ്പിച്ചുമുള്ള ആ ജീവിതം...എത്ര എത്ര അമളികൾ...അബദ്ധങ്ങൾ....ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നോർക്കുമ്പോൾ ഒരു വല്ലാത്ത വേദന .....ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് ഹേമ പറഞ്ഞത് പോലെ അന്ന് ചെയ്തിരുന്നെങ്കിൽ ആ  കളിയും തമാശയും ഇപ്പോഴും കൂടെ ഉണ്ടാവുമായിരുന്നു എന്ന്...." മഴത്തുള്ളികൾ താഴ്തിയിട്ട  ചില്ലിനു അപ്പുറത്തൂടെ ഒഴുകിപ്പോകുന്നത്  നോക്കികൊണ്ട്‌ സോന പറഞ്ഞു.

"ഓ…. ഞാൻ അത് മറന്നു. ഇപ്പോൾ ജീവിതം......" എബി സോനയെ നോക്കി.

"സന്തുഷ്ട കുടുമ്പം. എന്നെ മനസ്സിലാക്കുന്ന ഭർത്താവും  രണ്ടു മക്കളും. ഒരു കുറവും ഒന്നിനും ഇല്ല.. വളരെ സന്തോഷത്തോടെയുള്ള ജീവിതം...അതുകൊണ്ടൊന്നുമല്ല... പക്ഷെ ചിലപ്പോൾ വെറുതെ ഇരിക്കുമ്പോൾ ആലോചിച്ചുപോകുന്നതാണ്...സ്ത്രീയുടെ മനസ്സല്ലേ… ചാപല്യം വിട്ടുമാറില്ലല്ലോ. പൊട്ടിചിരിച്ചുകൊണ്ടു സോന പറഞ്ഞു നിറുത്തി.

 

അതെ,  അതേ  ചിരി...അതേ  പ്രസരിപ്പ്... അതേ  തമാശ ..അതേ കുസൃതി.....അതേ പറച്ചിൽ.... അന്ന് സോനയിൽ ഞാൻ കണ്ടിരുന്ന പ്രത്യേകതകൾ...എന്നെ ഏറെ ആകർഷിച്ചിരുന്നതും.....ഒന്നിനും ഒരു മാറ്റവുമില്ല... പ്രായത്തിനു അവയ്‌ക്കൊന്നും ഒരു പോറലും  ഉണ്ടാക്കാനായിട്ടില്ല..... അല്ലെങ്കിലും ജരാനരകൾ ശരീരത്തിനല്ലേ ഉള്ളു...മനസ്സിനും സ്വഭാവത്തിനും ഉണ്ടാവില്ലല്ലോ. എബി ആലോചിച്ചു. 

ഇടക്കുള്ള മൗനത്തിൽ, ഒരുമിച്ചു കാട്ടിക്കൂട്ടിയ വികൃതികളും കുസൃതികളും... സാറന്മാരുടെയും കൂട്ടുകാരുടെയും മുന്നിൽ നിന്ന് ചമ്മിയതും... അവരെ ചമ്മിച്ചതും എല്ലാം രണ്ടുപേരുടെയും മനസ്സിൽ മിന്നി മറഞ്ഞു.

 

അവർ ഓർമ്മകൾ പങ്കുവയ്ച്ചുകൊണ്ടിരുന്നു. ..പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.. .ചിലപ്പോൾ പരിഭവിച്ചും.... തിമിർത്തു പെയ്യുന്ന മഴയിൽ ഓർമ്മകൾ കുളിരായി അവരുടെ മനസ്സിൽ പെയ്തുകൊണ്ടേയിരുന്നു. പറയാതെ സൂക്ഷിച്ചവ എല്ലാം പറയാനുള്ള തത്രപ്പാടിൽ വർഷങ്ങൾക്കു നിമിഷങ്ങളുടെ വേഗത കൈവന്നു.... അവർ കാലത്തിനു എതിർദിശയിൽ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു ......  ട്രെയിൻ സ്റ്റേഷനുകളിൽ നിർത്തുകയും ആരൊക്കെയോ ട്രയിനിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷെ അവരൊന്നും അറിഞ്ഞതേ ഇല്ല....അവർ മനസ്സുകൊണ്ട് അവരുടെ ചെറുപ്പകാലത്തിലൂടെ അലയുകയായിരുന്നു.. ... വിദ്യാലയം... നാട്ടിൻപുറം.. വയലേലകൾ നിറഞ്ഞ ഇടവഴികൾ.......

"എബി....  മഴ മാറുമെന്ന് തോന്നുന്നില്ല......അതാ അങ്ങോട്ടു നോക്കിയേ...വീണ്ടും മഴക്കാറ് ഉരുണ്ടു കൂട്ടുന്നുണ്ട് ...." എപ്പോഴോ സോന വർത്തമാന കാലത്തേക്ക് തിരിച്ചെത്തി, സ്വപ്നാടനത്തിൽ നിന്നും ഞെട്ടി ഉണർന്നതുപോലെ…….

