' അവന്റെ ഭാര്യ പ്രസവത്തിൽ കുഞ്ഞിനോടൊപ്പം മരണത്തിന് കീഴടങ്ങിയപ്പോൾ അവനെത്ര ദുഃഖിച്ചു കാണും; ഇനി വേദനിപ്പിച്ചുകൂടാ '
Mail This Article
കാത്തിരിപ്പിന്റെ അന്ത്യം (കഥ)
വൃദ്ധൻ തന്റെ രോമ കുപ്പായവും, തൊപ്പിയും ധരിച്ച് ഊന്നുവടി കയ്യിലെടുത്ത് പുറത്തിറങ്ങി, റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി മെല്ലെ നടന്നു. നല്ല തണുത്ത കാലാവസ്ഥപോലുംവകവയ്ക്കാതെയുള്ള വൃദ്ധന്റെ ഈ ശീലം തുടങ്ങിയിട്ട് ഏറെയായിരുന്നു. പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിലിരുന്ന് വന്നു പോകുന്ന വണ്ടികളിലേക്ക് ആരെയോ പ്രതീക്ഷിച്ചിട്ട് എന്നപോലെ തന്റെ വെളിച്ചം നഷ്ടപ്പെട്ടു കൊണ്ടിരുന്ന കണ്ണുകളാൽ അയാൾ ഉറ്റുനോക്കി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം തികച്ചും നിരാശനായി തിരിച്ചു നടക്കുന്ന അയാളുടെ മിഴികളിൽനിന്നും ഉതിരുന്ന നീർമണികൾ ആ രോമ കുപ്പായത്തിൽ വൃത്തം വരച്ചു. അപ്പോൾ സ്വയം സമാധാനിപ്പിക്കാൻ എന്നവണ്ണം അയാൾ ഇങ്ങനെ ആത്മഗതം ചെയ്തു.
" വരും, ഇന്നല്ലെങ്കിൽ നാളെ അവൻ വരും. വരാതിരിക്കാൻ അവനാകില്ല."
ഓട് മേഞ്ഞ പഴയ വീടിന്റെ വരാന്തയിൽ മുഷിഞ്ഞ ചാരുകസേരയിലിരുന്ന് മുറ്റത്ത് ഓടിക്കളിക്കുന്ന അയൽവീടുകളിലെ കുസൃതി കുട്ടികളെ നോക്കി അയാൾ ഓരോന്ന് ഓർത്തുകൊണ്ടിരുന്നു . ആ ഓർമ്മകൾക്ക് ഭംഗം വരുത്തിക്കൊണ്ട് ചില കുസൃതികൾ ഇങ്ങിനെ ആരാഞ്ഞു.
' അപ്പൂപ്പൻ എന്തിനാ എപ്പോഴും ഇങ്ങനെ ചവച്ച് കൊണ്ടിരിക്കുന്നത്? "
ആ ചോദ്യം കേട്ട് തന്റെ നിറംകെട്ട് തേയ്മാനം വന്ന ശേഷിച്ച പല്ലുകൾ കാട്ടി, ചിരിച്ചുകൊണ്ട് അയാൾ പറയും.
" ഈ അപ്പൂപ്പന്റെ മനസ്സുനിറയെ ഓർമ്മകളുടെ ഒരു വലിയ കടലാണ് മക്കളേ.... ആ ഓർമ്മകൾ ഓരോന്നും തിരമാലകളെപോലെ തികട്ടി വരുമ്പോൾ അതെല്ലാം ഈ അപ്പൂപ്പൻ ചവച്ചിറക്കുകയാണ്. അല്ലാതെ ഈ അപ്പൂപ്പൻ എന്ത് ചെയ്യാനാണ് ? "
അയാൾ പറഞ്ഞതിന് ഒരു മറുപടി പറയാനാകാതെ കുട്ടികൾ ആരവത്തോടെ പടികടന്ന് പുറത്തേക്ക് ഓടിയപ്പോഴാണ് പോസ്റ്റുമാൻവന്നു ഒരു കത്ത് വൃദ്ധന് നൽകിയത്. അത് ആരുടേതാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ, തിടുക്കത്തിൽ കണ്ണട എടുത്തു വച്ച് അയാൾ വായിക്കാൻ തുടങ്ങി. വൃദ്ധന്റെ മുഖത്ത് വിഭിന്ന വികാരങ്ങൾ പ്രതിഫലിക്കുകയും, ആ മിഴികളിൽ നിന്ന് ആനന്ദാശ്രുക്കൾ ഉതിരുകയും ചെയ്തു.
" അതെ അവൻ വരുന്നു, എന്റെ മകൻ വരുന്നു. ഈശ്വരാ എത്രകാലമായി ഞാൻ ഈ ദിവസത്തിനായി ഏകനായി കാത്തിരിക്കുന്നു. അവനും ഏകൻ ആയിരുന്നല്ലോ,ആ ഏകാന്തത അവനെ വേദനിപ്പിച്ചു കാണും. അത് മടുത്തത്കൊണ്ടല്ലേ ഇപ്പോൾ അവൻ തിരിച്ചു വരുന്നത്." ഒരു ദീർഘനിശ്വാസത്തോടെ അയാൾ ചാരുകസേരയിൽ ഓർമ്മകളിൽ മുങ്ങിക്കിടന്നു.
അയാളുടെ ഭാര്യ മരണത്തിന് കീഴടങ്ങുമ്പോൾ അയാൾക്ക് എന്നും കൂട്ടായി അവനെയും നൽകിയിരുന്നു. സർവ്വ ദുഃഖങ്ങളും വിസ്മരിച്ച് അവന്റെ കളിചിരിയും വളർച്ചയും എല്ലാം നോക്കി കണ്ടു ഒരു നിഴൽ പോലെ അയാൾ അവനെ പിന്തുടർന്നു.
