ADVERTISEMENT

സാഹിത്യലോകത്തും ചലച്ചിത്ര ലോകത്തും എന്നും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ സ്വന്തം എം ടി. ആ രണ്ടു വാക്കിലുണ്ട് മലയാള സാഹിത്യത്തിന്റെ സുകൃതം..

 

ലാളിത്യം മുഖമുദ്രയാക്കിയ സാഹിത്യ കുലപതിക്കു ഇന്ന് പിറന്നാൾ... പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ വളരെ സാധാരണമായ ഒരു നായർ തറവാട്ടിൽ ജനിച്ച മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി. സ്വന്തം നാടും ഗ്രാമവിശുദ്ധിയും നാട്ടു ഭാഷയും സ്വജീവിതാനുഭവങ്ങളും എല്ലാം ചാലിച്ചെഴുതിയ ഒരുപാട് കഥകളും കഥാപാത്രങ്ങളും ഇന്നും മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത സർഗ്ഗ സൃഷ്ടികളായി നില കൊള്ളുന്നു..

 

പരിമിതമായ ജീവിത സാഹചര്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം ഡിഗ്രി കൂടി പൂർത്തിയാക്കിയ അദ്ദേഹം അധ്യാപകനായും പത്രപ്രവർത്തകനായും ജോലി നോക്കിയിരുന്നു. പഠന കാലങ്ങളിലും ജോലി ചെയ്യുന്ന കാലങ്ങളിലും അദ്ദേഹം തന്റെ സാഹിത്യഭിരുചി കൂടി വളർത്തിക്കൊണ്ട് വന്നിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്തെഴുതിയ പല കൃതികളും നമുക്ക് മുന്നിൽ ഇന്നും ഒളി മങ്ങാതെ നിൽക്കുന്നു..

 

വിക്ടോറിയ കലാലയത്തിലെ പഠനത്തിനിടയിൽ എഴുതിയ “രക്തം പുരണ്ട മൺതരികൾ’’ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. മാതൃഭൂമി നടത്തിയ ചെറുകഥ മത്സരത്തിൽ അദ്ദേഹത്തിന്റെ “വളർത്തുമൃഗങ്ങൾ’’ എന്ന കൃതിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സാഹിത്യലോകത്തേക്ക് അദ്ദേഹം ശക്തമായ ചുവടുവെച്ചു മുന്നേറി.. പിന്നീട് വന്ന കഥകളും നോവലുകളും എല്ലാം അദ്ദേഹത്തെ സാഹിത്യപ്രേമികൾക്കിടയിൽ സ്വീകാര്യനാക്കി..

 

‘പാതിരാവും പകൽ വെളിച്ചവും “ എന്ന ആദ്യ നോവൽ തന്നെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി.. നാലുകെട്ട്, കാലം, അസുരവിത്ത്,മഞ്ഞ്, രണ്ടാമൂഴം അങ്ങനെ മലയാള സാഹിത്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ നിറഞ്ഞു നിന്ന ഒട്ടനവധി നോവലുകൾ അദ്ദേഹത്തിന്റെ സർഗ്ഗ സൃഷ്ടിയിൽ നിന്നും നമുക്കായി ലഭിച്ചു...

 

രണ്ടാമൂഴാമെന്ന മഹാസൃഷ്ടി, മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ഭീമന്റെ വീക്ഷണകോണിലൂടെ കഥ പറഞ്ഞ് പോകുന്ന രീതിയിലായിരുന്നു.. ശക്തിയിലും കരുത്തിലും ഒന്നാമനായ ഭീമൻ ജീവിതത്തിൽ പലപ്പോളും രണ്ടാമൂഴക്കാരനായി മാറുന്ന കാഴ്ച വളരെ ഹൃദയസ്പർശിയായി മലയാളികൾക്ക് മുൻപിൽ അദ്ദേഹം വരച്ചിട്ടിരുന്നു..

 

 

“കാലം”, കാലത്തിന്റെ മറുകര തേടുന്ന ജീവിതങ്ങളുടെ പച്ചയായ നേർക്കാഴ്ച തന്നെ ആയിരുന്നു എം. ടി. നമുക്ക് മുന്നിൽ തെളിച്ചു വച്ചതു..ഗ്രാമീണ മനോഹാരിതയെ മനുഷ്യകഥയിൽ ലയിപ്പിച്ചു കൊണ്ട്, കാലാനുവർത്തിയായ മാറ്റങ്ങളെ ഇഴകളായി നെയ്തു നെയ്തു, മനുഷ്യായസ്സിലെ കാലങ്ങളെ കാലഘട്ടങ്ങളുടെ അടയാളപ്പെടുത്തൽ ആയി അദ്ദേഹം സൃഷ്‌ടിച്ച “കാലം’’

 

വള്ളുവനാടൻ ഭാഷയും നാടും നാട്ടുവഴികളും നാടൻ രുചികളും തറവാട് വീടുകളും കുളങ്ങളും അമ്പലവും ഉത്സവങ്ങളും അങ്ങനെ നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്ന പല ഇഷ്ടങ്ങളെയും എംടിയുടെ ക്യാൻവാസിൽ കാണാൻ കഴിയുന്നുണ്ട്.. ഗ്രാമീണതയെ എത്രയും മനോഹരമായി അവതരിപ്പിക്കുന്നോ അത്രയും നന്നായി നാഗരികതയെയും പരാമർശിക്കുന്നുണ്ട് അദ്ദേഹം പല കഥകളിലും..

 

ചലച്ചിത്ര ലോകത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.. അദ്ദേഹത്തിന്റെ തന്നെ സൃഷ്ടിയായ “മുറപ്പെണ്ണ്’’ എന്ന കഥയ്ക്ക് തിരക്കഥ എഴുതിക്കൊണ്ട് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നു. 1973-ൽ അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ “നിർമ്മാല്യം’’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിക്കുകയുണ്ടായി.. അമ്പതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ അദ്ദേഹത്തെ തേടി നാലു തവണ ദേശീയ പുരസ്‌കാരങ്ങൾ വന്നിട്ടുണ്ട്..

 

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി. ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

 

അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളെല്ലാം തന്നെ കാലങ്ങളെ അതിജീവിച്ചു, കാലത്തിന്റെ ആസുരമായ കൈകൾക്ക് പിടി കൊടുക്കാത്ത കലാശക്തിയുടെ കയ്യൊപ്പായി എക്കാലവും നില കൊള്ളുമെന്നതിൽ സംശയമില്ല...

 

മലയാളത്തിന്റെ സാഹിത്യ കുലപതിക്ക്.. ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ തൊട്ട പിറന്നാൾ ആശംസകൾ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com