ADVERTISEMENT

മൺശില്‍പ്പങ്ങൾ (കഥ)

അയാൾ ആ ചെറിയ ചിതയ്ക്ക് തീ കൊളുത്തി, കൂടെ ഒരു സിഗരറ്റിനും. ആദ്യത്തെ പുക ചിതയിലെ പുകയോട് അലിഞ്ഞു ചേർന്നു. ചുരുട്ടാണ് പതിവ്. ഓ. യെസ്. ചുരുട്ടും കിട്ടും സിഗാറും കിട്ടും. മഞ്ഞയും ചുവപ്പും കലർന്ന വെളിച്ചം ആ മുറ്റം നിറയെ പരന്നു. ആ വെളിച്ചത്തിൽ അയാളുടെ നിഴൽ ആ വീടിനോളം ഉയർന്നു നിന്നു. ആ ചിതയിൽ നിറയെ കുഞ്ഞുകുഞ്ഞു ശിൽപ്പങ്ങളായിരുന്നു. സ്വർണ്ണ തീജ്വാലയ്ക്കിടയിൽ കിടന്ന് അവയൊക്കെ സ്വർണ്ണ വർണ്ണം അണിയുകയായിരുന്നു. എല്ലാം  മനുഷ്യ രൂപങ്ങൾ. കണ്ണും നഖവും ഒക്കെ കാണാം. അവയ്‌ക്കൊക്കെ ചുണ്ടിൽ ചിരിയാണോ അല്ല പരിഹാസ ചിരിയാണോ എന്ന് സംശയം തോന്നും. അവർക്കൊരു പുതു ജീവൻ കിട്ടുകയാണ്. മനുഷ്യർക്കിടയിലേക്ക് കടന്നുവന്ന് ജീവിക്കുവാൻ സ്വാഗതം ചെയ്തുകൊണ്ട് ചിലർ നിൽക്കുന്നുണ്ട്. ചുട്ടെടുത്ത മൺ ശിൽപ്പങ്ങൾ എന്നും വളരെ കരുത്തുള്ളവയായിരിക്കും. അയാൾ ഒരു പുകച്ചുരുൾ വിട്ടുകൊണ്ട് പറഞ്ഞു "നിങ്ങൾ പുറം ലോകം കാണും മുമ്പ് ശക്തരായിരിക്കണം, ഈ ചുടൽ നിങ്ങൾക്കൊരു ജീവൻ നൽകും.. ഇല്ലെങ്കിൽ മറ്റുള്ളവർ നിങ്ങളെ തച്ചുടയ്ക്കും." 

അയാൾ വീടിന്റെ അകത്തേക്ക് നോക്കി വിളിച്ചു. "മോളേ... മോളേ ഹിതാ... വേഗം വാ ഹിതാ.." അയാൾ ആ തീയിനടുത്തേക്കു തല ചേർത്തു നോക്കി. കണ്ണിൽ പുകയടിച്ചപ്പോൾ പിന്നോട്ടാഞ്ഞു. "ഹിതാ മോളെ, തീയിപ്പോൾ ആളി കത്തുന്നു.. വേഗം വാ.. ഈ രൂപങ്ങൾ നിന്നോട് സംസാരിക്കണം എന്നാണ് പറയുന്നത്..." മകൾ ഓടി വന്നു. അച്ഛന്റെ കൂടെ, അച്ഛനെ ചാരി നിന്നു. അവൾ കൈപൊക്കി ആഹ്ലാദം കാണിച്ചു. അവൾ ചോദിച്ചു, ഏതോ നാടകത്തിലെ സംഭാഷണം പോലെ.. "അല്ലയോ ശിൽപ്പങ്ങളേ.. സുഖമായിരിക്കുന്നല്ലോ.. നിങ്ങളെല്ലാവരും വരൂ എനിക്കൊരു കൂട്ടിനായ്" അവൾ തീയിലേക്ക് നോക്കി, എത്ര ശിൽപ്പങ്ങൾ ഉണ്ടെന്ന് എണ്ണുകയായിരുന്നു. അയാൾ ചിരിച്ചു.. വളരെ ശബ്ദത്തിൽ.. അതൊരു അട്ടഹാസമായിരുന്നോ! തീജ്വാലകൾ ഒന്നു വിരണ്ടു.. ഹിതാ.. എട്ടൊമ്പതു