' അവൾക്കൊരു ഭർത്താവുണ്ടെന്ന സത്യമറിഞ്ഞപ്പോൾ എനിക്കന്ന് പൊള്ളി '
Mail This Article
മെനാഹ എന്ന ഹൈദരാബാദി (കഥ)
മരങ്ങൾക്ക് മീതെ നരച്ച പച്ചപ്പ് അവശേഷിപ്പിച്ചു കടന്ന് പോവാറുള്ള മാർച്ച് മാസത്തിൽ, ഉണങ്ങിവരണ്ട തോടിന്റെ അരികുപറ്റി കൈത തഴച്ചു വളർന്നിരിക്കുന്നു. നീണ്ട ഇലകൾക്ക് വെയിൽ ഉറങ്ങിക്കിടന്ന തളർച്ചയുണ്ട്. ചിതൽ വഴിവെട്ടിയ,തേക്കാത്ത വരണ്ട ചുവരുകളുള്ള വീടിനുമുന്നിലെ കാവിമേഞ്ഞ കോലായിലേക്ക് വെയിൽ കയറാനൊരുങ്ങുന്നു. മെനാഹയെന്ന ഹൈദരാബാദി യുവതിയെ കണ്ടുമുട്ടിയത് പത്തുവർഷങ്ങൾക്ക് മുമ്പൊരു മാർച്ചിലാണ് എന്നതൊഴിച്ചാൽ മാർച്ചിനെ സ്നേഹിക്കാനെനിക്ക് മറ്റു കാരണങ്ങളില്ല. നെറ്റി അനാവശ്യമായി വിയർപ്പിക്കാറുള്ള മാർച്ചിനെ വെറുപ്പുമായിരുന്നു അതുവരെ എന്നതാണ് സത്യം.
മെനാഹയെ പറ്റി പറയാനൊരുപാടുണ്ട്. ഒറ്റ വാക്കിലൊതുക്കാൻ കഴിയുന്ന കവിതയല്ലാത്ത യുവതി. വരണ്ട കവിളുകളുള്ള, ഇരുണ്ട നിറമുള്ള, വിടർന്ന കണ്ണുകളുള്ള, ഞാൻ കണ്ടതിൽ വെച്ചേറ്റവും ഭംഗിയുള്ള പെണ്ണ്.
ഡൽഹി സിപി നഗറിലെ, ഉച്ചവെയിൽ ചാഞ്ഞുറങ്ങിയ ഹനുമാൻ ക്ഷേത്രനടയിൽ വെച്ചാദ്യമായി കാണുമ്പോൾ മറ്റെല്ലാവരെയും പോലെ അവളും ഞാനും തികച്ചും അപരിചിതരായ രണ്ടുമനുഷ്യർ മാത്രമായിരുന്നു.
അതുമൊരു നരച്ച സായാഹ്നത്തിൽ തൊഴുതിറങ്ങും വഴിയൊരു നനുത്ത നോട്ടമവളുടെ ഇരുണ്ട കവിളിലേക്ക് വീണു.അത്രമാത്രം.
പിന്നെത്തെ കാഴ്ച്ചയും യാദൃശ്ചികമായിരുന്നു.
പ്രായാധിക്യത്താൽ നരയും പൂപ്പലും പടർന്ന്പിടിച്ച മതിലിനെ ചായത്തിൽ മുക്കി കുളിപ്പിച്ചു മേക്കോവർ നടത്തിയൊരുക്കി നിർത്തിയിരിക്കുന്ന സിപി നഗറിലെ തെരുവോരത്തെ അനേകം കച്ചവടക്കാരുടെ കൂട്ടത്തിലാണത്.
മാർച്ചു മാസത്തെ പോലെ, വെയിലുറഞ്ഞ് നിഴൽ മാത്രവശേഷിച്ച മുഖം.
