പാരാഗ്ലൈഡിങ് മത്സരം: അവളുടെ മുന്നിലേക്ക് ഒരാൾ പറന്നുവന്നിറങ്ങി, ആദ്യ കാഴ്ചയിലെ പ്രണയം
Mail This Article
ആടിയൊഴുകുന്ന മഞ്ഞുകാറ്റിനപ്പുറത്ത് മലയരുകിലൂടെ ഓടി ഇറങ്ങുന്ന കോളജ് ബസിന്റെ മഞ്ഞനിറം കണ്ടതും ചില്ലു ജാലകത്തിനരുകിൽ നിന്നും വൈഷ്ണവി ഞെട്ടിത്തിരിഞ്ഞ് ഹോസ്റ്റലിന്റെ താഴത്തെ നിലയിലേക്ക് പടികൾ ഓടിയിറങ്ങി. "ഇന്ന് സ്ട്രൈക്കല്ലേ.. എന്തിനായീ പെടക്കണേ..?" പടികളിലെ ടൈലുകളിൽ ചെരുപ്പുകൾ തട്ടിത്തെറിപ്പിച്ച കട കട ശബ്ദത്തേക്കാൾ ഉച്ചത്തിൽ രേവതിയുടെ ശബ്ദം പ്രതിധ്വനിച്ചു. അവൾക്ക് മറുപടി കൊടുക്കാതെ ഓടുന്ന വൈഷ്ണവിയുടെ തിടുക്കം, ബസ്സ് കോളജ് കമാനം കടന്ന് വരുന്നതിനു മുമ്പേ ക്യാംപസിലെത്താനാണ്! ബസ്സുകൾ മൈതാനത്തിൽ എത്തി നിർത്തി കുട്ടികൾ ഇറങ്ങി നടക്കുമ്പോൾ തൽക്കാലം രൂപപ്പെടുന്ന തിരക്കിനിടയിലൂടെ നടക്കാൻ വൈഷ്ണവിക്ക് വലിയ ഇഷ്ടമാണ്. സമരത്തിന്റെ നോട്ടീസുമായി പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് കയറാൻ കാത്തുനിൽക്കുന്ന യൂണിയൻ നേതാക്കൾക്ക് മുമ്പിലൂടെ ഫസ്റ്റവർ ക്ലാസ്സെടുക്കാൻ പാഞ്ഞുപോകുന്ന ഗസ്റ്റ് ലക്ചറർമാ൪ വിളറിയ ചിരിയെറിഞ്ഞു. നീണ്ട വരാന്തയും കഴിഞ്ഞ് ക്ലാസ് മുറിയിലേക്ക് തിരിയാറായപ്പോഴേക്ക് തന്നെ സ്ട്രൈക്ക് ഓൺ.. സ്ട്രൈക്ക് ഓൺ.. വിളി മുഴങ്ങി കഴിഞ്ഞിരുന്നു. അടക്കി വെച്ചിരുന്ന സന്തോഷം പുറത്തേക്ക് കവിഞ്ഞു ചിതറിയതു പോലെ വൈഷ്ണവി ഉറക്കെ ചിരിച്ചു കൂമ്പി.
നീണ്ടമണി ഒച്ചയ്ക്ക് ശേഷം കോളജ് വിടുകയാണെന്ന അറിയിപ്പിനൊപ്പം എല്ലാ ക്ലാസ് മുറികളിൽ നിന്നും ഒരുമിച്ചിറങ്ങിവരുന്ന വിദ്യാർഥികൾക്കിടയിൽ നിന്ന് കൂട്ടത്തിൽ ചുറ്റിത്തിരിഞ്ഞ്. നീണ്ടവരാന്തയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പൂര തിരക്കിൽ വൈഷ്ണവി അലിഞ്ഞുചേർന്നു. കോളജ് മുറ്റത്തെ പുൽതകിടിയിലെ ഇരുമ്പ് ബെഞ്ചിൽ മുഖമമർത്തി ഇരിക്കുമ്പോൾ, ബോയ്സ് ഹോസ്റ്റലിലേക്കും സമീപ പ്രദേശങ്ങളിലേക്കും മടങ്ങിപ്പോകുന്ന കോളജ് ബസ്സുകൾ മലയിറങ്ങുന്നത് വൈഷ്ണവി കണ്ടു. നടന്നു മടങ്ങുന്ന അവസാനത്തെ ചിലരും കണ്ണിന് മറഞ്ഞുകഴിഞ്ഞപ്പോൾ ഇളം കാറ്റു വന്നു അവളുടെ മുടിയിഴകളെ തഴുകി തുടങ്ങി. അകലെ മൈതാനത്ത് വെള്ളയുടുപ്പണിഞ്ഞ് ക്രിക്കറ്റ് കളിക്കുന്നവരെയും കടന്ന് വൈഷ്ണവി വെറുതെ നടന്നു. മൺപാത അവസാനിക്കുന്നിടത്ത് മൊട്ടക്കുന്നുകൾ ഉയർന്നുനിൽക്കുന്നു. ഇളംകാറ്റിൽ, പുൽനാമ്പുകൾ ഒരുമിച്ചാടിയുലയുന്നിടത്തൊരിടത്ത് അവൾ ഇരുന്നു. കാറ്റിനൊപ്പം കോടമഞ്ഞിറങ്ങി അവളുടെ അരികത്തു വന്നു നിറഞ്ഞു. കവിളിലിക്കിളിയിടുന്ന അളകങ്ങൾ നീണ്ട വിരലുകളാൽ അവൾ കോതി ഒതുക്കി വെച്ചു. പെട്ടെന്നാണ്, ആകാശത്തു നിന്ന് ഒരു വലിയ വർണ്ണക്കുട അവളുടെ അരികിൽ വന്നു പതിച്ചത്. കാറ്റഴിഞ്ഞുപോയ ബലൂണുകൾ പോലെ ഇതളുകൾ പതിയുന്ന കുടയുടെ കയറുകൾ അഴിച്ചുമാറ്റി പതുക്കെ ഒരാൾ അതിനടിയിൽ നിന്നും എഴുന്നേറ്റു വന്നു. ഹെൽമെറ്റും ഷർട്ടിനു മീതെ തിളങ്ങുന്ന കുങ്കുമനിറ ജാക്കറ്റുമണിഞ്ഞ ആ ചെറുപ്പക്കാരൻ തന്റെ മുമ്പിൽ വിടർന്ന കണ്ണുകളോടെ നിൽക്കുന്ന പെൺകുട്ടിയെ കണ്ട് തെല്ലൊന്ന് അമ്പരന്നു പോയി.
"കോളജ് വരെ വന്നോ..?"അയാൾ സ്വയം പറഞ്ഞു. പിന്നെ വൈഷ്ണവിയോട് ചോദിച്ചു: "വെള്ളമുണ്ടോ.. കുടിക്കാൻ?". ഹാൻഡ് ബാഗിൽ നിന്നും വാട്ടർ ബോട്ടിൽ എടുത്ത് അവൾ അയാൾക്ക് നീട്ടി. ഇളം ചൂടുവെള്ളം അയാൾ വായിലേക്ക് ഉയർത്തി ഒഴിച്ച് കുടിച്ചു. ഹെൽമറ്റ് അഴിച്ചുമാറ്റി ബാക്കി വെള്ളം തലയിലേക്കും മുഖത്തേക്കും അയാൾ ഒഴിച്ചു. ഒഴുകിയിറങ്ങിയ വെള്ളം താടിരോമങ്ങളിലൂടെ ജാക്കറ്റിലേക്ക് ഇറ്റിറ്റു വീണു.. വൈഷ്ണവിയുടെ എതിർവശത്തായി അയാളിരുന്നു. പോക്കറ്റിൽ നിന്നും ചെറിയ ഫോൺ എടുത്തു ഡയൽ ചെയ്തു: "സിജോ... കാറ്റു കൂടുതലാണ്... ദിശ മാറി ഇങ്ങു പോന്നു. നീ കോളജ് ഗ്രൗണ്ടിലേക്ക് വാ.. ഇവിടെ വന്നു വീണു.. വണ്ടി കൊണ്ടുവാ.. ഇല്ല കുഴപ്പമൊന്നുമില്ല... "പാരാഗ്ലൈഡിങ്ങിന് കോടമഞ്ഞ് ഒരു പ്രശ്നമാണ്.." ഫോൺ ഓഫ് ചെയ്തിട്ട് അയാൾ വൈഷ്ണവിയോട് പറഞ്ഞു. അവൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ്. "താൻ ഒറ്റയ്ക്ക് ഈ കാട്ടിൽ എന്തെടുക്കുകയാ? അയാൾ ചോദിച്ചു. സ്ട്രൈക്ക് ആയിരുന്നു. അതാ... ചുമ്മാ വന്നിരുന്നതാ... അയാൾ ചിരിച്ചു. വൈദഗ്ധ്യത്തോടെ ഗ്ലൈഡർ ചുരുക്കി കയറുകൾ മടക്കി ഒതുക്കി അയാൾ ചുമലിൽ തൂക്കിയപ്പോഴേക്കും സൈലൻസർ ഇല്ലാത്ത രണ്ട് ബൈക്കുകൾ കോളജ് ഗ്രൗണ്ടിലേക്ക് പാഞ്ഞു വന്നു. അയാൾ വീണ്ടും ഫോൺ ഡയൽ ചെയ്തു: "ഇവിടെ ഗ്രൗണ്ടിന് മോളിലാ.. ഈ പുല്ല് മൊട്ടയിൽ... ഞാൻ ഇറങ്ങി വരാം.. വേണ്ട വേണ്ട.. വരണ്ട.. ഞാൻ ദേ ഇറങ്ങി..." "ഞാൻ പോട്ടെ...?" അയാൾ വൈഷ്ണവിയോടായി ചോദിച്ചു. മറുപടിക്ക് കാത്തുനിൽക്കാതെ പുല്ലുകൾ വകഞ്ഞുമാറ്റി അയാൾ താഴേക്ക് ഇറങ്ങി തുടങ്ങി. അമ്പരപ്പ് മാറാത്ത കണ്ണുകളോടെ വൈഷ്ണവി നോക്കിനിൽക്കുകയാണ്. വീണ്ടും വന്ന ചെറുകാറ്റ് അവളുടെ മുടിയിഴകളെ ഇളക്കിത്തുടങ്ങി. പെട്ടന്ന് നിന്ന് അയാൾ ചോദിച്ചു "എന്താ പേര്..? ഞാൻ ചോദിക്കാൻ മറന്നു...!" അവൾ ഒന്നും മിണ്ടാതെ നിന്നു. അവളുടെ കണ്ണുകളെ നേരിടാൻ കഴിയാത്തതുകൊണ്ടാവണം ചെറു ചമ്മലോടെ ഒന്നു ചിരിച്ചിട്ട് അയാൾ വീണ്ടും താഴേക്ക് ഇറങ്ങാൻ തുടങ്ങി.
