ADVERTISEMENT

ഞങ്ങളുടെ ലിൻഡ: 2005 ഡിസംബർ മാസത്തിൽ ഞങ്ങൾക്ക് നഷ്ടമായ കൂട്ടുകാരി. മംഗലാപുരം നഴ്സിങ് ഹോസ്റ്റൽ ന്യൂ ബ്ലോക്കിലെ മുറിയുടെ അയലത്ത് 313- ാം നമ്പര്‍ മുറിയില്‍ വന്ന പുതിയ താമസക്കാർ. ജെറി, അനുറാണി, സുലു, ലിന്‍ഡ, ലിന്റ. കൂട്ടത്തിൽ ഒറ്റ നോട്ടത്തില്‍ ഒന്ന് കണ്ണ് ഉടക്കുന്ന സുന്ദരി, ലിന്‍ഡ. നല്ല വെളുത്ത നിറം, അരക്കെട്ടിനൊപ്പം വരുന്ന കോലൻ മുടി. എന്തോ ഒരു പ്രത്യേകത ഉള്ള ചിരി, കൂടെ താടിക്ക് ഒരു ചുഴിയും. ഒരു വയനാട്ടുകാരി. പരിചയപ്പെടലിൽ അറിഞ്ഞു, അച്ഛനും അമ്മയും അധ്യാപകർ. മൂന്ന്‌ പെണ്‍കുട്ടികളിൽ മൂത്ത ആൾ ആണ്‌. ടീച്ചേഴ്സിന്റെ കുട്ടി എന്നതുകൊണ്ട് തന്നെ ആൾ കുറച്ച് അടുക്കും ചിട്ടയും കൂടുതൽ ആവുമെന്ന് ആദ്യമേ തോന്നി. തുടക്കത്തില്‍ കരുതിയത് ഭയങ്കര ജാഡ ടീം ആയിരിക്കും എന്ന് ആണ്‌. അല്ലെന്ന് പിന്നീട് മനസ്സിലായി. അവളെ ആദ്യം കരഞ്ഞ് കാണുന്നത് ഒരു ചേച്ചിയുടെ റാഗിംഗ്‌ കഴിഞ്ഞ് മുറിയില്‍ എത്തിയപ്പോള്‍ ആണ്‌. പിന്നീട് വന്ന വര്‍ഷങ്ങളില്‍ അതേ ചേച്ചി അവളോട് നല്ല അടുപ്പം ആയി. അതാണ് പൊതുവെ അവിടുത്തെ രീതിയും. അതിനു ശേഷം ചിരിച്ച് മാത്രേ ആളെ കണ്ടിട്ടുള്ളു. എന്തിന്‌ പറയാന്‍, രണ്ട് ദിവസം സ്റ്റാച്ച്യൂ അടിച്ചു വാർഡിന് പുറത്ത്‌ നിൽക്കാൻ ശിക്ഷ കിട്ടിയിട്ടും കൂസാതെ ചിരിച്ച് നിന്നു. 

പതിവ് തെറ്റിയ പീരിയഡ്സും, വയറിന്റെ അസ്വസ്ഥതയും കാരണം രണ്ടാം വര്‍ഷം ആണ്‌ (അതിനു മുമ്പ്‌ പോയിരുന്നോ എന്ന് അറിയില്ല) ഒരു ഹോസ്പിറ്റലിൽ പോയതും, സ്കാന്‍ ചെയ്ത് എന്താണെന്ന് അറിഞ്ഞതും. ഓവറിയിൽ ഒരു സിസ്റ്റ്. അത് ആ വെക്കേഷൻ സമയത്ത് തന്നെ എടുത്ത് കളഞ്ഞിട്ട് ആണ്‌ അവൾ തിരിച്ച് വന്നത്. പിന്നീട് കുറച്ചു നാള്‍ വലിയ ബുദ്ധിമുട്ട്‌ ഇല്ലാതെ കടന്നു പോയി. അധികം കഴിഞ്ഞില്ല, വീണ്ടും ഇടയ്ക്കിടെ ചെറിയ വയറു വേദനയും കുറച്ച് വയര്‍ കൂടിയോ എന്നുള്ള സംശയവും. സമൂഹമാധ്യമങ്ങളും യൂട്യൂബും ഒന്നും പ്രചാരം ഉള്ള കാലം ആയിരുന്നില്ല എങ്കിലും, മാസികകള്‍ ഇഷ്ടംപോലെ കിട്ടിയിരുന്നു.. അതിൽ നിന്ന് അവൾ തന്നെ കണ്ടെത്തിയ വഴി ആണ്‌, യോഗ. വയര്‍ കുറയ്ക്കാന്‍ വേണ്ടി. രണ്ടാം വര്‍ഷ പരീക്ഷ കഴിഞ്ഞ് മൂന്നാം വര്‍ഷ ക്ലാസും തുടങ്ങിയ സമയം ആണ്‌. വെളുപ്പിന് അഞ്ചരയ്ക്കൊക്കെ ഉറങ്ങി കിടക്കുന്ന ആളുകളെ വരെ വിളിച്ചുണർത്തി ന്യൂ ബ്ലോക്കിലെ ടിവി ഹാളില്‍ അവളുടെ ശിക്ഷണത്തിൽ യോഗ തുടങ്ങി. ഒടുക്കം ശവാസനം എന്ന പേരില്‍ മിക്കവരും ഉറക്കം തുടങ്ങിയപ്പോൾ ആ യോഗ പരിപാടി നിന്നു. 

