' എന്നാൽ നമുക്കിത് ഉടനേ നടത്താമെന്നു അവളുടെ അച്ഛൻ പറഞ്ഞതു കേട്ടു ഞാൻ അമ്പരന്നു..'
Mail This Article
പിതൃവ്യൂഹം (കഥ)
കൈകേയിമലയുടെ നെറുകയിൽ ആദ്യമായി അങ്ങനെ നിന്നപ്പോൾ ബാബുവിന് അതിരറ്റ ആഹ്ലാദമൊന്നും തോന്നിയില്ല. സമാധാനം തേടിയെത്തിയ യോഗികൾ പണ്ടുകാലത്ത് കൊടുമുടികളിൽ ധാരാളം തപസ്സുചെയ്ത കഥകൾ അവൻ കേട്ടിട്ടുണ്ട്. ചെറുപ്പം മുതൽ എന്നും കാണുന്ന ഈ മലയുടെ മുകളിലേക്ക് നാല്പതു പിന്നിട്ട ഈ പ്രായത്തിൽ അവൻ സാഹസപ്പെട്ട് കയറിയതും സമാധാനം തേടിയാണ്. ഊരും പേരുമില്ലാത്ത, ഹിന്ദിക്കാരനായ, വൃത്തിയും വെടിപ്പും തൊട്ടുതീണ്ടിയിട്ടില്ലാത്ത പത്തുവയസ്സുകാരനായി ആദ്യമായി പള്ളിക്കരയുടെ തീരത്ത് കാലുകുത്തിയ ദിവസം അവൻ ഓർത്തെടുത്തു. നാടോടിക്കൂട്ടത്തിൽനിന്നു കൂട്ടംതെറ്റിയവനെന്നും, അതല്ല, നാടോടികൾ ഉപേക്ഷിച്ച് പോയവനെന്നും മറ്റും നാട്ടുകാർ ചേരിതിരിഞ്ഞ് തന്നെക്കുറിച്ച് തർക്കിച്ചതൊക്കെ അവ്യക്തമായ ഓർമ്മകളായി അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ബാബുവെന്ന പേരുപോലും തനിക്ക് ശരിക്കും ആരാണ് തന്നതെന്ന് ഇന്നാട്ടിലെ തന്റെ മുപ്പതോളം വർഷങ്ങൾ വരുന്ന ജീവിതത്തിനിടയിൽ അവൻ മറന്നുകഴിഞ്ഞിരിക്കുന്നു. പള്ളിക്കരയുടെ മൂന്നു തലമുറകൾക്ക് 'ബാബു' എന്ന സുഹൃത്തും, പരിചയക്കാരനും, ജോലിക്കാരനുമെല്ലാമായി എത്ര പെട്ടെന്നാണ് താൻ മാറിയതെന്ന് തെല്ല് വിസ്മയത്തോടെ അവൻ ഓർത്തു. ആ നാടിന്റെ ഓരോ ഇടവഴികളും, വീടുകളും, ആളുകളുമെല്ലാം എത്രപെട്ടെന്നാണ് മങ്ങിത്തുടങ്ങിയിരുന്ന തന്റെ ബാല്യകാലസ്മരണകളെ പാടെ തുടച്ചുമാറ്റി പുതിയ ഓർമ്മകളുടെ ഒരു പ്രപഞ്ചം തന്നെ രൂപപ്പെടുത്തിയത്! പതിയെപ്പതിയെ, ഈ നാട്ടിൽ, ഇത്ര നല്ലവരായ നാട്ടുകാരുടെ ഇടയിൽ വന്നുപെട്ടത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സന്തോഷമായി തോന്നുകയും ചെയ്തു. എല്ലാവരും തന്നെ അതിരറ്റ് സ്നേഹിച്ചു. താൻ അധികം താമസിയാതെ അവരുടെ ഭാഷ വശമാക്കി. ബാല്യകാലം മുതൽ കേൾക്കുകയും സംസാരിക്കുകയും ചെയ്തുപോന്ന ഭാഷ ക്രമേണ മറന്ന് മലയാളത്തിന്റെ മാധുര്യത്തെ പുൽകി. 'ഴ'-യും 'ള'-യും കൂടെ വഴങ്ങിയതോടെ, താൻ പൂർണ്ണമായും പള്ളിക്കരക്കാരിൽ ഒരുവനായി മാറി.