ഭംഗിയിൽ മണ്ണുകുഴച്ചു നിർമിച്ച ചിരാതുകളും,വലിയ വിളക്കുകളുമൊരു പഴകിയ നരച്ച തുണിക്കുമീതെ നിരത്തിവെച്ച് അവയ്ക്കുപിറകിൽ അലസ ഭാവത്തിൽ അവളിരിക്കുന്നു. ഇളംനിറത്തിലുള്ള,അഴുക്ക്പടർന്ന വസ്ത്രത്തിനുമീതെ നേർത്ത മഞ്ഞനിറത്തിലുള്ള ഷാൾ ചുറ്റിയിട്ടുണ്ട്. പുതിയതല്ല. മഞ്ഞനിറം നരച്ചു പിഞ്ഞി തുടങ്ങിയിട്ടുണ്ട്. വിടർന്ന നെറ്റിയിൽ വിയർപ്പുതിരുന്നുണ്ട്. വേനലവളെ കാർന്നുതിന്നാൻ തുടങ്ങുന്ന പോലെ.
ഷാൾ തലം ഇടയ്ക്കുയർത്തി നെറ്റി തുടയ്ക്കുന്നുണ്ട്, മറ്റു ചലനങ്ങളില്ലാതെ മൺവിളക്കുകൾക്കുപിന്നിൽ, മറ്റൊരു മണ്ണുപ്രതിമ കണക്കെ അവളിരിക്കുന്നു.
മെനാഹ ചിരിക്കാറില്ലായിരുന്നു. ഒരിക്കലുമാ യുവതിയിൽ ചിരിയുടെ ചീളുപോലുമുണ്ടായില്ല.
വിളക്കിന്റെ ഭംഗി കണ്ട ചിലരടുത്തേക്ക് വരുന്നു, വിളക്ക് തിരഞ്ഞെടുക്കുന്നു,പൈസകൊടുത്തു തിരികെപോവുന്നു.
അതങ്ങനെ ആവർത്തിച്ചു കൊണ്ടൊരിക്കുന്നു.
യുവതി യാതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ മണിക്കൂറുകളായി യാന്ത്രികമായി ആ ഇരിപ്പ് തുടരുന്നു.
കണ്ണുകളിൽ ദൈന്യതയാണ് സദാസമയവും.
മെനാഹയെ കാണുവാൻ മാത്രമായി പിന്നെന്റെ ഉച്ചവെയിൽ ഉറങ്ങിയ വൈകുന്നേരങ്ങൾ മാറ്റി വെയ്ക്കപ്പെട്ടിരുന്നു. എനിക്കവളോടുള്ള വികാരമെന്തായിരുന്നു എന്നറിയില്ല. ദിവസങ്ങളങ്ങനെ കൊഴിഞ്ഞു, അവളുടെ നിസ്സംഗതയ്ക്കു മാറ്റമുണ്ടായില്ല.
മാർച്ചിനെ കാത്തുനിന്ന് പൂക്കളുതിർക്കുന്ന വാക കണക്കെ എന്റെ വേനലിലവളുടെ സ്വപ്നങ്ങൾ വാകയായി പൂക്കളുതിർക്കാനൊരുങ്ങി.
അവളോടപ്പോഴും പ്രണയമുണ്ടായിരുന്നോ എന്നുറപ്പില്ല.
പക്ഷേ ആ യുവതിയൊരിക്കലെങ്കിലും ചിരിച്ചിരുന്നെങ്കിലെന്നു ഞാൻ പ്രത്യാശിച്ചിരുന്നു. മാന്ത്രികത്തൂവലുള്ള പക്ഷിയായിരുന്നു ആ യുവതിയെന്നു തോന്നി.
എന്റെ ദിനങ്ങൾ സമ്പന്നമായി. അങ്ങനെയിരിക്കെ ഒരിക്കലാ പക്ഷി തിരികെപ്പോവുകയും ലോകങ്ങളൊന്നാകെ ഇരുട്ടിലാണ്ടുപോവുകയും ചെയ്യുകയായിരുന്നു.
