' അന്ന് നാട്ടുകാരും പൊലീസും ചോദിച്ച ഒരു നൂറ് ചോദ്യങ്ങളുണ്ട്, അതിൽനിന്നു രക്ഷപ്പെടാനാണ് ഞാൻ ഇവിടംവിട്ടു പോയത്..'
Mail This Article
അപ്രതീക്ഷിതമായാണ് ആ ഗെറ്റ് ടുഗതറിനിടയിലേക്ക് അനസൂയ കടന്ന് വന്നത്. 2001ലെ കോട്ടപ്പാറ സ്കൂളിലെ പത്താംതരത്തിനിടയിൽ നിന്നും ടി.സി വാങ്ങിപ്പോയ അവളെ ഞാൻ പിന്നീട് നേരിൽ കാണുന്നത് ഇന്നാണ്. വളരെ പെട്ടെന്ന് തന്നെ അവൾ മൈക്കെടുത്ത് സംസാരിച്ചു തുടങ്ങി 'ഓർമ്മയുണ്ടോ..?' അവളുടെ ആ ചോദ്യം മുഴുവൻ പേരെയും ഒരൊറ്റ ഉത്തരത്തിലേക്ക്.. ഒരൊറ്റ ഓർമ്മയിലേക്ക് തിരികെ കൊണ്ടുപോയി. അത് അവൾക്കും നന്നായി അറിയാം എന്നിട്ടും അവൾ തുടർന്നു. 'അല്ലെങ്കിലും ആ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരമില്ലലോ അല്ലേ..! ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ഏത് രീതിയിൽ ഓർത്തെടുക്കുന്നു എന്നത് അയാൾക്കല്ലാതെ മറ്റൊരാൾക്ക് എങ്ങനെയാണ് അറിയുക. ഉദാഹരണത്തിന് എന്നെ ഉണ്ണി എങ്ങനെ ഓർക്കുന്നു എന്നത് എനിക്കറിയില്ലലോ ഉണ്ണിക്ക് മാത്രം അറിയാവുന്ന കാര്യമല്ലേ അത്.. അല്ലേ ഉണ്ണി..!'
മുഴുവൻ പേരുടെയും ഓർമ്മകൾ ഒരു നിമിഷത്തേക്ക് പത്താം ക്ലാസുകാരി അനസൂയയിൽ നിന്നും പത്താം ക്ലാസിലെ ഉണ്ണിയിലേക്കും അനസൂയയിലേക്കും ഓടിയിട്ടുണ്ടാകും. കുറച്ച്നേരം മൗനമായി അവളങ്ങനെ നിന്നു.. അവൾ ഇനിയെന്ത് പറയും എന്നോർത്ത് എന്റെയുൾപ്പെടെ ബഹുഭൂരിപക്ഷം പേരുടെയും നെഞ്ചിടിപ്പ് വർധിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. പക്ഷെ അവൾ അത് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പറഞ്ഞ് തീർത്തു.
'ഓർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് നിങ്ങളുടെ മുഴുവൻ പേരുടെയും മുഖങ്ങളിൽ നിന്ന് ഒരേ ഉത്തരമാണ് എനിക്ക് ലഭിച്ചത്. പത്താംതരത്തിലെ യുവജനോത്സവത്തിനിടയിൽ ഓഫീസ് സ്റ്റാഫ് വേണു പീഡിപ്പിച്ച് നാടുവിട്ട അനസൂയ' മുഴുവൻ പേരുടെയും നിശബ്ദത അനസൂയയെ ബാധിച്ചതേയില്ല. അവൾ തുടർന്നു, 'വർഷം 21 കഴിഞ്ഞിട്ടും ഓർക്കാൻ ഒത്തിരി ഓർമ്മകൾ നമുക്കെല്ലാവർക്കിടയിലും ഉണ്ടായിട്ടും, നല്ല ഒത്തിരി ഓർമ്മകളുടെ മുകളിലേക്ക് നിങ്ങളൊക്കെ മോശം ഓർമ്മകൾ കൊണ്ടുവെച്ച് എന്നെ ഓർത്തെടുക്കുന്നു. നിങ്ങളെയാരെയും ഞാൻ കുറ്റം പറഞ്ഞതല്ല കാരണം അതിന് ശേഷം നമ്മൾ വീണ്ടും സംസാരിക്കുന്നത് ഇന്നാണ്. അന്ന് മാഷന്മാരും നാട്ടുകാരും പൊലീസുമൊക്കെ ചോദിച്ച ഒരായിരം ചോദ്യങ്ങളുണ്ട്. അന്ന് ആ ചോദ്യങ്ങളെ താങ്ങാനാവാതെയാണ് സ്കൂൾ മാറി പോയത്. പക്ഷെ ഇന്ന് അതിനൊക്കെ ഉത്തരം തരാൻ മനസ്സ് പാകപ്പെട്ടിരിക്കുന്നു.' അവളൊരു പ്രസംഗം പോലെ തുടരുകയായിരുന്നു. ഞാനടക്കം മുഴുവൻ പേരും ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു.