നാട്ടുകാർക്കുവേണ്ടി ചെറിയ ചെറിയ പണികൾ ചെയ്തുകൊടുത്ത് ഭക്ഷണവും നാണയത്തുട്ടുകളും സമ്പാദിച്ചുകൊണ്ട് തുടക്കംകുറിച്ച തനിക്ക് ഇരുപത് വയസ്സ് പിന്നിട്ട് ഏതാനം വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് സ്ഥിരമായ, അന്തസ്സുള്ള ഒരു തൊഴിൽ തരപ്പെട്ടത്. പള്ളിക്കരയിലെ ഒരേയൊരു ബാർബറായിരുന്ന വാസുവേട്ടന്റെ കടയിൽ വേസ്റ്റുമുടി വാരിക്കളയാനും, വെള്ളം കോരിക്കൊടുക്കാനും, ചായ വാങ്ങിക്കൊടുക്കാനുമായി പോകാറുണ്ടായിരുന്ന തന്നോട് "ഇവിടെ നിക്കുന്നോടാ" എന്ന് വാസുവേട്ടൻ ചോദിച്ച ആ ദിവസം എങ്ങനെ മറക്കാൻ! അത് തന്റെ വരുമാനത്തിൽ മാത്രമല്ല, ജീവിതദിശയിൽ തന്നെ വലിയ ഒരു മാറ്റം കുറിക്കാൻ പോന്ന വിളിയാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല. വാസുവേട്ടൻ തനിക്ക് കേവലം ഒരു മുതലാളിയോ തൊഴിൽ അഭ്യസിപ്പിച്ചുതന്ന ഗുരുവോ മാത്രമായിരുന്നില്ല. അദ്ദേഹം തന്നെ ആത്മാർഥമായി സ്നേഹിക്കുകയും, തന്റെ വളർച്ചയിൽ അഭിമാനിക്കുകയും ചെയ്തു. കടയിലെ ജോലിക്കുപുറമെ അദ്ദേഹം തന്നിൽനിന്ന് ഒരു സഹായം കൂടി പ്രതീക്ഷിച്ചിരുന്നു - എന്നും ജോലികഴിഞ്ഞുള്ള വാസുവേട്ടന്റെ പതിവ് 'മിനുങ്ങ'ലിനുശേഷം താങ്ങിയെടുത്ത് വീട്ടിലെത്തിക്കുക എന്ന കർത്തവ്യംകൂടി അങ്ങനെ തന്റെ ചുമലിലായി. കുടിച്ച് ലക്കുകെട്ട വാസുവേട്ടനെ സുരക്ഷിതനായി, വഴിതെറ്റാതെ വീട്ടിലെത്തിക്കുന്ന തന്നെ നന്ദിയോടെ നോക്കിനിൽക്കുന്ന അദ്ദേഹത്തിന്റെ മകൾ സുമതിയെ ആദ്യമൊക്കെ കണ്ടില്ലെന്നു നടിച്ചു. വാസുവേട്ടനെ താങ്ങിയെടുത്ത് കിടക്കയിൽ കിടത്താനെന്ന വ്യാജേന അവൾ എന്നും തന്നെ തൊടാനും അടുത്തിടപഴകാനുമൊക്കെ തുടങ്ങിയപ്പോഴാണ് തന്റെയുള്ളിലും അന്നുവരെ തോന്നിയിട്ടില്ലാത്ത വികാരങ്ങൾ മൊട്ടിട്ടത്. പിന്നീടങ്ങോട്ട് സുമതിയുടെ സ്പർശനങ്ങൾക്ക് അതിനിരട്ടിയായി താൻ മറുപടി നൽകിത്തുടങ്ങി. ഒടുവിലൊരുദിവസം, തൊട്ടടുത്ത മുറിയിൽ ബോധംകെട്ടുറങ്ങുന്ന വാസുവേട്ടന്റെ സാന്നിധ്യത്തിൽ തന്നെ ആ വീട്ടിൽവെച്ച് ഒരു ഗുരുവിന്റെ മകളുമായി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് താൻ ചെയ്തു. 