ADVERTISEMENT

മയൂഖ് ഡിഗ്രി രണ്ടാം വർഷത്തിനു പഠിക്കുമ്പോളാണ് അവന്റെ അച്ഛനും അമ്മയും ഒരു സ്കൂട്ടർ അപകടത്തിൽ അവനെ വിട്ടു എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്നും പോകുന്നത്.

 

പത്തും പതിമൂന്നും വയസുള്ള രണ്ടു അനിയത്തിമാരെ തന്റെ കയ്യിൽ ഏല്പിച്ചു അവർ പോയപ്പോൾ പത്തൊൻപതാം വയസ്സിൽ അവനൊരു അച്ഛനും അമ്മയും ഗൃഹനാഥനുമെല്ലാമായി മാറുകയായിരുന്നു. ഡിഗ്രി മുഴുമിപ്പിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും സാഹചര്യം അനുവദിച്ചില്ല.

 

അന്ന് മുതൽ അവൻ ചെയ്യാത്ത ജോലികളില്ല. കൽപണിക്കും, പെയിന്റ് പണിക്കും, മൊയ്‌ദുക്കാന്റെ പലചരക്കു കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിന്നും അവൻ രണ്ടു അനിയത്തിമാർക്ക് മൂന്ന് നേരത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്തി. കൂടെ പഠിക്കുന്നവരൊക്കെ അവസാന വർഷ ക്ലാസിനു അവന്റെ മുന്നിലൂടെ കോളേജിൽ പോകുമ്പോളും അവന്റെ കണ്ണുകൾ അറിയാതെ നിറയുമായിരുന്നു.

 

രണ്ടു കുഞ്ഞനിയത്തിമാരുടെ പഠിപ്പും ജീവിതവും ഓർക്കുമ്പോൾ അവൻ കണ്ണ് തുടച്ചു വീണ്ടും ജോലിയിലേർപ്പെടും. ചില രാത്രികളിൽ കുഞ്ഞനിയത്തിക്കു ചോറ് വാരി കൊടുക്കുമ്പോൾ ആ കുഞ്ഞു മോൾ ചോദിക്കും "ഇനി നമ്മുടെ അച്ഛനും അമ്മയും ഒരിക്കലും നമ്മളെ കാണാൻ വരില്ലേ കൊച്ചേട്ടാ..?".

 

അപ്പോൾ തൊണ്ട പൊട്ടുന്ന വേദന കടിച്ചമർത്തി അവൻ പറയും "ഇനി എന്റെ മക്കൾക്ക്‌ ഈ കൊച്ചേട്ടനാണ് അച്ഛനും അമ്മയുമെല്ലാം. മക്കൾ വിഷമിക്കണ്ട കേട്ടോ. ഈ കൊച്ചേട്ടനുള്ള കാലത്തോളം എന്റെ മക്കൾക്ക്‌ ഒന്നിനും ഒരു കുറവും ഈ ഏട്ടൻ വരുത്തില്ല. അതോണ്ട് എന്റെ മക്കൾ എന്നും സന്തോഷമായിരിക്കണം. മക്കൾ നന്നായി പഠിച്ചു ഉയർന്ന നിലയിൽ എത്തണം. അതിനാണ് കൊച്ചേട്ടൻ ഈ കഷ്ടപ്പെടുന്നതൊക്കെ". ബാക്കി പറയാൻ വാക്കുകൾ കിട്ടാതെ അവൻ ആ കുഞ്ഞു മോളുടെ വായിലേക്ക് ചോറ് ഉരുളയാക്കി കൊടുത്തു വിഷയത്തിൽ നിന്നും തെന്നി മാറും.

