സമാധാനം – ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി. പി. എഴുതിയ കവിത
Mail This Article
'വെള്ളക്കൊടി' പാറുന്ന
വാനമാഗ്രഹിച്ചതിന്,
വിദ്യക്കായി ശബ്ദിച്ചതിന്,
തലയിൽ തീവ്രവാദി തൻ
തോക്കുണ്ട പാഞ്ഞ
കുഞ്ഞു മലാലയെ
'നോബേൽ' തേടിയെത്തിയ നേരം
പ്രായം പതിനേഴവൾക്ക്,
അതും 'സമാധാന'ത്തിനുള്ള നോബേൽ!..
വെടിയൊച്ച കേട്ട്
നേരം പുലരുന്ന കാശ്മീരികൾക്ക്,
ഇരുണ്ട തീക്കുള്ളിൽ
ജീവിതം തള്ളി നീക്കുന്ന
പാലസ്തീൻ ജനതയ്ക്ക്,
മനുഷ്യത്വം തീണ്ടാത്ത ഭരണകൂടത്തിന്റെ
കറുത്ത കരങ്ങൾ പതിഞ്ഞ
മ്യാൻമറിലെ റോഹിംഗ്യകൾക്ക്,
അങ്ങനെയെല്ലാർക്കും
ഭീകരതയുടെ മൂടുപടം നീങ്ങി
'വെള്ളരി പ്രാവ്' പറക്കുന്ന
നീലാകാശമുള്ള നാട്ടിലേക്ക്
ചേക്കേറാനാണ് പ്രിയം.
വാസ്തവത്തിലൊരു തവണയെങ്കിലും,
തെരുവ് പ്രസംഗങ്ങളിൽ
മുഴങ്ങിക്കേൾക്കുന്ന,
പുസ്തകത്താളിൽ അക്ഷരങ്ങളായ്
പരന്നൊഴുകുന്ന
സമാധാനമെന്തെന്നോർത്തിട്ടുണ്ടോ?
'അട്ടിയട്ടിയായി' നിറയെ സ്വർണ്ണക്കട്ടികൾ
സമ്പാദിച്ചുണ്ടാക്കിയവന്റെ കുടിയിലോ
സമാധാനം കുടി കൊള്ളുന്നത്?
പണമായിരുന്നു മാനദണ്ഡമെങ്കിൽ
നിശയിൽ പോളയടയുമ്പോഴേക്കും
നിദ്രാദേവി ധനികനെ
അനുഗ്രഹിക്കണമായിരുന്നു!.
ഒന്നുറങ്ങാൻ അനുവദിക്കാതെ
തുടരെത്തുടരെ അസ്വസ്ഥമാക്കുന്ന
എന്തെല്ലാം കാര്യങ്ങളാണ്
ധനികന്റെ മസ്തിഷ്കത്തിൽ
റോന്ത് ചുറ്റുന്നത്.
മനസ്സിനെ വരിഞ്ഞ് മുറുക്കുന്ന
അലോസരങ്ങളേതുമില്ലാതെ
ജീവിതം നയിക്കുന്നവരിലും,
നാളെയെന്തെന്ന ആകുലതയില്ലാതെ
കണ്ണ് രണ്ടും മുറുക്കിയടച്ച്
ശയിക്കാൻ കഴിയുന്ന,
'ഇന്നി'നായി ജീവിക്കുന്നവരിലുമല്ലേ
സമാധാനം കൂട് കൂട്ടുന്നത്!..
Content Summary: Malayalam Poem ' Samadhanam ' written by Hafil Aboobackar Siddique T. P.