'തെറ്റ്' എന്ന് മനസ്സ് ആവർത്തിച്ചു വിലക്കിയിട്ടും പിന്നീടുള്ള രാത്രികളിലും അത് സംഭവിച്ചുകൊണ്ടിരുന്നു. അവിവാഹിതയായ സുമതിക്ക് വയ്യായ്ക വന്ന വിവരം പള്ളിക്കരയിലെ ഓരോ മണൽത്തരിയും പുൽകൊടിയും വരെ അറിഞ്ഞു. കേട്ടവർ കേട്ടവർ "എങ്ങാണ്ട് നിന്ന് വന്നവൻ" വാസുവേട്ടന്റെ വീട്ടിൽക്കയറി കാട്ടിയ പരിപാടിയറിഞ്ഞ് മൂക്കത്ത് വിരൽവച്ചു. താൻ നടന്നുപോയ വഴികളിൽ "പാല് കൊടുത്ത കൈക്ക് കൊത്തിയവൻ" എന്ന അടക്കം പറച്ചിലുകൾ കേൾക്കാൻ തുടങ്ങി.
ഒടുവിൽ വാസുവേട്ടനും വിവരമറിഞ്ഞു. വാസുവേട്ടൻ തന്നെ ശിക്ഷിക്കുക മുടിവെട്ടുന്ന കത്രികകൊണ്ടോ അതോ താടിവടിക്കുന്ന കത്തികൊണ്ടോ എന്ന് ശങ്കിച്ചുകൊണ്ട് രാവിലെ കടയിൽച്ചെന്ന് കയറിയ തന്നെ പക്ഷെ അദ്ദേഹം ശരിക്കും അമ്പരപ്പിച്ചു. "സത്യമാണോടാ ഞാൻ കേട്ടത്," എന്ന് ഗൗരവത്തിൽ ചോദിച്ച വാസുവേട്ടന്റെ മുന്നിൽ താൻ തലതാഴ്ത്തിനിന്ന മാത്രയിൽത്തന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായി. "നമുക്കിത് ഉടനെ നടത്തണ"മെന്ന് അദ്ദേഹം പറഞ്ഞതുകേട്ട് താൻ മുഖമുയർത്തി നോക്കുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടുകളിലെ പുഞ്ചിരിക്കായിരുന്നോ അതോ നിറഞ്ഞുനിന്ന കണ്ണുകൾക്കായിരുന്നോ കൂടുതൽ തിളക്കമെന്ന് തനിക്ക് ഇന്നുമറിയില്ല. തന്റെയും സുമതിയുടെയും മകന് അപ്പു എന്ന പേരിട്ടതും വാസുവേട്ടൻ തന്നെയായിരുന്നു. അദ്ദേഹത്തിന് അവനെ ജീവനായിരുന്നു. അപ്പുവിന്റെ വരവോടുകൂടി അദ്ദേഹം അവനെ കളിപ്പിക്കലും മറ്റുമായി മിക്ക സമയങ്ങളിലും വീട്ടിൽത്തന്നെ കൂടി. കട പൂർണ്ണമായും തന്റെ ചുമതലയിലായി. വാസുവേട്ടനെക്കാൾ നന്നായി താൻ കട നടത്തുന്നുവെന്ന് പള്ളിക്കരക്കാർ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു തുടങ്ങി. അപ്പുവിനെയാവട്ടെ, സദാസമയവും കടയിലായിരിക്കുന്ന അവന്റെ അച്ഛന്റെ കുറവ് ഒരിക്കലും അനുഭവപ്പെടാത്ത രീതിയിൽ വാസുവേട്ടൻ അക്ഷരാർഥത്തിൽ തലയിലേറ്റി നടന്നു. എന്നും വൈകിട്ട് അപ്പുവിനെ പിച്ചവെപ്പിച്ച് നടത്തുന്ന വാസുവേട്ടൻ പള്ളിക്കരക്കാരുടെ പതിവുകാഴ്ചകളിൽ ഇടംപിടിച്ചു.