വിദ്യാഭ്യാസം തീർന്നപ്പോൾ ആണ് അങ്ങകലെ നഗരത്തിൽ അവനൊരു ജോലി ശരിയായത്. അവനെ പിരിഞ്ഞിരിക്കാൻ സാധിക്കാത്തതിനാൽ, ആ ജോലിക്ക് പോകുന്നത് അയാൾ എതിർത്തപ്പോൾ, അയൽക്കാർ പറഞ്ഞു.
" അവൻ ഒരു ആൺകുട്ടി അല്ലേ.... ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ...? ആ ജോലിക്ക് പോയി നാടൊക്കെ കണ്ട് നാലാളോട് ഒന്ന് ഇടപഴകട്ടെ. അവനും വേണ്ടേ ഒരു ജീവിതം? "
ആ ജോലിക്ക് പോകാനാണ് മകന് താൽപര്യം എന്നറിഞ്ഞപ്പോൾ അർദ്ധ മനസ്സോടെ അയാൾ സമ്മതം നൽകി. തന്റെ മകനെയും കൊണ്ട് അകന്നു പോകുന്ന തീവണ്ടിയെനോക്കി അയാൾ ഹൃദയവേദനയോടെ നിന്നു.
ജോലിയിൽ ചേർന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ്, അന്യമതസ്ഥയായ ഒരു പെൺകുട്ടിയുമായി താൻ ഇഷ്ടത്തിൽ ആണെന്നും വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും മകൻ അയാൾക്ക് എഴുതിയത്. ആ ബന്ധത്തെ അയാൾ എതിർത്തപ്പോൾ, അത് ഒരു വെല്ലുവിളിയായെടുത്ത് മകൻ ആ പെൺകുട്ടിയെ ജീവിത പങ്കാളിയാക്കി.
ഇനിയൊരിക്കലും തന്നെ കാണാൻ നാട്ടിലേക്ക് വന്നു പോകരുതെന്ന് അയാൾ മകനെ വിലക്കി. പിന്നീട് എല്ലാ മാസങ്ങളിലും മുടങ്ങാതെ കിട്ടുന്ന മണിയോർഡറുകളിൽ നിന്ന് മകൻ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഓർത്ത് അയാൾ സമാധാനിച്ചു. നിദ്രാവിഹീനങ്ങളായ രാത്രികളിൽ ഏകനായി കിടക്കുമ്പോൾ മൃത്യുവിന്റെ തണുത്ത കരങ്ങൾ തന്നെയൊന്ന് ആശ്ലേഷിച്ചിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു.
അവനെ താനിങ്ങനെ ശിക്ഷിക്കാൻ പാടില്ലായിരുന്നു. അവന്റെ ഭാര്യ പ്രസവത്തിൽ കുഞ്ഞിനോടൊപ്പം മരണത്തിന് കീഴടങ്ങിയപ്പോൾ അവനെത്ര ദുഃഖിച്ചു കാണും. ഇപ്പോൾ അതെല്ലാം വിസ്മരിച്ചുകൊണ്ട് അവൻ വരുമ്പോൾ, ഇനി ഒരിക്കലും അവനെ വേദനിപ്പിച്ചുകൂടാ...
രാത്രിയായാൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളതിനാൽ, സന്ധ്യയോടെ തന്നെ മകനെ വരവേൽക്കാനായി മഞ്ഞും തണുപ്പും വകവയ്ക്കാതെ അയാൾ ആവേശത്തോടെ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. തന്റെ ഏകാന്തവാസം അവസാനിക്കുന്ന ആനന്ദം അയാളിൽ പ്രകടമായിരുന്നു. മകൻ വരുന്ന വണ്ടി എത്താൻ ഇനിയും ഏറെ നേരം ഉണ്ടെന്ന തിരിച്ചറിവിൽ, പ്ലാറ്റ് ഫോമിലെ ബഞ്ചിൽ അയാൾ കിടന്നു. നിദ്ര മെല്ലെ അയാളെ കീഴടക്കി.
പെട്ടെന്നാണ് റെയിൽവേസ്റ്റേഷനിൽ വലിയ ബഹളവും കരച്ചിലും ഉയർന്നത്. എന്താണ് സംഭവിച്ചത് എന്നറിയാൻ ആളുകൾ തലങ്ങും വിലങ്ങും ഓടി. സ്വീകരിക്കാനും യാത്രയാക്കാനും വന്നവരിൽ ചിലർ ഇങ്ങിനെ വിളിച്ചു പറഞ്ഞു.
" തീവ്രവാദികൾ തീവണ്ടിക്ക് ബോംബ് വച്ചു തകർത്തു. വണ്ടി പുഴയിലേക്ക് മറിഞ്ഞു യാത്രക്കാരിൽ പലരും മരിച്ചു. "
തന്റെ മകൻ എത്തിച്ചേരേണ്ടിയിരുന്ന വണ്ടിയാണ്
അതെന്നറിയാതെ, നിലവിളികളും ആരവങ്ങളും അറിയാതെ, അയാൾ അപ്പോഴും ആ ബഞ്ചിൽ നിശ്ചലനായി കിടക്കുകയായിരുന്നു. ആ ശുഷ്കിച്ച ശരീരത്തിൽനിന്നും താപം നഷ്ടപ്പെട്ട് ശീതം ചേക്കേറാൻ തുടങ്ങിയിരുന്നു.