മുള്ളുതറയിലെ ആപ്പിണ്ടി വിളക്ക് – സതീഷ് കളത്തിൽ എഴുതിയ കവിത
Mail This Article
കണ്ണാടിശിലയിൽ... കൃഷ്ണശിലയിൽ,
ആദിപരാശക്തിയായ് വാഴുന്നു;
മലമേക്കരയിലെ ത്രിപുര സുന്ദരി;
മുള്ളുതറയിലെ കരിംകാളി മൂർത്തി!
അവളെൻ മനസിൽ വന്നണയുമ്പോൾ
ഞാനുമൊരു കണ്ണാടിശിലയാകും;
അവൾതൻ തൃക്കൈയിലെ തൃപ്രസാദം
കൊതിക്കുമൊരു കൃഷ്ണശിലയാകും!
കുഭക്കനലുകളിൽ മഞ്ഞിൻപ്പട്ട് ചാർത്തി
അത്തം മിഴി വിടർത്തുമ്പോളവളൊരു
വർണ്ണാഭ പുഷ്പമായ് വിടരും;
സർവാഭരണ ഭൂഷിതയായ് വിളങ്ങും!
മുള്ളുതറയിലെ കളരി മുറ്റത്തു സൂര്യൻ
മഞ്ഞപ്പട്ട് ചാർത്തും പതിനാറാം നാളിൽ
കളരി മുറ്റത്തവൾ, ‘ജീവിത’ യായ് ജനിക്കും;
അവൾക്കായ് ആപ്പിണ്ടി വിളക്കെരിയും!
കുത്തിയോട്ടങ്ങൾക്കിടയിലൂടെ മന്ദമവൾ
മഞ്ചലിൽ നാട് ചുറ്റും, നെല്ലും വാങ്ങും,
ഭക്തരെ നേരിൽപോയി തൃക്കൺ പാർക്കും;
ആഘോഷങ്ങൾക്കൊടുവിലാറാട്ട്
കഴിഞ്ഞെത്തുമ്പോളവളെക്കാത്തൊരു
ആപ്പിണ്ടി വിളക്കായ് ഞാനുമിരിക്കും!
Content Summary: Malayalam Poem written by Satheesh Kalathil