വയസ്സ് പ്രായമുള്ള കുട്ടി, തീയ്ക്കു ചുറ്റും ഓടിനടന്നു. അവളുടെ പിന്നാലെ അയാളും ഓടി. മകൾ ഓട്ടം നിർത്തിയിട്ടും അയാൾ നിർത്താതെ ഓടി. ആ ഓട്ടത്തിന്റെ വൃത്തം വലുതായി വലുതായി വന്നു. അയാളുടെ ഓട്ടം മതിലിൽ ചെന്നിടിച്ചു നിന്നു. തീ കെട്ടമർന്നപ്പോൾ അയാൾ മകളുടെ അടുത്തേക്ക് വന്നു. അവൾ ഇരുന്നിടത്ത് ഉറങ്ങിപ്പോയിരുന്നു. അയാൾ അവളെയുമെടുത്ത് വീട്ടിനകത്തേക്ക് ചെന്നു. അവളുടെ അമ്മ ഇതൊന്നുമറിയാതെ ഉറങ്ങുന്നു. മോളെ അമ്മയുടെ അടുത്തേക്ക് ചേർത്തു കിടത്തിയപ്പോൾ അവളുടെ അമ്മ കട്ടിലിന്റെ ഓരത്തേക്ക് നീങ്ങി, മകൾക്കിടം കൊടുത്തു.  

പിറ്റേന്ന് രാവിലെ, സൂര്യ പ്രകാശം വീടിന്റെ മുന്നിലെ മാവിൻ തലയിൽ പതിക്കുന്നതിന് മുമ്പ് അയാൾ എഴുന്നേറ്റു, കെട്ടടങ്ങിയ ചിതയ്ക്ക് മുന്നിൽ.. കട്ടൻ ഒരു കൈയ്യിൽ, മറു കൈകൊണ്ട് വെണ്ണീർ മാറ്റി ഓരോ ശിൽപ്പങ്ങൾ പുറത്തെടുക്കുന്നു. ശിൽപ്പങ്ങളുടെ അടുമുടിയൊന്നു നോക്കി, പുറകുവശവും. എല്ലാം നന്നായിട്ടുണ്ട് എന്ന് മനസ്സിൽ കരുതി. ഏകദേശം ഒരേ വലുപ്പത്തിലുള്ള ശിൽപ്പങ്ങൾ. എല്ലാം ഒരു ചാൺ ഉയരമുള്ളവ. ജീവൻ തുടിക്കുന്നു എന്നൊന്നും പറയാൻ പറ്റില്ല. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, "നിങ്ങൾക്കെല്ലാവർക്കും പേരുകൾ ഉണ്ട്, കേട്ടോ.. അത് മോൾ പറഞ്ഞുതരും, ഇപ്പോൾ നിങ്ങളെല്ലാവരും ശിൽപ്പങ്ങൾ മാത്രം. പേരിട്ടു കഴിഞ്ഞാൽ പിന്നെ നിങ്ങളെ പേര് മാത്രമേ വിളിക്കൂ.." അവയെയെല്ലാം അയാൾ എടുത്തു വരാന്തയിൽ വെച്ചു. നിരനിരയായി.. "ഹിതാ.. നീ എഴുന്നേറ്റോ മോളേ.. നിന്റെ കൂട്ടുകാർ ഇതാ നിരന്നു നിൽക്കുന്നു.." മകൾ വന്നു. അവൾ ചോദിച്ചു "അച്ഛാ, മൃഗങ്ങളും പക്ഷികളും ഇല്ലേ.." അയാൾ "അതൊക്കെ മുന്നേ ഉണ്ടാക്കിയല്ലോ... നിന്റെ അലമാരയിൽ പല പല വർണ്ണത്തിലും രൂപത്തിലും ഉള്ള പക്ഷി മൃഗാദികളുടെ ശിൽപ്പങ്ങൾ നിറഞ്ഞിരിക്കുന്നു." എന്നാലും അച്ഛൻ പുതിയവയെ ഉണ്ടാക്കിയോ എന്നാ  ചോദിച്ചത്. അവൾ ചിരിച്ചുകൊണ്ട് ശിൽപ്പങ്ങളെ നോക്കി. 