ലാസ്റ്റവറിന് തൊട്ടുമുമ്പുള്ള ക്ലാസ്സിൽ ലെക്ച്ചർ അവസാനിപ്പിച്ച് ഇന്ദു മിസ്സ് ക്ലാസ് മുറിയിൽ നിന്നും ഇറങ്ങിയതേ കുട്ടികളെല്ലാവരും പുറത്തേക്ക് ഇരമ്പി. വൈഷ്ണവിക്ക് ബെഞ്ചിൽനിന്ന് എഴുന്നേൽക്കാനേ തോന്നിയില്ല. പിന്നെ പതുക്കെ എഴുന്നേറ്റ് വരാന്തയിലെ തിരക്കിൽ നിന്നൊഴിഞ്ഞ് കാന്റീൻ പടികളിറങ്ങി പിന്നിലെ ഇടുക്കു വഴിയിലൂടെ കോളജിന്റെ പുറകുവശത്ത് ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്കു അവൾ നടന്നിറങ്ങി. ബൈക്കുകളുടെ നിരയുടെ അങ്ങേത്തലയ്ക്കൽ തനിച്ചു നിന്നിരുന്ന ആ ചെറുപ്പക്കാരന്റെ മുഖത്ത് തന്നെ കണ്ടതും അമ്പരപ്പ് പരക്കുന്നത് വൈഷ്ണവി കണ്ടു. "കോളജ് വിട്ടിട്ട് മുൻവശത്തേക്ക് വരാമെന്നു കരുതി ഞാൻ ഇവിടെ മാറി നിൽക്കുകയായിരുന്നു..." അയാൾ പറഞ്ഞു. ആശ്ചര്യത്തിൽ വൈഷ്ണവിയുടെ കണ്ണുകൾ വിടർന്നു. പെട്ടെന്ന് വീശിയടിച്ച കാറ്റിൽ അവളുടെ നീളന്‍ മുടിയിഴകൾ പാറിയാടി. "എനിക്കിന്നലെ ഉറങ്ങാനേ കഴിഞ്ഞില്ല.." അയാൾ തുടർന്നു: "താനില്ലാതെ എനിക്കിനി ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. ഇതിനു മുമ്പൊരിക്കലും ഇങ്ങനെയൊന്നും തോന്നിയിട്ടില്ല.. ഇന്നലെ തന്നെ കണ്ടതിനുശേഷം.. ഞാൻ.." അയാൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വർണ്ണ ബലൂണിൽ നിന്നും കാറ്റഴിഞ്ഞു പോകുന്നതുപോലെ തന്റെ ഭാരം കുറഞ്ഞു പോകുന്നതായി വൈഷ്ണവിക്ക് തോന്നി. ഇന്റർവെൽ അവസാനിച്ചു എന്ന മണിയൊച്ചയാണ് അവൾക്ക് തുണയായത്. അയാളോട് ഒന്നും മിണ്ടാതെ വൈഷ്ണവി ക്ലാസിലേക്ക് തിരിഞ്ഞോടി. എത്ര നാളുകൾ കഴിഞ്ഞിട്ടാണ് ഇന്നീ ഇടവഴിയിലൂടെ കാറിന്റെ പുറത്തിറങ്ങിയത് - ഇതിലേയൊന്നും വരാറും കൂടിയില്ല.. അന്ന് ആകാശത്തുനിന്ന് പൊട്ടി വീണു മുമ്പിൽ വന്നതുപോലെ ഇന്നും വന്നു നിൽക്കുന്നു- മുമ്പിൽ! അയാളുടെ കണ്ണുകളിലെ തീക്ഷ്ണതയാണ്, വാക്കുകളിലെ മൂർച്ചയാണ് വൈഷ്ണവിയുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിച്ചത്. പിന്നെ ക്ലാസ് മുറിയിൽ എന്താണ് നടക്കുന്നത് എന്നൊന്നും അവൾക്കു ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.. മൂടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്നതുപോലെ...