 

രണ്ടു അനിയത്തിമാരെയും ഉറക്കി കിടത്തി പല രാത്രികളിലും അവനൊരു കാവൽക്കാരനെ പോലെ ഉറങ്ങാതെ കിടക്കും. പാതിയടഞ്ഞ ജനൽ പാളികൾക്കുള്ളിലൂടെ നിലാവത്തു തിളങ്ങുന്ന നക്ഷത്രങ്ങൾ നോക്കി അച്ഛന്റെയും അമ്മയുടെയും മുഖം ഓർക്കുമ്പോൾ നിറഞ്ഞു തുളുമ്പുന്ന അവന്റെ കണ്ണുകൾ കാണാൻ ആ വീട്ടിലെ നാലു ചുമരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

 

സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ടാവുമ്പോൾ ആ പത്തൊൻപതുകാരൻ അവരുടെ രക്ഷിതാവിന്റെ സ്ഥാനത്തു നിന്നു കൊണ്ടു എല്ലാം കണ്ടറിഞ്ഞു ചെയ്തു. 

 

മാസങ്ങൾക്ക് ശേഷം ഒരു ദിവസം അങ്ങാടിയിൽ വെച്ചു അടുത്ത കൂട്ടുകാരനെ കണ്ടപ്പോൾ അവൻ ചോദിച്ചു "എല്ലാവരും ഡിഗ്രി കംപ്ലീറ്റ് ചെയ്തൂടാ... നിനക്കും വേണ്ടേ ഒരു ഡിഗ്രി... നിന്റെ വല്യ ആഗ്രഹമല്ലേ അത്..?"

 

ഒരു ചെറു പുഞ്ചിരി മുഖത്തു വരുത്തി അവൻ മറുപടി പറയും. "ആഗ്രഹം ഉണ്ടെടാ.. പക്ഷേ എന്റെ അനിയത്തിമാർ.. അവരെ ഒരു കരയ്ക്ക് അടുപ്പിച്ചിട്ടെ ഞാനിനി അതിനെ കുറിച്ച് ചിന്തിക്കൂ...!"

 

അവന്റെ അവസ്ഥ മനസിലാക്കിയാവണം കൂട്ടുകാരൻ പിന്നെ ഒന്നും ചോദിക്കില്ല. തിരിഞ്ഞു നടക്കുമ്പോൾ മയൂഖിന്റെ മനസ്സിൽ ഭാവിയെക്കുറിച്ച് ഒരു സുനാമി തന്നെ അപ്പോളേക്കും അലയടിച്ചിരിക്കും.

 

പല ജോലികളും ചെയ്യുന്നതിന്റെ ഇടയ്ക്കാണ് മയൂഖ് കല്യാണങ്ങൾക്ക് വെപ്പുകാരനായി കൃഷ്ണേട്ടന്റെ സഹായിയായി പോയി തുടങ്ങിയത്. ഭക്ഷണം ഉണ്ടാക്കുമ്പോൾ അവൻ കൈ വെച്ച ഭക്ഷത്തിനെല്ലാം നല്ല രുചിയുണ്ടെന്നു കഴിച്ചവർ പറഞ്ഞു തുടങ്ങിയപ്പോളാണ് ഭണ്ഡാരി കൃഷ്ണേട്ടനും അവനെ ശ്രദ്ധിച്ചു തുടങ്ങിയത്.

 

അവൻ കാരണം കൃഷ്ണേട്ടന് പിന്നെയങ്ങോട്ട് ശുക്രദശയായിരുന്നു. കല്യാണങ്ങൾ മാത്രമല്ല നിശ്ചയത്തിനും വീട് കൂടലിനും നാട്ടിലെ പലർക്കും അവൻ ഉണ്ടാക്കുന്ന ഭക്ഷണം വേണമെന്നായി. അത്രയ്ക്കും കൈ പുണ്യമായിരുന്നു അവന്. പിന്നെ പിന്നെ കൃഷ്ണേട്ടൻ അവനെ ഒറ്റയ്ക്ക് ഏല്പിക്കാൻ തുടങ്ങി. ഒരു സ്ഥലത്തു ആശാൻ പോകുമ്പോൾ അടുത്ത സ്ഥലത്തു അവൻ പോകും.