അവൾ എല്ലാവർക്കും പേരുകൾ നൽകി. ആ പേരുകൾ അവൾക്കു മാത്രമേ അറിയൂ. അവൾക്കു മാത്രമേ പറയാൻ കഴിയൂ. അവൾ പല പ്രാവശ്യം പറഞ്ഞുകൊടുത്തു ഓരോരുത്തരുടെയും പേരുകൾ. പുതുപുത്തൻ പേരുകൾ!!! അവൾ ചുവരിലെ തട്ടിൽ നിന്ന് ഒരു വലിയ പെട്ടി വലിച്ചെടുത്തു. അതിൽ നിറയെ ചായങ്ങൾ ആയിരുന്നു.  പല വർണത്തിലുള്ളവ.. അക്രലിക്കും, ഓയിൽ പെയിന്റുകളും നിറഞ്ഞ പെട്ടി. അകത്തുനിന്നും അമ്മ വിളിച്ചു.. മോളേ ഹിതാ .. പല്ലുതേക്കുന്നുണ്ടോ ഇപ്പോൾ.. എന്നാലേ ചായ തരൂ.." അവൾ അതൊന്നും കേൾക്കാതെ ചായങ്ങൾ പുറത്തെടുത്തു. ഓരോ ശിൽപ്പങ്ങളെയും എടുത്ത് അവൾ ചായങ്ങൾ തേക്കാൻ തുടങ്ങി. അവളുടെ ചായപ്പെട്ടിയിൽ കുറെ ബ്രഷുകളും ഉണ്ട്. ചെറുതും വലുതുമായവ. ചില ശിൽപ്പങ്ങൾക്ക് പച്ച, ചിലതിന് കുങ്കുമ നിറം.. വെള്ളനിറത്തിലും ചിലതുണ്ട്. ശിൽപ്പങ്ങൾക്ക് ഒന്നിൽ കൂടുതൽ നിറങ്ങൾ തേക്കും. തുണികളുടെ നിറം വേറെ, തൊലിയുടെ നിറം വേറെ. മേലുടുപ്പ് വേറെ, കീഴുടുപ്പ് വേറെ.. അവൾ ആരോടും അഭിപ്രായങ്ങൾ ചോദിച്ചില്ല.. എല്ലാം അവളുടെ സ്വന്തം  ഇഷ്ടപ്രകാരം തന്നെ. ഹിതാ ചോദിച്ചു "അച്ഛാ, എങ്ങനെ ഇത്രയധികം ശിൽപ്പങ്ങൾ ഉണ്ടാക്കുന്നു.. ഒരെണ്ണംപോലും മറ്റൊന്നിനോട് സാമ്യമില്ല." അയാൾ ചിരിച്ചു. മകളോട് എങ്ങനെ വിശദീകരിക്കണമെന്ന് ഒരു നിമിഷം ആലോചിച്ചു. "എന്നിലേക്ക്‌ വരുന്ന രൂപങ്ങളെ, എന്റെ മനസ്സിലേക്ക് വരുന്ന ഓരോരുത്തരെയും എന്റെ കൈകൾ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നു. എന്റെ മോൾ അതിനെയൊക്കെ ജീവൻ കൊടുത്ത് പരിപാലിക്കുന്നു. നീയാണ് അതിനെയൊക്കെ കൂടെ കൂട്ടുന്നത്. ഇപ്പോൾ അത്രയറിയുക, അപ്പോൾ നീയാണ് പറയേണ്ടുന്നത്." അവൾക്ക് ഒന്നും മനസിലായില്ല. അവൾ അച്ഛനെ നോക്കി കോക്രി കാണിച്ചു. 