രാവിലെ, രേവതി വിളിച്ചിട്ടാണ് വൈഷ്ണവി ഉണർന്നത്. ഉറക്കം മതിയായില്ല. രാത്രി വൈകിയാണ് ഉറക്കം വന്നത്. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞപ്പോൾ അവൾ തിരഞ്ഞു എങ്കിലും അയാളെ എവിടെയും കണ്ടിരുന്നില്ല. തീരാത്ത അങ്കലാപ്പ് ഉറക്കം കടത്തുകയാണ്. വിചാരിക്കാതിരിക്കുമ്പോൾ അയാൾ എവിടെയെങ്കിലും കയറിവന്നു കളയുമോ എന്നൊരു ആശങ്കയാണ് എല്ലാ താളപ്പിഴകൾക്കും കാരണമാകുന്നത്. മെസ്സ് ടൈം കഴിയാറായതുകൊണ്ട് വൈഷ്ണവിക്ക് കുളിക്കാതെ പോയി പ്രഭാത ഭക്ഷണം കഴിക്കേണ്ടിയുംവന്നു. കോളജ് ബസുകൾ വന്ന് എല്ലാവരും ഇറങ്ങി കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോഴാണ് വൈഷ്ണവി കാമ്പസ്സിൽ എത്തിയത്. ഇളംകാറ്റിൽ തണൽ മരങ്ങൾ ഇലകൾ പൊഴിക്കുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകൾ എല്ലായിടവും പരതുന്നുണ്ടായിരുന്നു. നീളൻ വരാന്തയിലൂടെ നടക്കുമ്പോൾ ചെരുപ്പുകൾ ശബ്ദമുണ്ടാക്കാതിരിക്കുവാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്ലാസ്സ്മുറിയിൽ, മലമുകളിൽ നിന്നും മൂടൽമഞ്ഞ് ഇറങ്ങി വന്ന് വൈഷ്ണവിക്കരുകിലെ ചില്ലു ജാലകത്തിൽ തട്ടി നിന്നു. ജനൽപാളി ചെറുതായി തുറന്നുവച്ച് മഞ്ഞലകളെ അവൾ ക്ലാസ്സ്മുറിയിലേക്ക് കയറ്റിവിട്ടു.. മുറിയിലാകെ മൂടൽമഞ്ഞു നിറഞ്ഞു. നനഞ്ഞ ഒരു കിളിക്കുഞ്ഞിനെ പോലെ അവൾ ആ തണുപ്പിലൊളിച്ചു. നിലാവുപോലെ വെളിച്ചം വീഴുന്ന വിളക്കിന്റെ കീഴിൽ, കോഫി ഷോപ്പിലിരുന്ന് വൈഷ്ണവി ചൂട് കോഫി നുണഞ്ഞു. വലിയ കപ്പിൽ നീണ്ട നഖങ്ങൾ ഉള്ള വിരലുകൾ ചേർത്തുകോർത്ത് പിടിച്ച് അവൾ കൈകൾക്ക് ചൂട് പകർന്നു. വൈകുന്നേരം, ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ കോളജ് കമാനത്തിനരികിൽ അയാൾ ബൈക്കുമായി കാത്തുനിൽക്കുകയായിരുന്നു. "വരൂ.. ഒരു കാപ്പി കുടിച്ചിട്ട്... ഞാൻ തന്നെ കൊണ്ടുവന്നു വിടാം..." അയാൾ ക്ഷണിച്ചു. ഒന്നും മിണ്ടാതെ വൈഷ്ണവി കുറേനേരം അയാളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു. അയാൾ നോട്ടം മാറ്റിയപ്പോൾ, അവൾ സാവധാനം അയാളുടെ ബൈക്കിനു പിന്നിൽ കയറിയിരുന്നു. ഒരു ജേതാവിന്റെ കുതിപ്പോടെ അയാൾ ബൈക്ക് പായിച്ചപ്പോൾ, പറന്നുയരാതിരിക്കാനെന്നോണം വൈഷ്ണവി അയാളെ ചുറ്റി പുണർന്നു.