'നിങ്ങൾക്ക് അതൊന്നും അറിയേണ്ടെന്ന് എനിക്കറിയാം. എങ്കിലും ഞാൻ അത് ഇന്ന് ഇവിടെ പറഞ്ഞവസാനിപ്പിക്കുന്നു. കാരണം, നമുക്ക് വീണ്ടും കാണണം ചിരിക്കണം സ്നേഹിക്കണം...! അത് നിങ്ങളറിഞ്ഞാൽ മാത്രമേ എനിക്ക് നിങ്ങൾക്കിടയിൽ പഴയ ആ അനസൂയ ആകാൻ സാധിക്കുകയുള്ളു. വേണു ചേട്ടൻ എന്നെ കെട്ടിപ്പിടിച്ചു ചുംബിക്കാൻ ശ്രമിച്ചു.. ആ ഇറുക്കി പിടുത്തത്തിൽ നിന്ന് കുതറി ഓടാൻ ഞാൻ നടത്തിയ ശ്രമവും ശബ്ദവും കേട്ട് വന്ന ചിലർ ആ കഥയ്ക്ക് എരിവും പുളിയും നൽകി. വേണു ചേട്ടൻ ചെയ്തത് ചെറുത് എന്നൊന്നുമല്ല ഞാൻ പറഞ്ഞുവരുന്നത് പീഡനം തന്നെയാണ്. നിങ്ങൾക്കറിയാമോ നമ്മുടെ ലോകത്ത് പീഡിപ്പിക്കപ്പെടാത്ത സ്ത്രീകൾ ഉണ്ടോയെന്ന് പോലും എനിക്ക് സംശയമാണ്..! കാരണം അനാവശ്യമായ ഒരു നോട്ടം പോലും പീഡനമാണ്.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ വല്ലാത്തൊരു ഭാരം ഇറക്കി വെച്ച സന്തോഷത്തിൽ പറഞ്ഞു. 'അപ്പോ ശരി.. നമുക്ക് വീണ്ടും കാണണം... അടുത്ത വർഷം തന്നെ ആരില്ലെങ്കിലും ഞാനുണ്ടാകും...! അന്നും വന്ന് ഞാൻ ഇതേ ചോദ്യം ചോദിക്കും. ഓർമ്മയുണ്ടോ..! അന്ന് നിങ്ങളെല്ലാവരും ഈ ദിവസത്തെ എന്നെ ആയിരിക്കും ഓർക്കുക..! അത്രയൊക്കെ ഉള്ളു ഈ മോശം ഓർമ്മകളുടെ വില. നിങ്ങളൊക്കെ 21 വർഷം എന്റെ ഓർമ്മകളുടെ മുൻപിൽ എടുത്ത് വെച്ച ഓർമ്മകളെയല്ലേ ഒരു അരമണിക്കൂറിന്റെ സംസാരം കൊണ്ട് ഞാൻ മായിച്ചുകളഞ്ഞത്..! ഇനിയും മായിച്ചുകളയാത്ത ചില ഓർമ്മകൾ എനിക്കും ഉണ്ണിക്കും ഇടയിലുണ്ട് അതും മാറ്റിയിട്ടേ ഞാൻ ഇന്ന് പോകുന്നുള്ളു..! അവൾ പറഞ്ഞ് അവസാനിപ്പിച്ചത് ചെറുപുഞ്ചിരിയോടെ എല്ലാവരും നോക്കി നിന്നു. നീണ്ട അരമണിക്കൂറിന്റെ സംസാരങ്ങൾക്കൊടുവിൽ വീണ്ടും പരിപാടികൾ തകൃതിയായി ആരംഭിച്ചു.
ഭക്ഷണം കഴിക്കാൻ നേരം അവൾ എന്റെ തൊട്ടടുത്ത് വന്നിരുന്നു.. ഭക്ഷണം വിളമ്പാൻ വരുന്ന ഓരോരുത്തരും ഓരോ കമന്റുകൾ പാസാക്കി കൊണ്ടിരുന്നു.. വിനോദിന്റേതാണ് അതിൽ ഏറ്റവും മികച്ചത് 'ഇങ്ങനെ ഒരുമിച്ച് ഇരുന്ന് കഴിക്കേണ്ടവർ അല്ലായിരുന്നോ.. ഭാഗ്യമില്ല..!' ഞാനുൾപ്പെടെ മുഴുവൻ പേരും ആ കളിയാക്കൽ ആസ്വദിച്ചു. അതിനിടയിലാണ് അവൾ എന്നോട് വീട്ടുകാര്യങ്ങൾ തിരക്കിയത് 'ഉണ്ണിക്ക് മോളല്ലേ.. മോൾടെ പേരെന്തായിരുന്നു..!' 'അനസൂയ..!' ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് ഉച്ചത്തിൽ വിനോദിനെ വിളിച്ചു പറഞ്ഞു. 'വിനോദേ... ഒരു അടിപൊളി ക്ലീഷേ ലൗവ് സ്റ്റോറിയുണ്ട്... അടുത്ത തവണ പറയാം.'
Content Summary: Malayalam Short Story ' Ormayundo ' written by Syamlal Shas