അങ്ങനെയിരിക്കെ, ഒരുദിവസം തങ്ങളുടെയെല്ലാം സ്വസ്ഥതയുടെയും സന്തോഷത്തിന്റെയും അന്ത്യത്തിന്റെ ആരംഭം കുറിക്കാൻപോന്ന ഒരു സംഭവമുണ്ടായി. ഹിന്ദിക്കാരനായ ഒരു അതിഥിയുടെ രൂപത്തിലാണ് അത് ആദ്യമായി അവതരിച്ചത്. വർഷങ്ങൾക്കുമുൻപ് കൂട്ടംതെറ്റിപ്പോയവനെ കാത്തിരിക്കുന്ന പ്രായമായ മാതാപിതാക്കളുടെ കഥയറിഞ്ഞപ്പോൾ, എന്നെന്നേക്കുമായി മറന്നുകളഞ്ഞ ഭൂതകാലത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു താൻ. വാസുവേട്ടന്റെയും സുമതിയുടെയും നിർബന്ധത്തിനു വഴങ്ങി മാത്രമാണ് ഒരേയൊരു തവണ മാത്രം രക്തബന്ധുക്കളെ സന്ദർശിച്ച് മടങ്ങാമെന്ന് അവസാനം സമ്മതിക്കേണ്ടിവന്നത്. സുമതിയെയും അപ്പുവിനെയും കൊണ്ട് തീവണ്ടി കയറുമ്പോഴും സുഖകരമല്ലാത്ത എന്തോ ഒന്നിലേക്ക് ഓടിയടുക്കുന്നുവെന്ന തോന്നലായിരുന്നു തനിക്ക്. സ്റ്റേഷനിൽവെച്ചും വാസുവേട്ടൻ അപ്പുവിനെ കൊഞ്ചിച്ചും കഴിപ്പിച്ചും സങ്കടമൊതുക്കി നിന്നു. തീവണ്ടി ചൂളംവിളിച്ചപ്പോൾ അവനെ ഒരിക്കൽക്കൂടി തുരുതുരെ ഉമ്മവെച്ച് ഞങ്ങളുടെ കൈകളിലേക്ക് ഏൽപ്പിച്ചു. അപ്പോഴും അദ്ദേഹം ദയനീയമായി, "വേഗം ഇങ്ങ് വന്നേക്കണേ, മക്കളെ," എന്ന് മാത്രം ഞങ്ങളുടെ ആരുടേയും കണ്ണുകളിലേക്ക് നോക്കാൻ ശക്തിയില്ലാതെ പറഞ്ഞു.
ജനിച്ചുവളർന്ന നാട്ടിൽ മൂന്നു പതിറ്റാണ്ടുകളോ അതിലധികമോ കഴിഞ്ഞ് കാലുകുത്തിയ എനിക്ക് ചുറ്റും അപരിചിതത്വം മാത്രം നിറഞ്ഞു. എത്രയും വേഗം ഉദ്ദേശിച്ച കാര്യം നിർവഹിച്ചെന്നു വരുത്തി അവിടെനിന്ന് പുറത്തുകടക്കാൻ മനസ്സ് സദാ മന്ത്രിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ചെന്നെത്തി ആദ്യദിവസങ്ങളിൽത്തന്നെ ഗോത്രകുടിപ്പകയിൽനിന്ന് തന്നെ രക്ഷിക്കാൻ മനപ്പൂർവം രാജ്യത്തിന്റെ തെക്കേയറ്റത്ത് തന്നെ ഉപേക്ഷിച്ച മാതാപിതാക്കളെക്കുറിച്ച് കേട്ടു; ഉപേക്ഷിച്ച് തിരിച്ചുവന്ന വരവിൽ അവരെ വെട്ടിയരിഞ്ഞ പകയെക്കുറിച്ചും. അടങ്ങാത്ത പ്രതികാരദാഹത്തിന്റെ ഏറ്റവും ഒടുവിലത്തെ കുതന്ത്രത്തിലേക്കാണ് താൻ തലവെച്ച് കൊടുത്തതെന്ന തിരിച്ചറിവ് വന്നപ്പോഴേക്കും, പക്ഷെ, ഒരിക്കലും ഭേദിക്കാനാവാത്തവിധം ശത്രുഗോത്രം തീർത്ത ചക്രവ്യൂഹത്തിൽ അകപ്പെട്ടിരുന്നു.