സായാഹ്നങ്ങളിൽ പിന്നെ സൂര്യനുണ്ടായില്ല. അത് മാർച്ചിന്റെ അവസാനത്തെ വെയിലിലാണെന്നു തോന്നുന്നു. പലയിടത്തും നിശബ്ദമായി ഞാനവളെ തിരഞ്ഞു.പതിയെ അന്വേഷണം എങ്ങുമെത്താതെ നിലച്ചു.
എണ്ണമറ്റ ദിവസങ്ങൾ തെരുവിൽ കച്ചവടത്തിനുണ്ടായിരുന്ന ആ ഹൈദരാബാദി യുവതിയെ തെരുവിൽ ആർക്കുമറിയില്ലെന്ന്.
എനിക്കത്ഭുതം തോന്നി.
സിപി നഗറിലെ തെരുവോരം പതിയെ ഏകാന്തമായി. എന്റെ വെയിലിലെ വാക കരിഞ്ഞു.
വേരുകൾ മാത്രമായി അവശേഷിക്കുന്നു.
ജീവിതത്തിൽ നിന്നുമാ പക്ഷിയെങ്ങോട്ടു പോയിരിക്കാം..?
എട്ടുനില കെട്ടിടത്തിന്റെ ഏഴാംനിലയിലെ അരണ്ട വെളിച്ചമുള്ള അപ്പാർട്ട്‌മെന്റിൽ നീളൻ ജനാലയ്ക്കരികിൽ ഇരുട്ടിൽ പുതഞ്ഞ നക്ഷത്രങ്ങളെ എണ്ണിയെടുക്കാറുള്ള രാത്രികളിൽ, മെനാഹ ശാന്തമായ കടൽ പോലെ ഉള്ളിൽ തിരകൾ തീർത്തു,
ഇടയ്ക്ക് ചിന്തകൾ പുകയിലലഞ്ഞു.
മനസ്സിന്റെ ഒഴിഞ്ഞ കോണിലെപ്പോഴും ആ മുഖം ഞാൻ സൂക്ഷിച്ചിരുന്നു.
മാസങ്ങൾ എന്റെ ജനാലയ്ക്കപ്പുറം വളരെ വേഗം കൊഴിഞ്ഞു.
വർഷവും ശിശിരവും കടന്ന്
വീണ്ടും ഒരു മാർച്ച് മാസമെത്തി.
ഡൽഹിയിലെ സരോജിനി നഗറിലെ തെരുവോരത്ത് അതേ ദൈന്യതയുള്ള കണ്ണുകൾ വീണ്ടും കണ്ടു.
ഉണങ്ങി നരച്ച വാക വീണ്ടും തളിർത്തു പൂത്തു.
മുന്നിൽ ഭൂതകാലം പോലെ നിറം മങ്ങിയ പഴയ തുണിവിരിച്ചിടുകയായിരുന്നു യുവതിയപ്പോൾ.
നെഞ്ചിൽ പിടച്ചിലുണ്ടായി.
ചുവപ്പും നീലയും മഞ്ഞയും ഇടകലർന്ന ചിത്രമുള്ള മതിലിന് കീഴിൽ അവളും സിന്ദൂരചുവപ്പുരാശി വിരിച്ചു മുകളിൽ സൂര്യനും ഒരു ഫ്രയിമിൽ നിരന്നു.
വിരിച്ചതുണിക്ക് മുകളിൽ വിളക്കുകളും ചെറിയ മൺകപ്പുകളും നിരത്തി അടുക്കിവെച്ചുകൊണ്ടിരിക്കെ അരികിലേക്ക് ചെന്നു.
നിർവികാരത മുറ്റിയ മുഖത്തേക്ക് നോക്കി ചിരിക്കാൻ ശ്രമിച്ചു.
മെനാഹ ചിരിച്ചില്ല.