ഡിസംബർ മാസം പകുതി ആയിക്കാണും, ലഞ്ച് ബ്രേക്കിന് മെസ്സില്‍ നിന്ന് ഭക്ഷണവും കഴിഞ്ഞ് വരുന്ന വഴിക്ക് ആണ്‌ പെട്ടെന്ന് വയറുവേദന. അത് പറഞ്ഞുതീരും മുമ്പ്‌ തന്നെ വേദന സഹിക്കാന്‍ കഴിയാതെ അവൾ താഴേക്ക് വീണു പോയി. കോളജ് ബസ്സില്‍ തന്നെ വേഗം കദ്രിയിലെത്തിച്ച അവളെ ചികിത്സിക്കാന്‍ കോളജ് എം ഡി പ്രിയ മാഡം തന്നെ എത്തി. ഒരിക്കല്‍ വന്ന് പോയ അതേ വില്ലൻ ഓവറിയിൽ. സിസ്റ്റ്. വീട്ടുകാരെ ഒക്കെ അറിയിച്ചു എങ്കിലും അവരൊന്നും വരാൻ നോക്കി നില്‍ക്കാതെ അതേ രാത്രി തന്നെ ഓപ്പറേഷന്‍ ചെയ്ത് അത് ഓവറിയുൾപ്പെടെ റിമൂവ് ചെയ്ത് ബയോപ്സിക്കും അയച്ചു. അച്ഛനും അമ്മയും വന്നതിനു ശേഷം അതിന്റെ റിപ്പോര്‍ട്ട് വന്നപ്പോൾ ആണ്‌ അത് വെറും സിസ്റ്റ് അല്ല, ക്യാൻസർ ആണെന്ന് അറിയുന്നത്. എത്രത്തോളം അവര്‍ക്ക് ഷോക്ക് ആയി എന്ന് അതിലൂടെ കടന്ന് പോകാത്ത ആര്‍ക്കും പൂര്‍ണമായി മനസ്സിലാക്കാൻ കഴിയില്ല. അതുവരെ ചിരിച്ച് മാത്രം കണ്ടിട്ട് ഉള്ള മുഖം ആണ്‌ അവളുടേത്. കീമോതെറാപ്പി തുടങ്ങണം,.. നീണ്ട മുടി പോകുമോ എന്ന് ഓര്‍ത്തു വിഷമിക്കണ്ട അതൊന്നും പോകാതെ നമുക്ക് ശരിയാക്കാം എന്നൊക്കെ പ്രിയാ മാഡം പറഞ്ഞിരുന്നു അവളോടും അച്ഛനമ്മമാരോടും. ഇതിനെല്ലാം ഇടയില്‍ ഞങ്ങളുടെ ബാച്ച് കുട്ടികൾ ക്രിസ്മസ് വെക്കേഷന് വീട്ടിലേക്ക് പോയിരുന്നു. അവളും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തി. എപ്പഴോ വിവരം അറിയാന്‍ വിളിച്ച കുട്ടിയോട് "നിനക്ക് സൈക്ക്യാട്രി ടെക്സ്റ്റ് ഇല്ലല്ലോ എന്റെ എടുത്തോ എനിക്ക് ഇനി അതൊന്നും വേണ്ട.. കീമോതെറാപ്പി ചെയ്യാന്‍ പോവാ ഇനി " എന്നൊക്കെ പറഞ്ഞു എന്നാണ്. പിന്നെ അവളുടെ വിവരം ഒന്നും അറിഞ്ഞില്ല. ചികിത്സയ്ക്ക് പോയിക്കാണും എന്നും കരുതി. 