"നീ കുളിച്ചോ? അമ്മയെ വിളിക്ക്..." അയാൾ വീടിനുള്ളിലേക്ക് കയറിപ്പോയി. അടുക്കളയിൽ കയറി വിളിച്ചു.. "എടീ ഭാര്യേ.. നീ പ്രാതൽ ഉണ്ടാക്കുന്നോ അല്ല ഞാൻ ഉണ്ടാക്കണോ..?" അയാൾ തന്നെ പ്രാതൽ ഉണ്ടാക്കി മേശപ്പുറത്തു വെച്ചു. "മോളേ, നീ അമ്മയെയും കൂട്ടി പ്രാതൽ കഴിക്കാൻ വാ" എന്നും പറഞ്ഞ് അയാൾ വെളിയിലേക്കിറങ്ങി. ആ രാവിലത്തെ ഇളം കാറ്റിൽ ഇന്നലെത്തെ തീ കൂടിയ ഭാഗത്തെ വെണ്ണീർ പറന്നു.. മുറ്റം മുഴുവൻ വെണ്ണീർ പറന്നു. ചെറിയ വെണ്ണീർ കട്ടകൾ വീണുടഞ്ഞ് വെറും പൊടികളായി കാറ്റിൽ പറന്നുയർന്നു. ഏതാനും കുഞ്ഞു വിറകുകൊള്ളികൾ ബാക്കിയായി. അയാൾ തന്റെ തോൾ സഞ്ചി കഴുത്തിലൂടെ ചുറ്റി ഇട്ട് വേഗത്തിൽ നടന്നുപോയി. അയാൾ തന്റെ നീണ്ട മുടി പുറകിലേക്ക് ഒരു തട്ടുവെച്ചുകൊടുത്തു, അപ്പോൾ അവ കാറ്റിൽ പറന്നുപൊങ്ങി. സിഗരറ്റിന്റെ പുക പിന്നിലോട്ട് പറന്ന് കാട്ടിൽ അലിഞ്ഞു ചേർന്നു. അപ്പോൾ വീട്ടിൽ ഹിതാ പ്രാതലൊക്കെ കഴിച്ച് ശിൽപ്പങ്ങളുമായി കളി തുടർന്നു. കുറച്ചെണ്ണത്തിനെ അടുക്കള ജോലികൾ പഠിപ്പിക്കുന്നു, പൂജ ചെയ്യേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കുന്നു. പള്ളിയിൽ കൊയർ പാടുന്നത് എങ്ങനെ.. അവയ്ക്കു വേണ്ടി അവൾ ശ്ലോകങ്ങൾ ചൊല്ലുന്നു.. പള്ളിപ്പാട്ട് പാടുന്നു.. മണികൾ മുഴക്കുന്നു. ചില പ്രതിമകൾ കാൽമുട്ടിൽ നിർത്തുന്നു.. വാങ്ക് ചൊല്ലുന്നു.. വിളക്ക് വെക്കുന്നു, ചന്ദനത്തിരികൾ കത്തിക്കുന്നു.. എല്ലാം അവൾ അവരെ കൊണ്ട് ചെയ്യിക്കുന്നു. പെൺ പ്രതിമകൾ ഭക്ഷണം വിളമ്പുന്നു. എല്ലാ വിഭവങ്ങളും ഉണ്ട്. സസ്യാഹാരികൾക്ക് അത്, അഥവാ മാംസാഹാരികൾക്ക് അതും വിളമ്പുന്നു. ആടും പോത്തും മീനും പന്നിയും ഒക്കെയുണ്ട്. അവൾ ശിലകളെ കൊണ്ട് വിളമ്പിക്കുമ്പോൾ അവൾ ചോദിക്കുന്നുണ്ട്, അടുത്തത്  വേണോ, അല്ല ഇത് വേണോ.. മാംസാഹാരം കഴിക്കുമോ, പന്നി കഴിക്കുമോ എന്നൊക്കെ.. ചൂടുവെള്ളവും അവൾ വിളമ്പിക്കുന്നു. ഭക്ഷണം വിളമ്പിയവർക്ക് വീണ്ടും അവൾ തന്നെ ഭക്ഷണം നൽകുന്നു. അതൊക്കെ കഴിഞ്ഞ് എല്ലാവരെയും പഠിക്കാൻ പറഞ്ഞുവിടുന്നു. ഓരോ ഭാഗത്തായി അവരെ ഇരുത്തി പുസ്തകങ്ങൾ കൊടുക്കുന്നു.

