കാടിറക്കം – സോളമൻ ജോസഫ് എഴുതിയ കഥ
Mail This Article
അവൻ ഇന്നും കാടിറങ്ങി വന്നു. കണ്ടമാത്രയിലെല്ലാം വന്യമായ രൂപവും ഭാവവും അവനിൽ ചുറ്റിപ്പറ്റി നിന്നിരുന്നു. തുടർച്ചയായിട്ടുള്ള വരവിങ്ങനെ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടാഴ്ചയോളമായി. ഇരുട്ട് മായുന്നതോടുകൂടി അവൻ കാടിറങ്ങി ഗ്രാമത്തിലേക്കെത്തും. പിന്നെ ആരെയും കൂസാതെ ഗ്രാമത്തിലൂടെ അലഞ്ഞു നടക്കും, ഭക്ഷണം മുൻപ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആർത്തിയോടെയുള്ള തീറ്റയും പുഴയിലെ നീണ്ട നേരത്തെ കുളിയുമൊക്കെയായി വൈകിട്ട് വരെ അവിടെ തന്നെ തുടരും. വെയിൽ മങ്ങുന്നതോടെ ധൃതിയിൽ കാട്ടിലേക്ക് തിരിച്ചുപോകും. ഗ്രാമീണരുടെ അവനോടുള്ള ആദ്യത്തെ കൗതുകം പിന്നീടങ്ങോട്ട് തങ്ങളുടെ പഴയ അനുഭവങ്ങളുടെ ഓർമവെളിച്ചത്തിൽ കുറേശ്ശെ ഭയപ്പാടിലേക്ക് വഴിമാറി. അതിനുള്ള കാരണം പല ദിവസങ്ങളിലും തങ്ങളുടെ പുരയിടങ്ങളിൽ കടന്നുകയറി കാർഷിക വിഭവങ്ങൾ ഉൾപ്പെടെയുള്ള പലതുമവൻ ഭക്ഷിക്കുകയും അതിലേറെ നശിപ്പിക്കുകയും ചിലപ്പോൾ അതൊക്കെ മോഷ്ടിച്ചു കൊണ്ട് പോകുകയും ചെയ്യുമായിരുന്നു. ഉൾക്കാട്ടിൽ നിന്നും ഗ്രാമത്തിലെ രുചിയുള്ള ഭക്ഷണവും അതിമനോഹരമായ കാഴ്ച്ചകളും തേടിയുള്ള ഇടതടവില്ലാത്ത അവന്റെ വരവിൽ മലയോരഗ്രാമം ഒന്നാകെ ക്രമേണ കടുത്ത ഭയചിന്തയിൽ അകപ്പെട്ടു.
തങ്ങളുടെ വിലപ്പെട്ടതെല്ലാമവൻ കവർന്നെടുത്തേക്കാമെന്ന ഏകവിചാരത്താൽ അവരൊക്കെ ഒരോ ദിനങ്ങൾ കഴിയുന്തോറും കൂടുതൽ ഭയചികിതരായിത്തീർന്നു. അതിനാൽ അവനെ നാട്ടിൽ നിന്നും ആട്ടിപ്പായിക്കാൻ ഗ്രാമീണർ പല മാർഗങ്ങളും സ്വീകരിക്കുകയും ചെയ്തു. അവയെയെല്ലാം പല രീതിയിൽ പരാജയപ്പെടുത്തിയ അവൻ നാട്ടിലേക്കും തിരിച്ച് കാട്ടിലേക്കുമുള്ള തന്റെ ദൈനംദിന യാത്രയങ്ങനെ അനുസ്യൂതം തുടർന്നു കൊണ്ടേയിരുന്നു. ഇങ്ങനെ ദിവസങ്ങളോളം പരസ്പരം കണ്ടു പഴകുന്തോറും അവർക്കിടയിയിലെ ശത്രുതയുടെ ആഴം കുറേശ്ശെ കുറഞ്ഞുകുറഞ്ഞു വന്ന് അവസാനമത് വല്യ ഇഷ്ടമായി വളരാൻ തുടങ്ങി. ഗ്രാമത്തിലെ കുട്ടികൾ വളരെ പെട്ടെന്ന് അവനുമായി ചങ്ങാത്തത്തിലായി. അവരെല്ലാം ചേർന്ന് അവനുമായി വിവിധതരം കളികളിൽ ഏർപ്പെട്ടു വന്നിരുന്നു. ഇപ്പോഴാകട്ടെ കുട്ടികൾ മിക്ക ദിവസങ്ങളിലും നേരത്തെ ഉണർന്നു അവനെ കാത്തിരിക്കാനും തുടങ്ങി. അവനോടുള്ള ഇഷ്ടം കാരണം കുട്ടികളിൽ ചിലർ സ്കൂളിൽ പോകാൻ പോലും മടിച്ചു നിന്നു. പലതരം കളികൾക്ക് ശേഷമുള്ള അവന്റെ മടക്കയാത്രയിൽ കുട്ടികൾ നൽകുന്ന ഒരോരോ സമ്മാനങ്ങളുമവൻ കാട്ടിലേക്ക് കൂടെ കൊണ്ടുപോയി.
നാളേറെയായില്ല, അതിനിടയിലെപ്പോഴോ കുട്ടികൾ അവന് കുട്ടൻ എന്ന ഓമന പേരിട്ടു. ഗ്രാമീണരിൽ പലരും ആ പേരിട്ടു തന്നെയവനെ വിളിക്കാനും തുടങ്ങി. വൈകുന്നേരങ്ങളിൽ നാലുമണിയ്ക്കുള്ള ചാഞ്ഞവെയിലേറ്റ് പുഴയിൽ കുട്ടികളോടൊപ്പം നാടിളക്കിയുള്ള കുളി കുട്ടന് പതിവായി മാറി. ചില ദിവസങ്ങളിൽ അത് സന്ധ്യയോളം നീണ്ടുപോയി. കുളിക്കിടയിലെ അവന്റെ ചില കാട്ടുകുസൃതികൾ കണ്ടുനിന്ന നാട്ടാരിൽ പലരിലും അതൊക്കെ വലിയ ഉത്സാഹമേറ്റിയതിനാൽ അവരും അവനോടൊപ്പം കൂടാൻ നിർബന്ധിതരായിത്തീർന്നു. വനത്തോട് ചേർന്നുള്ള ഗ്രാമമായതിനാൽ വനം വകുപ്പിന്റെ നിരീക്ഷണമവിടെ ശക്തമായിരുന്നു. അവർ ഈ കാര്യമറിയുകയും അവൻ ഭാവിയിൽ ഒരു വലിയ അപകടകാരിയായേക്കാം എന്ന് കുട്ടികളെ ധരിപ്പിക്കുകയും ചെയ്തു. കുട്ടനെ ഉടനെ കാട്ടിലേക്കു പറഞ്ഞയക്കാൻ പല വിദ്യകളും വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രയോഗിച്ചെങ്കിലും അവന്റെ നാട്ടിലെ പതിവ് ദിനചര്യകളെല്ലാം തന്നെ നിർബാധം തുടർന്നു പോയിക്കൊണ്ടിരുന്നു.
ഇതിങ്ങനെ മുന്നോട്ട് പോകുന്നതിനിടയിൽ പതിവ് തെറ്റിച്ച് കുട്ടൻ ഒരു ദിവസം ഗ്രാമത്തിലേക്ക് വന്നില്ല. കുറെ നാളുകൾക്ക് ശേഷം ഇങ്ങനെയൊരു വാർത്ത വനം വകുപ്പിൽ നിന്നെത്തി. കാട്ടിലെ ആനക്കൂട്ടങ്ങളിൽ നിന്ന് കൂട്ടം തെറ്റി നാട്ടിലെത്തിയ ഒരു കുഞ്ഞു കുട്ടികുറുമ്പനായിരുന്നു കുട്ടൻ. ഇപ്പോൾ തിരിച്ചവൻ ആനക്കൂട്ടത്തിനൊപ്പം ചേർന്നിരിക്കാനാണ് സാധ്യത. പിന്നീടങ്ങോട്ടുള്ള ഒരോ കാടിന്റെ ഇലയനക്കങ്ങളിലും കുട്ടികളും മുതിർന്നവരും അവനെ തെരഞ്ഞുനടന്നു .വാഴക്കുലകളും, പനംപട്ടയും,ശർക്കരയും അവന് നൽകാനായി കരുതി വയ്ക്കുകയും ചെയ്തു.. കുട്ടനും അവന്റെ ചിന്നം വിളിയും പിന്നെ അവന്റേത് മാത്രമായ ചില്ലറ കുസൃതിത്തരങ്ങളും ഇനി ഒരിക്കലും തങ്ങൾക്ക് കാണാനും കേൾക്കാനും കഴിയില്ലായെന്ന് അറിയാമെങ്കിലും ആ ഗ്രാമപ്രദേശം ഒന്നാകെ ആകാംക്ഷയോടെ, കുട്ടനു വേണ്ടി കാത്തിരുന്നു വർഷങ്ങളോളം.
Content Summary: Malayalam Short Story ' Kaadirakkam ' written by Solamon Joseph