പറഞ്ഞതുപോലെ മഴ വീണ്ടും ശക്തിയാർജിക്കുവാൻ തുടങ്ങി.....മലയാളികളുടെ പ്രണയത്തിനു  മഴ എന്നും പശ്ചാത്തലം ഒരുക്കാൻ എത്തിയിരുന്നു..... ഇതാ 

പ്പോൾ പറയാതെ പോയ ഒരു പ്രണയത്തിനും...

"സോനാ, കായംകുളം എത്താറായി... ഇവിടുന്നെങ്ങിനെ പോവും?...മഴയുണ്ട്.. ഇരുട്ടുമായല്ലോ..."

 

" പോളേട്ടൻ വണ്ടിയുമായി കാത്ത് നില്പുണ്ടാവും……. വളരെ സന്തോഷം എബി..... ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല വീണ്ടും കാണാനാവുമെന്നും.... പഴയ ആ  രസകരമായ നിമിഷങ്ങൾ അയവിറക്കാനാവുമെന്നും.....ഇപ്പോൾ വളരെ ചെറുപ്പമായതുപോലെ തോന്നുന്നു അല്ലെ....". 

“അതെ ...എന്താണ് പറയേണ്ടത് എന്ന് അറിയില്ല.....ട്രെയിൻ ഇത്രയും വേഗത്തിൽ എത്തേണ്ടിയിരുന്നില്ല എന്നുതോന്നുന്നു.... ചിറകുവയ്ക്കാനായി ഓർമ്മകൾ ഇനിയും മനസ്സിൽ ബാക്കി……. ഇപ്പോൾ ഒരു സംശയം തോന്നുന്നു സോനാ........പറയാതെ  പോയ പ്രണയങ്ങൾ എല്ലാം കാലാന്തരത്തിൽ ആഴത്തിലുള്ള സൗഹൃദങ്ങളായി പരിണമിക്കുമല്ലേ ..........”

“എല്ലാം അങ്ങിനെ ആകുമോ എന്നറിയില്ല...നമ്മുടെ കാര്യത്തിൽ എന്തായാലും അങ്ങിനെയായി......” എന്ന് പറഞ്ഞു പൊട്ടിചിരിച്ച സോന തുടർന്നു: “എല്ലാവരും കൂടി വീട്ടിലേക്കു ഒരു ദിവസം വരൂ... കുടുംബത്തെ പരിചയപ്പെട്ടില്ലല്ലോ...."

"തീർച്ചയായിട്ടും വരം ..."

 

ട്രെയിൻ  കോട്ടയം സ്റ്റേഷനിൽ  എത്തി.  കുട  നിവർത്തി സോന വണ്ടിയിൽനിന്നും  ഇറങ്ങിക്കൊണ്ടു സ്വതസിദ്ധമായ ശൈലിയിൽ എബിയോട് ചോദിച്ചു:  "അന്നേതായാലും എനിക്ക് ഓട്ടോഗ്രാഫ് എഴുതിത്തന്നില്ല....ഇപ്പോൾ എഴുതിയാൽ എന്തെഴുതും ?"

അല്പം ആലാചിച്ചശേഷം എബി ഒരു പുഞ്ചിരിയോടെ പറഞ്ഞു " മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് പെണ്ണിൻ മനസ്സിൽ".  സോനക്കു ചിരിയടക്കാനായില്ല. ചിരിച്ചുകൊണ്ട് തന്നെ അവൾ  "അടുത്ത ജന്മത്തിൽ ഒന്നിക്കാം." എന്നു പറഞ്ഞു കൈ വീശികാട്ടി നന്ദി പറഞ്ഞുകൊണ്ട്  തന്റെ കുടുംബത്തിൽ എത്താനുള്ള തിരക്കിൽ പുറത്തേക്കു നടന്നു നീങ്ങി.

 

"അതാവില്ലല്ലോ… അടുത്ത ജന്മവും എന്റെ ഭാര്യക്ക് കൊടുക്കാമെന്നേറ്റു കഴിഞ്ഞു......അതിന്റെ അടുത്ത ജൻമം നമുക്ക് നോക്കാം..”.... എബി കൈ വീശിക്കാട്ടിക്കൊണ്ടു  പറഞ്ഞുവെങ്കിലും വണ്ടി മുന്നോട്ടെടുക്കാനുള്ള ചൂളം വിളിയിൽ  അത് അലിഞ്ഞു പോയി.......

പക്വതയില്ലാതിരുന്ന കാലത്തു മൊട്ടിട്ട പ്രണയം....പറയാതെ പോയ മോഹങ്ങൾ... വർഷങ്ങൾക്കിപ്പുറം ഗാഢമായ സൗഹൃദമായി വളർത്താനായതിന്റെ സന്തോഷത്തിൽ അവർ അവരുടെ യാത്ര തുടർന്നു ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com