ADVERTISEMENT

ഇനിയാണ് വേണ്ടത് നിന്നെ പ്രിയേ.!

ഇരുളായ് തുടങ്ങുമീ വഴിയിലൊരു കൂട്ടായ്.

തോളോടുതോൾ ചേർന്നു നടക്കാം പ്രിയേ.!

പറഞ്ഞു പഴകിയ കടംകഥ പിന്നേയും,

പരിഭവമില്ലാതെ പറഞ്ഞിരിക്കാം

പരസ്പരം ഊന്നുവടികളായ് കൈകോർത്ത്

വീടിന്റെ മുറ്റത്തിരിക്കാം;

നീ നട്ടു വെള്ളമൊഴിച്ചു വളർത്തിയ

നീർമാതളത്തിൻ തണലിലായി.!
 

വേപ്പും, പുളിയും, മാവും, മുരിങ്ങയും,

ഇപ്പോഴും പൂത്തു കായ്ച്ചു നിൽക്കുന്നിതാ.

നീ നട്ട മൂവാണ്ടൻ മാവിലല്ലോമനേ

തേനൂറും മാങ്ങ പഴുത്തു നിൽപൂ

പക്ഷികളൊത്തിരി ചേക്കേറി തിന്നുന്നു.

പക്ഷം വിടർത്തി പറന്നിടുന്നു.

പറക്കാനൊരാകാശമില്ലാത്ത നാമിന്ന്

പെറുക്കാം ഈ മാവിലെ മാമ്പഴങ്ങൾ.
 

മാമ്പൂ കൊഴിഞ്ഞു കരിയുന്ന വേനലും

കത്തി ജ്വലിച്ചു കടന്നു പോയി

സസ്യലതാദികളാഗ്രീഷ്മ കാലത്തെ

സമസ്യ പോലല്ലയോ താണ്ടിയത്.!

എന്നിട്ടും താണ്ടാൻ കഴിയാത്ത ജന്മമായ്,

നമ്മളീ കാലത്ത് മാറിയല്ലോ.!

മക്കളെ കണ്ടും, മാമ്പൂ കണ്ടും

കൊതിക്കല്ലെ എന്നാരോ പണ്ടു ചൊല്ലി.

പഴേ ചൊല്ലിലിന്നും പതിരില്ല എന്നത്

കാലം തെളിയിച്ച നഗ്ന സത്യം.!
 

പൂവില്ലാ, കായില്ലാ, പാഴ്ജന്മമായിതാ

നിൻ മടിത്തട്ടിൽ മയങ്ങുന്നു ഞാൻ.

നിന്റെ കരാംഗുലി തഴുകുമെൻ നെഞ്ചിലെ

താളം പിഴച്ചു തുടങ്ങുന്നുവോ.?

ഒരു നാളിലീ നെഞ്ചിൻ താളം നിലയ്ക്കുകിൽ,

ഈ വഴിയോരത്ത് നീ തനിച്ച്.

വയ്യെന്റെ പെണ്ണേ അതോർക്കുമ്പോളെൻ കണ്ണ്

കാട്ടാറുപോലെ ഒഴുകിടുന്നു.!
 

പെറ്റിട്ട മക്കളെ പോറ്റി വളർത്തിയിട്ടാ മക്കൾ

നമ്മളെ ഇട്ടെറിഞ്ഞു,

പോയതിൽ ദുഃഖിച്ചു കണ്ണീരൊലിപ്പിച്ചു 

മക്കളെ ഒട്ടും ശപിക്കവേണ്ട.

പുഴ പത്തു വഴിയിലൊഴുകിയാലും,

അതു വന്നു ചേരുന്നതല്ലോ കടൽ .!

ആ കടലാകട്ടെ നിന്റെ മനം.

അമ്മ മനസ്സെന്ന ദൈവമനം.!
 

Content Summary: Malayalam Poem ' Naalumani Pookkal ' written by Asees Arakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com