മൂന്നുപതിറ്റാണ്ടുകൾക്കുമുൻപ് തന്റെ അച്ഛനുൾപ്പെട്ട സംഘം കൊന്നുകളഞ്ഞയാൾക്കുവേണ്ടിയുള്ള പക എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഒടുവിൽ അവർ തന്നെ ഒരു തീരുമാനമെടുത്തു; തന്റെ മകനെ ആജീവനാന്തകാലം അവരുടെ അടിമയാക്കാൻ വിട്ടുകൊടുക്കുക. ഇതൊക്കെ സർവസാധാരണമായി അംഗീകരിച്ചു കഴിഞ്ഞിരുന്ന തന്റെ ഗോത്രക്കാർ ഈ വിധി നിസ്സംഗതയോടെ കേട്ടിരുന്നെങ്കിലും, ആ മണ്ണിൽനിന്നും ആ മനോഭാവത്തിൽനിന്നും ഇതിനോടകം പൂർണമായും വിടുതൽപ്രാപിച്ചിരുന്ന തനിക്ക് അതൊരു ദുഃസ്വപ്‌നമാണോ എന്നുപോലും തോന്നിപ്പോയി.
ഗോത്രപ്രമാണിമാർ തന്നെ കോടതിയും പോലീസുമെല്ലാം ആയിരുന്ന ആ കുഗ്രാമത്തിൽ അവരെ എതിർക്കാൻ താൻ അശക്തനായിരുന്നു. കൂടുതൽ ബലംപിടിച്ചാൽ സുമതിയെയും അവർക്കു വിട്ടുകൊടുക്കേണ്ടിവരും എന്ന സൂചനയും അതിനിടെ ലഭിച്ചു. അങ്ങനെ തന്റെ മകനെ, തന്റെ എല്ലാമെല്ലാമായ ആ പിഞ്ചുകുഞ്ഞിനെ, അവർ നിസ്സാരമായി പറിച്ചെടുത്തുകൊണ്ടുപോയി. അവന്റെ ഹൃദയംപൊട്ടിയ കരച്ചിലായിരുന്നോ അതോ സുമതിയുടെ എല്ലാം നഷ്ടപ്പെട്ട നിലവിളിയായിരുന്നോ അന്ന് അവിടെ ദിക്കുകൾ പൊട്ടുമാറുച്ചത്തിൽ പ്രതിധ്വനിച്ചതെന്നു തനിക്ക് ഇന്നും ഉറപ്പില്ല. തന്റെ ഉള്ളിലെ നീറ്റൽ ഒരു നിശ്വാസമായി പോലും ഉതിർക്കാനാവാതെ, നിസ്സഹായനായി, എട്ടുംപൊട്ടും തിരിയാത്ത സ്വന്തം മകനെ അടങ്ങാത്ത ഗോത്രക്കലിക്ക് വിട്ടുകൊടുത്ത കഴിവുകെട്ട അച്ഛനായി തനിക്ക് അവിടം വിടേണ്ടിവന്നു. കൂടുതലെന്തെങ്കിലും സംഭവിക്കുന്നതിനുമുൻപ്, ഇതിനോടകം ജീവച്ഛവമായി മാറിയിരുന്ന സുമതിയൊന്നിച്ച് ആ നരകത്തിൽനിന്ന് തിരിച്ച് വണ്ടികയറി.