പലതരം പുസ്തകങ്ങൾ വലിയവർക്ക് അവർ വായിക്കുന്ന തരം പുസ്തകങ്ങൾ. കുട്ടികൾക്ക് ബാല കൃതികളും മറ്റും. അവളുടെ പാഠപുസ്തകങ്ങളിലെ താളുകൾ അവൾ ചീന്തി എല്ലാവർക്കും കൊടുക്കുന്നു. ചീന്തുകടലാസുകളിൽ പുസ്തകങ്ങളുടെ പേരുകൾ എഴുതിയിട്ടുണ്ട്, എല്ലാം അച്ഛന്റെ അലമാരയിലെ പുസ്തകങ്ങൾ തന്നെ. അതിൽ സാഹിത്യം ഇഷ്ട്ടപ്പെടുന്ന ശിൽപ്പങ്ങളും ഉണ്ടെന്നതാണ്. രാമായണവും, ഭഗവത് ഗീതയും, ബൈബിളും, ഖുറാനും എന്നുവേണ്ട എല്ലാത്തരം പുസ്തകങ്ങളും. കൂടെ കുറെ തിരക്കഥകളും കാണാം. ഒരു നോട്ടു പുസ്തകം തീർന്നപ്പോൾ അവൾ അടുത്ത നോട്ടുപുസ്തകം എടുക്കാൻ അകത്തേക്കുപോയി. അപ്പോൾ അയാൾ ചായങ്ങൾ വിൽക്കുന്ന കടയിൽ ചായങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. ക്യാൻവാസ് അയാൾ തന്നെ തയാറാക്കുകയാണ് പതിവ്. വീട്ടിൽ അതിനുള്ള സാമഗ്രികൾ ഒക്കെയുണ്ട്. മുറിക്കാനുള്ള ഉപകരണങ്ങളും ആണിയും പശയും ഒക്കെ. അതുകൊണ്ട് അയാൾക്കിഷ്ടമുള്ള വലിപ്പത്തിൽ ഉണ്ടാക്കാമല്ലോ. അതുകൊണ്ടുതന്നെ അയാളുടെ ചിത്രങ്ങൾ വളരെക്കാലം ഈടുനിൽക്കും. അയാൾ ചിത്രങ്ങൾ ഉണ്ടാക്കുന്നത് അയാൾക്കുവേണ്ടിയാണ്. അപ്പോൾ ചിലർ വാങ്ങാൻ താൽപര്യം കാണിച്ചാൽ വിൽക്കും. സിറ്റിയിൽ ഒരു കടയുണ്ട്, അവർ ഇടയ്ക്കിടെ ചിത്രങ്ങൾ വാങ്ങാറുണ്ട്. അവർക്ക് ഇതിന്റെ വില വേറെയാണ്. വളരെക്കുറഞ്ഞ വില.. പക്ഷെ അവർ മാസത്തിൽ എട്ടോ പത്തോ ചിത്രങ്ങൾ വാങ്ങാറുണ്ട്. പല വലിപ്പത്തിലുള്ളവ. അതിലൊന്നും ഇയാൾ കൈയ്യൊപ്പ് വെക്കാറില്ല, അതൊരു സത്യം.  

പെട്ടന്നാണ് അത് സംഭവിച്ചത്, അയാളുടെ കൈയ്യിൽ നിന്ന് അക്രലിക് പെയിന്റ് ഉള്ള ഡബ്ബ താഴെ വീണ്, ഡബ്ബയിൽ വിടവ് വന്നു പെയിന്റ് ഒലിച്ചിറങ്ങി. അതൊരു ചുവന്ന നിറമായിരുന്നു. കടും ചുവപ്പ്. ചെമ്പരത്തി ചുവപ്പ്. അസ്തമയ സൂര്യന്റെ ചുവപ്പ്. അയാൾ കൈയ്യിലുണ്ടായിരുന്ന എല്ലാം വലിച്ചെറിഞ്ഞ് പുറത്തേക്കോടി.. കടക്കാരൻ അന്തംവിട്ട് നോക്കി നിന്നു. കടക്കാരൻ ഒന്നും പറഞ്ഞില്ല.. അറിയുന്ന ആളല്ലേ. വീട്ടിൽ നോട്ടു പുസ്തകം എടുക്കാൻ പോയ ഹിതാ പേടിച്ചോടി. അവളുടെ പിന്നാലെ മുഖം മൊത്തംമൂടിയ ഏതാനും ശിൽപ്പങ്ങൾ ഓടുന്നു. വീട്ടുവാതിൽക്കലിൽ അവരിൽ ചിലർ വാളുമായി നിൽക്കുന്നു. ആക്രോശിക്കുന്നു. "കൊല്ലവളെ" വീടിനു മുന്നിൽ ചില ശിൽപ്പങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ.. ചിലർ തല താഴ്ത്തി നിൽക്കുന്നു.  ചിലർ പ്രാർഥിക്കുന്നു. ചില മേൽക്കുപ്പായമില്ലാത്ത ശിൽപ്പങ്ങൾ മൂകനായി നിൽക്കുന്നു, ചിലർ ചിരിക്കുന്നു. എന്നാൽ ചിലർ എന്തൊക്കെയോ സംസാരിക്കുന്നു. കേൾക്കുന്നവർക്കോ അവർക്കോ അല്ലെങ്കിൽ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ. ഹിതാ വീട്ടിനുള്ളിൽ ഭയത്തോടെ ഓടി നടന്നു. സഹായത്തിനായി അലറി വിളിച്ചു. അപ്പോഴും അവർ അവൾക്കുപിന്നാലെ ഓടുകയായിരുന്നു, മാരകായുധങ്ങളുമായി. അയാൾ ഓടി വീട്ടിൽ എത്തിയപ്പോൾ കണ്ടത് മകളുടെ തുണികൾ ഒരു ശിൽപം പറിച്ചെറിയുന്നതാണ്.  വീട്ടിൽ നിന്നും ബഹളങ്ങൾ അയാൾ കേട്ടു. കുറെ ശിൽപ്പങ്ങൾ വീടിന്റെ വരാന്തയിൽ ഒന്നും ചെയ്യാതെ കൂടിനിൽക്കുന്നു. അവർ അന്യോന്യം കുശുകുശുക്കുണ്ടായിരുന്നു.