കോഫി ഷോപ്പിന്റെ നാലുചുവരുകൾക്കുള്ളിലും അയാൾക്ക് ഒതുങ്ങി ഇരിക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല. തല ഇളക്കി ഉള്ള സംസാരവും ഇരിപ്പുറക്കാത്ത ചലനങ്ങളും കൈകൾ വീശിയെറിയുന്ന രീതിയുമെല്ലാം വൈഷ്ണവിയുടെ കണ്ണുകളിൽ കൗതുകം വർധിപ്പിച്ചു കൊണ്ടേയിരുന്നു. താമസിയാതെ നടക്കാനിരിക്കുന്ന പാരാഗ്ലൈഡിങ് കോമ്പറ്റീഷനെ കുറിച്ച് അയാൾ വാചാലനായി. അത് വിൻ ചെയ്യണം. ഇവിടം ശ്രദ്ധിക്കപ്പെടുന്ന ഒരു പാരാഗ്ലൈഡിങ് ഹബ്ബ് ആക്കണം. ഒരു ട്രെയിനറായി ടൂറിസത്തോടൊപ്പം ഉയരങ്ങളിലേക്ക് പറക്കണം.. അതിരില്ലാത്ത അയാളുടെ ആഗ്രഹങ്ങളെ വൈഷ്ണവി തന്നോട് ചേർക്കുകയായിരുന്നു, അപ്പോൾ. തിരികെ അയാളോടൊപ്പം ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ വൈഷ്ണവിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. അയാളോട് ചേർന്നിരിക്കുന്നത് അവൾക്ക് മതിയായില്ലായിരുന്നു. അയാളുടെ മുതുകിൽ അവൾ മുഖം ചേർത്തു വെച്ചിരുന്നു. ഹോസ്റ്റലിന്റെ പടിക്കെട്ടുകൾ മെല്ലെ കയറുമ്പോൾ തുറിച്ചുനോട്ടങ്ങളുടെ മൂർച്ചയിൽ ഒരു നനഞ്ഞ പക്ഷിക്കുഞ്ഞായി വൈഷ്ണവി മുറിവേറ്റു. എങ്ങോട്ടെങ്കിലും പറന്നു പോകണം എന്ന് അവൾക്ക് തോന്നി. "എന്നെ എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ടു പോകൂ.." വൈഷ്ണവി അയാളോടൊരിക്കൽ പറഞ്ഞു. മലയരിഞ്ഞ് വീതികൂടിയ വഴിയരികിലെ വിശാലമായ കാണാ കാഴ്ചകളിലേക്ക് ഒരു ദിവസം അയാൾ അവളെ കൂട്ടിക്കൊണ്ടുപോയി. പിന്നിലൂടെ അവളെ തന്നോട് ചേർത്തു പിടിച്ച് അഗാധങ്ങളിലെ താഴ്‌വരകളിലേക്ക് മൂടൽമഞ്ഞ് ഇറങ്ങി പരക്കുന്നത് അയാൾ അവൾക്ക് കാണിച്ചു കൊടുത്തു. അവളെയും കൂട്ടി കൊണ്ട് താഴ്‌വരയിലേക്ക് പറക്കാൻ തനിക്ക് കൊതിയുണ്ട് എന്ന് അയാൾ അവളോട് പറഞ്ഞു. വഴിയരുകിൽ വർണ്ണക്കുട വിടർത്തി വെച്ച് അതിനടിയിൽ ഇരുന്ന് ചായ വിൽക്കുന്ന തമിഴത്തി അവർക്ക് ചൂടുചായ പകർന്നു നൽകി. ചേർന്നുനിന്ന് ബൈക്കിൽ ചാരി നിന്ന് അവർ ചായമൊത്തി കുടിച്ചു. ഇളംകാറ്റിൽ വർണ്ണക്കുടയുടെ തൊങ്ങലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