 

ഓരോ തവണ ബിരിയാണി ചെമ്പിന്റെ ദം പൊട്ടിക്കുമ്പോളും അവൻ അമ്മയെ മനസ്സിൽ വിചാരിച്ചാണ് പൊട്ടിക്കുക. അത് കൊണ്ടാവും ഇന്ന് വരെ ഒന്നും പാളിയിട്ടില്ല. വൈകിട്ട് കൂലി വാങ്ങി ഇറങ്ങുമ്പോൾ ചില വീട്ടുകാർ അവന് സമ്മാനമായി എന്തെങ്കിലും കൊടുക്കും. ചിലപ്പോൾ മുണ്ടും ഷർട്ടുമാവും, അല്ലെങ്കിൽ അധികം പൈസയാവും. അപ്പോൾ അവൻ അവരോടു പറയും, "അർഹിക്കുന്നത് മതി, അധികമായി രണ്ടു പേർക്കുള്ള ഭക്ഷണം മാത്രം ഞാൻ പൊതിഞ്ഞു എടുത്തോട്ടെ..? വേറെ ഒന്നും വേണ്ടാ..!"

 

ആ രണ്ടു പൊതി ചോറോ ബിരിയാണി കവറോ ആയി വൈകിട്ടു വീട്ടിലേക്കു കയറുമ്പോൾ രണ്ടു കുഞ്ഞനിയത്തിമാരുടെയും മുഖത്തെ ഒരു സന്തോഷമുണ്ട്. അതു കാണുമ്പോൾ കിട്ടുന്ന സന്തോഷത്തിനേക്കാൾ വലുതായി അവന് മറ്റൊന്നും ഉണ്ടായിരുന്നില്ല.

 

അങ്ങിനെ നാട്ടിലെ അറിയപ്പെടുന്ന പാചകക്കാരനായി ജോലി ചെയ്തു അവൻ രണ്ടു അനിയത്തിമാരെയും പഠിപ്പിച്ചു. സ്വന്തം ജീവിതം മറന്നു അവരെ രണ്ടു പേരെയും നല്ലൊരു നിലയിൽ എത്തിക്കുമ്പോളേക്കും വർഷം പതിമൂന്ന് കഴിഞ്ഞിരുന്നു.....!!!!

 

മൂത്തയാളെ പി. ജി വരെ പഠിപ്പിച്ചു നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചയച്ചു. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം കാനഡയിലേക്ക് പോയി അവളവിടെ സ്ഥിര താമസമാക്കി.

 

രണ്ടാമത്തെ കുഞ്ഞനുജത്തിയെ പഠിപ്പിച്ചു അവനൊരു ഡോക്ടറാക്കി. അവളുടെ കോളേജിൽ വെച്ചു ആ ഡിഗ്രി പട്ടം അവളുടെ തലയിൽ വെച്ചു കൊടുക്കുന്നത് കണ്ടപ്പോൾ രക്ഷിതാക്കളുടെ കസേരയിലിരുന്നു സന്തോഷം കൊണ്ടവൻ കണ്ണുകൾ തുടച്ചു.

 

ഡൽഹിയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലേക്ക് ഡോക്റായി ജോലി കിട്ടി അവളും പോയപ്പോൾ അവൻ ശരിക്കുമാ വീട്ടിൽ ഒറ്റപ്പെട്ടു.

 

കാല ക്രമേണ രണ്ടു അനിയത്തിമാരും ജീവിത തിരക്കുകളിലേക്ക് മാറിയപ്പോളാണ് നാട്ടിലെ ഒരു ബ്രോക്കർ അവനോടു അയാളുടെ അറിവിലുള്ള ഒരു പെൺകുട്ടിയെ കുറിച്ച് പറയുന്നത്.

 

ആര്യ. അതായിരുന്നു ആ കുട്ടിയുടെ പേര്. ആ നാട്ടിലെ തന്നെയൊരു പ്രൈവറ്റ് ബാങ്കിൽ അക്കൗണ്ടന്റ് ആണ്. ഇരുപത്തിയെട്ടു വയസ്. ഇടത്തരം കുടുംബം. കാണാൻ തരക്കേടില്ലാത്ത ഒരു സാധാരണ പെൺകുട്ടി. ബ്രോക്കർ കാണിച്ച ഫോട്ടോ കൂടി കണ്ടപ്പോൾ അവന് കുട്ടിയെ ഇഷ്ടമായി.