ചമ്മൽ മറയ്ക്കാൻ ഒരു ചെറിയ ചിരാതും എടുത്ത് പൈസയും കൊടുത്തു തിരിച്ചു പോന്നു. മെനാഹ, മാർച്ച് മാസത്തിലെ ബൊഗൈൻവില്ല തളിർപ്പ് പോലെ എന്റെ വേനലിൽ ഇതളിട്ടവളെ..! എന്ന് ഡയറിയിൽ കുറിച്ചു.
പക്ഷെ ഒരിക്കലും അവളെ ഞാൻ തേടിയിരുന്നെന്ന് അറിയിച്ചില്ല. അവളതറിയണ്ട.
പതിയെ വൈകുന്നേരനടത്തം സരോജിനി നഗറിലേക്കും എന്റെ ലോകം അവളിലേക്കും ചുരുങ്ങി.
പിന്നൊരിക്കൽ മഞ്ഞവാകയ്ക്ക് ചുവട്ടിൽ വെച്ചാണ് അവളാദ്യമായി സംസാരിക്കുന്നത്.
എനിക്കവളോട് പ്രണയമായിരുന്നു എന്നവൾ അറിഞ്ഞിരുന്നോ എന്നറിയില്ല.
അപ്പോഴും മെനാഹ ചിരിച്ചില്ല. ഇരുണ്ടകവിളുകളിൽ പുഞ്ചിരി കൊണ്ട് കുഴികൾ രൂപമെടുത്തെങ്കിൽ എന്ന് ഞാൻ ആശിച്ചു.
അവിടെ വെച്ചാണ് അവളുടെ കഥ പറഞ്ഞത്.അത് പറയാനുണ്ടായ പ്രേരണയിന്നും ദുരൂഹമാണ്.
ഒരു ബീഹാറി പയ്യനെ പ്രണയിച്ചു വിവാഹം ചെയ്ത് ഡൽഹിയിലേക്ക് ചേക്കേറിയ കുടിയേറ്റക്കാരിയാണെന്ന് അവൾ പറഞ്ഞാണറിയുന്നത്.
അവൾക്കൊരു ഭർത്താവുണ്ടെന്ന സത്യമറിഞ്ഞപ്പോൾ ഉടലിൽ വസന്തവും വേനലും ഒരുമിച്ചു തൊട്ട പോലെ എനിക്കന്ന് പൊള്ളി.
റാം ചൗധരിയെന്നാണ് അവളുടെ ഭർത്താവിന്റെ പേര്.
ജോലി കഴിഞ്ഞു മടങ്ങി എത്താറുള്ള മിക്ക വൈകുന്നേരങ്ങളിലും അവൾക്ക് വേണ്ടി അയാൾ ബട്ടൂരയും പനീർ ബട്ടറും കൊണ്ട് വന്നിരുന്നു.
വെയിലുറങ്ങിയ ആഴ്‌ച്ചകളുടെ അവസാനങ്ങളിൽ അയാളവളെ കൊണാർക്ക് പ്ലേസിലെ തിയറ്ററിൽ സിനിമകൾ കാണിച്ചിരുന്നു.
വേനൽചൂടുറഞ്ഞ മുളക് ഭജിയും മൺ ഗ്ലാസ്സിലെ പാൽ ചായയും അവൾക്കൊപ്പം ആസ്വദിച്ചിരുന്ന് കഴിക്കുകയും നീളൻ തൂണുകൾക്ക് ഇടയിലൂടെ അവളയാളെ പറ്റി ചേർന്ന് നടക്കുകയും ചെയ്തിരുന്നു.
അത് പറയുമ്പോൾ അവളുടെ മുഖത്ത് നിലാവുദിച്ചിരുന്നു. മെനാഹ അയാളെ വിവാഹം കഴിച്ചതും വർഷങ്ങൾക്ക് മുമ്പൊരു വാക കൊഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു.
അവരുടെ ജീവിതം ഡൽഹിയിലേക്ക് പറിച്ചു നട്ടതും മാർച്ചിലാണ്. അന്നവൾ റാം ചൗധരിയുടെ മുഖമുള്ള, മണമുള്ള മാർച്ചിനെ സ്നേഹിച്ചിരുന്നു.