രണ്ടുമൂന്നു വട്ടം ചിറകുകൾ ദൃഢം ആകാതെ, പറന്നുയരാൻ കഴിയാതെ അയാൾ നിരാശനായപ്പോൾ സിജോയ്ക്ക് ദേഷ്യമാണ് വന്നത്. "നിന്റെ ശ്രദ്ധ ഒക്കെ എവിടെയാ പോകുന്നത്...? കാറ്റ് ശരിയാകാഞ്ഞിട്ടാ... ഗ്രിപ്പ് കിട്ടുന്നില്ല... അയാൾ ന്യായീകരിക്കുവാൻ ശ്രമിച്ചപ്പോൾ സിജോയ്ക്ക് ദേഷ്യം കൂടി: "ടൂർണമെന്റിന് ഇനി നാല് ദിവസം കൂടിയേ ഉള്ളൂ.. കാറ്റ്..." ശബ്ദമടക്കി അയാൾ ഒരു ചീത്ത വിളിച്ചു. "നീ വിൻ ചെയ്തില്ലെങ്കിൽ, നമ്മുടെയൊക്കെ സ്വപ്നങ്ങൾ എല്ലാം അതോടുകൂടി അങ്ങ് തീരും.." ഒരു ദീർഘ നിശ്വാസത്തിനു ശേഷം സിജോ തുടർന്നു: "അനന്ദു.. നിനക്ക് കഴിയും.. നിനക്കേ കഴിയൂ.. എണീക്കെടാ.." അയാളുടെ ശബ്ദമിടറി. ഇരുകൈകളിലെയും കയറുകൾ കൂട്ടിപ്പിടിച്ച് തോളുകൾ വല്ലാതൊന്നുലച്ച് അയാൾ പറന്നുയർന്നു. വീശിയടിച്ച കാറ്റിൽ തെന്നിതെന്നി അയാൾ ആകാശത്തേക്ക് ഉയർന്നു. പുറകോട്ടു മാറിയ സിജോ വാക്കിടോക്കിയിലൂടെ പിന്നെയും എന്തെല്ലാമോ പറഞ്ഞു കൊണ്ടേയിരുന്നു.
വേദിയിൽ എംഎൽഎ പ്രസംഗിക്കുകയാണ്. മന്ത്രി വരേണ്ടിയിരുന്ന ചടങ്ങാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വന്നിരിക്കുന്ന പാരാഗ്ലൈഡേഴ്സിന് താമസസ്ഥലം കാണിച്ചുകൊടുക്കുന്ന ജോലിയിലായിരുന്നു സിജോ. യുവജനക്ഷേമ മന്ത്രിയുടെ ആശംസാ വാചകം വായിച്ചപ്പോൾ സദസ്സിൽനിന്ന് കൈയ്യടിയുയർന്നത് അനന്തുവിന്റെ പേര് പരാമർശിച്ചപ്പോഴാണ്. അഡ്വഞ്ചർ ടൂറിസത്തിന് ഹബ്ബായി ഇവിടം മാറാൻ പോകുകയാണെന്ന് എംഎൽഎ കത്തിക്കയറിയപ്പോൾ, പെട്ടെന്ന് അനന്തുവിന് വൈഷ്ണവിയെ ഒന്ന് കാണണമെന്ന് തോന്നി. മോഡൽ പരീക്ഷയുടെ ചൂടിൽ ആയിരുന്നതിനാൽ അവൾ ഫോൺ ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. സംഘാടകരുടെ ശ്രദ്ധയിൽപ്പെടാതെ അയാൾ ബൈക്ക് എടുത്ത് കോളജിലേക്ക് പാഞ്ഞു. നിനച്ചിരിക്കാത്ത നേരത്ത് കോളജിലേക്ക് പറന്നുവരുന്ന അനന്തുവിന്റെ ബൈക്ക് ഒന്നാം നിലയിലെ ചില്ലു ജാലകത്തിലൂടെ കണ്ട വൈഷ്ണവിക്ക് ഒരു നൊടി ശ്വാസം നിലച്ചതുപോലെ തോന്നി. വായിച്ചുകൊണ്ടിരുന്ന തടിയൻ പുസ്തകം തട്ടിമാറ്റി, പടിക്കെട്ടുകളിൽ കടകട ശബ്ദം തെറിപ്പിച്ചു കൊണ്ട് അവൾ കോളജിലേക്ക് ഓടി