അപ്പുവിനെക്കൂടാതെയെത്തിയ തങ്ങളെക്കണ്ട്, ഭ്രാന്തുപിടിച്ചവനെപ്പോലെ വാസുവേട്ടൻ തലങ്ങും വിലങ്ങും നോക്കി. നടന്നസംഭവങ്ങളുടെ ആഘാതം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലായിരുന്ന തനിക്ക് വാസുവേട്ടനോട് കാര്യങ്ങൾ വേണ്ടരീതിയിൽ പറഞ്ഞവതരിപ്പിക്കാൻ കഴിഞ്ഞുമില്ല. "നീ അവനെ കൊന്നുകളഞ്ഞിട്ട് കള്ളം പറയുകയാണ്. ഇനി നീ എന്റെ മോളെയും കൊല്ലും," എന്നും മറ്റും പുലമ്പിക്കൊണ്ട് ദിവസങ്ങളോളം പള്ളിക്കരയിലൂടെ സമനിലതെറ്റി അലഞ്ഞ വാസുവേട്ടൻ അധികം താമസിയാതെ ചങ്കുപൊട്ടി മരിച്ചു. ദുരിതങ്ങൾക്കിടയിലും വിശപ്പ് മുട്ടിവിളിക്കാൻ തുടങ്ങിയ ദിവസങ്ങളിലൊന്നിൽ കട വീണ്ടും തുറക്കാൻ പോയ തന്നെ തനിച്ചാക്കി സുമതിയും അവളുടെ ജീവിതശിക്ഷ ഒരുമുഴം കയറിൽ അവസാനിപ്പിച്ചു.
ഇന്നിങ്ങനെ കൈകേയിമലയുടെ മുകളിൽ, മേഘങ്ങളെ കയ്യെത്തിതൊടുമാറുയരത്തിൽ നിൽക്കുമ്പോൾ ബാബുവിന് ഒരു ലക്ഷ്യമേയുള്ളു - തന്നെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന കുറ്റബോധത്തിന്റെ, പരാജയത്തിന്റെ, ഹൃദയവേദനയുടെ കെട്ടുകൾ എന്നെന്നേക്കുമായി പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രനാവണം.
എത്ര എളുപ്പത്തിലാണ് വാസുവേട്ടനും സുമതിയും എല്ലാമവസാനിപ്പിച്ച് നിത്യസമാധാനം പുല്കിയത്! തന്റെ അപ്പു ഈ പകയുടെ ചങ്ങലയിലെ അവസാന കണ്ണിയാണെന്ന് ഉറപ്പാണ്. എന്നാൽ തനിക്ക് ഇത് അവസാനമില്ലാത്ത, നിരന്തരം കുത്തിനോവിക്കുന്ന ഓർമ്മപ്പെടുത്തലുകളുടെ ജീവിതമാണ്. കൊച്ചുകുട്ടിയായാണ് തന്റെ മോൻ. അപ്പൂപ്പന്റെയും, അമ്മയുടെയും, അച്ഛന്റെയും ലാളനകൾ മാത്രം അനുഭവിച്ച അവൻ ഇപ്പൊ ഓരോനിമിഷവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പരിഹാസവും, ഉപദ്രവവും, പീഡനവും എത്രത്തോളമുണ്ടാവും! അവർ അവനെ കൊല്ലാക്കൊല ചെയ്യുകയായിരിക്കില്ലേ! ചിന്തകൾ മനസ്സിനെയും ശരീരത്തെയും ഒരുപോലെ പൊള്ളിച്ചുതുടങ്ങിയപ്പോൾ ബാബുവിന്റെ മനസ്സ് ഒരു ശാശ്വതപരിഹാരം തേടി. തനിക്കിനി ഒരിക്കലും സമാധാനമായി ഉറങ്ങാൻ കഴിയില്ലെന്ന് അവൻ ഉറപ്പിച്ചു. അപ്പോൾ അവന്റെ സ്ഥലകാലബോധത്തെയും, ആത്മവിശ്വാസത്തെയും പാടെ മറച്ചുകൊണ്ട് ഒരു ഇരുണ്ട കാർമേഘം മലമുകളിലേക്ക് ഇറങ്ങിവന്നു. അവൻ ആ ഇരുണ്ടമേഘത്തിലേറി ഒരു തൂവലുപോലെ നിത്യസമാധാനത്തിന്റെ താഴ്‌വാരം തേടി താഴേക്ക് പതിച്ചു.