 

കൂട്ടുകാരനുമൊത്തു പെണ്ണ് കാണാൻ പോയപ്പോൾ മുടി ചെറുതായി അങ്ങിങ്ങു നരച്ചു തുടങ്ങി മുപ്പത്തി മൂന്നാം വയസിലെത്തി നിൽക്കുന്ന ഡിഗ്രി കോഴ്സ് മുഴുമിപ്പിക്കാത്ത ചെക്കനോട് കുട്ടിയുടെ വീട്ടുകാർക്കു ചെറിയൊരു അനിഷ്ടം ഉണ്ടായിരുന്നു. പഠിപ്പും പൂർത്തിയാക്കിയില്ല, നാട്ടിലെ വെപ്പുകാരനുമല്ലേ എന്ന് കുട്ടിയുടെ ഏതോ വല്യമ്മ ആ വീട്ടിലെ മുറിയിൽ നിന്നും അടക്കം പറയുന്നത് അവൻ ഹാളിൽ നിന്നും കേട്ടിരുന്നു.

 

എന്നാൽ എല്ലാ കാര്യങ്ങളും ബ്രോക്കർ ആദ്യമേ അവരോടു പറഞ്ഞിരുന്നതിനാൽ ആര്യക്ക് മറിച്ചൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. അവൾക്കാ കല്യാണത്തിന് നൂറ് വട്ടം സമ്മതമായിരുന്നു. പെണ്ണൊരുമ്പെട്ടാൽ നടക്കാത്ത ഒന്നുമില്ലല്ലോ. അത് പോലെ തന്നെ അവളുടെ ഉറച്ച തീരുമാനത്തോടെ 

ആ കല്യാണം മംഗളകരമായി തന്നെ നടന്നു.

 

തിരക്കുകളിലും രണ്ടു അനിയത്തിമാരും നാട്ടിൽ വന്നു ഏട്ടന്റെ കല്യാണ സദ്യയുമുണ്ട് അടുത്ത ഒരാഴ്ചക്കുള്ളിൽ തന്നെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോയി.

 

ദിവസങ്ങൾ കടന്നു പോയി....

ആര്യക്ക് അവന്റെ ജോലിയെ കുറിച്ചോ സാമ്പത്തികത്തെക്കുറിച്ചോ ഒന്നും ഒരു പരാതിയും ഇല്ലായിരുന്നു. ആ ചെറിയ വീട്ടിലും അവർ ഉള്ളത് കൊണ്ടു സന്തോഷത്തോടെ കഴിഞ്ഞു. 

 

ഒരിക്കൽ ഒരു അവധി ദിവസം രണ്ടു പേരും കൂടി കിടപ്പു മുറിയും അലമാരയും വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ ആര്യയുടെ സർട്ടിഫിക്കറ്റുകൾ എല്ലാം ഒരു ഫയലിൽ അലമാരയിലെ ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്നത് അവൻ കണ്ടു.

 

ഫയലിലെ ഓരോ സർട്ടിഫിക്കറ്റും എടുത്തു മറിച്ചു നോക്കുമ്പോൾ അവളുടെ ഡിഗ്രി സർട്ടിഫിക്കറ്റും അവൻ കണ്ടു. യൂണിവേഴ്സിറ്റിയുടെ ആ തിളങ്ങുന്ന കട്ടിയുള്ള പേപ്പറിൽ അവൻ മെല്ലെ വിരലുകൾ കൊണ്ടു തലോടി. അപ്പോൾ അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണ് നീർ അറിയാതെ ആ തിളങ്ങുന്ന സർട്ടിഫിക്കറ്റിലേക്കു വീണു.