ഇറങ്ങി. സ്റ്റഡി ലീവ് ആയിരുന്നതിനാൽ ഒട്ടും തിരക്കില്ലായിരുന്ന ക്യാംപസിന്റെ ഒത്തനടുക്ക് തന്നെ അയാൾ ബൈക്ക് നിർത്തി. "നാളെയല്ലേ ടൂർണമെന്റ്..? നീ എന്തിനാണ് ഇപ്പോ വന്നേ...?" വൈഷ്ണവി കിതച്ചു. "നിന്നെ ഒന്ന് കാണാൻ തോന്നി..." അയാൾ പുഞ്ചിരിച്ചു. "ഞാനും വരുന്നു നിന്റെ കൂടെ..." അവൾ ചിണുങ്ങി. "വേണ്ട വേണ്ട.. നിന്റെ പരീക്ഷ.. പോയിരുന്നു പഠിച്ചോ.." "രാവിലെ എനിക്ക് പറക്കണം..." പെട്ടെന്ന് ഫോൺ മുഴങ്ങി. സിജോ യാണ്..! അയാൾ ഫോൺ കട്ട് ചെയ്തു. "അപ്പൊ ഇനി കപ്പുമായി കാണാം.." അനന്ദു ബൈക്ക് സ്റ്റാർട്ട് ചെയ്തു. അയാൾ താഴേക്ക് പാഞ്ഞിറങ്ങുമ്പോൾ വൈഷ്ണവിയുടെ മുടിയിഴകളിൽ കാറ്റു പിടിച്ചു. തണുപ്പു കാറ്റിൽ അവൾ കൂമ്പിനിന്നു..
കാലാവസ്ഥ ഏറ്റവും അനുകൂലമായതിൽ സന്തോഷവാനായത് അനന്ദുവായിരുന്നു. ഒരു വെള്ള മേഘക്കീറു പോലുമില്ലാത്ത തെളിഞ്ഞ നീലാകാശം. എല്ലാ ദിക്കുകളും, മലയരുകുകളിലെ കാറ്റോട്ടത്തിന്റെ ദിശകളും അയാൾക്ക് ഹൃദിസ്ഥമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും അനന്തുവിന്റെ മനസ്സിലുണ്ടായിരുന്നില്ല. മിതമായ കാറ്റിൽ ചിറകുകൾ നിവർത്തി ദൃഢമാക്കുകയാണ് എട്ടോളം മത്സരാർഥികൾ. അനന്തു ആകാശത്തിലൂടെ തെന്നി പറക്കുന്ന ഒരു പറവ ആയി മാറിയിരിക്കുന്നു. ഉയരങ്ങളിൽ നിന്നും അയാൾ ഭൂമിയെ നോക്കി ആർത്തുവിളിച്ചു. സിജോ വാക്കിടോക്കിയിലൂടെ ഉത്സാഹത്തിന്റെ വാക്കുകൾ മാത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ്. എങ്ങും പരന്ന പച്ചനിറത്തിനിടയിൽ മൂന്നോ നാലോ വർണ്ണകുടകൾ കൂടെ താഴെ വിരിഞ്ഞിരിക്കുന്നത് അയാൾക്ക് കാണാം. ഫ്ലവർ ഗാർഡൻ.. റെസിഡൻഷ്യൽ സ്കൂൾ.. സ്പോർട്സ് ഗ്രൗണ്ട്... ഡാം റിസർവോയർ.. എല്ലാം വ്യക്തമായി കാണാം. അങ്ങകലെയായി മലയരുകത്തായി വൈഷ്ണവിയുടെ കോളജും അനന്തു കണ്ടു. ഹോസ്റ്റലിന്റെ മട്ടുപ്പാവിൽ നിന്ന് അവൾ കൈ വീശി കാണിക്കുന്നുണ്ടാവുമോ..? അയാളുടെ ഹൃദയം തരളിതമായി. കോളേജിന്റെ കാഴ്ചയിലേക്കു, കൂറ്റൻ പാറയുടെ ചരുവിലേക്കു അനന്തു തെന്നിമാറി. "കീപ് ഡയറക്ഷൻ..." "ടേൺ ലെഫ്റ്റ്..." സിജോയുടെ അങ്കലാപ്പിന്റെ ശബ്ദം