‘നിറത്തിലൊന്നും ഒരു കാര്യോല്യ, സ്നേഹമാണ് ഈ ഭൂമിയിൽ ഏറ്റവും വലുത്’
Mail This Article
കാക്ക കറുമ്പൻ (കഥ)
അപ്പുവിന് ഈയിടെ സ്‌കൂളിൽ പോവാൻതന്നെ മടിയാണ്. മറ്റു കുട്ടികളുടെ ഇടയിൽ താൻ ഒരു പരിഹാസപാത്രമാവുന്നത് അവന് സഹിക്കാൻ പറ്റുന്നില്ല.
ആ അഞ്ചാം ക്ലാസ്സിലെ മറ്റു കുട്ടികളുടെ ഇടയിൽ താൻ മാത്രം ഒരു കറുത്തവൻ. അവനു തന്നോട് തന്നെ അവജ്ഞ തോന്നി. പല കുട്ടികളും തന്നെ തോണ്ടി ‘‘കാക്ക കറുമ്പാ’’ എന്ന് കളിയാക്കി വിളിക്കുമ്പോൾ പ്രതികരിക്കാനാവാതെ അവൻ മിഴിച്ചു നിന്നു.
‘‘ഞാനിനി സ്‌കൂളിൽ പോണില്യ’’.
അവൻ തീരുമാനിച്ചു കഴിഞ്ഞു. അപ്പുവിന് അച്ഛനില്ല. അമ്മ അടുത്തുള്ള വീടുകളിൽ അടുക്കളപണി ചെയ്താണ് അവനും അമ്മയും അടങ്ങുന്ന ആ കൊച്ചു കുടിലിൽ കഴിയുന്നത്.
പിറ്റേ ദിവസം അപ്പു ഒന്നും ചെയ്യാത്തത് കണ്ട് അമ്മ ദേവി ചോദിച്ചു.
"എന്താ അപ്പുക്കുട്ടാ ഇന്ന് കുളിക്കണ്ടേ, സ്‌കൂളിൽ പോണ്ടേ "
"വേണ്ട. ഞാനിനി പോണില്യ. എല്ലാരും എന്നെ കളിയാക്വാ. ഞാൻ കറുത്തിട്ടാത്രേ. കാക്ക കറുമ്പൻ. വയ്യ ഈ കളിയാക്കലുകൾ സഹിക്കാൻ"
ദേവിക്ക് സങ്കടമായി.
"എന്റെ മോൻ കറുത്തിട്ടായാലെന്താ. മോൻ സുന്ദരനല്ലേ "
"അല്ല. എന്നെ ആർക്കും ഇഷ്ടമല്ല .. ടീച്ചർ മാര് വരെ കളിയാക്കും. വേണ്ട .. ഞാനിനി പോണില്യ. "
ദേവി അവനെ ചേർത്തുപിടിച്ച് അവന്റ മുടിയിഴകളിൽ തലോടി.
"നിന്റച്ഛനും കറുപ്പായിരുന്നു മോനെ. ഈ നാട്ടുകാർക്കൊക്കെ നിന്റച്ഛനെ എന്ത് കാര്യമായിരുന്നു."
ഒരാക്സിഡന്റിൽ രാജൻ മരിക്കുകയായിരുന്നു. ആ നിമിഷങ്ങൾ ഓർത്തവളുടെ കണ്ണ് നിറഞ്ഞു. അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ അവനും സങ്കടമായി. അമ്മ സങ്കടപ്പെടുന്നത് അവനു സഹിക്കാനാവില്ല.
"'അമ്മ വെഷമിക്കണ്ട, ഞാൻ സ്‌കൂളിൽ പോവാം "
ദേവി കണ്ണ് തുടച്ചു. എന്നിട്ടു പറഞ്ഞു:
"എന്റെ മോന് നിറമല്ലേ കറുപ്പുള്ളു. നല്ല സ്നേഹമുള്ള മനസ്സാ മോന്റെ. അതാ മോനെ വേണ്ടത്. നിറത്തിലൊന്നും ഒരു കാര്യോല്യ, സ്നേഹമാണ് ഈ ഭൂമിയിൽ ഏറ്റവും വലുത്. "
'അമ്മ പറഞ്ഞപ്പോൾ അവന് തെല്ലൊരാശ്വാസം തോന്നി. അന്ന് പീതാംബരൻ മാഷ് ക്‌ളാസിൽ വന്നപ്പോൾ പറഞ്ഞതും അതു തന്നെയാണ്. ആ മാഷ് തന്നോട് ഒരു നീരസവും കാട്ടിയിട്ടില്ല എന്നവനോർത്തു. ശരിയല്ലേ. തന്റെ നിറം താൻ ഉണ്ടാക്കിയതല്ലല്ലോ. അവൻ സമാധാനിക്കാൻ ശ്രമിച്ചു. അപ്പോൾ അമ്മ പറഞ്ഞു :
"മോനെ, നമ്മളെന്നും പ്രാർത്ഥിക്കുന്ന ഭഗവാൻ കൃഷ്ണൻ വെളുത്തിട്ടാണോ, അല്ലല്ലോ. എന്നിട്ടെന്താ ഈ ലോകം മുഴുവനും ആഭഗവാനെ ഇഷ്ടപ്പെടുന്നില്ലേ. മോനെ, നിറത്തിലല്ല കാര്യം അവനവന്റെ പ്രവൃത്തിയിലാണ്. എന്റെ കുട്ടൻ എല്ലാവരോടും സ്നേഹത്തോടെ പെരുമാറണം. അപ്പോ എല്ലാവരും മോനെ ഇഷ്ടപ്പെടും.."
"ശരി അമ്മെ. "
അവൻ സ്‌കൂളിൽ പോകാൻ കുളിച്ചു റെഡി ആയി വന്നു. സ്‌കൂളിലേക്ക് പോവാൻ നേരം അവൻ അമ്മയെ നോക്കി മന്ദഹസിച്ചു.
"'അമ്മ വിഷമിക്കണ്ട ട്ടോ. ഇനി ആരെങ്കിലും എന്നെ കാക്ക കറുമ്പാന്ന് വിളിച്ചാൽ ഞാൻ അവരോട് പറയും അസൂയ പാടില്ല വെള്ള കൊക്കേന്ന്. ഞാനും അവർക്ക് അങ്ങനെ ഒരു പേരിട്ടു വിളിക്കും. ഹല്ലാ പിന്നെ."
അവൻ കൈ വീശിക്കൊണ്ട് നടന്നു നീങ്ങി സ്‌കൂളിലേക്ക്. നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ട് ദേവി പതിയെ തന്നോട് തന്നെ പറഞ്ഞു. നിറം കറുത്താലെന്താ എന്റെ മോൻ ഒന്നാമനാ എന്നും ക്‌ളാസിൽ. എനിക്കവൻ ഭൂലോക സുന്ദരനാ. അവന് എല്ലാരോടും സ്നേഹത്തോടെ പെരുമാറാൻ അറിയാം. അത് മതി എന്റെ മോന്.