പിന്നൊരു ജൂണിന്റെ തുടക്കത്തിൽ, പൂമരങ്ങളെ ഉലച്ചു കളഞ്ഞ,ഇരുണ്ട മഴയുള്ള ഒരു രാത്രിയിൽ,അരണ്ട ബൾബ് വെളിച്ചം അണഞ്ഞും തെളിഞ്ഞും ഇരുന്ന ഒരു വൈകുന്നേരംനനഞ്ഞ മണ്ണിൽ നനുത്ത നക്ഷത്രങ്ങളെ നോക്കിയിരിക്കെ അകന്ന ബന്ധുവായ സ്ത്രീയ്ക്കൊപ്പം നഗ്നനായി കിടന്നുറങ്ങിയ ഭർത്താവിനെ കാണേണ്ടി വരുന്നതുവരെ മാർച്ചവൾക്ക് വസന്തമായിരുന്നു.
ഇരുട്ടിനെ കീറി മുറിച്ചു മഴ പെയ്തിരുന്നൊരു രാത്രിയിലാണത്. ഒരു നിമിഷം കൊണ്ട് ജീവിതം ഇരുട്ടിലേക്ക് വീഴുന്നതവളറിഞ്ഞു. എന്നും സ്നേഹം കൊണ്ട് പൊതിയാറുള്ള, ചുംബനം കൊണ്ട് യാത്ര പറയാറുള്ള, ബട്ടൂരയിൽ പ്രണയം ചേർക്കാറുള്ള ഭർത്താവ്.
മെനാഹ കരഞ്ഞില്ല.
മുഖത്തെ ചിരി മാഞ്ഞു.
പതിയെ ഇരുട്ടിലേക്കവൾ വഴുതി.
മെനാഹ അന്ന് രാത്രി ആ താമസ സ്ഥലത്ത് നിന്ന് ഇരുണ്ട മഴയിലേക്ക് ഇറങ്ങി ഓടി.
കരഞ്ഞു തളർന്ന്,ഒടുക്കം എങ്ങനെയോ എത്തിപ്പെട്ടതാണ് തെരുവോരത്തെ ശാന്തിഭായ് എന്ന സ്ത്രീയ്ക്ക് മുന്നിൽ.
ഈ കച്ചവടം പോലും അവരുടെ ദയവാണ് എന്ന് പറഞ്ഞപ്പോൾ മിഴികൾ നനഞ്ഞിരുന്നു.
റാം ചൗധരിയുടെ ഗന്ധമുള്ള മാർച്ച് മാസത്തെ അവൾ വെറുത്തു പോയിരിക്കണം.
വേനൽ ഉറഞ്ഞ മുഖത്തൊന്ന് നോക്കാനോ, മിണ്ടാനോ എനിക്ക് പിന്നെ കഴിഞ്ഞില്ല.
വേനലുരുക്കിയ ഈയം കണക്കെയൊരു മനസ്സുള്ളവളോട് ഞാനെങ്ങനെ പ്രണയത്തെ കുറിച്ചു പറയും.
സ്വപ്നങ്ങളും ചിന്തകളും മരിച്ചു കഴിഞ്ഞവളെ എന്തു പറഞ്ഞാശ്വസിപ്പിക്കാൻ.
ആ വേനലെന്നെ മുഴുവനായും ഉരുക്കിക്കളഞ്ഞു.
അവളുടെ ചിരി വീണ്ടെടുക്കാനെനിക്ക് കഴിവില്ല.
ഞാനത്ര മഹത്തായ ഒരുവനല്ല.
അവളൊരു മഞ്ഞു പക്ഷിയാണ്.
ഞാൻ കൊടിയ വേനലും.
എന്റെ വേനലവളെയുരുക്കാൻ പാടില്ല.
മെനാഹ ഒരിക്കൽ ചിരിച്ചിരുന്നോ.!
എനിക്കതിശയം തോന്നി.