ക്രിസ്മസ് കഴിഞ്ഞ് ഡിസംബർ 27 –ാം തിയതി ഞാൻ ഉണരുന്നത് കൈയ്യിൽ ഫോണുമായി വന്ന് "എടി എണീക്ക് നിങ്ങളുടെ കൂടെ ഉള്ള ലിന്‍ഡ മരിച്ചു" എന്ന് പറഞ്ഞ്‌ അമ്മ വിളിച്ചപ്പോള്‍ ആണ്‌. എന്താ കേട്ടത് ലിന്‍ഡ മരിച്ചു എന്നോ എന്ന് ചാടി എണീറ്റു ഫോൺ വാങ്ങിയപ്പോൾ ബാക്കി അറിഞ്ഞത് ലിന്‍ഡയും അനിയത്തിമാരും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഒരുമിച്ച് ആത്മഹത്യ ചെയ്തു എന്ന്. ഇരുന്ന ഇരിപ്പിൽ കുറെ നേരം ഇരുന്നത് ഓര്‍മ്മ ഉണ്ട്. പത്രത്തിൽ വാര്‍ത്ത വന്നപ്പോഴും അതേ മാനസികാവസ്ഥ. തിരികെ ഹോസ്റ്റലില്‍ എത്തിയതിനു ശേഷവും ആര്‍ക്കും വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നില്ല. ഒന്ന് മാത്രം, എന്തിന്‌ അവർ അത് ചെയ്തു എന്ന്. പത്ത് ദിവസം കൊണ്ട് ആയാലും, പെട്ടെന്ന് ഒരു ദിവസം ആയാലും എന്തിന് അങ്ങനെ ഒരു തീരുമാനം അവൾ, അല്ലെങ്കിൽ അവർ എടുത്തു എന്ന്. എല്ലാവരോടും നല്ല ഹാപ്പി ആയി നടക്കുന്ന അവള്‍ക്ക് എങ്ങനെ അങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു എന്ന്. അതോ അത് അവളുടെ തീരുമാനം അല്ലായിരുന്നോ?.ശരിയാക്കാം എന്ന് മാഡം പറഞ്ഞത് ആയിരുന്നില്ലേ.. എന്നെല്ലാം ഒരുപാട്‌ ചോദ്യങ്ങള്‍ എല്ലാവർക്കും. ക്ലാസ് തുടങ്ങിയപ്പോഴും ആര്‍ക്കും ജീവൻ ഇല്ലാത്ത പോലെ. മിണ്ടിയാൽത്തന്നെ അതില്‍ അവള്‍ ഉണ്ടാവും. 

രണ്ടാം വര്‍ഷ പരീക്ഷയുടെ റിസൾട്ട് വന്ന സമയത്ത്‌, അത് എന്തിന് നോക്കാൻ ആണ്‌ എന്ന് ആദ്യം കരുതി എങ്കിലും ഞങ്ങൾ അവളുടെ റിസൾട്ടും നോക്കി. ഫസ്റ്റ് ക്ലാസ്. അറിയാനും..സന്തോഷത്തോടെ "എടി പാസായെടീ" എന്ന് പറയാനും കൂടെ അവൾ ഇല്ലായിരുന്നു എന്ന് മാത്രം. ഒരുപാട്‌ സ്വപ്നങ്ങൾ ഉണ്ടായിരുന്നു അവള്‍ക്ക്... ഇനി ഒരു ജന്മത്തിൽ അതെല്ലാം നേടട്ടെ.. അതു വരെ ഞങ്ങളുടെ എല്ലാം മനസ്സില്‍ ഉണ്ടാവും ആ വലിയ ചിരിയും നീണ്ട മുടിയും ഉള്ള സുന്ദരി. ഞങ്ങളുടെ ലിന്‍ഡ.

Content Summary: Malayalam Memoir ' Nashtappetta Nairmalyam ' written by Aswathi Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com