 

അപ്പോൾ പിന്നിൽ നിന്നും ആര്യയുടെ കൈകൾ അവന്റെ തോളിൽ മെല്ലെ പതിഞ്ഞു. അവന്റെ കൂടെ വലതു വശത്തെ നിലത്തവളിരുന്നു. കരഞ്ഞു കലങ്ങിയ അവന്റെ മുഖം താടിയിൽ പിടിച്ചു മെല്ലെ അവൾക്കു നേരെ തിരിച്ചു എന്നിട്ടു പറഞ്ഞു "ഒന്നും വൈകിയിട്ടില്ല... ഇനിയുമാവാം എല്ലാം.. പഠിക്കാൻ പ്രായം ഒരു പ്രശ്നമല്ല. ഞാൻ കൂടെയുള്ള കാലത്തോളം ആഗ്രഹങ്ങൾ ഒന്നും പൂർത്തിയാക്കാതെ ബാക്കി വെക്കേണ്ട...

 

പണ്ട് എന്റെ വല്യമാമയുടെ മോളുടെ കല്യാണത്തിന് ഗംഭീര സദ്യയൊരുക്കിയ ഈ വെപ്പുകാരന് പുതിയ മുണ്ടും ഷർട്ടും മാമ കയ്യിൽ വെച്ചു തന്നപ്പോൾ "രണ്ടു പേർക്കുള്ള ഭക്ഷണം മാത്രം ഞാൻ പൊതിഞ്ഞു എടുത്തോട്ടെ..? വേറെ ഒന്നും വേണ്ടാ..!" എന്ന് പറഞ്ഞത് അടുക്കള വാതിലിലൂടെ കണ്ടത് ഇന്നുമോർക്കുന്നു ഞാൻ. അന്ന് മുതൽ കേട്ടിരുന്നു പലരിൽ നിന്നും, അനുജത്തിമാർക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഈ ഏട്ടനെ കുറിച്ച്. പഠിക്കാൻ മിടുക്കില്ലാഞ്ഞിട്ടല്ല, പഠിക്കാൻ പറ്റാഞ്ഞിട്ടാണ് എന്ന് മാമയുടെ മോൾ പറഞ്ഞപ്പോൾ ഏട്ടന്റെ ആ ക്ലാസ്സ്‌മേറ്റിനെ ഞാൻ അതിശയത്തോടെ അന്ന് നോക്കി നിന്നു പോയിട്ടുണ്ട്.

 

പിന്നീട് അങ്ങാടിയിലും പച്ചക്കറി കടയിലും കണ്ടിട്ടുണ്ട് ഞാൻ, പാചകത്തിനുള്ള സാധനങ്ങളുമായി ഓട്ടോയിൽ തിരക്ക് പിടിച്ചു ഓടുന്ന ഈ പാചകക്കാരനെ. സ്നേഹിച്ചവരൊക്കെ അകന്നു പോയിട്ടും വീണ്ടും തന്റെടത്തോടെ ഒറ്റയ്ക്ക് ജീവിക്കാൻ കാണിച്ച ഈ മനസ്സാണ് ഞാൻ ഇഷ്ടപ്പെട്ടത്. അതു കൊണ്ട് ഈയൊരു ഡിഗ്രിയെന്ന ആഗ്രഹം നേടുന്ന വരെ ഞാനുണ്ടാകും കൂടെ. അടുത്ത ഡിസ്റ്റൻസ് എജുക്കേഷൻ ബാച്ചിന്റെ അഡ്മിഷന് ഏട്ടന് ചേരാൻ വേണ്ടതെല്ലാം ഞാൻ ഇപ്പോളെ ഒരുക്കി വെച്ചിട്ടുണ്ട്....!" ആര്യയതു പറഞ്ഞു മുഴുമിപ്പിക്കുമ്പോളേക്കും അവളെ കെട്ടി പുണർന്നു അവളുടെ തോളിൽ തല വെച്ചു ഒരു കൊച്ചു കുട്ടിയെ പോലെ അവൻ നിർത്താതെ കരയുന്നുണ്ടായിരുന്നു....!!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com