അയാൾ വിളിച്ചു പറഞ്ഞു "ശിൽപ്പങ്ങളേ, എന്റെ മകളെ വിടൂ.. വെറുതെ വിടൂ.. അവൾ ഒന്നും ചെയ്തിട്ടില്ലല്ലോ.." അപ്പോൾ ഒരു ശിൽപം പറഞ്ഞു "നിങ്ങൾ ഞങ്ങളെ ഉണ്ടാക്കി, പക്ഷെ ഇവൾ.. അതെ ഇവൾ നമുക്കൊക്കെ പേരുകൾ ഇട്ടു. ഞങ്ങളെ  പഠിപ്പിച്ചു. അതാണ് ഇവൾ ചെയ്ത തെറ്റ്, ഇവളെ വെറുതെ വിടില്ല.." അയാൾ പറഞ്ഞു: "അവൾ നിങ്ങളെ ഊട്ടിയതല്ലേ.. സ്നേഹിച്ചതല്ലേ.. അവളെ വെറുതെ വിടൂ.." ശിൽപ്പങ്ങൾ ആക്രോശിച്ചു: "ഇല്ല, ഇവളെ വിടില്ല.. ഇവളാണ് എല്ലാത്തിനും കാരണക്കാരി.." അയാൾ വീണ്ടും വീണ്ടും കെഞ്ചി. തറയിൽ വീണു കരഞ്ഞു. അപ്പോഴും അവർ ആക്രോശിച്ചു. അവരിൽ ചിലർ അവളെ പിച്ചിച്ചീന്തി. വീടിന്റെ പടികളിലൂടെ അവളുടെ രക്തം ഒഴുകി.. അയാൾ എഴുന്നേറ്റ് വീടിന്റെ വെളിയിൽ ഉണ്ടായിരുന്ന പെയിന്റിൽ ചേർക്കുന്ന "തിന്നർ " എടുത്തു വീടിന്റെ വരാന്തയിൽ ഒഴിച്ചു. കീശയിൽ നിന്നും ഒരു സിഗരറ്റും.. അയാൾ സിഗരറ്റിന് തീകൊളുത്തി.. പിന്നെ താഴെയും.. വീടാകെ തീപിടിച്ചു.. അയാൾ പൊട്ടിച്ചിരിച്ചു. അയാൾ വിളിച്ചു പറഞ്ഞു "എന്റെ മോളേ.. എനിക്കിതേ ചെയ്യാൻ കഴിയൂ.. നിന്റെ കൂടെ, നീ ഊട്ടിവളർത്തിയ അവരും പോകട്ടെ.. ഞാനും വരുന്നു.. നിന്റെ കൂടെ.. ഞാൻ ആണല്ലോ ഇതിന് കാരണക്കാരൻ..." അയാൾ ആളിക്കത്തുന്ന വീട്ടിനുള്ളിലേക്ക് ഓടിക്കയറി. അപ്പോഴും ചുണ്ടിൽ സിഗരറ്റ് എറിയുന്നുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Mansilpangal ' written by Premraj K. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com