നഞ്ചിയമ്മ ചിരിക്കുമ്പോൾ - ഡോ. അജയ് നാരായണൻ എഴുതിയ കവിത
Mail This Article
കാടിറങ്ങി കുന്നിറങ്ങി
മണ്ണറിഞ്ഞു കാറ്റുണർന്നു
കാട്ടുചൂരൽ വള്ളിയാടി
ആദിമന്ത്രം തുടിക്കുമ്പോൾ
ജീവജാലം നിറവാർന്നു
താളമിട്ടു കാട്ടുചോല
വണ്ടണഞ്ഞു പൂ വിരിഞ്ഞു
നഞ്ചിയമ്മ മൂളിയാർത്തു.
നഞ്ചിയമ്മ മൂളിയാലോ
കാട്ടിലൂറും പഞ്ചവാദ്യം
നെഞ്ചിലാകെ മുഴങ്ങുമ്പോൾ
പഞ്ചവർണ്ണക്കിളി പാടും,
മുത്തുമണിക്കച്ച കെട്ടി
പച്ചകുത്തി കാട്ടുപെണ്ണ്
വേഷമിട്ടു കൊലുസ്സിന്റെ
ഈണത്തിൽ ചോടുവയ്ക്കും
കാട്ടുമക്കൾ താളത്തിൽ
ചോടുമാറ്റി തകർത്താടും.
കതിർപൊട്ടി ഒഴുകുന്നു
വിത്തുപാട്ട് കൊയ്ത്തുപാട്ട്
പെയ്ത്തുപാട്ട്
മംഗലത്തിൻ രാത്രിയെന്നും
തോരാത്ത നറുംപാട്ട്
പേറ്റുപാട്ട്
നോവുപാട്ട് ചാവുപ്പാട്ട്
പാട്ടിലാകെ കുതിരുന്നു
പ്രപഞ്ചത്തിൻ പാഠങ്ങൾ
ഊരിലാകെ മരയീണം
കള്ളമില്ലാ കാട്ടീണം
കച്ചകെട്ടിയ കല്ലീണം
കാട്ടുമക്കടെ നല്ലീണം.
മണ്ണിലെത്ര വിത്തടർന്നു
കാട്ടിലെത്ര തേൻ ചുരന്നു
കുന്നിലെത്ര തൈവങ്ങൾ
മിന്നൽചൂടി തുള്ളിയാടി
കാട്ടിലെന്നും നിലയ്ക്കാത്ത
കൊയ്ത്തുപാട്ടിൻ മുടിയാട്ടം
കേട്ടുകേട്ടു ജീവന്റെ
തുയിലുണർന്നു കാടുണർന്നു!
ചന്ദനത്തിൽ ചാലിച്ച
പാട്ടുമായി കാടിറങ്ങി
താളമിട്ടു പാറിവന്നു
നഞ്ചിയമ്മ ഉറഞ്ഞാടി.
നാട്ടുവേലിക്കെട്ടുപൊട്ടി-
ച്ചാർത്തലച്ചു നാടിന്റെ
സപ്തഗീതം സപ്തനാദം
സപ്തഭാവം സപ്തവർണ്ണം
കുമ്പിട്ടു തൊഴുതുനിന്നു
നാമ്പിട്ടു ദൈവീകം.
അടിയാന്റെ നെഞ്ചിൽനിന്നും
ഗോത്രരാഗം ഉരുൾപൊട്ടി
തമ്പ്രാക്കൾ കണ്ണുരുട്ടി
നാൽച്ചുവരിൽ തലയിടിച്ചു
പിളർത്തുമ്പോൾ നാട്ടുശബ്ദം
തൊണ്ടകീറിയലറുന്നു
തകർത്തല്ലോ സംഗീതം
നശിച്ചല്ലോ സമ്പാദ്യം
കരിഞ്ഞല്ലോ പാരമ്പര്യം…
കാടിറങ്ങി വരുന്നല്ലോ
കാട്ടുപൂവിൻ നൈർമ്മല്യം
കാട്ടുതണ്ടിൻ പഞ്ചാരി
കാർകുഴലിൻ തേനിമ്പം
ചുത്തമത്തളമേളാങ്കം
ചന്ദനത്തിൻ നീരോട്ടം.
കാട്ടുനാദം തിരി നീട്ടി
മണ്ണിലൊന്നായ് മുളയ്ക്കുമ്പോൾ
നെഞ്ചിൽനിന്നാ ചുടുതാളം
നഞ്ചിയമ്മയൊഴുക്കുന്നു
താളമൊന്നായ് വിടരുന്നു
കരിംമണ്ണിൻ പാട്ടുസത്യം
കൊട്ടകയിൽ നിറയുമ്പോൾ
താരാട്ടിന്നീണത്തിൽ
നഞ്ചിയമ്മ ചിരിക്കുന്നു