അനന്തുവിന്റെ ചെവിയിൽ മുഴങ്ങി. "ഓക്കേ.. ഓക്കേ.." അനന്തുവിനെ ശബ്ദം ചിലമ്പി. വൈഷ്ണവിയെ ഒരുനോക്ക് കാണണമെന്ന് അയാളുടെ മനസ്സ് കൊതിച്ചു. ഗ്ലൈഡർ ഉം മനസ്സിന് ഒത്തു സഞ്ചരിച്ചു തുടങ്ങി.. കൂറ്റൻ പാറ മലയ്ക്കപ്പുറത്തുനിന്നും കോടമഞ്ഞിറങ്ങിവന്നു. ഒപ്പം കാറ്റും. സിജോയുടെ ശബ്ദം മറുതലയ്ക്കൽ എത്താത്ത ദൂരത്തേക്ക് വാക്കിടോക്കിയുടെ തരംഗ പരിധിക്കപ്പുറത്തേക്ക് അയാൾ വലിച്ചിഴക്കപ്പെട്ടു. ഗ്ലൈഡർ വല്ലാതെ ഒന്നുലഞ്ഞു. കനത്ത മൂടൽമഞ്ഞിലേയ്ക്ക് അയാൾ ഊളിയിട്ട് ഇറങ്ങി. അന്ന്, വൈഷ്ണവിയുടെ അടുത്തെത്തിയ നാളിലെ പോലെ താഴേക്ക് പതിക്കുകയാണ്.. കാറ്റിൽ വല്ലാതെ ഉലയുന്നുണ്ട്. ദിശയും വ്യക്തമല്ല. മൊട്ടക്കുന്നിലേയ്ക്ക് ചെന്നിറങ്ങുമ്പോൾ, പുൽമേട്ടിൽ അവൾ ഉണ്ടാകുമോ...? അവളുടെ മുടിയിഴകളിൽ വിരലോടിക്കണമെന്ന് അനന്തുവിന് തോന്നി. മടിയിൽ തലചായ്ക്കാൻ അയാൾക്ക് കൊതിയായി. അതിശക്തമായ വേഗത്തിൽ അനന്തു പാറക്കെട്ടിൽ ചെന്നിടിച്ചു. ഗ്ലൈഡർ തലകീഴായി തെന്നി ചുഴറ്റപ്പെട്ടു. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട അയാൾ ചാട്ടവാറിനറ്റത്തെ ലോഹക്കഷണം പോലെ പാറക്കെട്ടിലേക്ക് വീണ്ടും ശക്തമായി ചെന്നിടിച്ചു.
കോളജ് കമാനം കടന്ന് ക്യാംപസിലേക്ക് പ്രവേശിച്ച പൊലീസ് റെസ്ക്യൂ വാഹനങ്ങളിൽനിന്ന് രക്ഷാപ്രവർത്തകർ മലയിടുക്കിലേക്ക് ഓടിക്കയറി. അത്യധ്വാനത്തിനൊടുവിൽ പോളിത്തീൻ ബാഗിൽ വാരിക്കൂട്ടിയ ശരീരഭാഗങ്ങളുമായി അവർ മലയിറങ്ങുമ്പോൾ കോളജ് റോഡിലാകെ വാഹനങ്ങൾ തിരക്ക് കൂട്ടുകയായിരുന്നു. ഹോസ്റ്റലിലെ ചില്ലുജാലകങ്ങളെ വിറപ്പിച്ച വൈഷ്ണവിയുടെ ആർത്തനാദം ഒടുങ്ങും മുമ്പേ, കോളജിലേക്ക് പ്രവേശിച്ച കാറിൽ അവളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. വൈഷ്ണവിയെ കയറ്റിയ കാർ അവളുടെ വീട്ടിലേക്ക് മടങ്ങുമ്പോഴേയ്ക്കും മൂടൽമഞ്ഞ് ക്യാംപസിലെ പുൽനാമ്പുകളെ തൊട്ട് തലോടുവാൻ തുടങ്ങിയിരുന്നു. കാറ്റുണ്ടായിരുന്നില്ല, വൈഷ്ണവിയുടെ കണ്ണുകളെ അഭിമുഖീകരിക്കാൻ ഭയപ്പെട്ടതുകൊണ്ടായിരിക്കണം.
Content Summary: Malayalam Short Story written by Satheesh O. P.